2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

അത്രേ ഉള്ളുവോ ?


ഇന്ന് സ്വാതന്ത്ര്യ ദിനം ആയതു കൊണ്ട് മോളോട് സംസാരിക്കുമ്പോള്‍ അവരുടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളെ കുറിച്ച് ചോദിച്ചു അറിയണം എന്ന് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു . ആദ്യം വിളിക്കുമ്പോള്‍ അവള്‍ എത്തിയിട്ടില്ല . അവള്‍ വന്നാല്‍ മിസ്സ്‌ അടിക്കാന്‍ ശ്രീമതിയെ ഏല്‍പ്പിച്ചു .

പറഞ്ഞ പോലെ അവള്‍ വന്ന ഉടനെ മിസ്സ്‌ അടിച്ചു .
ഞാന്‍ തിരിച്ചു വിളിച്ചു .
'എങ്ങനെ ഉണ്ടായിരുന്നു നിങ്ങളുടെ സ്വാതന്ത്ര്യ ദിനം ..'?
എന്ന് ചോദിച്ചപ്പോള്‍ അവള്‍ എന്നോട് തിരിച്ചു ചോദിച്ചു .
'നിങ്ങള്‍ പഠിക്കുന്ന കാലത്ത് എങ്ങനെ ആയിരുന്നു സ്കൂളുകളില്‍ ഈ ദിനം ആഘോഷിച്ചിരുന്നത് ?

അവളങ്ങനെയാണ് .
അങ്ങോട്ട്‌ ഒന്ന് ചോദിക്കുമ്പോള്‍ ഇങ്ങോട്ട് വേറെ ഒന്ന് ചോദിക്കും .
ഞാന്‍ പറഞ്ഞു :
ഞങ്ങള്‍ അന്ന് പതിവിലും നേരത്തെ സ്കൂളില്‍ എത്തും . അസംബ്ലി ഉണ്ടാകും . പതാക ഉയര്‍ത്തും .
പ്രതിജ്ഞ ചൊല്ലും . മിഠായി വിതരണം ഉണ്ടാകും . ഹെഡ് മാസ്റ്റര്‍ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തും . ദേശീയ ഗാനം ചൊല്ലും പിരിഞ്ഞു പോരും . വീട്ടിലേക്കു നേരത്തെ പോരാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കും ..

അത്രേ ഉള്ളുവോ ?
അതെ
പിന്നെന്താ വേണ്ടത് ? 'അത്രേ ഉള്ളോ.. ' എന്ന ചോദ്യത്തില്‍ നിങ്ങള്ക്ക് വേറെ എന്തോ ഉണ്ട് എന്ന ഒരു ധ്വനി ഉണ്ടല്ലോ .. ഞാന്‍ പറഞ്ഞു .

ഉണ്ട് ഉപ്പാ ....!!!
ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞ പോലെയുള്ള ചടങ്ങുകള്‍ ഒക്കെ കഴിഞ്ഞിട്ട് ഇന്ന് സ്കൂളിന് അടുത്തുള്ള ഒരു
സ്ഥാപനത്തിലേക്ക് പോയി . അതു ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികളുടെ അഭയ കേന്ദ്രം ആണ് . അവിടെ എല്ലാ പ്രായക്കാരും ഉണ്ട് . നമ്മുടെ ബസ്മല്‍ മോന്റെ പ്രായമുള്ള കുട്ടികള്‍ അടക്കം വലിയ കുട്ടികള്‍ വരെ ഉണ്ട് .
ചെവി കേള്‍ക്കാത്തവര്‍ , കാതു കേള്‍ക്കാത്തവര്‍ , ബുദ്ധി ഇല്ലാത്തവര്‍ അങ്ങനെ .. വിധി ചതിച്ച കുറെ കുട്ടികള്‍ . അമ്പത്തി ആറോളം കുട്ടികള്‍ ഉണ്ട് അവിടെ .

ഞങ്ങള്‍ പത്താം ക്ലാസ്സുകാര്‍ നേരത്തെ തന്നെ പോകാന്‍ പ്ലാന്‍ ചെയ്തതായിരുന്നു . ആ സ്ഥാപനത്തിന് കൊടുക്കാന്‍ കുറച്ചു സംഖ്യയും ഞങ്ങള്‍ സ്വരൂപിച്ചിരുന്നു .
പിന്നെ കുറച്ചു പലഹാരങ്ങള്‍ , ബിസ്ക്കറ്റ്സ് , ഐസ്ക്രീം , മിഠായികള്‍ , കളിക്കോപ്പുകള്‍ ഒക്കെ കൊണ്ട് പോയിരുന്നു ..
അവര്‍ക്ക് ഞങ്ങളെ കണ്ടപ്പോള്‍ എന്തൊരു സന്തോഷമായി എന്ന് അറിയാമോ ?

ഞങ്ങളുടെ കൈകളില്‍ പിടിച്ചും ഞങ്ങള്‍ക്ക് പാട്ടൊക്കെ പാടി തന്നും അവരുടെ സന്തോഷം ഞങ്ങളുമായി പങ്കു വെച്ചു .
ചില കുട്ടികള്‍ പാട്ട് പാടുന്നത് കേട്ടപ്പോള്‍ വല്ലാത്ത സങ്കടം ആയി ഉപ്പാ ..

പല വാക്കുകളും ശരിക്ക് പറയാന്‍ കഴിയുന്നില്ല .
വിക്കിയും ശബ്ദമില്ലാതെയും വാക്കുകള്‍ കിട്ടാതെയും ..
എന്നിട്ടും ഭയങ്കര സന്തോഷത്തോടെ പാടുക തന്നെയാണ് അവര്‍ ..
കസേരക്കളി ഒക്കെ ഉണ്ടായിരുന്നു .

കളിക്കിടയില്‍ കസേര കിട്ടിയ കുട്ടികളുടെ മുഖത്തെ സന്തോഷം ഒന്ന് കാണുക തന്നെ വേണം .
പോരുമ്പോള്‍ കുട്ടികള്‍ കൈകളില്‍ നിന്ന് വിടുന്നില്ല ...!!!

നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് ...
എന്ന് പറഞ്ഞു അവളുടെ തൊണ്ട ഇടറിയോ എന്ന്
എനിക്ക്സം ശയം ..!!!
ഞാന്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്തു !

OO
എന്തൊക്കെ അപാകതകള്‍ പറയാനുണ്ടെങ്കിലും പഴയ കാല വിദ്യാഭ്യാസത്തേക്കാള്‍ ഇക്കാലത്തെ വിദ്യാഭ്യാസത്തിനു ഒരു പാട് പ്ലസ് പോയിന്റുകള്‍ ഉണ്ട് .

അന്ന് ടെക്സ്റ്റ് പുസ്തകത്തില്‍ പറയുന്നത് മാത്രം പഠിപ്പിച്ചും അത് തന്നെ നോട്ടു ബുക്കില്‍ ചോദ്യോത്തരമായി എഴുതി അത് തന്നെ കാണാതെ പഠിച്ചു അത് തന്നെ പരീക്ഷയ്ക്ക് വന്നു അത് തന്നെ എഴുതി വിജയിക്കലായിരുന്നു വിദ്യാഭ്യാസം . ബുക്കുകളില്‍ പരിമിത പ്പെടുന്ന വിദ്യാഭ്യാസം

ക്ലാസ്സില്‍ നിന്ന് മാത്രമല്ല ചുറ്റുപാടില്‍ നിന്നും ഒരു പാട് പഠിക്കാനുണ്ട് എന്ന് പഠിപ്പിക്കുന്ന പുതിയ വിദ്യാഭ്യാസം തന്നെയാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം . സഹജീവികളെ കുറിച്ച് അറിയാതെ , അവരുടെ വിഷമങ്ങളിലേക്ക് ചെവി കൊടുക്കാതെ , ക്ലാസ് റൂമിലും പുസ്തകത്താളിലും മാത്രം ഒതുങ്ങുന്ന വിദ്യാഭ്യാസം വിദ്യാ'ഭാസം' അല്ലേ ? !

OO

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്