2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

പോലീസ് വണ്ടി


ഇത് ഒരു ഫ്ലാഷ് ബാക്ക് ആണ് . സൌദിയിലെത്തിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല . ഞങ്ങളുടെ ഓഫീസ് അന്ന് കിലോ രണ്ടിലാണ് ( ഒരു സ്ഥലം ) . ഓഫീസിനോട് അടുത്ത 'വൈറ്റ് ഹൌസ്' എന്ന പേരിലുള്ള ഒരു വില്ലയിലാണ് താമസം

ബഗ്ദാദിയ്യ 'ദാറുസ്സലാമി'ല്‍ നിന്ന് 'ജെ ഐ സി' യുടെ നേതൃത്വത്തില്‍ ഒരു ഇന്‍ ഹൌസ് മാസിക പുറത്തിറക്കാന്‍ പരിപാടിയിട്ടത് ആ സമയത്താണ് . എങ്ങനെയോ അതിന്റെ ചുമതല എന്റെ തലയിലാണ് വീണത്‌ .

'ദിശ 'എന്നായിരുന്നു ആ മാസികയുടെ പേര് . ഒന്ന് രണ്ടു ലക്കങ്ങള്‍ പുറത്തിറങ്ങി . മൂന്നാമത്തെ ലക്കത്തിന്റെ പണി അണിയറയില്‍ ഒരുങ്ങുകയാണ് . എഡിറ്റിംഗ്, പ്രൂഫ്‌ റീഡിംഗ് എന്നീ കാര്യങ്ങള്‍ക്കായി ഞാന്‍ കിലോ രണ്ടില്‍ നിന്ന് ഓഫീസ് സമയം കഴിഞ്ഞു ചെല്ലും . രാത്രി ഒരു പന്ത്രണ്ടു മണിയോടടുത്ത് തിരിച്ചു റൂമിലേക്ക്‌ പോകും . കഷ്ടി ഒരു മൂന്നോ നാലോ കിലോമീറ്റര്‍ ദൂരെയാണ് കിലോ രണ്ടും ബാഗ്ദാദിയ്യയും . ചില ദിവസങ്ങളില്‍ ടാക്സിക്ക് പോകും . ചിലപ്പോള്‍ 'കാല്‍ വണ്ടി'ക്കും .

ഒരു ദിവസം എഡിറ്റിംഗ് കഴിഞ്ഞു റൂമിലേക്ക്‌ നടന്നു പോവുകയാണ് ഞാന്‍ . നേരം രാത്രി പന്ത്രണ്ട് മണി ആവുന്നു . ബാഗ്ദാദിയ്യയില്‍ നിന്ന് നടന്നു കുറച്ചു മുന്നോട്ടു പോയതേയുള്ളൂ .

പെട്ടെന്ന് , ഒരു പോലീസ് വണ്ടി വന്നു എന്റെ അരികില്‍ നിര്‍ത്തി . വണ്ടിയുടെ ഗ്ലാസ് താഴ്ത്തി പോലീസ് എന്നെ അടുത്തേക്ക് വിളിച്ചു . അന്നേരം ഞാന്‍ ഇടത്തോട്ടും വലത്തോട്ടും നോക്കി എന്നെ തന്നെ ആണോ വിളിക്കുന്നത്‌ ?
ഉറപ്പിച്ചു . എന്നെ തന്നെ . .!!

ഞാന്‍ മടിച്ചു മടിച്ചു കാറിനു അടുത്തേക്ക് ചെന്നു . ഉടനെ എന്നോട് പോലീസ് : 'ഫെയ്ന്‍ ഇഖാമ' ? (താമസ രേഖ എവിടെ ?) ഞാന്‍ പോക്കറ്റില്‍ നിന്ന് ഇഖാമ എടുത്തു കാണിച്ചു .
അടുത്ത ചോദ്യം : ഫെയ്ന്‍ സകന്‍ ' (എവിടെയാണ് താമസം ?)
കിലോ ഇത്നൈന്‍ (കിലോ രണ്ടില്‍ )
അന്ന് അറബിയൊക്കെ പഠിച്ചു വരുന്നേയുള്ളൂ .
ഒരു വിധം പറഞ്ഞൊപ്പിച്ചു .
ഉടനെ ഇഖാമ വാങ്ങി വെച്ചിട്ട് പോലീസ് പറഞ്ഞു .
ഇര്‍കബ് സയ്യാറ (കാറില്‍ കേറ്

എന്തിനാണ് പടച്ചോനെ എന്നെ ഈ വണ്ടിയില്‍ കേറ്റുന്നത് . അതിനു ഞാനെന്തു തെറ്റ് ചെയ്തു ? എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു .
പക്ഷേ അതിനു വേറെ ഒന്നുണ്ടായിരുന്നില്ല . ധൈര്യം !

ഞാന്‍ കാറില്‍ കേറി . ജീവിതത്തില്‍ ആദ്യമായാണ്‌ പോലീസ് വണ്ടിയില്‍ കേറുന്നത് .
നാട്ടില്‍ നിന്ന് പോലും ആ 'മഹാ ഭാഗ്യം' കിട്ടിയിട്ടില്ല .

കാറിന്റെ ബാക്ക് സീറ്റിലാണ് കേറാന്‍ പറഞ്ഞത് . കാര്‍ മുന്നോട്ടെടുത്തു . മുമ്പിലിരിക്കുന്ന പോലീസിനെ കാണാം എന്നല്ലാതെ അയാളും ഞാനും ശക്തമായ ഒരു ഗ്ലാസ് 'മതിലി'നു അപ്പുറത്തും ഇപ്പുറത്തും ആണ് ഇരിക്കുന്നത് .

കാര്‍ ശറഫിയ്യ യിലൂടെ കറങ്ങി കറങ്ങി ഒടുവില്‍ ബലദ് റോഡിലേക്ക് പ്രവേശിച്ചു .
ഇയാള്‍ എന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് എന്ന് എനിക്ക് ഒരു രൂപവുമില്ല
കുറച്ചു കൂടി മുന്നോട്ടു പോയി ഒടുവില്‍ മക്ക റോഡിലേക്കാണ് കാര്‍ പ്രവേശിച്ചത്‌.
എനിക്ക് സമാധാനമായി .

എന്റെ താമസ സ്ഥലം അദ്ദേഹം ചോദിച്ചിരുന്നുവല്ലോ . അപ്പോള്‍ എന്നെ എന്റെ റൂമിന്റെ അടുത്തു ഇറക്കി തരാനായിരിക്കും പ്ലാന്‍. ഞാന്‍ കാറിലിരുന്നു മന:പായസം ഉണ്ടു !

മറ്റു പായസം പോലെയൊന്നുമല്ല ഈ പായസം . എവിടെ വെച്ചും എ പ്പോഴും കുടിക്കാം . വലിയ മധുരം ആയിരിക്കും . ഏതു പാവപ്പെട്ടവനും എപ്പോള്‍ വേണമെങ്കിലും സെല്ഫി അടിച്ചു ഉണ്ടാക്കി കുടിച്ചു വയറു നിറക്കാം . നെയ്‌ പായസവും പാല്‍ പായസവും ഒക്കെ ഇതിന്റെ അടുത്തു പോലും എത്തില്ല .

എന്ത് നല്ല പോലീസ് !! ഞാന്‍ ബേജാറായത് ഒക്കെ വെറുതെ . അല്ലെങ്കിലും നിനക്ക് ബേജാര്‍ കുറച്ചു ഏറെയാണ്‌ . എന്തും ഏതും നെഗറ്റീവ് ആയിട്ടെ ചിന്തിക്കൂ . ഞാന്‍ എന്നെ തന്നെ ശാസിച്ചു ...!!!

എന്റെ റൂം എവിടെ ആണെന്നും അവിടെ എത്തുമ്പോള്‍ പറയണമെന്നും പോലീസ് ആവശ്യപ്പെടുമായിരിക്കും . പോലീസുകാരിലും ഉണ്ടല്ലോ നല്ല ആളുകള് .
നാളെ റൂം മേറ്റ് സിനോട് കോളര്‍ ഒക്കെ പൊക്കി പറയണം . എന്നെ ഇന്നലെ ഒരു പോലീസ് കാരനാണ് ഇവിടെ കൊണ്ട് വന്നു ആക്കി തന്നത് . നിങ്ങള്ക്ക് ആര്‍ക്കെങ്കിലും അങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടുണ്ടോ ? ലിഫ്റ്റ്‌ ഒക്കെ കിട്ടിയിട്ടുണ്ടാവും . പോലീസിന്റെത് കിട്ടിയിട്ടുണ്ടാവില്ല
അതും സൗദി പോലീസിന്റെത് !

മന: പായസം കുടിച്ചു തീര്‍ന്നില്ല അപ്പോഴേക്കും ആ പായസത്തിനു ഒരു തരം കയ്പ് അനുഭവപ്പെടുന്ന പോലെ എനിക്ക് തോന്നി .

ഇപ്പോര്‍ കാര്‍ പോകുന്നത് ഒരു പോക്കറ്റ് റോഡിലൂടെ ആണ് . കളി കാര്യമാകും എന്ന് തോന്നുന്നു . ഈ ദുഷ്ടനെ ആണല്ലോ അല്പം മുമ്പ് ഞാന്‍ ഹരിശ്ചന്ദ്രന്‍ ആക്കിയത്. കഷ്ടം .
'വളരെ നല്ല പോലീസ്'എന്നൊക്കെ വിചാരിച്ചു ഒരു ഗുഡ് സര്‍ട്ടി ഫിക്കറ്റ് കൊടുക്കാന്‍
ഒപ്പിടല്‍ മാത്രം ബാക്കിയുള്ള നേരത്താണ് ഈ കടും കൈ !!

കാര്‍ കുറച്ചു കൂടി മുന്നോട്ടു ഉള്ളിലേക്ക് പോയി ഒടുവില്‍ ഒരു കെട്ടിടത്തിനു മുമ്പില്‍ നിര്‍ത്തി . വിജനമായ ഒരു സ്ഥലം . ഞാന്‍ വാച്ചിലേക്ക് നോക്കി . ഒരു മണി .

പോലീസുകാരന്‍ എന്നെ കാറിലിരുത്തി ഒന്ന് മൈന്റ് പോലും ചെയ്യാതെ ഇറങ്ങി പോയി .
ഞാന്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു . അപ്പോഴാണ്‌ മനസ്സിലായത് അത് ഓട്ടോമാറ്റിക് ഡോര്‍ ആണെന്ന് .

ഞാന്‍ കാറിലിരുന്നു . നിമിഷങ്ങള്‍ ഒച്ചിന്റെ വേഗത്തില്‍ നീ ങ്ങിക്കൊണ്ടിരുന്നു .
എന്റെ മനസ്സിലേക്ക് പേടി അരിച്ചു കയറാന്‍ തുടങ്ങി .
അന്നേരം 'യാത്ര' എന്ന സിനിമയിലെ മമ്മൂട്ടിയെ ഓര്‍മ വന്നു . ഒരു തെറ്റും ചെയ്തില്ലെങ്കിലും ഒരു പക്ഷെ ഭീകരനായി ചിത്രീകരിച്ചാലോ ?

ഞാനന്നേരം എന്റെ രണ്ടു പെണ്മക്കളെ ഓര്‍ത്തു . ഭാര്യയെ ഓര്‍ത്തു .
സൌദിയില്‍ ജയിലില്‍ കിടക്കേണ്ടി വന്നു എന്ന് നാട്ടിലാകമാനം വാര്‍ത്ത പരക്കുമല്ലോ
എന്ന് വേവലാതിപ്പെട്ടു .

എന്തായാലും അനുഭവിക്കുക തന്നെ . ഇനി 'ദിശ'യും വേണ്ട പശയും വേണ്ട .
എഡിറ്റിംഗ് മാത്രമല്ല കട്ടിംഗും ഷേവിംഗും വരെ ഇനി വേണ്ടി വരില്ല

ഏകദേശം ഒരു അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ആ പോലീസുകാരന്‍
വരുന്നത് കണ്ടു . റിമോട്ട് ഉപയോഗിച്ച് ഡോര്‍ തുറന്നു . പുറത്തേക്കു വരാന്‍ ആംഗ്യം കാണിച്ചു . എന്നെ ഒരു കുറ്റവാളിയെ പോലെ അയാള് കൂട്ടിക്കൊണ്ടു പോയി .
അപ്പോഴാണ്‌ എനിക്ക് മനസ്സിലായത് അത് ഒരു പോലീസ് സ്റ്റേഷന്‍ ആണെന്ന് ...!!

അങ്ങോട്ട്‌ കേറി ചെന്ന പാടെ ഒരു ബെഞ്ച് കാണിച്ചു തന്നു . എന്നിട്ട് പറഞ്ഞു.
'ഇജ് ലിസ് ഹീന' - ഇവിടെ ഇരി എന്ന് . 'ഇങ്ങോട്ടിരി' എന്ന് അര്‍ഥം .

ഇരുന്നു . ചുറ്റിലും കണ്ണോടിച്ചു .
അപ്പോള്‍ ആ രംഗം കണ്ടു ഞാന്‍ ഞെട്ടി .
ഒരു വശത്ത്‌ കുറെ മനുഷ്യരെ കൂട്ടിലിട്ടിരിക്കുന്നു .

'ലോ' എന്നാല്‍ നിയമം ആണെന്നും 'ഫാദര്‍ ഇന്‍ ലോ' എന്നാല്‍ അമ്മായി അപ്പനാണെന്നും കപ്പ് എന്നാല്‍ കോപ്പ , ട്രോഫി ഒക്കെ ആണെന്നും ലോക കപ്പ് പണ്ടേ ബ്രസീലിന് കിട്ടിയിട്ടുണ്ടെന്നും ഒക്കെ അറിയാം . പിന്നെ എങ്ങനെ ആണാവോ ഈ 'സംവിധാന'ത്തിന് ഇങ്ങനെ ഒരു പേര് വന്നത് എന്ന് അന്നേരം മനസ്സിലൊരു വികട ചിന്ത ഉണര്‍ന്നു .
ഞാന്‍ കണ്ടത് 'ലോക്കപ്പ്' ആയിരുന്നു . അതില്‍ കുറെ ആളുകളെയും .
ഏതായാലും 'ലോകകപ്പ്' കണ്ടില്ലെങ്കിലും 'ലോക്കപ്പ്' ലൈവ് ആയി കണ്ടിട്ടുണ്ട് എന്ന് ഇനി എനിക്ക് പറയാമല്ലോ . അങ്ങനെ ചിന്തിച്ചപ്പോള്‍ ബേജാറിന് ഇടയിലും എനിക്ക് ചിരി പൊട്ടി

കൂട്ടത്തില്‍ അഴികള്‍ക്കിടയിലൂടെ കയ്യിട്ടു ഒരു മലയാളി എന്നോട് ആംഗ്യം കാണിച്ചു ചോദിക്കുന്നു ? എന്താ കേസ് ? എന്നെ കണ്ടപ്പോള്‍ അവനു സന്തോഷമായി എന്ന് തോന്നുന്നു .
മറ്റൊരു മലയാളി കൂടി 'കുടുങ്ങിയല്ലോ 'എന്ന സന്തോഷമായിരിക്കും

അപ്പോഴേക്കും ഒരു പോലീസ് എന്നെ മാടി വിളിച്ചു . ചെന്നു . പേര് ചോദിച്ചു . പറഞ്ഞു
ഏതു നാട്ടുകാരനാണ് എന്ന് ചോദിച്ചു . ഇന്ത്യ
കഫീലിന്റെ പേര് ചോദിച്ചു . പറഞ്ഞു .
എന്തൊക്കെയോ എഴുതി വെക്കുന്നു അദ്ദേഹം .
ഒടുവില്‍ ഇരുന്നിടത്തു തന്നെ പോയി ഇരിക്കാന്‍ പറഞ്ഞു .
അനുസരിച്ചു . സമയം നോക്കി . രണ്ടര .

ഒരു അര മണിക്കൂര്‍ കഴിഞ്ഞിട്ട് വേറെ ഒരു പോലീസ് വന്നു വീണ്ടും ചോദിച്ചു .
അതെ ചോദ്യം .
അതെ ഉത്തരം .
പിന്നെയും ബെഞ്ചിലേക്ക് .

കുറച്ചു സമയം കഴിഞ്ഞിട്ട് വേറെ ഒരാള് വന്നു .
അതെ ചോദ്യം .
ഉത്തരം .
തനി ആവര്‍ത്തനം .

നിങ്ങളെന്താ ആളെ 'കൊരങ്ങു കളിപ്പിക്കുകയാണോ' എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു .
പക്ഷെ നേരത്തെ പറഞ്ഞപോലെ മറ്റൊന്ന് എന്റെ കയ്യില്‍
തീരെ ഇല്ലായിരുന്നു . ധൈര്യം

ഈ വിവരങ്ങള്‍ ഇത്ര ചോദിക്കാനൊന്നും ഇല്ല . ഇഖാമ യില്‍ 'പച്ച മലയാളത്തില്‍' എന്ന പോലെ 'പച്ച അറബിയില്‍ 'എഴുതി വെച്ചിട്ടുണ്ട് . പിന്നെയും എന്തിനാണാവോ ഈ നാടകം ?

സമയം മൂന്നു മണിയോടടുത്തു .
ഒരു ഫ്രീക്കന്‍ പയ്യന്‍ ആണ് അവസാനം എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നത് .
കണ്ടിട്ട് ഒരു നല്ല കുട്ടി .
ചിരിക്കുന്നൊക്കെ ഉണ്ട് .
അവന്‍ എന്നെ അടുത്തു വിളിച്ചു ചോദിച്ചു .
എ ശ് ഫീ മുഷ്ക്കില ? - എന്താ പ്രശ്നം ?

ഞാന്‍ ഉണ്ടായതൊക്കെ ഒരു വിധം പറഞ്ഞൊപ്പിച്ചു .
അപ്പോള്‍ അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു :
'ഹുവ ഫാക്കിര്‍ ഇന്ത സക് റാന്‍' -
- അദ്ദേഹം കരുതിയത്‌ നീ 'വെള്ളമടിച്ചിട്ടുണ്ട് 'എന്നാണ് - അപ്പോഴല്ലേ കാര്യം തിരിഞ്ഞത് .
പരസ്പര വിരുദ്ധമായി ഞാന്‍ വല്ലതും പറയുന്നുണ്ടോ എന്ന് പരീക്ഷിച്ചതായിരുന്നു
ആ ഇന്റര്‍വ്യൂ നാടകം .

എന്റെ ചെറിയ പെങ്ങള്‍ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് .
'അന്റെ നടത്തം കണ്ടാ ''ജ്ജ് കള്ള് കുടിച്ച പോലെ ആണ് .ആടി ആടിയാ നടത്തം .. '' എന്ന്
അന്നേരം ഞാന്‍' അവളെ ഓര്‍ത്ത്‌ പോയി !!!

ആ പയ്യന്‍ ഒന്ന് രണ്ടു സ്ഥലത്ത് ഒപ്പിടുവിച്ച് ഇഖാമ തന്നിട്ട് പറഞ്ഞു :
'യാ അല്ലാഹ് ബര്‍റ - പൊയ്ക്കോളൂ..'

ഓട്ടത്തിന്റെ ഊക്കു പോലെയാണ് ആയുസ്സിന്റെ നീട്ടം എന്ന് പറഞ്ഞ പോലെ ഞാന്‍ പണ്ട് പീ ടി ഉഷ ഓടിയ്തിലും വേഗത്തിലാ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത്
0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്