2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

മുന്തസറും ട്രീസയുംവ്യാഴാഴ്ച വൈകുന്നേരം ഒരു ഫോണ്‍ കോള്‍. മൊബൈല്‍ സ്ക്രീനില്‍ പേര് തെളിഞ്ഞു . രതീഷ്‌
ഹലോ .. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ . പിന്നെ കുശലാന്വേഷണം
നാളെ ഉച്ചയ്ക്ക് എന്തെങ്കിലും പരിപാടി ഉണ്ടോ ?
തമാശ രൂപേണ ഞാന്‍ പറഞ്ഞു . ഉണ്ട് . ജുമുഅ , ബിരിയാണി , ആഴ്ചയിലൊരിക്കല്‍ മാത്രം കിട്ടുന്ന ഉച്ചയുറക്കം . ഹഹഹ ചിരി .

എങ്കില്‍ നാളെ ഉച്ചയ്ക്ക് നമുക്ക് ഒരിടം വരെ പോകണം . നീ ഏതു നരകത്തിലേക്ക് വിളിച്ചാലും ഞാന്‍ വരും . എന്നാലും എവിടെക്കാ ?

അതൊരു സസ്പന്‍സ് ആന്‍ഡ്‌ സര്‍പ്രൈസ് ആവട്ടെ . ഓക്കേ എന്നാല്‍ അങ്ങനെ .

പിറ്റേന്ന് , ജുമുഅ കഴിഞ്ഞു റൂമിലെത്തിയ പാടെ രതീഷിന്റെ വിളി .
ഞാന്‍ നിങ്ങളുടെ ഫ്ലാറ്റിന്റെ താഴെ ഉണ്ട് . ഓക്കേ ഞാനിതാ എത്തി .

ഒരു വലിയ വണ്ടിയിലാണ് രതീഷ്‌ വന്നിരിക്കുന്നത് . കമ്പനി വണ്ടി .
ഒരു കൊച്ചു പയ്യന്‍ ഈ മഹാ ശകടം എങ്ങനെ മാനേജ് ചെയ്യുന്നു എന്ന ഒരു ചോദ്യം എന്റെ മനസ്സിലുടക്കി . ചോദിച്ചില്ല .

കേറി ബെല്‍റ്റ്‌ ഇടുമ്പോള്‍ ഞാന്‍ കണ്ടു മുമ്പൊരിക്കല്‍ എന്നോട് പറഞ്ഞ
ആ 'തടിച്ച പുസ്തകം' . ഇതെന്തിനാണ് ഇങ്ങനെ കൂടെ കൊണ്ട് നടക്കുന്നത് എന്ന് അന്ന്
ചോദിപ്പോള്‍ പറഞ്ഞ പുസ്തകം . 'അക്ഷരങ്ങള്‍ വെളിച്ചമല്ലേ മാഷേ ' എന്ന അന്നത്തെ അര്‍ഥങ്ങള്‍ ഏറെയുള്ള ആ ചോദ്യം അന്നേരം മനസ്സില് വന്നു തൊട്ടു .

എന്നാല്‍ പോകാം . ഞാന്‍ . എവിടെയാണ് ഈ ശവര്‍മ്മ സൂഖ് .
അറിയാവുന്ന സ്ഥലം ആയതു കൊണ്ട് ഞാന്‍ പറഞ്ഞു . വണ്ടി എടുക്കൂ .

അവിടെ എത്തിയപ്പോള്‍ രതീഷ്‌ മൊബൈലില്‍ ഒരാള്‍ക്ക് വിളിച്ചു .
മാഷ്ക്ക് അറബി നന്നായി സംസരിക്കാനറിയില്ലേ ?
കുറച്ചൊക്കെ അറിയാം . എങ്കില്‍ ഒന്ന് സംസാരിക്കൂ .
ഏതു വഴിയാണ് അങ്ങോട്ട്‌ വരേണ്ടത് ?
എവിടെയാണ് ലൊക്കേഷന്‍ ?
എന്നൊക്കെ ഒന്ന് ചോദിച്ചറിയൂ .

അപ്പോള്‍ നമ്മള്‍ പോകുന്നത് ഒരു അറബിയുടെ വീട്ടിലേക്കാണോ ?
നിങ്ങള്‍ സംസാരിക്കൂ .

സംസാരിച്ചു . അപ്പുറത്ത് ഒരു അറബി വംശജന്‍ .

മാന്യമായ സംസാരം . ലൊക്കേഷന്‍ മനസ്സിലായി . ഒരു പത്തു മിനിറ്റ് കൊണ്ട് അവിടെ എത്താം . സംസാരിച്ചു ഫോണ്‍ അവനെ ഏല്‍പ്പിക്കുമ്പോള്‍ ഒന്നും മനസ്സിലാവാതെ ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി . അവന്‍ ചെറിയ വിരല്‍ ഉയ ര്‍ത്തി കാട്ടി കുറച്ചു കൂടി ക്ഷമിക്കൂ എന്ന് പറയാതെ പറഞ്ഞു .

പത്തു മിനിറ്റും വേണ്ടി വന്നില്ല അവിടെ എത്താന്‍ . എത്തിയ പാടെ രതീഷ്‌ വീണ്ടും വിളിച്ചു . ഇപ്പോള്‍ അവന്‍ സംസാരിക്കുന്നതു പച്ച മലയാളത്തിലാണ് . സംസാരത്തില്‍ നിന്ന് അവന്‍ സംസാരിക്കുന്നതു ഒരു മലയാളിയോട് ആണ് എന്നും അതൊരു സ്ത്രീ ആണെന്നും മനസ്സിലായി .
എന്നില്‍ വീണ്ടും ആകാംക്ഷയുടെ തിരയിളക്കം

അല്പം കഴിഞ്ഞ് ഒരാള്‍ ഞങ്ങള്ക്ക് നേരെ നടന്നു വരുന്നു . വേഷഭൂഷാദികള്‍ കണ്ടപ്പോഴേ മനസ്സിലായി അദ്ദേഹത്തിന്റെ രാജ്യം . കാര്‍വര്‍ണ്ണന്‍ . പിന്നെ സലാം . കെട്ടിപ്പിടുത്തം .
മര്‍ഹബാ .

അദ്ദേഹം ഞങ്ങളെ ഒരു കെട്ടിടത്തിലേക്ക് ആനയിച്ചു . ഒന്നാം നിലയിലെത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നു . 'പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തി ഒരു പൂന്തിങ്കള്‍' പ്രകാശിച്ചു നില്ക്കുന്നു !

എന്നെ നോക്കി അവള്‍ : ചേട്ടന്‍ വരുമെന്ന് ഒരിക്കലും കരുതിയില്ല .
രതീഷിനെ നോക്കി എടാ നീ ഇത്രേ ഉള്ളോ... ?

രതീഷ്‌ പറഞ്ഞു . ഇനി സസ്പന്സ് പൊളിക്കാം .
ഇത് ആരാണ് എന്നറിയാമോ ? ഇല്ല . അവന്‍ പേര് പറഞ്ഞു .
ഞാന്‍ അദ്ഭുതം കൂറി. രതീഷ്‌ പറഞ്ഞു . സത്യം .
അവളും പറഞ്ഞു . അതെ

നന്നായി എഴുതുകയും അതിലേറെ വായിക്കുകയും ചെയ്യുന്ന നല്ല ഒരു വായനക്കാരി .
കിലുകിലെ സംസാരിക്കുന്ന അവള്‍ ഒരു പാട് കാലത്തെ പരിചയമുള്ള ആളുകളോടെന്ന പോലെ , അടുത്ത വീട്ടിലെ രാധേച്ചിയെ പോലെ സംസാരിക്കുന്നു .

അതിനിടക്ക് കുടിക്കാന്‍ ഒരു പാനീയം കൊണ്ട് വന്നു തന്നു . അരിഷ്ടത്തിന്റെ നിറം . മുന്‍പേ രുചിക്കാത്ത സ്വാദ്‌ . ഇതെന്താ കഷായമോ ? രതീഷിന്റെ തമാശ .

പിന്നെ അവള്‍ കഥ പറഞ്ഞു തുടങ്ങി .

നാട്ടിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനനം . കൊച്ചു നാളിലെ ഡല്‍ഹിയിലായിരുന്നു . പഠനം ഒക്കെ അവിടെ തന്നെ . എട്ടു വര്‍ഷം മുമ്പ് ഇവിടെ എത്തി . ഒരു ഹോസ്പിറ്റലില്‍ ലാബ് ടെക്നീഷ്യന്‍ ആയി ജോലിയില്‍ പ്രവേശിച്ചു .

ഇനി ബാക്കി എന്തെങ്കിലും കഴിച്ചിട്ട് പറയാം . അദ്ദേഹം ഞങ്ങളുടെ കൂടെ തന്നെയുണ്ട്‌ . ഭക്ഷണം എടുത്തു തരാനും കഴിപ്പിക്കാനും ഒക്കെയായി . ചോര്‍ , സാമ്പാര്‍ , മോര് കറി , അച്ചാര്‍,
ചിക്കന്‍ പിന്നെ ഖുബ്ബൂസും .

നമ്മുടെ ഭക്ഷണം ഒക്കെ ഇഷ്ടമാണോ മൂപ്പര്‍ക്ക് . പിന്നെ എല്ലാം ഇഷ്ടമാണ് . പ്രത്യേകിച്ചു മീന്‍ കറി . ചില മലയാളം വാക്കുകള്‍ ഒക്കെ അറിയാം . ചമ്മന്തി , അവിയല്‍ അങ്ങനെ . ഇഷ്ടമുള്ള സാധങ്ങളുടെ മലയാളം ഒക്കെ പഠിച്ചു വെച്ചിട്ടുണ്ട് .

നിങ്ങള്‍ക്ക് അറബി അറിയാമോ ? അപ്പോള്‍ ചിരിച്ചു കൊണ്ട് അവള്‍ :
ശുവയ്യ ശുവയ്യ (കുറേശ്ശെ )

ഇംഗ്ലീഷില്‍ ആണ് ആശയ വിനിമയം . കുറച്ചൊക്കെ അറബിയിലും
അദ്ദേഹം ചോറ് കഴിച്ചില്ല . ഖുബ്ബൂസും ചിക്കനും കഴിച്ചു . ഞങ്ങളെ സത്ക്കരിച്ചു കൊണ്ടിരുന്നു . ഇടയ്ക്കു സംസാരം സാഹിത്യത്തിലേക്കും എഴുത്തിലേക്കും കടന്നു . അദ്ദേഹവും നല്ല വായനക്കാരനാണ് എന്ന് മനസ്സിലായി . ഇംഗ്ലീഷ് സാഹിത്യം ആണ് ഇഷ്ടം . അരുന്ധതീ റോയിയുടെ 'സ്മാള്‍ തിങ്ങ്സ്‌' അടക്കം വായിച്ചിട്ടുണ്ട് .
കേരളത്തില്‍ ഒരിക്കലേ രണ്ടു പേരും പോയിട്ടുള്ളൂ .
ഒരിക്കല്‍ മാത്രം അദ്ദേഹത്തിന്‍റെ നാട്ടിലും രണ്ടാളും പോയിട്ടുണ്ട്

കേരളം എങ്ങനെയുണ്ട് ? ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു . മനോഹരം . മഴ , പുഴ , മല, പച്ചപ്പ്‌, അന്തരീക്ഷം ഒക്കെ 'മര്‍റ മര്‍റ മുംതാസ്'
(ഭയങ്കര ഉഷാര്‍ ) എന്ന് അനുഭവ സാക് ഷ്യം .

ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു.
അപ്പോള്‍ ടീവിയില്‍ ഒരു ഹിന്ദി സിനിമ ഓടിക്കൊണ്ടിരിക്കുന്നു .
അതില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട് . ലാലിനെ കണ്ടപ്പോള്‍ അവള്‍ അവനോടു :
ഹു ഈസ്‌ ദാറ്റ്‌ . ഉടനെ വന്നു മറുപടി : മോഹന്‍ ലാല്‍

പ്രണയമായിരുന്നോ ?
അതെ , ചുറ്റി ക്കളി പ്രണയം അല്ലായിരുന്നു .
ഒന്നിച്ചു ജീവിക്കണം എന്ന് തീരുമാനിച്ചുള്ള പ്രണയം
എന്റെ സ്ഥാപനത്തിലെ മുതിര്‍ന്ന തസ്തികയിലാണ് അദേഹത്തിന് ജോലി . എല്ലാം കൊണ്ടും നല്ല ഒരു മനുഷ്യന്‍ എന്ന് ബോധ്യപ്പെട്ടു .
ഭാഷ , ഭൂഖണ്ഡം , മതം , സംസ്ക്കാരം , ഒന്നും നോക്കിയില്ല .
നല്ല ഒരു മനുഷ്യനാണ്, കൂടെ ജീവിക്കാം എന്നും ബോധ്യമായി .

വീട്ടുകാര്‍ ?
എല്ലാവരും എതിരായിരുന്നു . പക്ഷേ അച്ഛന്‍ മാത്രം കൂടെ നിന്നു .
അച്ഛന്‍ നീ ആണ് അവന്റെ കൂടെ ജീവിക്കേണ്ടത് . നിനക്ക് നീ തെരഞ്ഞെടുത്തത് ഗുണം ആയാലും ദോഷം ആയാലും നീ സഹിച്ചോളണം എന്ന് പറഞ്ഞു .

നാട്ടില്‍ വെച്ച് ആയിരുന്നു വിവാഹം ആദ്യം പ്ലാന്‍ ചെയ്തത് .
പക്ഷേ അത് നടക്കില്ല എന്ന് മനസ്സിലായി . ഒടുവില്‍ ഇവിടെ വെച്ച് തന്നെ ആവാം എന്ന് തീരുമാനിക്കുകയായിരുന്നു .

കണ്‍വര്‍ട്ട് ചെയ്യണം എന്നൊന്നും നിര്‍ബന്ധിച്ചില്ലേ ?
ഇല്ല .
അദ്ദേഹം പറഞ്ഞു . പൂര്‍ണ്ണ മനസ്സോടെ എന്നെങ്കിലും അങ്ങനെ ഒരു തീരുമാനം എടുത്താല്‍ മാത്രം വരാം . അല്ലാതെ ബാഹ്യമായി വന്നിട്ട് വിശേഷിച്ചു കാര്യമൊന്നും ഇല്ല .
എന്റെ മതത്തില്‍ ആളുകളുടെ കുറവൊന്നും ഇല്ല . നീ ഒരാള് കൂടി വന്നാലും വന്നില്ലെങ്കിലും ആ മതത്തെ ബാധിക്കുന്നില്ല . പിന്നെ ഒരേ ഒരു കാര്യം വന്നാല്‍ പിന്നെ തിരിച്ചു പോകാന്‍ പറ്റില്ല .

ഇവിടെ ആദ്യമായി ആണ് മലയാളികളായി നിങ്ങള്‍ വരുന്നത് .
അദ്ദേഹത്തിന്‍റെ കുടുംബം ബന്ധുക്കള്‍ ഒക്കെ ഇവിടെയുണ്ട് .
അവര്‍ എപ്പോഴെങ്കിലും വരും അത്ര മാത്രം . എനിക്ക് ഒരു ഗസ്റ്റ് ഇന്ന് ആണ് ആദ്യം .
അത് നിങ്ങളാ . അവള്‍ അതും പറഞ്ഞു ഹൃദയം തുറന്നു ചിരിച്ചു .

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സു പറഞ്ഞു :
മതം , സംസ്ക്കാരം , പ്രദേശം , ഭാഷ , ജാതകം തുടങ്ങി എല്ലാ പൊരുത്തവും നോക്കി വിവാഹം കഴിഞ്ഞിട്ടും എത്രയെത്ര പ്രശ്നങ്ങളും വഴി പിരിയലുകളും ആണ് നമുക്ക് ചുറ്റും നടക്കുന്നത് . എല്ലാ പൊരുത്തവും ഉണ്ടായിട്ടും മന പൊരുത്തം ഇല്ലെങ്കില്‍
കഴിഞ്ഞില്ലേ കഥ .

ഏതായാലും അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു . 'ദീര്‍ഘ സുമംഗലീ ഭവന്‍ ആന്‍ഡ് ഭവതി..' മംഗളം ഭവന്തു !!0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്