2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

അക്ഷരങ്ങള്‍ ഒരു വെളിച്ചം അല്ലെ മാഷേ .. !!!


ബുദ്ധി മാന്ദ്യം ബാധിച്ച രണ്ടു കുട്ടികളെ അവര്‍ക്കായുള്ള സ്കൂളില്‍ കൊണ്ട് ചെന്നാക്കലും തിരിച്ചു കൊണ്ട് വരലും ആയിരുന്നു രതീഷിന് ജോലി . ഒരു ഹാജിയാരുടെ രണ്ടു മക്കളായിരുന്നു അവര്‍ .

പതിനാറും പതിനെട്ടും വയസ്സ് പ്രായം ഉള്ള ആ കുട്ടികള്‍ക്ക് ഒരു മൂന്നു വയസ്സുകാരന്റെ ബുദ്ധി പോലും ഇല്ലായിരുന്നു . ഹാജി വലിയ പണക്കാരനായിരുന്നു . അവിടുത്തെ ഒരു വീട്ടു ഡ്രൈവര്‍ കൂടി യായി ജോലി നോക്കുകയായിരുന്നു രതീഷ്‌ .

ഒരു ദിവസം . കോഴിക്കോട്ടേക്ക് തുണിത്തരങ്ങള്‍ എടുക്കാന്‍ ഹാജിയാരും കുടുംബവും പുറപ്പെട്ടു . ഡ്രൈവര്‍ ആയി രതീഷും . സ്ഥലത്തെത്തി .
തുണിക്കടയുടെ മുമ്പില്‍ അവരെ ഇറക്കി വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്ഥലം നോക്കി ചെല്ലുമ്പോള്‍ ഒരു ഗ്രൌണ്ടിനു സമീപം കുറെ ആളുകള്‍ തടിച്ചു കൂടി നില്‍ക്കുന്നു .

രതീഷ്‌ വണ്ടി പാര്‍ക്ക്‌ ചെയ്തു അവിടെ എന്താണ് നടക്കുന്നത് എന്നറിയാന്‍ അങ്ങോട്ട്‌ ചെന്നു . ആദ്യം കണ്ട ഒരാളോട് എന്താണ് ഇവിടെ നടക്കുന്നത് എന്ന് ചോദിച്ചു .

അവന്‍ പറഞ്ഞു : ഗള്‍ഫിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഒരു പ്രാഥമിക ഇന്റര്‍വ്യൂ ആണ് . ഡ്രൈവിംഗ് അറിയുന്ന ആര്‍ക്കും പങ്കെടുക്കാം . വിജയിച്ചാല്‍ ഗള്‍ഫിലേക്ക് പോകാം . ഒരു പത്തു രൂപ അടച്ച് ഫോം ഫില്‍ അപ് ചെയ്തു ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സാകണം .

ഒരു തമാശയ്ക്ക് രതീഷിനും വെറുതെ ഒന്ന് പങ്കെടുത്താലോ എന്ന് തോന്നി . വെറും പത്തു രൂപയല്ലേ ഉള്ളൂ . പിന്നെ വണ്ടി കൊണ്ട് എന്ത് കളിയും കളിക്കാന്‍ അറിയുകയും ചെയ്യും .

ഫോം ഫില്‍ അപ്പ്‌ ചെയ്തു . പുഷ്പം പോലെ വണ്ടി ഓടിച്ചു കാണിച്ചു . തിരിച്ചു പോന്നു .

ഒരു ദിവസം രതീഷിന്റെ മൊബൈലിലേക്ക് ഒരു ഫോണ്‍ കോള്‍ . ഹലോ മിസ്റ്റര്‍ രതീഷ്‌ അല്ലെ ?

ആരോ കളിയാക്കാനായി വിളിക്കുകയാവും എന്ന് കരുതി , 'അതെ ആരാണാവോ അപ്പുറത്തെ മിസ്റ്റര്‍' എന്ന് തിരിച്ചു ചോദിച്ചു .

അപ്പോള്‍ മാത്രമാണ് മുമ്പ് നടന്ന 'പത്തു രൂപ ' ടെസ്റ്റ്‌ ഓര്‍ത്തത് .
ട്രാവല്‍സില്‍ നിന്നുമാണ് വിളിക്കുന്നത്‌ . ഉടന്‍ പാസ് പോര്‍ട്ടുമായി ഇവിടെ എത്തണം . ഒരു ഇന്റര്‍വ്യൂ ഉണ്ട് .

പിറ്റേന്ന് , എന്നാല്‍ അതും ഒന്ന് അറ്റന്റ് ചെയ്യാം എന്ന് കരുതി പോയി . ഇന്റര്‍വ്യൂ വില്‍
പങ്കെടുത്തു . ചോദിച്ച ചെറിയ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു . ഉടന്‍ തന്നെ മെഡിക്കല്‍ എടുക്കാന്‍ ആവശ്യപ്പെട്ടു .

കളി കാര്യമായി എന്ന് അപ്പോഴാണ്‌ രതീഷിനു തോന്നിയത് . പിറ്റേന്ന് തന്നെ മെഡിക്കല്‍ എടുത്തു വീട്ടില്‍ ചെല്ലുമ്പോള്‍ ഇനി വീട്ടുകാരെ ഇക്കാര്യം അറിയിക്കാതിരിക്കാന്‍ പറ്റില്ല എന്ന് തോന്നി .

അമ്മയോട് ആദ്യം പറഞ്ഞു : അമ്മയ്ക്ക് അത് വലിയ ഷോക്ക് ആയി . ഉടനെ എല്ലാവരെയും അറിയിച്ചു . ആര്‍ക്കും സമ്മതം ഇല്ല .
കാരണം ഒന്നേ ഒന്ന് !!
പോകുന്നത് സൌദിയിലേക്കാണ് !
'സൗദി ആണ് രാജ്യം , ശരീ അത്താണ് കോടതി .. '

വേറെ എവിടേക്ക് പോയാലും അങ്ങോട്ട്‌ പോകേണ്ട .
പക്ഷെ രതീഷിനു ഒരു കുലുക്കവും ഉണ്ടായില്ല .
കുടുംബത്തിന്റെ വിയോജിപ്പ് കണക്കിലെടുക്കാതെ രതീഷ്‌
ചുട്ടു പൊള്ളുന്ന ഒരു രാത്രിയുടെ ഏതോ ഒരു യാമത്തില്‍ ജിദ്ദയില്‍ വന്നിറങ്ങി ..

O O

ഇന്നലെ രാത്രി ഒരാള്‍ വന്നു എന്നോട് ചോദിച്ചു :
മാഷെ നിങ്ങളുടെ ചങ്ങാതിക്കൂട്ടത്തില്‍ എന്നെയും കൂട്ടാമോ ?
ഞാന്‍ പറഞ്ഞു : ക്ഷമിക്കണം , നിലവില്‍ അയ്യായിരം
തികഞ്ഞിരിക്കുന്നു . ഇനി ആരെയെങ്കിലും ഒഴിവാക്കിയാലേ മറ്റൊരാളെ എടുക്കാന്‍ പറ്റൂ .

ഓകെ . ഞാന്‍ ഫോളോവറായി തുടരാം ..
അപ്പോഴാണ്‌ ഞാന്‍ അദ്ദേഹത്തിന്‍റെ വാളില്‍ ഒന്ന് ചെന്ന് നോക്കിയത് . കൂടുതലും അക്ഷരങ്ങളാണ് . കൊച്ചു കൊച്ചു ആശയങ്ങളാണ് പോസ്റ്റുകളിലെ വിഷയം എങ്കിലും ചെളിയുടെ ഒരു ലാഞ്ചന പോലും എവിടെയും കാണുന്നില്ല .

കൂടെ കൂട്ടിയ വ്യക്തികളും ഒക്കെ നന്നായി എഴുതുന്നവര്‍ തന്നെ . കുറച്ചൊക്കെ എഴുതുകയും നന്നായി വായിക്കുകയും ചെയ്യുന്ന ആളാണ്‌ കക്ഷി എന്ന് ബോധ്യമായി . ഞാന്‍ പറഞ്ഞു .

ഒന്ന് വെയ്റ്റ് ചെയ്യണേ . 'മരിച്ചു കിടക്കുന്ന ' ആരെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ '
അതിനു കിട്ടിയ മറുപടി ഇതായിരുന്നു 'ഇന്നാ ലില്ലാഹി ...''
ആ മറുപടി വല്ലാത്ത കൌതുകത്തോടെ ആണ് വായിച്ചത് !!

എങ്ങനെ എങ്കിലും അദ്ദേഹത്തെ കൂടെ കൂട്ടണം എന്ന് കരുതി
ഫ്രണ്ട് ലിസ്റ്റ് പരതിയപ്പോള്‍ ഒരു ഫ്രണ്ട് നെ കിട്ടി . പേരില്ല . ഒരു സ്ഥാപനത്തിന്റെ പേരിലാണ് പ്രൊഫൈല്‍ . രണ്ടായിരത്തി പത്തില്‍ ഒപ്പം കൂടിയതാണ് .

'അയാള്‍ക്ക് ' ടി സി കൊടുത്ത് പറഞ്ഞയച്ചു . ഇദ്ദേഹത്തെ ചേര്‍ത്തു . പിന്നെ വാളില്‍ ചെന്ന് വിശദമായി 'പരിശോധിച്ചു '

വടകരക്കാരന്‍ . ജിദ്ദയില്‍ താമസിക്കുന്നു . ഒരു കമ്പനിയിലെ സെയില്‍സ് മാന്‍ ആയി വര്‍ക്ക് ചെയ്യുന്നു . ഒന്ന് പരിചയപ്പെടണം എന്ന് മനസ്സ് പറഞ്ഞു :
ഫോണ്‍ നമ്പര്‍ ചോദിച്ചു . തന്നു . സംസാരിച്ചു .

മുകളില്‍ പറഞ്ഞ 'കഥ' ; യിലെ കഥാപാത്രം ആണ് രതീഷ്‌ !!!
എട്ടു വര്‍ഷത്തോളമായി സൌദിയില്‍ . ഒരു പാട് സംസാരിച്ചു .

ഒടുവില്‍ ഞാന്‍ ചോദിച്ചു : ഇവിടെ ഞങ്ങളെ പോലെയുള്ള ആളുകള്‍ക്ക് ജീവിക്കാന്‍ വലിയ വിഷമങ്ങളൊന്നും തന്നെ ഇല്ല . എന്നാല്‍ നിങ്ങളെ പോലെയുള്ള മറ്റൊരു മതാനുയായി കള്‍ക്ക് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടോ ഇവിടെയുള്ള ജീവിതത്തില്‍ ?

വീട്ടില്‍ നിന്ന് പോരുമ്പോള്‍ കുടുംബത്തിന്റെ ആശങ്കയും ആധിയും ശരിയായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?

സത്യത്തില്‍ അതൊന്നു അറിയാന്‍ മന :പൂര്‍വ്വം തന്നെ ആയിരുന്നു ആ ചോദ്യം .
അദ്ദേഹം പറഞ്ഞു : സൗദി മൊത്തം കറങ്ങി നജ്രാന്‍ ബോര്‍ഡര്‍ വരെ പലപ്പോഴും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട് . സൌദിയില്‍ ഞാന്‍ പോകാത്ത സ്ഥലം ഇല്ല .
എനിക്ക് ഇത് വരെ ഒരു വിഷമവും എവിടെ നിന്നും ഉണ്ടായിട്ടില്ല .

അപ്പോള്‍ ഞാന്‍ ചോദിച്ചു : ഒരൊറ്റ സംഭവം പോലും ഉണ്ടായിട്ടില്ലേ ?
അപ്പോള്‍ അദ്ദേഹം പറഞ്ഞു : ഒരൊറ്റ സംഭവം ഉണ്ടായിട്ടുണ്ട് : അതെന്തായിരുന്നു ?

അദ്ദേഹം പറഞ്ഞു . ഞാനൊരിക്കല്‍ ഒരു ചായ കുടിക്കാന്‍ വേണ്ടി ഒരിടത്ത് വണ്ടി സൈഡ് ആക്കി . ഇറങ്ങി . ഉടന്‍ നല്ല വസ്ത്രം ധരിച്ച ഒരു പയ്യന്‍ വന്നു 'അസ്സലാമു അലൈകും ' എന്ന് പറഞ്ഞു .

ഉടന്‍ അവന് എന്റെ നട്ടെല്ലിന് ഒരു കുത്ത് കുത്തി '
എനിക്ക് നന്നേ വേദനിച്ചു . ഞാന്‍ അമ്മോ എന്ന് വിളിച്ചു
അവന്‍ ചിരിച്ചു കൊണ്ട് ഓടിപ്പോയി .
അവന്‍ ബുദ്ധിക്കു സ്ഥിരതയില്ലാത്ത ഒരു കുട്ടി ആയിരുന്നു എന്ന് തോന്നുന്നു ..
അത്രേ ഉണ്ടായിട്ടുള്ളൂ .. പിന്നെ ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല .

എന്റെ വണ്ടിയില്‍ എ പ്പോഴും ഒരു ബുക്ക് ഉണ്ടാകും . ഒഴിവു കിട്ടുമ്പോള്‍ ഒക്കെ ഞാനത് എടുത്തു വായിക്കും . ഏതാ ആ ബുക്ക് ?

അതൊരു സുഹൃത്തിനോട്‌ ആവശ്യപ്പെട്ടിട്ട് തന്നതാ .
ഒരു പരിഭാഷ യാണ് .
ബുക്കിന്റെ പേര് പറഞ്ഞില്ല '
ഖുര്‍ആന്‍ പരിഭാഷ ' അതെന്തിനാ കൂടെ കൊണ്ട് നടക്കുന്നത് ?
അക്ഷരങ്ങള്‍ ഒരു വെളിച്ചം അല്ലെ മാഷേ .. !!!

OO

നാം കേള്‍ക്കുന്നതും അറിയുന്നതും പ്രചരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒന്നുമാവില്ല ചിലപ്പോള്‍ സത്യം . സത്യം പലപ്പോഴും നമ്മുടെ ചിന്തകള്‍ക്കും അപ്പുറം ഒരു പാട് ഒരു പാട് ദൂരെ ആയിരിക്കും

OO

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്