2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ഭിക്ഷുകി
ഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെയുണ്ട് ഒരു തരം ഉന്മേഷമില്ലായ്മ . ചില ദിവസം അങ്ങനെയാണ് .

അല്പം നടന്നപ്പോഴേ കണ്ടു ഒരമ്മ ഒരു പീടികത്തിണ്ണയില്‍ ഇരിക്കുന്നു . കൂടെ എന്റെ മോന്റെ പ്രായമുള്ള ഒരു കുട്ടി വെറും നിലത്ത് തളര്‍ന്ന് കിടന്നുറങ്ങുന്നു. അവനിട്ട നിക്കറിലും കുപ്പായത്തിലും അപ്പടി ചെളിയാണ് . കാലുകളിലും കൈകളിലും നിറയെ മണ്ണുണ്ട് . ഒരു കൈ കവിളില്‍ വെച്ച് , അമ്മയുടെ മടി തലയിണയാക്കി അവന്‍ തളര്‍ ന്ന് ഉറങ്ങുന്നു ..


അവരെയും കടന്നു മുന്നോട്ടു പോയ ഞാന്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത്‌ പിറകിലേക്ക് തന്നെ വന്നു .
ആ മുഖത്തേക്ക് ഒന്ന് കൂടി നോക്കി . വെയില് കൊണ്ട് പറ്റെ അവശനായ അവന്റെ മുഖം വാടിയ പൂ പോലെ ആയിരിക്കുന്നു . ഒരു പക്ഷെ ഇന്നത്തെ അതി ഭീകരമായ വെയില് മുഴുവന്‍ അമ്മയോടൊപ്പം ആ കുട്ടിയും കൊണ്ടിരിക്കും ..

യാചിച്ചു ജീവിക്കുന്ന പാവം ഒരമ്മയുടെ കുട്ടിയാണ് അവന്‍ . രാവിലെ നേരത്തെ പോന്നതാവണം .

ഇവിടെ ഇത്തരം കാഴ്ചകള്‍ എമ്പാടും കാണാം .
അമ്മ യാചനക്ക് പോരുമ്പോള്‍ കുട്ടിയെക്കൂടി കൂട്ടും. അതി രാവിലെ തന്നെ കാണാം അമ്മയുടെ ഇരു തോളുകളിലൂടെ മുറുക്കിക്കെട്ടിയ 'അമ്മത്തൊട്ടിലില്‍ ' ഇരുന്നുറങ്ങുന്ന കുട്ടികളെ .

ട്രാഫിക്‌ സിഗ്നലില്‍ വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയിടുമ്പോള്‍ ആ കുറഞ്ഞ സമയം എല്ലാ വണ്ടിക്കാരോടും വല്ലതും തരണേ എന്ന് ആംഗ്യ ഭാഷയില്‍ ചോദിച്ചു കൊണ്ടിരിക്കും അമ്മമാര്‍ ..

സത്യത്തില്‍ കുട്ടികളെ വീട്ടില്‍ തനിച്ചാക്കാന്‍ കഴിയാത്തത് കൊണ്ടാവാം , ഈ കൂടെ കൊണ്ടുപോരല്‍ .

അതിലേറെ എനിക്ക് തോന്നിയത് ഇതിനു അമ്മമാരെ പ്രേരിപ്പിക്കുന്നത് ഒരു പക്ഷെ 'സഹതാപം ' കിട്ടാന്‍ വേണ്ടി ആവണം .

ഒറ്റയ്ക്ക് ഒരു സ്ത്രീ യാചിക്കുന്നതും കുട്ടിയുമായി ഭിക്ഷാടനം നടത്തുന്നതും ഒരു പോലെയാവില്ല . കുട്ടികളെ കാണുമ്പോള്‍ മനസ്സലിയാത്ത മനുഷ്യര്‍ ഉണ്ടാവില്ലല്ലോ .

പക്ഷെ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ ഇവ്വിധം ഉപയോഗിക്കുമ്പോള്‍ ആ കുഞ്ഞ് അനുഭവിക്കുന്ന വിഷമങ്ങള്‍ എന്തേ ഈ അമ്മമാര്‍ ചിന്തിക്കാത്തത് ആവോ ? ആവശ്യക്കാരന് ഔചിത്യമില്ലല്ലോ .

എന്റെ മനസ്സില്‍ നിന്ന് ആ കുട്ടിയുടെ മുഖം
മാറുന്നില്ല . ഞാന്‍ തൊട്ടപ്പുറത്തെ ബഖാലയില്‍ പോയി 'അല്‍മറാഇ ' യുടെ ഒരു ബോട്ടില്‍ മാങ്ങ ജ്യൂസ് വാങ്ങി കൊണ്ട് വന്നു കുട്ടി ഉണരുമ്പോള്‍ കൊടുക്കണം എന്നും പറഞ്ഞു ആ അമ്മയെ ഏല്പ്പിച്ചു . ഒരു പാക്ക് 'ടിക്ക് ടാക്കും' !

എന്റെ കുട്ടിക്ക് ഏറെ ഇഷ്ടമായിരുന്നു ടിക്ക് ടാക്ക് മിഠായിയും അല്‍മറാഇ മാങ്ങാ ജ്യൂസും . നാട്ടിലെത്തിയിട്ടും അവന്‍ ഇടയ്ക്കിടെ അത് രണ്ടും ചോദിക്കാറുണ്ട് എന്ന് മോള്‍ പറഞ്ഞിരുന്നു . അത് കൊണ്ട് കൂടിയാണ് ഇത് രണ്ടും വാങ്ങി കൊടുക്കാം എന്ന് വെച്ചത് . .

യാചനയിലേക്ക് ജനിച്ച് വീണ് ,
യാചനയിലൂടെ വളര്‍ന്ന് ,
യാചിച്ച് ജീവിച്ച് ,
യാചിച്ച് മരിക്കുന്ന
എത്രയെത്ര മനുഷ്യരുണ്ട് നമുക്ക് ചുറ്റും !!!

പടച്ചവനെ നിന്നിലേക്ക് നീട്ടുന്ന ഈ കരങ്ങള്‍ സൃഷ്ടികളിലേക്ക് നീട്ടാന്‍ ജീവിതത്തില്‍ ഒരിക്കലും നീ ഇടവരുത്തല്ലേ തമ്പുരാനെ എന്ന് നമുക്ക് എപ്പോഴും പ്രാര്‍ഥിക്കാം ..

OO

ഇവിടെ 'ആ കുട്ടിക്ക് മിഠായിയും ജ്യൂസും വാങ്ങി കൊടുത്തു ' എന്ന് എഴുതിയത് , ഇത് വായിച്ചതിനു ശേഷം 'എന്നിട്ട് നിങ്ങള്‍ എന്ത് ചെയ്തു' എന്ന് ആരെങ്കിലും ചോദിക്കും എന്നറിയാവുന്നതു കൊണ്ട് മാത്രമാണ്. അങ്ങനെ ഒരു ചോദ്യം വന്നിട്ട് ഈ ഉത്തരം എഴുതുന്നതിലും നല്ലത് ആദ്യമേ പറയുന്നതാണല്ലോ .
അല്ലാതെ ആ ചെയ്തത് ഒരു 'മഹാ' കാര്യം ആയിട്ടൊന്നും അല്ല .

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്