2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ആലി ഹാജി


കൊണ്ടോട്ടിക്കടുത്തുള്ള എടവണ്ണപ്പാറ ആര്‍ . എ കോളേജില്‍
(റശീദിയ്യ അറബിക് കോളേജ് ) കുറച്ചു കാലം താമസിച്ചു പഠിക്കാന്‍ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട് . ഒരൊറ്റ കൊല്ലം. വർഷങ്ങൾക്കു മുമ്പത്തെ കഥയാണ് .

അക്കാലത്ത് കുറച്ചു ദിവസം അവിടെയുള്ള ആഷി ആശുപത്രിയില്‍ എന്തോ ഒരു അസുഖം കാരണം എനിക്ക് അഡ്മിറ്റ്‌ ആവേണ്ടി
വന്നു . നാലോ അഞ്ചോ ദിവസം ആശുപത്രിയില്‍ കിടന്നു .

കോളേ ജില്‍ നിന്ന് വന്നു അഡ്മിറ്റ്‌ ആയതു കൊണ്ട് എനിക്ക് കൂട്ടിരുപ്പിന് ആരും ഉണ്ടായിരുന്നില്ല . വീട്ടിലേക്കു വിവരം അറിയിച്ചു അവരെ കൂടി ടെന്‍ ഷന്‍ അടിപ്പിക്കേണ്ട എന്ന് കരുതി അറിയിച്ചില്ല . ക്ലാസ് കഴിഞ്ഞു ചില സുഹൃത്തുക്കള്‍ വരും . പോകും .

അന്ന് എന്റെ തൊട്ടടുത്ത ബെഡ്ഡില്‍ ഒരു കുട്ടിയായിരുന്നു കിടന്നിരുന്നത് . കുട്ടിയോടൊപ്പം അവന്റെ ഉപ്പയും ഉണ്ട് . വെറ്റില യൊക്കെ തിന്നു ചുണ്ട് ചോപ്പിച്ച , നന്നായി സംസാരിക്കുന്ന , സ്നേഹം തുടിക്കുന്ന മുഖവും ആരെയും കയ്യിലെടുക്കുന്ന വാക് ചാതുരിയുമായി . ഒരാള്‍ . പേര് ആലി ഹാജി .

കൂടെ ആളില്ലാത്തത് കൊണ്ടാവണം അദ്ദേഹത്തിനു എന്നോട് വല്ലാത്ത ഇഷ്ടം. കരുതല്‍ . സ്വന്തം മകനോടെന്ന പോലെയാണ് എന്നോടുള്ള പെരുമാറ്റം . അദ്ദേഹത്തിന്റെ കുട്ടിക്ക് വാങ്ങി കൊണ്ടുവരുന്ന എല്ലാ സാധനങ്ങളിലും എനിക്കും ഉണ്ടാകും
ഒരു പങ്ക് .

കുട്ടിയെ കാണാന്‍ വരുന്ന ആളുകള് കൊണ്ട് വരുന്ന ഫ്രൂട്ട്സ് , ആപ്പിളും ഓറഞ്ചും മുന്തിരിയും ഒക്കെ നിര്‍ ബന്ധിച്ചു എന്നെയും തീറ്റിക്കും . വീട്ടില് നിന്ന് ചോറും കഞ്ഞിയുമായും വരുന്നവരോട് എനിക്കും കൂടി കൊണ്ട് വരാ ന്‍ പ്രത്യേകം പറയും .

കുറിയരിക്കഞ്ഞിയും ഒക്കെ എന്നെ കൊണ്ട് നിര്‍ബന്ധിപ്പിച്ചു കുടിപ്പിക്കും . കുടിച്ചില്ലെങ്കില്‍ സ്നേഹത്തോടെ ശാസിക്കും .

അങ്ങനെ വളരെ കുറഞ്ഞ ദിവസം കൊണ്ട് ഒരു പാട് കാലത്തെ ബന്ധം ഉള്ള വരെ പോലെയായി ഞങ്ങള്‍ . അല്ലെങ്കിലും ആശുപത്രിയിലെ ബന്ധത്തിന് മറ്റെവിടുത്തെ ബന്ധത്തിലേറെയും ഊഷ്മളത കാണുമല്ലോ .

വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി . ഞാനാകട്ടെ പഠന ആവശ്യാര്‍ത്ഥം വീട് വിട്ടു മറ്റു പല സ്ഥലങ്ങളിലേക്കും മാറി മാറി പോയി .

പിന്നീടു കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ് ഐ എ കോളേജില്‍ പഠിക്കുകയും കോളേജിന്റെ ഹോസ്റ്റലില്‍ താമസിക്കുകയും ചെയ്യുന്ന സമയം . അവിടേക്ക്
ഒരു ദിവസം ഒരാള് എന്നെ അന്വേഷിച്ചു വന്നു .

അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ അയാള്‍ ആലി ഹാജിയുടെ നാട്ടുകാരനാണ് . കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ തൊട്ടടുത്തു തന്നെയുള്ള സ്ഥലത്താണ് അദ്ദേഹത്തിന് ജോലി .
നാട്ടില്‍ പോയി വരുന്ന വരവാണ് .

ഇത് ആലി ഹാജി തന്നതാണെന്നും സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു അദ്ദേഹം വലിയ ഒരു പ്ലാസ്റ്റിക് കവര്‍ എന്നെ എല്പ്പിച്ചു .
വിവരങ്ങളൊക്കെ പറഞ്ഞ് അദ്ദേഹം പോയി .

ഞങ്ങള്‍ കൂട്ടുകാരൊക്കെ കൂടി ആ കവര്‍ പൊളിച്ചു നോക്കി .
കുറെ കടലാസ് കൂടുകള്‍ ആണ് . അവയിലൊക്കെ വിവിധതരം
പലഹാരള്‍ . പിന്നെ കുറെ മിഠായികളും .
ഞാനതെല്ലാം എന്റെ കൂട്ടുകാര്‍ക്കു കൂടി പങ്കു വെച്ച് ഹാജിയെ അവര്‍ക്ക് കൂടി പരിചയപ്പെടുത്തിക്കൊടുത്തു .

ഇന്നത്തെ പോലെ ഫോണ്‍ സൌകര്യങ്ങളൊന്നും അന്ന് ഇല്ല .
ഞാന്‍ അന്ന് തന്നെ ഹാജിക്ക് ഒരു കത്തയച്ചു . സമ്മാനം കിട്ടിയ സന്തോഷം അറിയിച്ചു കൊണ്ട്. പിന്നെയും കുറേക്കാലം കത്തുകളിലൂടെ ഞങ്ങള്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു .

വര്‍ഷങ്ങള്‍ കഴിയുകയും കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു . പഠനം കഴിഞ്ഞു അദ്ധ്യാപനത്തിലേക്കു തിരിഞ്ഞു .

കത്തെഴുത്ത് നിന്നു . ഹാജിയുടെ ഓര്‍മ്മകളില്‍ മാറാല കെട്ടി . വര്‍ഷങ്ങളുടെ കറക്കത്തിനിടയില്‍ എടെയോ വെച്ച് ഹാജിയെ എനിക്ക് നഷ്ടപ്പെട്ടു . മന:പാഠം ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ വിലാസം മറന്നു . അത് എഴുതി വെച്ചിരുന്ന നോട്ടു ബുക്ക് കൈവിട്ടുപോയി . അധ്യാപന ഘട്ടവും കഴിഞ്ഞു പ്രവാസിയായി .

OO
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍ബോക്സില്‍ ഒരു സുഹൃത്ത്‌ പരിചയപ്പെടാന്‍ വന്നു . കുറെ കാര്യങ്ങള്‍ സംസാരിച്ചു . കൂട്ടത്തില്‍ അവന്റെ പേരിനോടൊപ്പം ഉള്ള സ്ഥല നാമം കണ്ടപ്പോള്‍ എനിക്ക് എന്റെ പഴയ ഹാജിയെ ഓര്‍മ്മ വന്നു . ഞാന്‍ അവനോടു വിവരങ്ങളൊക്കെ പറഞ്ഞു . വീട്ടു പേരൊന്നും അറിയാത്തത് കൊണ്ട് ഹാജിയെ കുറിച്ചു എന്റെ മനസ്സിലുള്ള ചില ലക്ഷണങ്ങള്‍ പറഞ്ഞു കൊടുത്തു . അപ്പോള്‍ അവന്‍ പറഞ്ഞു . എനിക്ക് ആളെ കൃത്യമായി മനസ്സിലായില്ല .

ഓക്കേ . എന്നെങ്കിലും എങ്ങനെയെങ്കിലും ആളെ മനസ്സിലായി എങ്കില്‍ നമ്പര്‍ ഒന്ന് സംഘടിപ്പിച്ചു തരണം . അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നറിയണം . നമ്പര്‍ കിട്ടിയാല്‍ ഒന്ന് സംസാരിക്കണം . സലാം പറയണം .

ഓക്കേ ഞാന്‍ അന്വേഷിക്കാം . അന്ന് അതും പറഞ്ഞു പോയ അവനെ പിന്നെ കണ്ടതേയില്ല .

ഇന്ന് തീരെ പ്രതീക്ഷിക്കാതെ അവന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു .
അവന്‍ ഇന്‍ബോക്സില്‍ വന്നു പറഞ്ഞു :

alhamdulillah , ningal chodicha aali hajiye kitti
sorry, for late . njan innale ningallude chat box thurannappoyannu enik orma vannath, adehathinte makanumayi njan chatt cheyyarundu, appo oru doubt vech njan avanod chodichatha, may 90%

ഇതാണ് അദ്ദേഹത്തിന്‍റെ നമ്പര്‍ എന്ന് പറഞ്ഞു
അവന്‍ നമ്പരും തന്നു . എന്റെ സന്തോഷത്തിന് അതിരില്ല.

ഞാന്‍ പറഞ്ഞു . ഇപ്പോള്‍ തന്നെ ഒന്ന് വിളിച്ചു നോക്കട്ടെ

ഉടനെ ഞാന്‍ ആ നമ്പറിലേക്ക് വിളിച്ചു . അദ്ദേഹം തന്നെ ആണോ ഇദ്ദേഹം എന്നൊന്നും ഒരു ഉറപ്പുമില്ല . ഏതായാലും സംസാരിച്ചു നോക്കാം .

ഹലോ . അസ്സലാമു അലൈകും
ആലി ഹാജി ആണോ ?
വ അലൈകുമുസ്സലാം . അതെ ആരാ ?
ഞാന്‍ പറഞ്ഞു . ഞാന്‍ ജിദ്ദയില്‍ നിന്നാണ് വിളിക്കുന്നത്‌ . എന്റെ പേര് ഉസ്മാന്‍ . കരുവാരകുണ്ട് ഇരിങ്ങാട്ടിരി ആണ് വീട് .

അപ്പോള്‍ മറുതലക്കല്‍ നിന്ന് :
''ന്റെ പടച്ചോനെ മനേ ജ്ജ് എവിടെ ആണെടാ ..''
സന്തോഷാധിരേകത്താല്‍ ഞാന്‍ മതി മറന്നു .
''ന്റെ റബ്ബെ ങ്ങള് ഞ്ഞെ മറന്നിട്ടില്ലേ ..''
ഇല്ലടാ എങ്ങനെ മറക്കാനാണ് ..!!!

എത്ര നേരം ആണ് സംസാരിച്ചത് എന്നറിയില്ല . പലപ്പോഴും ഞങ്ങളുടെ വാക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി . അതിനു മാത്രം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം അറിയാനുണ്ടായിരുന്നു ..

കഴിഞ്ഞ റമദാനില്‍ പോലും ഉമ്രക്കു വന്നിരുന്നു എന്നും മക്കള്‍ ഒരാള്‍ ജിദ്ദയിലും മക്കത്തും ഉണ്ട് എന്നുമൊക്കെ അദ്ദേഹം പറഞ്ഞപ്പോള്‍ വല്ലാത്ത വിഷമം ആയിപ്പോയി . തൊട്ടടുത്തു വരെ വന്നിട്ട് ഒന്ന് കാണാനോ മിണ്ടാനോ പറ്റാതെ പോയല്ലോ .

ഒടുവില്‍ ഞാന്‍ പറഞ്ഞു : ഏതായാലും പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്ന് സംസാരിക്കാനെങ്കിലും കഴിഞ്ഞല്ലോ
അടുത്ത വെക്കേഷനില്‍ ഞാന്‍ നാട്ടില്‍ വരുമ്പോള്‍ നമുക്ക് രണ്ടു പേര്‍ക്കും ആയുസ്സ് അല്ലാഹു നല്‍കിയാല്‍ ഏതായാലും ഞാന്‍ കാണാന്‍ വരും . അല്ലാഹു തൌഫീഖ് നല്കട്ടെ .. ആമീന്‍
എന്ന് പ്രാര്‍ഥിച്ചിട്ടാണ് സംസാരം അവസാനിപ്പിച്ചത് .

എവിടെയോ ഒക്കെ വെച്ചു നഷ്ടപ്പെട്ടു എന്ന് കരുതിയ ആരോയോക്കെയാണ് എന്റെ ഫേസ് ബുക്കേ
നീ തിരികെ തന്നത് ?
ഇതിനൊക്കെ ആരോടോക്കെയാണ് നന്ദി പറയേണ്ടത് ?

സ്നേഹമെന്ന അലൌകിക ബന്ധം കൊണ്ട് മനുഷ്യ മനസ്സുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പടച്ചവനോടോ ?
നഷ്ടപ്പെട്ടവരെ വീണ്ടെടുക്കാനുള്ള അഭിനവ ഉപാധിയുമായി
ലോകം മുഴുവന്‍ ചൂഴ്ന്നു കിടക്കുന്ന ലിങ്കുമായി അവതരിച്ച സുക്കറിനോടോ ?
മുഖ പുസ്തകത്തോടോ ?
സൌഹൃദത്തോടോ ?
വെറുതെ ഒരന്വേഷണം നടത്തിയിട്ടും അത് മറക്കാതെ
എനിക്ക് എന്റെ പ്രയപ്പെട്ട ഹാജിയെ കാണിച്ചു തന്ന പ്രിയ സുഹൃത്ത്‌ മുനീബിനോടോ ? നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ...!!!

Muneeb Omanoor


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്