2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

എന്റെ വാല്‍ ഇങ്ങനെ വളഞ്ഞു തന്നെ ഇരിക്കുന്നത് കൊണ്ട് നിനക്കെന്തു നഷ്ടം ?എന്റെ വാല്‍ ഇങ്ങനെ
വളഞ്ഞു തന്നെ ഇരിക്കുന്നത് കൊണ്ട്
നിനക്കെന്തു നഷ്ടം എന്ന്
ഒരു നായ


കഴുതക്കാമം കരഞ്ഞു തീര്‍ക്കുന്നു
എന്ന് പരിഹസിക്കുന്ന നീയൊക്കെ
എങ്ങനെയാണ് കാമം തീര്‍ക്കുന്നതെന്ന്
ഞങ്ങള്‍ക്കൊക്കെ അറിയാം എന്ന്
ഒരു കഴുത

ആടിന് എന്ത് അങ്ങാടി വാണിഭം
എന്നാണല്ലോ നിന്റെ ചോദ്യം
നിന്റെ വാണിഭ ങ്ങളെ കുറിച്ച്
ഞങ്ങളെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട എന്ന്
ഒരു ആട്

പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തു
എന്ത് കാര്യം എന്നാണല്ലോ
നിന്റെ പുച്ഛം ?

പൊന്നുരുക്കിന്നിടത്ത് പൊരുന്നയിരുന്നു
ഒടുവില്‍
ഒന്നും കിട്ടാതെ വരുമ്പോള്‍
നീയൊക്കെ കളിക്കുന്ന വൃത്തികെട്ട കളികള്‍
ഞങ്ങള്‍ക്കു വൃത്തിയായി അറിയാം എന്ന്
ഒരു പൂച്ച

കുറുക്കന്‍ ചത്താലും കണ്ണ്
കോഴിക്കൂട്ടില്‍ ആണ് പോലും !

നിന്റെ കണ്ണൊക്കെ എവിടെ ആണ് എന്നും
ഒരു ദിവസം നീയൊക്കെ കണ്ണ് വെക്കുന്ന 'കോഴികളുടെ ' എണ്ണവും ഒന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കണ്ട എന്ന്
ഒരു കുറുക്കന്‍

കാക്ക കുളിച്ചാല്‍ കൊക്കാവുമോ ?
എന്നൊക്കെയുള്ള നിന്റെ ചോദ്യമുണ്ടല്ലോ മിസ്റ്റര്‍
അത് നീ പറഞ്ഞു തരാതെ തന്നെ ഞങ്ങള്‍ക്ക് നന്നായി അറിയാം

ഞങ്ങള്‍ കുളിക്കുന്നത് ഞങ്ങളുടെ ശരീരത്തിലെ
അഴുക്കു പോകാനാണ്
എന്നാല്‍ ഏതു ഗംഗയില്‍ പോയി കുളിച്ചാലാണ്
നിന്റെയൊക്കെ അഴുക്കു നീങ്ങി പോവുക എന്ന്
ഒരു കാക്ക

ഓന്ത് നിറം മാറുന്ന പോലെ എന്നൊക്കെ പറഞ്ഞു
ഞങ്ങളെ അവഹേളിക്കുന്നവനേ , നീ അറിയണം

നിന്നെ പോലെ സ്വന്തം പോക്കറ്റ് നിറക്കാനോ
ആരാന്റെ മുതല്‍ കയ്യിട്ടു നക്കാനോ ഒന്നുമല്ല

ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനാണ്
ഞങ്ങള്‍ അങ്ങനെ ചെയ്യുന്നത്

നിന്നെ പോലെ നിമിഷം പ്രതി
നിറം മാറുന്ന ഒരു ജീവി ഈ ലോകത്ത്
വേറെ ഉണ്ടാവില്ല എന്ന്
ഒരു ഓന്ത്

പോത്തിനോട് വേദം ഓതിയിട്ട് എന്താ കാര്യം
എന്ന് ചോദിക്കുന്ന നീ
ഓതിയ വേദത്തിനും വേദാന്തങ്ങള്‍ക്കും കയ്യും കണക്കുമുണ്ടോ ?
എന്നിട്ടോ നിന്റെ കാര്യം ഇപ്പോഴും കണക്കാണ് എന്ന്
ഒരു പോത്ത്

മനുഷ്യാ ,
നീ നിന്റെ വൃത്തി കേടുകളും
അധമത്വവും ദുഷ്ടതയും
മറച്ചു വെക്കാനല്ലേ ഞങ്ങള്‍
പാവം ജന്തുക്കളുടെ തലയില്‍
എല്ലാം കെട്ടിവെച്ചു
ഇങ്ങനെ ഞെളിയുന്നത് ?

മേലില്‍ ഇത്തരം ജല്പനങ്ങളുമായി
വന്നേക്കരുത് പറഞ്ഞേക്കാം
എന്ന്
ലോക അനിമല്‍ അസോസിയേഷന്‍ പ്രസിഡ ന്റ്
ശ്രീ സിംഹത്താന്‍ ഭൂലോക മണ്ഡലം !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്