2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ചേലാ കര്‍ മ്മം


 

ചേലാ കര്‍മ്മത്തിന് പറ്റിയ ഏറ്റവും നല്ല സമയം കുട്ടിയെ പ്രസവിച്ച ഉടനെ ആണ് . ഏതായാലും ഉമ്മ പ്രസവിച്ചു കിടക്കുകയാവും . കുട്ടി ആണെങ്കിലോ അനങ്ങാതെ കിടന്നോളും . പേടിക്കാനുമില്ല . കുട്ടിക്ക് ജീവിതത്തില്‍ ഒരിക്കലും അങ്ങനെ ഒരു പേടി സ്വപ്നം ഓര്‍മ്മയില്‍ പോലും ഉണ്ടാവുകയും ഇല്ല . എന്റെ മോന്റെ സുന്നത്ത് കഴിച്ചത് അവന്‍ ജനിച്ച രണ്ടാമത്തെ ദിവസം ആണ്

എനിക്കൊക്കെ ഇന്നും എന്റേത് നടന്ന ആ ദിവസം വ്യക്തമായി ഓര്‍മ്മയില്‍ ഉണ്ട് . ഒരു പേടി സ്വപ്നം ആയി .
എന്റെതും ജ്യേഷ്ടന്‍ അബുക്ക യുടെതും
(അബു ഇരിങ്ങാട്ടിരി ) ഒന്നിച്ചായിരുന്നു .

ഉമ്മയും പെങ്ങന്മാരും ദിവസം തീരുമാനിച്ച അന്ന് മുതലേ ആശ്വസിപ്പിക്കും . ഒരു ഉറുമ്പ്‌ കടിച്ച വേദനയെ ഉണ്ടാകൂ ..
എന്ന് .

അത് തന്നെ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ചെറിയ പെങ്ങളോട് ദേഷ്യപ്പെട്ടു . 'അനക്ക് അറ്യോ ഐന് .. അന്റതു കയ്ച്ചു ക്കുണോ ..

ഒത്താന്‍ ചേക്കുട്ടി , എന്നോ മരിച്ചു പോയി മണ്ണടിഞ്ഞു .
പക്ഷേ അയാള്‍ ഒരു ഭീകര ജീവിയായി മൂര്‍ച്ചയുള്ള കത്തിയുമായി ഇന്നും എന്റെ മനസ്സില്‍ ജീവിക്കുന്നുണ്ട് .

അന്നത്തെ കാലത്ത് പ്രധാന പ്രശ്നം വിശപ്പ്‌ ആയിരുന്നു . അത് കൊണ്ടാവണം ചടങ്ങുകള്‍ കൂടുതലായിരുന്നു . ഇങ്ങനെയുള്ള ദിവസം ആണ് പല ആളുകളും വയര്‍ നിറച്ചു ഭക്ഷണം കഴിക്കുന്നത്‌ . കുട്ടികള്‍ക്ക് പോലും അയല്പക്കത്ത് വല്ല അടിയന്തിരമോ കല്യാണമോ കാതു കുത്തോ സുന്നത്ത്ക ല്യാണമോ ഒക്കെ ഉണ്ടാകുന്നത് വലിയ സന്തോഷം ആയിരുന്നു . കാരണം നേരത്തെ പറഞ്ഞത് തന്നെ . വിശപ്പ്‌ മാറുന്ന / വയര്‍ നിറയുന്ന ഒരു ദിവസം . ഇന്ന് ഇത്തരം പരിപാടികള്‍ക്ക് പോകുന്നതെ ഇഷ്ടമല്ല പലര്‍ക്കും . ഇന്ന് മിക്ക വീട്ടിലും എന്നും വിഭവ സമൃദ്ധമായ ഭക്ഷണം ആണല്ലോ

തികച്ചും ലളിതമായ ഒരു ചടങ്ങായാണ് അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഇത് നടന്നിരുന്നത് .

അന്ന് ചെറിയ ഒരു പരിപാടി ഉണ്ടാകും . എന്റെ ഇന്നത്തെ പോസ്റ്റിലെ വെറും ചോറും മോര് കാച്ചിയതും പപ്പടം പൊരിച്ചതും ആവും പ്രധാന വിഭവം

പിന്നെയാണ് കുശാല്‍ . അളിയന്മാരും പെങ്ങന്മാരും ഒക്കെ വരും . വലിയ ഹലുവ കെട്ടും പലഹാരങ്ങളും ഒക്കെയായി . അന്നാണ് ബൂസ്റ്റും ഹോര്‍ലിക്സും മുട്ട പുഴുങ്ങിയതും ഒക്കെ കിട്ടുക . കാണാന്‍ വരുന്നവര്‍ പോക്കറ്റ് മണിയും തരും . ചുരുങ്ങിത് ഒരാഴ്ച എങ്കിലും ആ കിടത്തം കിടക്കണം . ഓടിച്ചാടി നടക്കുന്ന പ്രായത്തില്‍ ആണ് ഇത് മിക്കവാറും നടത്തുക . അടങ്ങിക്കിടക്കാന്‍ കഴിയാത്ത പ്രായത്തില്‍ .
അന്ന് വീട്ടില്‍ ആരും ഉറങ്ങില്ല . പാള വിശറി കൊണ്ട് ഒന്ന് രണ്ടു പേര്‍ കുട്ടിക്ക് വീശി ക്കൊണ്ട് ഇരിക്കും . നേരം പുലരും വരെ . ഒരു വെളുത്ത തുണി ടെന്റ് പോലെ മുകളിലേക്ക് കെട്ടി വെക്കും . തട്ടിയും മുട്ടിയും മുറിവായ ഭാഗത്ത്‌ വേദനിക്കാതിരിക്കാന്‍ .

ഏകദേശം ഒരാഴ്ച എടുക്കും ആ മുറിവ് ഉണങ്ങാന്‍ . ഇടയ്ക്കിടെ കെട്ടു കഴിക്കും . എന്തൊക്കെയോ പച്ച മരുന്ന് പുരട്ടും . ഒരാഴ്ച കഴിഞ്ഞു മുറിവ് ഉണങ്ങുമ്പോഴേക്കും ആളൊരു 'കുട്ടപ്പന്‍' ആയിട്ടുണ്ടാവും !!!

ആ 'കൈക്രിയ' ആണ് ഓര്‍ക്കാന്‍ പറ്റാത്തത് .
ഉരലില്‍ പിടിച്ചു ഇരുത്തലും കണ്ണ് പൊത്തലും രണ്ടു കാലുകള്‍ ചെന്ന് ചേരുന്നിടത്ത്‌ പെട്ടെന്ന് ഉണ്ടാവുന്ന നീറ്റലും ഒന്നും ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞു പോയിട്ടില്ല .

പക്ഷേ , ആ വേദന മാറിയതിനു ശേഷമുള്ള ഓര്‍മ്മകള്‍ക്ക് ഇന്നും മധുരം . അതി മധുരം . ഇരട്ടി മധുരം !!!

ഈ കര്‍മം സാഹിത്യത്തിലേക്ക് ആദ്യമായി കൊണ്ട് വന്നു ചരിത്ര പ്രസിദ്ധമാക്കി യത് നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍ ആണ്. ബാല്യ കാല സഖിയില്‍ ബഷീര്‍ അല്പം വിസ്തരിച്ചു സ്റ്റൈലന്‍ ഭാഷയില്‍ ഒരു വിശദീകരണം ഉണ്ട് . അതിന്റെ രസം വായിച്ചു തന്നെ അറിയണം .

ചൂണ്ടു വിരല്‍ തലപ്പ് ചെമന്ന മഷിയില്‍ മുക്കിയ പോലെ ' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ വായിക്കുമ്പോള്‍ നാം അറിയാതെ ചിരിച്ചു പോകും !!!


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്