2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

Ambili Udayan


കയ്യൊപ്പ് എന്ന സിനിമയിലാണെന്ന് തോന്നുന്നു ഖുശ്ബുവും മമ്മൂട്ടിയും മൊബൈലിലൂടെ പാട്ട് പാടി അഭിനയിക്കുന്ന ഒരു രംഗം ഉണ്ട് .
രസകരമായ , ഹൃദയം തൊടുന്ന ചിത്രീകരണം ആണത് .

ഇന്നലെ എനിക്കും ഉണ്ടായി അങ്ങനെ ഒരു ഭാഗ്യം .
സന്ധ്യാ നേരത്ത് ഖത്തറില്‍ നിന്ന് ഒരു വിളി വന്നു . മാഷേ എന്ന അഭിസംബോധന കേട്ടപ്പോഴേ മനസ്സിലായി ഫേസ് ബുക്ക് ചങ്ങാതി ആണെന്ന് . ഒന്ന് വിളിക്കാന്‍ തോന്നി എന്ന മുഖവുരയോടെ യാണ് സംസാരിച്ചു തുടങ്ങിയത് .
നമ്മള്‍ ഇയ്യിടെയാണ് ചങ്ങാതിമാരായത് . പേര് പറഞ്ഞാല്‍ അറിയുമോ എന്നറിയില്ല . പറയൂ എന്ന് ഞാന്‍ . അദ്ദേഹം പേര് പറഞ്ഞു .
ഫ്രണ്ട് ആയ അന്നേ മനസ്സില് കേറിക്കൂടിയ ഒരു പേരായിരുന്നു അദ്ദേഹത്തിന്റേത് . 'അമ്പിളി ഉദയന്‍' . രാവും പകലും .
അത് കൊണ്ട് സത്യം പറഞ്ഞു . ആ പേര് ശ്രദ്ധിച്ചിട്ടുണ്ട് .


പിന്നീട് അങ്ങോട്ട്‌ ഞാന്‍ മഴ നനയുകയായിരുന്നു .
ഒരു മണിക്കൂറോളം പരിസരമെല്ലാം മറന്നു ആ മഴയില്‍ കുളിച്ചു കുളിരണിഞ്ഞു നിന്നു ഞാന്‍ . ആരോ വന്നു വാതിലിനപ്പുറത്ത്‌ കോളിംഗ് ബെല്ലടിച്ചത് പോലും അറിയാതെ റൂമിലിരുന്നു
മഴ 'കൊണ്ടു' . അവിചാരിതമായി പെയ്ത കവിത മഴ .
അത് പെയ്തു കൊണ്ടേയിരുന്നു ഏറെ നേരം .

മുമ്പ് ചലച്ചിത്ര ഗാനങ്ങളൊക്കെ കാസറ്റുകളിലൂടെ ഒഴുകി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു . പിന്നീട് കവിതകളും കാസറ്റിലൂടെ പ്രചരിച്ചു . അന്നാണ് 'പന്ത്രണ്ടു മക്കളെ പെറ്റൊരമ്മ 'യൊക്കെ പിന്നെയും പിന്നെയും കേട്ട് കൊണ്ടിരുന്നത് .

കവിത വായിക്കുന്ന അനുഭൂതി അല്ല ചൊല്ലി കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് . മധുസൂദനന്‍ നായരൊക്കെ നമ്മുടെ മനസ്സില് കവിത വിരിയിച്ച ആ നല്ല കാലത്തിലേക്ക് ഇന്നലെ വീണ്ടും ഞാനൊന്നു യാത്ര പോയി .

എത്രയെത്ര കവിതകളാണ് അദ്ദേഹം എന്നെ കേള്പ്പിച്ചത്
എന്നറിയുമോ ? മനസ്സ് നിറയെ കവിതയുമായി നടക്കുന്ന ഒരാള് . ജീവിതത്തെ അര്‍ത്ഥ പൂര്‍ണ്ണ തയോടെ നോക്കി കാണുന്ന ഒരു നല്ല മനുഷ്യന്‍ . സഞ്ചരിക്കുന്ന ഒരു കവിതാ സമാഹാരം . പ്രായം തളര്‍ത്താത്ത ശബ്ദ മാധുരി .

എന്നെ ഏറെ വിസ്മയിപ്പിച്ചത് അദ്ദേഹത്തിര്‍റെ മന:പാഠ കൌശലമാണ് എത്ര കവിതകളാണ് ഒരു പുഴ ഒഴുകുന്ന പോലെ അദ്ദേഹം താള ഭാവ സംലയനത്തോടെ ആലപിക്കുന്നത് . അപാരമാണ് ആ ഓര്‍മ്മ ശക്തി

മുമ്പ് വായിക്കാത്ത , കേള്ക്കാത്ത ഒരു പാട് കവിതകള്‍ എന്നെ ചൊല്ലി കേള്പ്പിച്ചു , ഒരു പാട് സംസാരിച്ചു, ഏറെ നാളുകള്‍ക്കു ശേഷം ഒരു പാട് ചിരിപ്പിച്ചു ഉദയന്‍ സാര്‍.

മനസ്സില് നിറയെ കവിതയുള്ള ഒരാളോട് സംസാരിക്കുന്നതു എന്തൊരു സുഖമുള്ള കാര്യമാണെന്നോ .
മഴ തോര്‍ന്നിട്ടും ഒന്ന് ഉറങ്ങി ഉണര്‍ന്നിട്ടും ഇപ്പോഴും എന്റെ കാതുകളില്‍ ആ സ്വരം പെയ്യുക തന്നെയാണ് .

ജ്ഞാനി കളോട് സംസാരിക്കുന്നതു ഒരു പാട് പുസ്തകം വായിക്കുന്നതിലേറെ ആസ്വാദ്യകരമാണ് എന്ന് വീണ്ടും തിരിച്ചറിഞ്ഞ ഒരു നല്ല സന്ധ്യ ആയിരുന്നു ഇന്നലെ എന്റേത് .

ഖത്തറില്‍ നിന്ന് ജിദ്ദയിലേക്ക് വിളിച്ചു സ്നേഹം പങ്കിടാനും ഒരു മണിക്കൂറിലേറെ നേരം മുന്‍പേ പരിചയമുള്ള ഒരാളോടെന്ന പോലെ
വാത്സല്യത്തോടെ സംസാരിക്കാനും ഹൃദയം തുറക്കാനും കാണിച്ച ആ സൌമനസ്യത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക .

കവിത വറ്റിപ്പോയ എന്റെ ഊഷരമായ മനസ്സിലേക്ക് ഇന്നലെ പെയ്തിറങ്ങിയ കവിതാ മഴയായിരുന്നു അമ്പിളി ഉദയന്‍ സര്‍.
ആ പേര് പോലെ തന്നെ ഇന്നലെ രാത്രിയും ഇന്ന് പകലും എന്നെ ആനന്ദിപ്പിക്കുന്നു ആ സ്വര മാധുരി .
എനിക്കുറപ്പുണ്ട് ഇനിയും ഒരു പാട് രാവും പകലും കവിതയൂറുന്ന
ആ സ്വര മാധുരി എന്റെ കാതുകളില്‍ അലയടിക്കും

Ambili Udayan


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്