2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

അവിടെയും അദ്ദേഹം തോല്‍പ്പിക്കുകയായിരുന്നു..!!!


കുഴപ്പമൊന്നും ഇല്ല . നാളെ വാര്‍ഡിലേക്ക്മാറ്റും .
കുറച്ച് കഞ്ഞി കുടിച്ചു . രാവിലെ ഒരു ഗ്ലാസ് ചായയും രണ്ടു ഇടിയപ്പവും തിന്നു..’ ഫോണ്‍ ചെയ്തപ്പോള്‍ കേട്ട നല്ല വാര്‍ത്തയുടെ ആശ്വാസത്തിലാണ് ലൈറ്റ് അണച്ച് കിടന്നത് .

കൊച്ചിയിലായിരുന്നു . നാടു വിട്ടു പോയി കോയമ്പത്തൂരിലും ബാംഗ്ളൂ രിലും കുറേക്കാലം .

പിന്നെ എങ്ങനെയോ കൊച്ചി ഷിപ്‌ യാര്‍ഡില്‍ ജോലി തരപ്പെട്ടു . നാല് പെണ്മക്കളെ മാന്യമായി കെട്ടിച്ചു .
പതിനഞ്ചു സെന്റ്‌ ഭൂമിയും അതില്‍ ഐ ശ്വര്യമുള്ള ഒരു കൊച്ചു വീടും മാത്രമായിരുന്നു സമ്പാദ്യം .

മാസത്തിലൊരിക്കല്‍ നാട്ടിലേക്ക് വരും . അപ്പോള്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും കൈ നിറയെ എന്തെങ്കിലുമൊക്കെ ഉണ്ടാവും .

പെരുന്നാള്‍ ലീവിനും ഓണം ക്രിസ്തുമസ് അവധികള്‍ക്കും
പേരക്കുട്ടികള്‍ക്ക്‌ അടക്കം പുത്തനുടുപ്പുകള്‍ ഉണ്ടാവും .

സ്കൂള്‍ തുറക്കാറാവുമ്പോള്‍ നോട്ടു ബുക്കുകളും പെന്സിലും പേനയും ഇന്സ്ട്രു മെന്റ്സ് ബോക്സും പൊതിക്കടലാസുകളും ഒക്കെയായാണ് വരവ് .

ലാവിഷായിട്ടായിരുന്നു ജീവിതം . ഒന്നിനും ഒരു കുറവും ഇല്ലാതെ . ആങ്ങളമാരില്ലാത്ത വിഷമം മക്കളെയും ആണ്‍ കുട്ടികളില്ലാത്ത സങ്കടം സങ്കടം ഭാര്യയേയും അറിയിക്കാതിരിക്കാന്‍ അദ്ദേഹം വല്ലാതെ പ്രയാസപ്പെട്ടു .

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ഓര്‍മ്മകളുടെ തലയണയില്‍ മുഖം ചേര്‍ത്തു വെച്ച് കിടന്നു . മറ്റുള്ളവര്‍ വരാന്‍ ഇനിയും സമയമെടുക്കും .

എ. സി . പ്രവര്‍ത്തിക്കുന്നുണ്ട് . എന്നിട്ടും വല്ലാതെ വിയര്‍ക്കുന്നു

നാല് പെണ്മക്കളില്‍ രണ്ടാമത്തെവളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോ രുമ്പോള്‍ ‘എനിക്കിപ്പോള്‍ ആണ്‍ കുട്ടികള്‍ രണ്ടായി ' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ
പ്രതികരണം .

വീഴുമെന്നായപ്പോള്‍ ഒക്കെ ഓടിയെത്തി . ഔദാര്യങ്ങള്‍ സ്വീകരിക്കാത്ത കര്‍ക്കശക്കാരന്‍ അത് ആവോളം നല്കാനുള്ള ഒരവസരവും പാഴാക്കിയില്ല .

അഭിമാനിയായിരുന്നു . ആരുടെ മുമ്പിലും കുനിയാത്ത ശിരസ്സ് . മക്കളുടെ മുമ്പിലേ തോറ്റുകണ്ടിട്ടുള്ളൂ. അത് തോല്‍വി
ആയിരുന്നില്ല . സ്നേഹ പൂര്‍വമുള്ള ചിറകു താഴ്ത്തി കൊടുക്കലായിരുന്നു .

ഗള്‍ഫിലേക്ക് പോരാനുള്ള പേപ്പര്‍ ശരിയായപ്പോള്‍ ഏറെ സന്തോഷിച്ചത്‌ അദ്ദേഹമായിരുന്നു .
‘നിങ്ങളുടെ കാര്യത്തിലായിരുന്നു എന്റെ ആധി മുഴുവനും ..’

വീട് പണി അദ്ദേഹത്തെ എല്പ്പിക്കാനായിരുന്നു ആഗ്രഹം .
ആ ആവശ്യം പറയുമ്പോള്‍ തീരെ വളച്ചു കെട്ടില്ലാതെ അദ്ദേഹം പറഞ്ഞു : ‘അത് വേണ്ട എത്ര സത്യസന്ധമായി ഞാന്‍ പണി എടുപ്പിച്ചാലും ആളുകള്‍ വെറുതെ അതുമിതും പറയും . ഉള്ളതും ഇല്ലാത്തതും .

നമ്മള്‍ കേള്‍ക്കുന്നില്ലേ അത്തരം കുറെ കഥകള്‍ .
അങ്ങനെ ഉള്ളവരും ഉണ്ടാവും !

എന്നിട്ടും പണി പൂര്‍ത്തിയാവും വരെ വിശ്രമമില്ലാതെ ഓടി നടന്നു . കരാറുകാരന്റെ തരികിടയും തട്ടിപ്പും ഉഴപ്പുമൊക്കെയായി പണി അനിശ്ചിതമായി നീണ്ടു പോകുമ്പോള്‍ ഏറെ വിഷമിച്ചതും അസ്വസ്ഥനായതും അദ്ദേഹമാണ് .

വീട് പണി ആരംഭിക്കുമ്പോഴേ അദ്ദേഹം മറ്റൊരു പണി തുടങ്ങി വെച്ചിരുന്നു . അത് പക്ഷേ വളരെ രഹസ്യമായി ട്ടായിരുന്നു .

ഗൃഹ പ്രവേശത്തിന്റെ തലേന്ന് രാത്രി , ഒരു ചരക്ക് ലോറി , വീടിന്റെ മുമ്പില്‍ വന്നു നിന്നപ്പോള്‍ , സാധാരണ പോലെ ഏതെങ്കിലും ലോഡ് വണ്ടി സൈഡ് ആക്കുകയാണ് എന്നാണു കരുതിയത്‌ .

നിറഞ്ഞ സന്തോഷത്തോടെ , വണ്ടിയില്‍ നിന്ന് അദ്ദേഹം ഇറങ്ങി വരുമ്പോള്‍ വിസ്മയവും മനസ്സിലാകായ്ക യുമായി വീട്ടുകാരിയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അവളും അതിശയപ്പെട്ടു നില്ക്കു കയായിരുന്നു . നിനക്കെങ്കിലും ഒരു സൂചന തരാമായിരുന്നു .

‘എന്തോ ആശാരിയെ കൊണ്ട് ഉണ്ടാക്കിക്കുന്നു എന്ന് പറഞ്ഞിരുന്നു എന്നല്ലാതെ ... ‘

അവള്‍ക്കും കൂടുതലൊന്നും അറിയില്ലായിരുന്നു .

ഫര്‍ണിച്ചറുകള്‍ ഇറക്കിക്കൊണ്ടിരിക്കുമ്പോള്‍ ‘ഈ മനുഷ്യനെന്താ ഭ്രാന്താണോ ? എന്ന് മനസ്സ് പലവട്ടം ചോദിച്ചു കൊണ്ടിരുന്നു . ‘ഒരു ട്രിപ്പ്‌ കൂടി അടിക്കാനുണ്ട് .. ‘ എന്ന് പറഞ്ഞു അദ്ദേഹം വീണ്ടും വിസ്മയിപ്പിക്കുകയായിരുന്നു .

വീട് പണിയോടെ തികച്ചും ശൂന്യമായ കീശ കാരണം വീട്ടുപകരണങ്ങള്‍ക്ക് സാവകാശത്തിന്റെ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചതായിരുന്നു .

പെന്‍ഷന്‍ പറ്റി വരുമാനം നിലച്ചിരിക്കുന്ന ഈ സമയത്തു ഇതൊക്കെ ഇങ്ങനെ ചെയ്യരുതായിരുന്നു . മറ്റൊരാളാണ് ഇത് ചെയ്തത് എങ്കില്‍ ആ വണ്ടി സാധനങ്ങള്‍ സഹിതം തിരിച്ചു വിടീ ക്കുമായിരുന്നു.

ആത്മാര്‍ഥമായ അരിശം മുഴുവന്‍ ധ്വനിപ്പിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു . അവള്‍ക്കും മറുപടിയില്ലായിരുന്നു . .

പാലു കാച്ചല്‍ ചടങ്ങിന്റെ അന്ന് രാത്രി സുഹൃത്ത്‌ മുഹമ്മദലിയും ഭാര്യയും വീട്ടില്‍ വന്നു . മൂന്നു മാസം മുമ്പായിരുന്നു അവന്റെ കുടിയിരിക്കല്‍ .
അവര്‍ ഫര്‍ണിച്ചറുകളൊക്കെ നോക്കി കാണുന്നതിനിടക്ക് അവന്‍ അവളോട്‌ പറയുന്നത് കേട്ടു .

'നന്നായി നോക്കിക്കണ്ടോ .. മക്കളോട് സ്നേഹമുള്ള ബാപ്പമാരിങ്ങനെ ആയിരിക്കും . പൂത്ത പണം ഉണ്ടായിട്ടൊന്നും കാര്യമില്ല . മരിക്കുമ്പോള്‍ ഒട്ട് കൊണ്ട് പോവുകയും ഇല്ല .. ‘

ഓര്‍മ്മകള്‍ മുറിഞ്ഞ് എപ്പോഴോ ഉറക്കിലേക്ക് വഴുതിയിരുന്നു .

നിര്‍ത്താതെ മൊബൈല്‍ റിംഗ് ചെയ്യുന്നത് കേട്ടാണ് ഞെട്ടി ഉണര്‍ന്നത് . റൂമില്‍ എത്താനുള്ള വരൊക്കെ എത്തി കൂര്‍ക്കം വലി ആരംഭിച്ചിട്ടുണ്ട് .

ഇരുട്ടില്‍ ഇത്തിരി വെട്ടത്തില്‍ റമീസ് എന്ന് എഴുതി കാണിക്കുന്നു .
ഭാര്യയുടെ അനിയത്തി സുമിയുടെ ഭര്‍ത്താവ് !

ഇന്ന് ദീര്‍ഘ നേരം സംസാരിച്ചതാണല്ലോ .
പിന്നെയും എന്തേ ഈ അസമയത്ത് ?
എവിടെയോ ഒരു പന്തികേട്‌ മണത്തു .

ഒരു തേങ്ങലിന്റെ അവസാനം , ഇത് മത്രം കേട്ടത് ഓര്‍മ്മയുണ്ട് . പിന്നെയും എന്തൊക്കെയോ അവ്യക്തമായി കേട്ട് കൊണ്ടിരുന്നു . പെട്ടെന്ന് പ്രഷര്‍ കുറഞ്ഞു കുറഞ്ഞു വരികയായിരുന്നു ...

വിശ്വസിക്കാന്‍ കഴിയാതെ തരിച്ചിരുന്നു പോയി .

നെഞ്ചു വേദനയെ തുടര്ന്ന്വ പലവട്ടം ഡോക്ടറെ കാണിച്ചിരുന്നു . മൂന്നു നാല് ബ്ലോക്ക് ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു . പക്ഷേ ഇക്കാര്യങ്ങളൊന്നും മറ്റാരെയും അറിയിക്കാതെ മറച്ചു വെച്ചിരിക്കുക യായിരുന്നു .

നെഞ്ചു വേദനയെ തുടര്‍ന്നു പല പ്രാവശ്യമായി ഡോക്ടറെ കണ്ടിരുന്നു . രണ്ടു മൂന്നു ബ്ലോക്കുണ്ടെന്നു ഡോക്ടര്‍ പറഞ്ഞിരിന്നു .

ഇതൊന്നും മറ്റാരെയും അറിയിക്കാതെ മറച്ചു വെച്ചിരിക്കുകയായിരുന്നു അദ്ദേഹം .
അത് കണ്ടു പിടിച്ചത് സുമിയാണ് . ഒരിക്കാല്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ അവളും വാശി പിടിച്ചു ഒപ്പം കൂടുകയായിരുന്നു

ചികിത്സയ്ക്ക് വലിയ സംഖ്യ വേണ്ടി വരുമെന്നും ആ ബാധ്യത മരുമക്കളുടെ തലയിലാവും വരിക എന്ന് കരുതി ആയിരുന്നു ഈ ഒളിച്ചു വെക്കല്‍

പിന്നീട് കാര്യങ്ങളൊക്കെ വളരെ വേഗത്തിലാണ് നീങ്ങിയത് . ബൈപാസ് ഓപ്പറേഷന്‍ തന്നെ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ട സ്ഥിതിക്ക് പെട്ടെന്ന് തന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി .

എന്ത് കൊണ്ടോ ഓപ്പറേഷന്‍ ചെയ്യുന്നതിനോട് അദ്ദേഹം മാനസികമായി തീരെ പൊ രുത്തപ്പെട്ടിട്ടില്ലായിരുന്നു . മക്കളുടെയും മരുമക്കളുടെയും നിര്‍ബന്ധത്തിനു മനസ്സില്ലാ മനസ്സോടെ അദ്ദേഹം വഴങ്ങുകയായിരുന്നു

ഓപ്പറേഷന്‍ വിജയകരമായി നടന്നു .
രണ്ടു ദിവസം ഐ സി യു വില്‍ . പിറ്റേന്ന് വാര്‍ഡിലേക്ക് മാറ്റുമെന്നാണ് പറഞ്ഞിരുന്നത് .

അന്ന് രാത്രി പൊടുന്നനെ എന്താണ് സംഭവിച്ചത് എന്ന തീരാത്ത സംശയം ബാക്കി വെച്ച് ആ ജീവിതം അവസാനിക്കുകയായിരുന്നു .
ചെയ്യേണ്ടതൊക്കെ ചെയ്തിട്ടും ..

ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ഡയറി പരിശോധിക്കുമ്പോള്‍ ,

അവസാനത്തെ പേജുകളില്‍ ഒക്കെയും മരണത്തിന്റെ മണം അക്ഷരങ്ങളില്‍ വിങ്ങി നില്‍ക്കുന്നുണ്ടായിരുന്നു .

അവസാനത്തെ പേജിലെ അവസാനത്തെ എഴുത്ത് ഇങ്ങനെ 
ആയിരുന്നു .

''ആശുപത്രി ബില്ലുകള്‍ ഒന്നും കളയരുത് .
കമ്പനിയില്‍ ചികിത്സാ ചെലവിനു അപേക്ഷിച്ചിട്ടുണ്ട് . മിക്കവാറും അത് കിട്ടും . കിട്ടിയാല്‍ എനിക്ക് വേണ്ടി ചെലവാക്കിയ സംഖ്യ മുഴുവനും അവരവര്‍ക്ക് തിരിച്ചു കൊടുക്കണം .

അവിടെയും അദ്ദേഹം തോല്‍പ്പിക്കുകയായിരുന്നു..!!!


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്