2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

അന്നേരം ഉമ്മ വന്നു നെറ്റിയില്‍ തൊട്ടു


അന്നേരം ഉമ്മ വന്നു നെറ്റിയില്‍ തൊട്ടു .
'അയ്യോ ന്റെ കുട്ടിക്ക് വല്ലാതെ പനിക്കുന്നല്ലോ പടച്ചോനെ എന്ന് ആധിയോടെ പറഞ്ഞു .
ഉമ്മയുടെ മക്കന (തട്ടം ) കൊണ്ട് ഉമ്മ എന്റെ മുഖം തുടച്ചു .
എന്റെ മൂക്ക് അടഞ്ഞു പോയിരുന്നു എങ്കിലും മക്കനയിലെ ഉമ്മ മണം നന്നായി ആസ്വദിച്ചു കണ്ണുകളിറുകെ ചിമ്മി വാട്ടിയ വാഴയില പോലെ ഞാന്‍ കിടന്നു .


ഞാന്‍ ഉമ്മയുടെ കൈകള്‍ എടുത്തു ഹൃദയത്തോട് ചേര്‍ത്തു വെച്ചു .
അന്നേരം ആ വിരല്‍ത്തലപ്പുകളിലൂടെ പേരറിയാത്ത ചില അനുദൈര്‍ ഘ്യ തരംഗങ്ങള്‍ ഉള്ളിലെവിടെയൊക്കെയോ തിരയടിച്ചു .

അല്പം കഴിഞ്ഞപ്പോള്‍ ഒരു കുണ്ടം പിഞ്ഞാണത്തില്‍ കുറിയരിക്കഞ്ഞിയും ചുട്ട പപ്പടവും നാരങ്ങാ അച്ചാറുമായി ഉമ്മ വരുന്നത് കണ്ടു . ആ നിമിഷം അടഞ്ഞു പോയ നാസാ ദ്വാരങ്ങള്‍ പെട്ടെന്ന് ഉന്മേഷ ഭരിതരായി . ഞാന്‍ കൈകുത്തി എണീറ്റിരുന്നു .

ഉമ്മ കോരിത്തന്ന പൊടിയരി ക്ക ഞ്ഞി കുടിക്കുന്ന നേരത്ത്
സ്നേഹത്തിന്റെ കയില്‍ വായിലേക്ക് കൊണ്ടു വരുമ്പോള്‍
ഞാന്‍ ആ കൈകളിലൊന്ന് കേറിപ്പിടിച്ചു .
ആ പിടുത്തം ചുട്ടു പൊള്ളുന്ന പനിയെ വിരട്ടി ഓടിക്കാന്‍ ഒരു ശ്രമം നടത്തി .

''ഇനി പുതച്ചു മൂടി കിടന്നോ . ഇപ്പൊ പനി മാറും കേട്ടോ .. ''
എന്നും പറഞ്ഞു പുതപ്പു മീതേക്കൂടി ഇട്ടു തന്നു ഉ മ്മ .

എന്നിട്ട് ഇപ്പൊ വരാംട്ടോ എന്ന് പറഞ്ഞു അടുക്കളയിലേക്കു പോയി .

പനി വല്ലാതെ പോള്ളിച്ചപ്പോള്‍ പിച്ചും പേയും പറയുന്നത് കേട്ടിട്ടാവണം ഉറക്കം മുറിഞ്ഞ ദേഷ്യത്തില്‍ അടുത്ത ബെഡ് ലുറങ്ങുന്ന ഹനീഫ 'ഒന്ന് ഒറ ങ്ങാനും അയക്കൂല ഈ പണ്ടാരം ' എന്ന് പിരാകിപ്പറഞ്ഞു ചന്തി ചൊറിഞ്ഞു തിരിഞ്ഞു കിടക്കുമ്പോഴാണ് കണ്ണുകള്‍ തുറന്നത് .

കിനാവായിരുന്നു . എന്നാലും ഒന്നൂടെ കാണാന്‍ കഴിഞ്ഞല്ലോ .

OO

ഇന്നലെയുറക്കത്തില്‍ വന്നുമ്മ ചാരത്ത്
ഇത്തിരി നേരമിരുന്നു എന്‍ സമീപത്ത്
ഇരുകവിള്‍ത്തടങ്ങളില്‍ത്തലോടിയ നേരത്ത്
ഇരുലോകവും നേടിയ സംതൃപ്തിയെന്‍ 'മോത്ത്‌ '!

നഷ്ടങ്ങളൊരുപാട് ഉണ്ടായീ ലോകത്ത്
കഷ്ടപ്പെട്ടവ കുറെ നേടീയെന്‍ ഹാജത്ത്
കൊതി തീരാനെന്തുണ്ടീ ഭൂവിലൊരു ഹീലത്ത്
കിട്ടുവാന്‍ വീണ്ടുമെന്‍ ഉമ്മയെയരികത്ത് ?

OO


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്