2014, മാർച്ച് 10, തിങ്കളാഴ്‌ച

നമുക്ക് നാം തന്നെയാണ് സ്വര്‍ഗം പണിയുന്നതും നരകം ഒരുക്കുന്നതും !പേ
രറിയാത്ത ഒരസ്വസ്ഥതയുമായി വെറുതെ
കിടക്കുമ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത് .

നോക്കുമ്പോള്‍ ദുബായില്‍ നിന്നാണ് . അപരിചിതമായ ശബ്ദം .
പക്ഷെ വളരെ കാലത്തെ പരിചയമുള്ള പോലെയാണ് സംസാരം . ആദ്യം പേര് മാത്രം പറഞ്ഞപ്പോള്‍ മനസ്സിലായില്ല . സ്ഥലപ്പേരും കൂട്ടിച്ചേര്‍ത്തപ്പോള്‍ ആളെ തിരിച്ചറിഞ്ഞു .
കുശലാന്വേഷങ്ങള്‍ക്ക് ശേഷം ഞാന്‍ ചോദിച്ചു . എന്തൊക്കെയുണ്ട് വീട്ടു വിശേഷങ്ങള്‍ ? ഭാര്യയും കുട്ടികളുമൊക്കെ സുഖമായിട്ടിരിക്കുന്നോ ?

ആ ചോദ്യം കേട്ട പാടെ അദ്ദേഹത്തിന്‍റെ തൊണ്ടയിടറിയോ എന്നൊരു സംശയം . ശരിയായിരുന്നു . അദ്ദേഹത്തിനു എന്തോ പറയാനുണ്ട് .

'മാഷെ അത് പറയാനാണ് വിളിച്ചത് . '

വേദനിപ്പിക്കുന്നതൊന്നും കേള്‍ക്കാതിരിക്കട്ടെ എന്ന് ഉള്ളില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു .
'സലാമാത്ത് യാ അഖീ , താങ്കള്‍ക്ക് സമാധാനം ഉണ്ടാവട്ടെ .'

മാഷെ , പതിമൂന്നു വര്‍ഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് . മൂന്നു കുട്ടികളും ഉണ്ട് . എന്നിട്ടും അവള്‍ എന്നോട് ഈ ചതി ചെയ്തല്ലോ .. ഒരു തേങ്ങല്‍ എന്റെ ചെവിയില്‍ വന്നു പതിച്ചു ഒരു നിലവിളിയായി നീറിപ്പുകഞ്ഞു ..

നാളെ ഒരു തീരുമാനം എടുക്കണം .
ഞാനും എന്റെ ഉമ്മയും എന്റെ അനിയന്മാരും അവളെ അത്രയേറെ സ്നേഹിച്ചു . ആവശ്യപ്പെട്ടതെല്ലാം സാധിപ്പിച്ചു കൊടുത്തു .. ഒന്നിനും ഒരു കുറവും വരുത്താതെ .

എന്താണ് ഇപ്പോള്‍ ഉണ്ടായത് ?
ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു .

എന്റെ വീട് ഓടിട്ടതാണ് . അവളും കുട്ടികളും ഒറ്റക്കാണ് താമസം . ഇടയ്ക്കു കാറ്റും മഴയും വന്നപ്പോള്‍ വീടിനു മുകളിലേക്ക് ഒരു തെങ്ങ് വീണു .

ഒടുവില്‍ ഞാന്‍ വീട് വാര്‍ക്കാം എന്ന് കരുതി അതിന്റെ പണി നടക്കുകയാണ് .

'' ഇന്ന് ഉമ്മ അങ്ങോട്ട്‌ ചെല്ലുമ്പോള്‍ അവള്‍ മൊബൈലില്‍ ആരോടോ സംസാരിക്കുകയാണ് .
ഉമ്മയെ കണ്ടപാടെ അവള്‍ കട്ട് ചെയ്തു .ആരാണ് വിളിച്ചത് എന്ന് ചോദിച്ചപ്പോള്‍ എന്റെ ഒരു ഫ്രണ്ട് ആണ് എന്ന് പറഞ്ഞു .
കൂടുതല്‍ ചോദിച്ചപ്പോള്‍ ഉമ്മയോട് അവള്‍ തട്ടിക്കയറി . ഒരു ഉമ്മയോട് മരുമകള്‍ പറയാന്‍ പാടില്ലാത്ത പലതും പറഞ്ഞു .
ഞാന്‍ പലരോടും സംസാരിക്കും അതൊക്കെ നോക്കാന്‍ നിങ്ങള്ക്ക് എന്താ അവകാശം എന്നൊക്കെയാണ് അവളുടെ ഭാഷ ..!!!

അവള്‍ക്കു ഒരാളുമായി നേരത്തെ ബന്ധമുള്ളതും മണിക്കൂറുകളോളം അവനുമായി സംസാരിക്കുന്നതും ഞാനറിഞ്ഞിട്ടു ഏറെയായി . പക്ഷെ ഞാനത് വിശ്വസിച്ചിരുന്നില്ല . ഒരു വെക്കേഷന്‍ കാലത്ത് എനിക്കത് ബോധ്യമായി .
ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ സൗഹൃദം മാത്രമേ ഉള്ളൂ എന്നും കൊന്നാലും ആളെ പറയില്ല എന്നും അവള്‍ ശഠിച്ചു .
ഇനി അങ്ങനെ ഉണ്ടാവില്ലെന്നും അവള്‍ എനിക്ക് വാക്ക് തന്നു ..

ഒടുവില്‍ അവളുടെ പഴയ സിം ഞാന്‍ നശിപ്പിച്ചു . പുതിയ ഒന്ന് വാങ്ങിക്കൊടുത്തു . ഇതിലേക്ക് ഇനി ആരും വിളിക്കാന്‍ പാടില്ലെന്നും വിളിച്ചാല്‍ നിനക്ക് നിന്റെ വഴി നോക്കാം എന്നും പറഞ്ഞു ..

പക്ഷെ എനിക്ക് തന്ന വാക്കുകളൊക്കെ അവള്‍ ലംഘിച്ചു .
കുട്ടികളെ ഓര്‍ത്ത്‌ അവര്‍ അനാഥ രാവുമല്ലോ എന്നു കരുതി ഞാന്‍ ക്ഷമിച്ചു . അഹിതമായ പല കഥകളും പിന്നീട് ഞാന്‍ അറിഞ്ഞു .

ഇപ്പോള്‍ എനിക്ക് ആളെ മനസ്സിലായി . അവനും ഭാര്യയും കുട്ടികളുമൊക്കെയുണ്ട് .. പക്ഷെ ആളെ അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി .. അവന്‍ അവളുടെ ബന്ധത്തില്‍ പെട്ട ഒരുത്തനാണ് . കല്യാണത്തിനു മുമ്പേ അവര്‍ ലോഹ്യത്തിലായിരുന്നു .

എല്ലാം സഹിച്ചും ക്ഷമിച്ചും മക്കള്‍ക്ക്‌ വേണ്ടി വിട്ടു വീഴ്ച ചെയ്തും അവളെ ഉപദേശിച്ചും മുന്നോട്ടു പോയി .. പക്ഷെ അവള്‍ എല്ലാം തകര്‍ത്തു .. ''

ഒടുവില്‍ അദ്ദേഹം എന്നോട് ചോദിച്ചു :
മാഷേ , ഇനി ഞാന്‍ എന്ത് ചെയ്യണം ? എനിക്കിത് ഒരാളോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനം ഉണ്ടാവില്ല . അത് കൊണ്ടാ നിങ്ങളുടെ നമ്പര്‍ സംഘടിപ്പിച്ചു നിങ്ങള്ക്ക് വിളിച്ചത് ..

ആ വാക്കുകള്‍ എന്നെ വല്ലാതെ ഉലച്ചു .
എന്താണ് അദ്ദേഹത്തോട് പറയേണ്ടത് ?
നിരന്തരമായി മനസ്സ് കൊണ്ടും ശരീരം കൊണ്ടും വഞ്ചിക്കുന്ന അവളെ അവളുടെ പാട്ടിനു വിടാന്‍ പറയണോ ?
അവളെ ഒരു പാഠം പഠിപ്പിക്കണം എന്നു പറയണോ ? നിങ്ങള്ക്ക് വേറെ പെണ്ണ് കിട്ടില്ലേ പിന്നെയെന്തിന് ഈ വഞ്ചകി യെ കൂടെപോറുപ്പിക്കുന്നു എന്ന് ചോദിക്കണോ ?

സ്നേഹവും സന്തോഷവും ജീവിത സുഖവും കാവലും കരുതലും ഒക്കെ ആവോളം നല്‍കിയിട്ടും മൂന്നു മക്കളുണ്ടായിട്ടും ബുദ്ധി മോശം കാട്ടുന്ന ആ പെണ്ണിനെ ഭാര്യാ പദവിയില്‍ തുടരാന്‍ അനുവദിക്കണോ ?
എന്താണ് പറയേണ്ടത് എന്നറിയാതെ എനിക്ക് ഉത്തരം മുട്ടി .

ഏഴാം ക്ലാസ്സിലും രണ്ടിലും പഠിക്കുന്ന ആ കുഞ്ഞു കുട്ടികളുടെ മുഖവും മൂന്നു വയസ്സുള്ള പൊന്നു മോനും മനസ്സില്‍ കിടന്നു വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചു .

കാരണം അദ്ദേഹത്തിനു മറ്റൊരു പെണ്ണ് കിട്ടും .
ഒരു പക്ഷെ ഇവളേക്കാള്‍ സൌന്ദര്യമുള്ള , സ്നേഹമുള്ള ഒരു പെണ്ണിനെ .

പക്ഷെ ആ മക്കളുടെ ഉമ്മ ഇവള്‍ മാത്രമാണ്
പറക്കമുറ്റാത്ത ആ കുട്ടികളുടെ ഭാവിയില്‍ രണ്ടായി പിരിഞ്ഞ അച്ഛനുമമ്മയും ഉണ്ടാക്കാവുന്ന അസ്വസ്ഥതകള്‍ക്കും അനാഥ ത്വത്തിനും വല്ല പരിഹാരവുമുണ്ടോ ?

സത്യത്തില്‍ ഇത്തരം കേസുകളില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ പോകുന്നതിന്റെ പ്രധാന കാരണം മക്കള്‍ തന്നെയാണ് .. അവരുടെ ഭാവിയാണ് ഇത് പോലെയുള്ള വഞ്ചകികളെ കൂടെക്കൊണ്ടു നടക്കാന്‍ പുരുഷനെ നിര്‍ബന്ധിപ്പിക്കുന്നത് .

ഞാന്‍ പറഞ്ഞു :
ഏതായാലും ഇത്ര കാലം ക്ഷമിച്ച സ്ഥിതിക്ക്
ഒന്ന് കൂടി ആലോചിക്കൂ .. ഭാവിയില്‍ വരാനുള്ള അപകടങ്ങളും , വഴി പിരിയുന്നതോടെ മക്കളില്‍ സൃഷ്ടിക്കപ്പെടുന്ന ആഘാതവും മാനസിക വ്യാകുലതകളും
അവളെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റിയ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ഇടപെടുത്തി ഒരു ശ്രമം കൂടി നടത്തി നോക്കൂ .

എന്നിട്ടും അപഥ സഞ്ചാരം തുടരുകയാണെങ്കില്‍ അവളെ വിട്ടേക്കുക . ആ മക്കള്‍ കലാക്കാലം അവളെ ശപിക്കും .
കുരുന്നു പ്രായത്തിലെ മരിച്ചു പോകുന്ന അമ്മമാരുടെ മക്കളും ജീവിക്കുന്നുണ്ടല്ലോ ഈ ദുനിയാവില്‍ ... എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു ഞാന്‍ സംസാരം അവസാനിപ്പിച്ചു .

ഇന്നലെ എന്റെ മനസ്സില്‍ മുഴുവന്‍ ഈ വിഷയമായിരുന്നു .

പ്രണയം ആര്‍ക്കു ആരോട് എപ്പോള്‍ തോന്നും എന്നൊന്നും പറയാന്‍ കഴിയില്ല . അത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നേരത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ നിരപരാധികളെ , എട്ടും പൊട്ടും തിരിയാത്ത മക്കളെ ഇതില്‍ ബലിയാടുകളാവാതെ നോക്കാം .

രക്ഷിതാക്കള്‍ ചെയ്യേണ്ടത് :
വിവാഹം ചെയ്തു കൊടുക്കും മുമ്പ് പെണ്‍കുട്ടികളുടെ മനസ്സറിയാന്‍ ശ്രമിക്കണം .
ആഴത്തിലുള്ള പ്രണയം ഉള്ള ഒരു ആണിനേയും പെണ്ണിനേയും മറ്റെന്തിന്റെ കാര്യം കൊണ്ടായാലും ഒന്നിക്കുന്നതിനു തടസ്സം സൃഷ്ടി ക്കരുത് . വരനെ തെരഞ്ഞെടുക്കുന്നത് നാം ആയിരിക്കണം . പക്ഷെ അവളാണ് അവന്റെ കൂടെ ജീവിക്കേണ്ടത് . അത് കൊണ്ട് അവളുടെ അനുവാദം കൂടി വാങ്ങിയിരിക്കണം .

പെണ്ണിന് ചെയ്യാവുന്നത് :

ഇത്തരം വല്ല ബന്ധങ്ങളും ഉണ്ടെങ്കില്‍ , മറ്റൊരു വിവാഹത്തിനു ശരീരവും മനസ്സും ഒരു നിലക്കും അനുവദിക്കുന്നില്ലെങ്കില്‍ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കണം .
രക്ഷിതാക്കളോട് പറയാന്‍ കഴിയില്ലെങ്കില്‍ കാണാന്‍ വരുന്ന ചെറുക്കനോട് കാര്യം തുറന്നു പറയണം .

ഇനി അതിനൊന്നും കഴിയില്ലെങ്കില്‍ കിട്ടിയ ഭര്‍ത്താവിനെ സ്നേഹിക്കാനും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണെന്ന് കരുതി സമാധനിക്കാനും മനസ്സിനെ പാകപ്പെടുത്തുകയും പഴയ കഥകള്‍ മറക്കാനും ആ വേരുകള്‍ അപ്പാടെ അറുത്തു മുറിച്ചു കളയാനും തയ്യാറാവണം . ഇഷ്ടപ്പെട്ട പെണ്ണിനെ കിട്ടിയ ആണും സ്നേഹിച്ച ആണിനെ കിട്ടിയ പെണ്ണും ഈ ലോകത്ത് അപൂര്‍വ്വം ആണ് . എന്നിട്ടും എല്ലാം മറന്നും മായ്ച്ചു കളഞ്ഞും പുതിയ ഇണയെ സ്നേഹിച്ച് ജീവിതം സന്തുഷ്ടമാകിയവരാണ് ഏറെയും എന്ന് തിരിച്ചറിയുക . കിട്ടാത്ത ജീവിതത്തെ ഓര്‍ത്ത്‌ സങ്കടപ്പെട്ടു കഴിയാതെ കിട്ടിയ ജീവിതം സന്തോഷകരമാക്കുക .

ഇല്ലെങ്കില്‍ ജിവിതം തീക്കളിയാവും . മക്കള്‍ അനാഥരാവും . സ്വാസ്ഥ്യം കെടും . ജീവിത കാലം മുഴുവനും സ്വയം ശപിച്ചും മറ്റുള്ളവരുടെ ശാപം ഏറ്റുവാങ്ങിയും ജീവിക്കേണ്ടി വരും .
നിന്റെ ഉദരത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ നിന്നെ കാലാക്കാലം ശപിച്ചു കൊണ്ടിരിക്കും . നിന്റെ തെറ്റ് കാരണം കുട്ടികള്‍
വഴിപിഴക്കും , അനാഥരാകും . അവരുടെ ഭാവി ഇരുള്‍ മുറ്റും .

ആണുങ്ങളോട് :

നിനക്കും ഉണ്ട് ഭാര്യയും മക്കളും . നിനക്കും ഉണ്ട് കുടുംബം . അപരന്റെ ഭാര്യയെ കാമിക്കുന്നതും അവളെ പാട്ടിലാക്കാന്‍ നോക്കുന്നതും നീചമായ പ്രവൃത്തിയാണ് . അത് കൊണ്ട് നീ കലക്കാന്‍ ശ്രമിക്കുന്നത് രണ്ടു കുടുംബത്തെയാണ് . നിങ്ങള്‍ കളിക്കുന്നത് നിരപരാധികളായ കുട്ടികളുടെ ഭാവി തകര്‍ത്തു കൊണ്ടാണ് ..
സ്വന്തം ഭാര്യയുടെ സൌന്ദര്യം കാണുക . അവളില്‍ സംതൃപ്തി അടയുക . അതാണ്‌ ശാശ്വതമായ സമധാനത്തിനു നിദാനം . അത് മാത്രം ..

എല്ലാവരോടും എന്നോടും :

ഓര്‍ക്കുക ജീവിതം ഒന്നേയുള്ളൂ .. അത് ആസ്വദിച്ചു ജീവിക്കുക .
നമുക്ക് നാം തന്നെയാണ് സ്വര്‍ഗം പണിയുന്നതും നരകം ഒരുക്കുന്നതും !!!


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്