2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

'പഠിപ്പിക്കാന്‍ സമ്മതമാണ്' !!


'പഠിപ്പിക്കാന്‍ സമ്മതമാണ്' എന്ന് പറഞ്ഞു വിവാഹം കഴിക്കപ്പെടുന്ന
പല പെണ്‍കുട്ടികളും വിവാഹ ശേഷം കബളിപ്പിക്കപ്പെട്ട ഇത് പോലെയുള്ള
കഥകള്‍ കുറെ കേട്ടിട്ടുണ്ട് . അറിയുകയും ചെയ്യും . അനുഭവത്തിലും ഉണ്ട് .

വിവാഹ വേളയില്‍ ഓരൊഴുക്കന്‍ മട്ടില്‍ 'പഠിപ്പിക്കും' എന്ന് പറയും . അടുത്ത വര്‍ഷം കുട്ടിക്ക് 'കുട്ടി' ആവും . പിന്നെ പ്രാരാബ്ധമായി . കുട്ടിയുടെ കാര്യം പറഞ്ഞു വഴക്കായി വക്കാണമായി . കുട്ടിയുടെ ഭാവി ഓര്‍ത്ത്‌ ആ പെണ്‍കുട്ടി തന്റെ എല്ലാ സ്വപ്ന ങ്ങളും കുഴിച്ചു മൂടി ആണ് പിന്നീടു ജീവിക്കുന്നത് .

പഠിപ്പിക്കാന്‍ താത്പര്യമില്ലാത്ത ചെക്കനും കുടുംബവും കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ വെറുതെ പറയും . എത്ര വേണമെങ്കിലും പഠിപ്പിക്കും എന്ന് . കാരണം അവര്‍ക്ക് അറിയാം ഒരു കൊല്ലം ആവുമ്പോഴേക്കും കുട്ടിക്ക് കുട്ടി ആവും പിന്നെ പഠനം ഒക്കെ കണക്കു തന്നെ ആവും എന്ന് .

ഇത് സത്യത്തില്‍ ആ പെണ്‍കുട്ടികളോട് ചെയ്യുന്ന ക്രൂരതയും ചതിയുമാണ്‌ .
പക്ഷേ താന്‍ കബളിക്കപ്പെട്ടു എന്ന് പെണ്‍കുട്ടി മനസ്സിലാവുമ്പോഴേക്കും കാര്യങ്ങളൊക്കെ പിടി വിട്ടിട്ടുണ്ടാവും .

അത് കൊണ്ട് ചെയ്യാവുന്നത് ഇതേ ഉള്ളൂ എന്റെ അഭിപ്രായത്തില്‍ .

പഠിക്കാന്‍ മിടുക്കിയായ / പഠിക്കണം എന്ന് വലിയ ആഗ്രഹമുള്ള / പഠിക്കാന്‍ പോകുന്നത് പ്രേമിക്കാനും ചാടി പോകാനും അല്ല എന്ന് കൃത്യമായി ബോധ്യമുള്ള / കുട്ടികളാണ് നമ്മുടെ പെണ്‍കുട്ടികള്‍ എന്ന് നമുക്ക് ഉറപ്പുണ്ടെങ്കില്‍ പഠിപ്പിക്കാന്‍ നമുക്ക് കഴിയുമെന്നുണ്ടെ ങ്കില്‍
അവരെ പഠിപ്പിക്കുക . ആണ്‍കുട്ടിയെ എന്ന പോലെ . അതിനിടയില്‍ കല്യാണം നടത്താതിരിക്കുക .

പഠിക്കേണ്ട കാലത്തെ പഠിക്കാന്‍ കഴിയൂ . പുതിയ കാലം പഴയ പോലെയല്ല . ജോലിക്ക് വേണ്ടിയല്ല . വിദ്യാഭ്യാസമുള്ള ഒരു തലമുറ വളര്‍ന്നു വരാന്‍ , ഇക്കാലത്ത് പെണ്‍കുട്ടിക്ക് നല്ല വിദ്യാഭ്യാസം കൂടിയേ തീരൂ .

എന്നെങ്കിലും ഒരിക്കല്‍ അവള്ക്ക് സ്വന്തം കാലില്‍ നില്ക്കേണ്ട ഒരു ഗതി വന്നാല്‍ അന്ന് അവളെ സഹായിക്കാന്‍ ഇന്ന് അവള്‍ നേടിയ യോഗ്യത കൂടെ ഉണ്ടാകും .
മറ്റാരും അവളെ ഏതു നിമിഷവും കൈവിടാം . പക്ഷേ അവള്‍ നേടിയ യോഗ്യത - അത് ഏതു തരത്തിലുള്ളതായാലും - അവളെ സഹായിക്കാന്‍ അവളുടെ കൂടെ ഉണ്ടാകും . മരണം വരെ .

അത് കൊണ്ട് മിടുക്കികളായ പെണ്‍കുട്ടികളെ / പഠിക്കാന്‍ അതിയായ ആഗ്രഹം ഉള്ള കുട്ടികളെ / പെട്ടെന്ന് കെട്ടിച്ചു വിടരുത് . ആണ്‍കുട്ടിക്ക് പഠിക്കാന്‍ പണം ചെലവാക്കുന്ന പോലെ പെണ്‍കുട്ടിക്കും ചെലവാക്കുക . അത് ഒരിക്കലും നഷ്ടമാവില്ല . മാത്രമല്ല നമ്മുടെ കുട്ടിയുടെ ഭാവിക്ക് കൂടി അത് ഉപകാരപ്പെടും . ഇന്നല്ലെങ്കില്‍ നാളെ .

പഠിക്കാന്‍ താത്പര്യമില്ലാത്ത / മിടുക്കികള ല്ലാത്ത / കുട്ടികളെ നേരത്തെ കെട്ടിക്കാം . അവര്‍ക്ക് പറ്റിയ ആണ്‍കുട്ടികളെ കൊണ്ട് അവരെയും പഠനം കഴിഞ്ഞു ഇവള്‍ക്കു പറ്റിയ യോഗ്യതയും മിടുക്കും ഉള്ള പയ്യനെ കൊണ്ട് ഇവളെയും കെട്ടിക്കുക .

'പൊരുത്തം' എന്നത് ധനത്തിലോ സൌന്ദര്യത്തിലോ മാത്രം നോക്കിയാല്‍
പോരാ . വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നോക്കണം . പഠിപ്പുള്ള ഒരു കുട്ടിയെ പഠിപ്പില്ലാത്ത ഒരു ചെക്കനെ കൊണ്ട് ഒരിക്കലും കെട്ടിക്കരുത് .
അത് അവളോട്‌ ചെയ്യുന്ന ഏറ്റവും വലിയ അനീതി ആണ് .

ഇനി അനിയത്തി പഠിക്കാന്‍ മോശമാണെങ്കില്‍ അവളെ ആദ്യം കെട്ടിക്കുക .
അവളുടെ കാരണം പറഞ്ഞു ജ്യേഷ്ടത്തിയുടെ അവസരം നഷ്ടപ്പെടുത്തുന്നത് എന്തിനാണ് ? അതൊരു മോശമല്ലേ എന്നൊക്കെ തോന്നാം . ഒരു കുട്ടിയുടെ പഠിക്കാനുള്ള അവസരം
അവളുടേത്‌ അല്ലാത്ത കാരണത്താല്‍ നിഷേധിക്കുന്നതല്ലേ
അതിനേക്കാള്‍ മോശം ?
ഒരോ കുട്ടിയേയും അവളുടെ യോഗ്യതക്കും നിലവാരത്തിനും അനുസരിച്ചുള്ള പയ്യന്മാരെ കൊണ്ട് കെട്ടിക്കുക . അതാണ്‌ വേണ്ടത് .

പിന്നെ പഠിക്കാന്‍ വേണ്ടി വിവാഹം നീട്ടിക്കൊണ്ടു പോയി എന്ന് വരുന്നത് പ്ലസ് പോയിന്റ്‌ ആയിട്ടെ സാമാന്യ ബുദ്ധിയുള്ള ആരും മനസ്സിലാക്കൂ .

അങ്ങനെ യോഗ്യതക്കനുസരിച്ചുള്ള വിവാഹങ്ങള്‍ നടക്കട്ടെ . വിദ്യാഭ്യാസമുള്ള തലമുറ വളര്‍ന്നു വരട്ടെ . പഠിക്കാന്‍ താത്പര്യ മുള്ള , മിടുക്കുള്ള , പഠിപ്പിക്കാന്‍ കഴിവുള്ള രക്ഷിതാക്കളുടെ മക്കളായി പിറന്ന, ഒരു കുട്ടിയുടെയും പഠിക്കാനുള്ള സ്വപ്നം വിവാഹം കാരണമായി മുടങ്ങാതിരിക്കട്ടെ ..!!!

നിങ്ങളെന്തു പറയുന്നു ?

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്