2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ഉമ്മാ ആകാശം എങ്ങനെയാണ് ?


ഉമ്മാ
ആകാശം എങ്ങനെയാണ് ?
വെളിച്ചം എന്നാലെന്താണ് ?
അമ്പിളിമാമനെ കാണാന്‍ നല്ല രസമാണോ ?
ഇവയെ കുറിച്ച് എല്ലാവരും പറയുന്നല്ലോ
എന്നിട്ട് , എനിക്ക് ഒന്നും കാണുന്നില്ലല്ലോ ഉമ്മാ ..!!!


ഈ ലോകം ഇരുട്ടാണ്‌ അല്ലേ
പിന്നെയും പിന്നെയും തീരാത്ത ഇരുട്ട് !!
ഞാന്‍
വേച്ചു വെച്ചാണ് നടക്കുന്നത്
എന്തിലെങ്കിലും കാലു തട്ടി വീണു പോയാലോ ?
മെല്ലെ മെല്ലെ നടക്കുമ്പോള്‍ പോലും
പേടിയാകുന്നു ഉമ്മാ

ഇപ്പോള്‍
നട്ടപ്പാതിരയാണോ
അതോ നട്ടുച്ചയോ ?
എന്റെ വടിയാണ് എന്റെ കണ്ണ്
അപ്പോള്‍
ജീവനില്ലാത്ത വസ്തുക്കള്‍ക്കും
കണ്ണ് ഉണ്ടാവുമോ ഉമ്മാ ?

എന്റെ പ്രായക്കാരല്ലേ
മുറ്റത്തൂടെ ഓടിച്ചാടിക്കളിക്കുന്നത്‌
ചിരിക്കുന്നത്
ഉല്ലസിക്കുന്നത്‌
ഞാനോ
എന്റെ വീടിന്റെ ഈ ഉമ്മറപ്പടിയില്‍
താടിക്ക് കയ്യും കൊടുത്തിങ്ങനെ ...!!!

ഈ ലോകം വിശാലമാണ് എന്നൊക്കെ
ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്
എന്നിട്ട്
എനിക്ക് മാത്രം എന്തേ
ഇങ്ങനെ ഇടുങ്ങിപ്പോയി ?

ഉമ്മാ
എന്റെ കുഞ്ഞു മനസ്സ് പൊട്ടിപ്പോകുന്നു
എന്നെങ്കിലും ഒരിക്കല്‍
എന്റെ ഉമ്മയുടെ മുഖം എങ്കിലും
എനിക്ക് കാണാനാവുമോ ?

വിധി എന്നോട് ഇങ്ങനെ ചെയ്യാന്‍ മാത്രം
എന്ത് പാപണുമ്മാ ഈ പാവം ചെയ്തത് ?

ഉമ്മാ
എന്നെ ഒന്ന് കെട്ടിപ്പിടിക്കുമോ ?
ഈ ലോകത്ത് എനിക്ക്
മാറ്റാരുണ്ട് എന്റെ ഉമ്മയല്ലാതെ ... !!

OO

* പ്രസിദ്ധമായ ഒരു അറബി കവിതയുടെ സ്വതന്ത്രമായ
മൊഴിമാറ്റം *

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്