2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ആയിഷ


എന്റെ ഉമ്മ നിങ്ങളുടെ ക്ലാസ് മേറ്റ് ആണ് '
പോസ്റ്റിനു താഴെ കണ്ട ആ കമന്റ് വല്ലാത്ത അകാംക്ഷയോടെയാണ് വായിച്ചത് .
ഉടനെ ഇന്‍ബോക്സില്‍ ചെന്ന് ചോദിച്ചു . ആരാ ഉമ്മ ?
എന്റെ കൂടെ പഠിച്ച നിന്റെ ഉമ്മ ?
ഉടന്‍ മറുപടി കിട്ടി . ഉമ്മയുടെ പേരും സ്ഥലവും പറഞ്ഞു തന്നു .
നിങ്ങളുടെ എഴുത്തുകള്‍ വായിക്കുമ്പോള്‍ ഉമ്മ എന്നോട് എപ്പോഴും പറയും :
എന്റെ കൂടെ പഠിച്ച ആളാ ....!!!
പെട്ടെന്ന് തന്നെ ആളെ മനസ്സിലായി .

പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ പിറകിലേക്ക് ഓര്‍മ്മകള്‍ പറന്നു .
പെണ്‍കുട്ടികളുടെ ഭാഗത്ത്‌ ഒന്നാമത്തെ ബെഞ്ചില്‍ ഒന്നാമത്തെ കുട്ടി അവള്‍ . ആണ്‍കുട്ടികളുടെ ഭാഗത്ത് ഒന്നാമത്തെ ബെഞ്ചില്‍ ഒന്നാമത്തെ കുട്ടി ഞാന്‍ .
പഠനത്തിലും അവള്‍ ഒന്നാം സ്ഥാനത്തു തന്നെയായിരുന്നു .
പരീക്ഷയും കഴിഞ്ഞു പിരിയാന്‍ നേരം ഓട്ടോ ഗ്രാഫില്‍ അവള്‍ എഴുതിയ വരികള്‍ ഞാന്‍ ഓര്‍ത്തെടുത്തു .

'' എവിടെ നിന്നൊക്കെയോ വന്നു . ഒന്നിച്ചു പഠിച്ചു . ഇനി എങ്ങോട്ടൊക്കെയോ വിവിധ വഴികളിലൂടെ പോകുന്നു .
ഇനി കണ്ടുമുട്ടാന്‍ ഒരു സാധ്യതയും ഇല്ല . ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ വെച്ച് കണ്ടാല്‍ ഒന്ന് ചിരിക്കാനും ഒന്ന് മിണ്ടാനും മറക്കരുത് . ''
താഴെ അവളുടെ പേരും ഒപ്പും . പിന്നെ അഡ്രസ്സും .

ഓര്‍മ്മയില്‍ നിന്ന് പെട്ടെന്ന് തന്നെ തിരിച്ചു പോന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു അവനോട് . .
അപ്പോള്‍ അവന്‍ ഇങ്ങനെ എഴുതി .
ഉമ്മ ഇപ്പോള്‍ മദീനത്തുണ്ട് . ഉമ്രക്കു വന്നതാണ് .
കൂടെ ഉപ്പയും ഉണ്ട് . ഉപ്പാന്റെ നമ്പറില്‍ വിളിച്ചാല്‍ കിട്ടും .
അവന്‍ നമ്പര്‍ തന്നു .

ഞാന്‍ വല്ലാത്ത സന്തോഷത്തോടെ ആ കുട്ടി നമ്പര്‍ ഡയല്‍ ചെയ്തു .
ഇതെന്തു കഥ ? എന്നെ ആശ്ചര്യപ്പെടുത്തി നമ്പറിനോടൊപ്പം ഒരു പേരും തെളിഞ്ഞു .
ഈ നമ്പര്‍ എന്റെ പക്കല്‍ ഉണ്ടല്ലോ . ഗള്‍ഫില്‍ വന്നിട്ട് പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ പേരായിരുന്നു അത് .
പലവട്ടം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് . മക്കയിലാണ് ജോലി . മാപ്പിളപ്പാട്ടൊക്കെ എഴുതുന്ന ആളാണ്‌ .
ഇയ്യിടെ ഒരു ഒരു പ്രത്യേക കാര്യത്തിനു വേണ്ടി അദ്ദേഹവുമായി ഒരു പാട് സംസാരിച്ചിട്ടുണ്ട് .

അതെങ്ങനെ സംഭവിച്ചു ? . ഞാന്‍ പെട്ടെന്ന് കാള്‍ കട്ട് ചെയ്തു .
ആ കുട്ടി എഴുതി തന്ന നമ്പറും എന്റെ മൊബൈലില്‍ സേവ് ചെയ്ത നമ്പറും കൃത്യമായി പരിശോധിച്ചു .
തെറ്റിയിട്ടില്ല . ഒന്ന് തന്നെ !!!
ഞാന്‍ ആ കുട്ടിയുടെ അടുത്തു ചെന്ന് വീണ്ടും പറഞ്ഞു .

മോനെ നമ്പര്‍ തെറ്റിയിട്ടുണ്ട് എന്ന് തോന്നുന്നു . ഒന്ന് കൂടി പരിശോധിക്കൂ .
എന്ത് പറയാന്‍ ... ?

അപ്പോഴേക്കും അവന്‍ ഓഫ് ലൈനില്‍ ആയിരുന്നു . എങ്ങോട്ടോ ഉള്ള യാത്രയിലാണ് എന്ന് ആദ്യമേ പറഞ്ഞിരുന്നു .
ട്രെയിന്‍ കാത്തിരിക്കുകയാണ് എന്നും . വണ്ടി വന്നു കാണും .

ഇനി എന്ത് ചെയ്യും ? ഒന്ന് സംസാരിക്കാനെങ്കിലും കഴിയും എന്ന് പ്രതീക്ഷിച്ചതായിരുന്നു .
എന്നാലും ഒന്ന് വിളിക്കാം എന്ന് വെച്ചു . ഒരു സൌഹൃദ വിളി എന്നാ നിലക്ക് . ഇതൊന്നും പറയേണ്ട .
ഞാന്‍ കരുതി

ഹലോ . അസ്സലാമു അലൈകും .
വ അലൈകുമുസ്സലാം
ആരോ ഉസ്മാനോ ? എന്തൊക്കെയുണ്ട് വിശേഷം ?
കുറെ ആയല്ലോ വിളിച്ചിട്ട് ? എന്തേ വിശേഷിച്ച് ?

നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ് ?
ഞാന്‍ മദീനത്ത് ആണ് . കൂടെ ഭാര്യയും ഉണ്ട് . ഉമ്രക്കു വന്നതാണ് .
ഭാര്യ അടുത്തുണ്ടോ ?
ഉണ്ട് . ഒന്ന് കൊടുക്കുമോ ?

അതിനു നിങ്ങള്‍ എന്റെ ഭാര്യയെ അറിയുമോ ?
നിങ്ങള്‍ എവിടെ കിടക്കുന്നു . ഞങ്ങള്‍ എവിടെ കിടക്കുന്നു .. ?
നിങ്ങള്‍ ഭാര്യയോടു ഒന്ന് ചോദിച്ചു നോക്കൂ . ഇങ്ങനെ ഒരാളെ അറിയുമോ എന്ന് ..

ചോദിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു . ഇനി അറിയില്ല എന്ന് എങ്ങാനും പറയുമോ ? ഞാന്‍ കാതോര്‍ത്തു .
''പിന്നെ അറിയാതെ .. ഉസ്മാനല്ലേ .. ഇങ്ങോട്ട് തരൂ ഞനൊന്നു സംസാരിക്കട്ടെ . ''
ഞാന്‍ സ്വപ്നത്തിലെന്ന വണ്ണം അവളുടെ വാക്കുകള്‍ കേട്ടു .

കുറെ സംസാരിച്ചു . ഇത്തിരി സമയം പഴയ ഒന്നാമത്തെ ബെഞ്ചിലെ അവളും അവനും ആയി മാറി കുറച്ചു നേരം
പിന്നെ കുടുംബം , മക്കള്‍ , ജോലി , പഠനം , ജീവിതം .. ഒക്കെ പരസ്പരം പങ്കു വെച്ചു .
നാട്ടില്‍ വരുമ്പോള്‍ വീട്ടില്‍ വരണമെന്നും കാണണം എന്നും പറഞ്ഞു സലാം പറഞ്ഞു പിരിഞ്ഞു .

അങ്ങനെ വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ ഒരു കൊച്ചു കടലാസില്‍ എഴുതിയ ആ വരികള്‍ സഫലമാവുകയായിരുന്നു .
അന്ന് അവള്‍ അങ്ങനെ എഴുതുമ്പോള്‍ അവളോ ഞാനോ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം ഫോണിലൂടെ ആണെങ്കിലും ഒന്ന് സംസാരിക്കാന്‍ കഴിയും എന്ന് .

എന്റെ പ്രിയപ്പെട്ട ആലി ഹാജിയെ കണ്ടെത്താന്‍ സഹായിച്ച ഈ 'ബുക്ക് 'തന്നെ വീണ്ടും എന്റെ കൂടെ പഠിച്ച അവളെ കണ്ടെത്താനും സഹായിച്ചുവല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു .

ആധുനിക സംവിധാനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എന്തെല്ലാം അദ്ഭു തങ്ങള്‍ക്കാണ് വഴി തുറന്നു തരുന്നത് .

അവിശ്വസനീയം
വിസ്മയാവഹം
അനിര്‍വചനീയം !!!
ആനന്ദലബ്ധിക്കിനി എന്ത് വേണം ?

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്