2015, ഡിസംബർ 2, ബുധനാഴ്‌ച

ഗവി യാത്ര.


ഓർഡിനറി എന്ന സിനിമക്ക് ശേഷമാണ് എന്ന് തോന്നുന്നു ഗവി ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥലമായി മാറിയത്. ഗായിക റിമി ടോമിയുടെ ഹണിമൂണ്‍ ട്രിപ്പ്‌ ഗവിയിലേക്ക് ആയിരുന്നു എന്ന ഒരു കുറിപ്പ് വായിച്ച അന്നേ അവിടെ ഒന്ന് കാണണം എന്ന ആഗ്രഹം ഉടലെടുക്കുകയും ചെയ്തിരുന്നു.
അതിരാവിലെ പുറപ്പെട്ടു. ഏറെ ഓടിയിട്ടാണ് പാസ് കൊടുക്കുന്ന സ്ഥലത്ത് എത്തിയത്.
ഒരു ദിവസം നിശ്ചിത എണ്ണം വാഹനങ്ങളെ മാത്രമേ കടത്തി വിടൂ എന്ന് അറിയാമായിരുന്നു.
ഓണം ആയതു കൊണ്ട് കടകളൊക്കെ അടഞ്ഞു കിടന്നു. ഗവിയിലെക്കുള്ള യാത്ര കൊടും കാടിലൂടെയാണ്. കിലോമീറ്ററുകളോളം യാത്ര തുടരണം. ഇടയ്ക്ക് കടകളോ മനുഷ്യരോ വീടുകൾ പോലുമോ കാണില്ല എന്നൊക്കെ അറിയാവുന്നത് കൊണ്ട് കുറച്ചു ഏത്തപ്പഴം ചെറുപഴം ബ്രഡ് ജാം ബേക്കറി സാധനങ്ങൾ ഒക്കെ കൂടെ കരുതിയിരുന്നു.
പാസ് എടുക്കാൻ ചെല്ലുമ്പോഴാണ് അറിഞ്ഞത് വർക്കിംഗ് ഡേയിൽ പത്തു വാഹനങ്ങളെയും അവധി ദിവസങ്ങളിൽ മുപ്പതു വാഹനങ്ങളെയും ആണ് കടത്തി വിടുക എന്ന്. ഒരാൾക്ക്‌ മുപ്പതു രൂപ അടക്കണം. പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പാസ് വേണ്ട. പക്ഷേ യാത്ര ചെയ്യുന്ന എല്ലാവരുടെയും ഫുൾ അഡ്രസ്‌ ഒപ്പു സഹിതം അവിടെ നിന്ന് തരുന്ന ഫോമിൽ ഫിൽ അപ്പ് ചെയ്യണം.
എല്ലാം കഴിഞ്ഞ് ഞങ്ങൾ യാത്ര തുടങ്ങി. പ്ലാസ്റ്റിക് വിരുദ്ധ ഏരിയയാണ്. കാട്ടിൽ എവിടെയും പ്ലാസ്റ്റിക് വലിച്ചെറിയരുത്.
വനത്തിൽ പ്രവേശിക്കും മുമ്പേ നമ്മുടെ കയ്യിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ രേഖപ്പെടുത്തണം. വണ്ടിയിൽ വെച്ച് ഉപയോഗിക്കാം. പക്ഷേ പുറത്തേക്ക് വലിച്ചെറിയരുത്.
യാത്ര തുടങ്ങി. നന്നേ ചെറിയ റോഡ്‌. വളഞ്ഞും പുളഞ്ഞും പോകുന്ന റോഡ്‌ പൊട്ടിപ്പൊളിഞ്ഞും വലിയ കുളങ്ങൾ രൂപപ്പെട്ടതും ആണ്. യാത്ര ദുസ്സഹവും സാഹസികവും ആണ്.
ആനകൾ ഇറങ്ങി വന്നു വാഹന തടസ്സം സൃഷ്ടിക്കാനുള്ള സാധ്യത ഏറെ. അവിടവിടെ ആവി പൊങ്ങുന്ന ആന പിണ്ഡം കാണുന്നുണ്ട്. കരിങ്കുരങ്ങുകളും മലയണ്ണാനും യഥേഷ്ടം വിഹരിക്കുന്നു.
വളഞ്ഞും തിരിഞ്ഞും പുളഞ്ഞും ഞങ്ങളുടെ വാഹനം ഓടിക്കൊണ്ടിരിക്കുകയാണ്.
പെട്ടെന്ന്..!
ഡ്രൈവറുടെ സഡൻ ബ്രേക്കിൽ ഞെട്ടി മുന്നിലേക്ക്‌ നോക്കുമ്പോൾ ഉള്ളൊന്ന് കാളി.
തൊട്ടുമുമ്പിൽ ഒരു ആന വണ്ടി!
നിമിഷങ്ങളുടെ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്. ബസ്സ് ഞങ്ങളുടെ
സുമോയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നു.
ഒരു വാഹനത്തിനു തന്നെ കഷ്ടി കടന്നു പോകാൻ പ്രയാസം ഉള്ള ആ
കാട്ടു വഴി യിലൂടെ കെ എസ് ആർ ടി സി ഓടുന്നുണ്ട് എന്ന് അപ്പോഴാണ്‌ മനസ്സിലായത്‌.


ഏതായാലും വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ ഞങ്ങളുടെ യാത്ര തുടർന്നു.
വല്ലാത്ത ഒരു കുളിരും ശാന്തതയും ശരീരം മാത്രമല്ല മനസ്സിലും അലയടിക്കുന്ന പോലെ തോന്നി. കൂടാതെ ഒരു ഉൾഭയവും ഉണ്ടായി.
കാരണം വന്യമൃഗങ്ങൾ എപ്പോഴും റോഡ്‌ ക്രോസ് ചെയ്തു കടന്നു വരാം. ദൂരെ നിന്ന് ഒരിക്കലും കാണാൻ പറ്റില്ല. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്‌ കുറച്ചു ദൂരം മാത്രമേ കാണൂ.
ആനകൾ വഴി മുടക്കിയാലും
പ്രശ്നമാണ്. അപകടവും.
മറ്റെവിടെ നിന്നും ശ്വസിക്കാൻ കഴിയാത്ത പ്രത്യേക തരം
ശുദ്ധ വായുവാണ് കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്നത്.
നല്ല ശുദ്ധ ജലം കുടിക്കുമ്പോഴുള്ള സംതൃപ്തി നല്ല ശുദ്ധവായു ശ്വസിക്കുമ്പോഴും കിട്ടുമെന്ന് ആദ്യമായി മനസ്സിലായി.
കുന്നുകളും മലകളും കൊക്കകളും
നീർചോലകളും ചില ദ്വീപ്‌ സമൂഹങ്ങളെ അനുസ്മരിപ്പിക്കുന്ന
അണക്കെട്ടുകളും കണ്ടു യാത്ര തുടർന്നു
അടുക്കും തോറും അകലുന്ന ഗവി എന്നൊരു തോന്നൽ എനിക്കുണ്ടായി. എത്ര ഓടിയിട്ടും എത്തുന്നില്ല. ഇടയ്ക്ക്
റോഡ്‌ കാണാതെ മണ്‍ പാത മാത്രം
ആയി.റാന്നി വടശ്ശേരിക്കര സീതത്തോട്‌ ചിറ്റാർ ആങ്ങാമൂഴി ഭാഗത്തൂടെയാണ് ഗവിയിലേക്കുള്ള പ്രവേശനം. പോയ വഴി തിരിച്ചു പോരാൻ പറ്റില്ല. വണ്ടിപ്പെരിയാർ വഴി വേണം മടക്കം.
ഞങ്ങൾ ഒമ്പത് പേരുണ്ടായിരുന്നു.
ഞങ്ങൾ ഞാനും ഭാര്യയും മൂന്നു
മക്കളും. സുഹൃത്ത്‌ ലൈസൽ മാഷും
ഭാര്യയും രണ്ടു മക്കളും.
ഇടക്ക് ഒന്ന് രണ്ടു സ്ഥലങ്ങളിൽ ഞങ്ങൾ
കാറിൽ നിന്ന് ഇറങ്ങി.
അത് പാടില്ലാത്തതാണ്. എന്നാലും
ചില വ്യൂ പോയന്റുകൾ
കാറിൽ ഇരുന്നു കണ്ടാൽ പോരാ
എന്ന് തോന്നി.
ആനകളുടെ കാല്പാടുകൾ പതിഞ്ഞ കാട്ടുവഴികളും ചൂടാറാത്ത ആന പിണ്ഡവും
അവിടവിടെ കണ്ടു.
റോഡിലൂടെ ഏതോ കാട്ടു ചോലയിൽ നിന്ന് ഒഴുകി വരുന്ന തെളിനീർ ഉറവ. ചെരിപ്പ് ഊരി കാലുകൾ വെള്ളത്തിൽ ഒന്ന് സ്പർശിച്ചു. ഹൌ!എന്തൊരു തണുപ്പ്. കുട്ടികളും കാലു നനച്ചു. ചിലർ കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്തു വായിൽ ഒഴിച്ചു.
അല്പം കഴിഞ്ഞ്
കാറിൽ കേറി കുറച്ചു മുന്നോട്ടു പോയതേയുള്ളൂ.
പെട്ടെന്ന് പിന്നിൽ നിന്ന് മൂത്ത മോളുടെ നിലവിളി!

ഞാൻ ഡ്രൈവറോട് വണ്ടി സൈഡ് ആക്കാൻ പറഞ്ഞു.
ഡോർ തുറന്നു ചെന്നു നോക്കുമ്പോൾ
മോളുടെ കാലിൽ ചോര. ചെരുപ്പ് അഴിച്ചു പരതിയപ്പോഴാണ് ഒരു നീണ്ട ഭീകരൻ പുഴുവിനെ കണ്ടത്. മുമ്പൊന്നും കണ്ടിട്ടില്ല അങ്ങനെ ഒരു പുഴുവിനെ. നല്ല കടച്ചിൽ ഉണ്ടായിരുന്നു.
യാത്ര തുടർന്നു. കാടിന്റെ സംഗീതം കേട്ടും ഭംഗി ആസ്വദിച്ചും ഞങ്ങൾ യാത്ര തുടർന്നു.
ഏതൊരു വിനോദ യാത്രയും ആസ്വദിക്കാനുള്ള മനസ്സുള്ളവർക്കെ അനുഭൂതി പകരൂ. അല്ലാത്തവർക്ക് കാണുന്നതിലൊന്നും ഒരു കൌതുകവും തോന്നില്ല. ഭംഗിയും അനുഭൂതിയും കണ്ണിലല്ല മനസ്സിലാണ്. ഈ കാര്യത്തിൽ മാത്രമല്ല ഏതു കാര്യത്തിലും അതെ.
നേരം രണ്ടു മണിയോട് അടുക്കുന്നു. പലർക്കും വിശപ്പ്‌ തുടങ്ങി. കുട്ടികൾ കയ്യിൽ കരുതിയതൊക്കെ എപ്പോഴോ തീർത്തിരുന്നു . വനത്തിൽ ഇടയ്ക്കിടെ ചില ചെക്ക് പോയന്റുകൾ ഉണ്ട്. ഓരോ സ്ഥലത്തും പാസ്സും ഡ്രൈവറുടെ ലൈസൻസും കാണിക്കണം. വനം പോലീസ് വന്നു കാർ പരിശോധിക്കുന്നും ഉണ്ട്.
വിശക്കുന്നു എന്ന് കുട്ടികളിൽ ചിലർ പറയാൻ തുടങ്ങി. ഗവിയിലേക്ക് ഇനിയും ഓടാനുണ്ട്.
ഡ്രൈവർ പറഞ്ഞു. ഇനി വണ്ടിപ്പെരിയാറിൽ എത്തിയാലേ വല്ലതും കിട്ടൂ. അപ്പോഴേക്കും വിശന്നു വലയും.
കുറച്ചു കൂടി മുന്നോട്ട് പോയി. അപ്പോൾ ഒരു ബോർഡ് കണ്ടു. ഒരു കാന്റീൻ. ഓണം ആയതു കൊണ്ട് അവിടെ ഒന്നും ഉണ്ടാവാൻ സാധ്യതയില്ല. ലൈസൽ മാഷ്‌ അഭിപ്രായപ്പെട്ടു. ഗവിയിലേക്ക് ഇനിയും പത്തു കിലോമീറ്റർ പോകണം. വളരെ മെല്ലെയാണ് യാത്ര. അതുകൊണ്ട് തന്നെ സമയം പിടിക്കും. ഗവിയിൽ നിന്ന് വണ്ടിപ്പെരിയാർ എത്തുമ്പോഴേക്കും ഇരുട്ടും. എന്ത് ചെയ്യും?
അപ്പോഴാണ്‌ ആ കാന്റീനിൽ നിന്ന് കുറെ സ്ത്രീകൾ ഇറങ്ങി വരുന്നത് കണ്ടത്. ചെറിയ ഒരു പ്രതീക്ഷ മുള പൊട്ടി.
അവിടെ കണ്ട ഒരാളോട് ഞാൻ ചോദിച്ചു: ഊണ് ഉണ്ടോ?
ഉണ്ട്
സമാധാനമായി
ഞങ്ങൾ കാർ സൈഡാക്കി ഇറങ്ങി. അകത്തേക്ക് ചെന്നു. അത്ര വൃത്തിയൊന്നും ഇല്ല. ബെഞ്ചും ഡസ്ക്കും ഒക്കെ പഴയതാണ്.
പൊട്ടിപ്പോളിഞ്ഞതും. എന്നാലും വേണ്ടില്ല. വിശപ്പ്‌ മാറ്റാമല്ലോ. മറ്റൊരു ഓപ്ഷനും ഇല്ലാത്തിടത്ത് ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക തന്നെ. എന്നാലും വിജനമായ ഈ സ്ഥലത്ത് ഇങ്ങനെ ഒരു കാന്റീൻ എങ്കിലും ഉണ്ടല്ലോ.അകത്തു ചെന്നപ്പോൾ നിറയെ ആളുകളാണ്. ഞങ്ങൾ ഒഴിവുള്ള സ്ഥലത്ത് ഇരുന്നു. പ്ലാസ്റ്റിക് വാഴയിലയിലാണ് ഊണ് വിളമ്പുന്നത്.
കുത്തരിചോർ കൊണ്ടുവന്നു വിളമ്പിയപ്പോൾ സന്തോഷമായി.
കൂട്ടാനുകളും വാഴയിലയിൽ നിരന്നു.
അവിയലും തോരനും മെഴുക്കുപുരട്ടിയും ഉപ്പേരിയും പപ്പടവും അച്ചാറും ഒഴിച്ചു കറിയും സാമ്പാറും ചുരുക്കിപ്പറഞ്ഞാൽ എല്ലാം തികഞ്ഞ ഒരു ഓണ സദ്യ!
പോരെ പൂരം? കായ വറുത്തതും ശർക്കര വരട്ടിയും കരിങ്ങാലി വെള്ളവും. പിന്നെ ചെറു പഴവും.
ഓണത്തിനു നാട്ടിലെത്തിയ കാലം മറന്നു. നാടൻ ഓണ സദ്യ കഴിച്ച ഓർമ്മയും അടുത്തൊന്നും ഇല്ല.
അപ്പോഴാണ്‌ തീരെ പ്രതീക്ഷിക്കാതെ പ്രതീക്ഷിക്കാത്ത സമയത്ത് വിജനമായ ഒരു സ്ഥലത്ത് വെച്ച് ഇങ്ങനെ ഒരു ഓണം ഉണ്ണൽ.
എല്ലാം കഴിഞ്ഞു എഴുന്നേല്ക്കാൻ നേരം മറ്റൊരു പ്രധാന വിഭവം കൂടി എത്തി. അടപ്രദമൻ!
സന്തോഷം കൊണ്ട് ഞങ്ങൾക്ക് നില്ക്കാൻ വയ്യ !
ഒടുവിൽ ബില്ല് വരുമ്പോൾ തിന്നതൊക്കെ ദഹിക്കും എന്ന് ഞാൻ കണക്കു കൂട്ടി.
കാരണം തികച്ചും വിജനമായ ഒരു സ്ഥലത്ത് ഇത്പോലെയുള്ള ഒരു ഭക്ഷണത്തിന് എത്ര വില യിട്ടാലും ആർക്കും ഒരു പരാതിയും ഉണ്ടാവില്ല. സമയത്തിനും സന്ദർഭത്തിനും അവസ്ഥയ്ക്കും ആണല്ലോ വില !
ഒടുവിൽ എത്രയായി എന്ന് ചോദിച്ചു.
അപ്പോൾ മറു ചോദ്യം.
എത്ര പേരാണ്?
ഞാൻ പറഞ്ഞു. പത്ത്.
അപ്പോൾ അദ്ദേഹം പറഞ്ഞ സംഖ്യ കേട്ട് ഞാൻ ഞെട്ടി ! ആയിരം രൂപ ! വിശ്വസിക്കാൻ പ്രയാസം തോന്നിയത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു. ആയിരമോ?
അതെ ; ഒരാൾക്ക്‌ നൂറു രൂപ !
എനിക്ക് ആ ഹോട്ടലുകാരോട് വല്ലാത്ത മതിപ്പും ആദരവും തോന്നി. മനുഷ്യന്റെ നിസ്സഹായതയും സാഹചര്യങ്ങളും മുതലെടുത്ത്‌ കൊള്ള ലാഭം പറ്റുന്ന, നാലും അഞ്ചും ഇരട്ടി വില കൂട്ടി വാങ്ങുന്ന ബ്ലേഡ്കാരുള്ള നാട്ടിൽ
തികച്ചും വിജനമായ ഒരു സ്ഥലത്ത്, കാട്ടിനുള്ളിൽ , മിതമായ നിരക്കിൽ , നല്ല ഊണ് കൊടുക്കുന്ന ഈ ഹോട്ടലുകാരെ അഭിനന്ദിച്ചേ പറ്റൂ.
ഒരാൾക്ക്‌ ഇരുനൂറു വെച്ചു വാങ്ങിയാലും ആ സ്ഥലത്തും സമയത്തും അവസ്ഥയ്ക്കും ഏറെയല്ല.
നാട്ടിലേക്ക് വരുമ്പോൾ ബോംബെ എയർ പോർട്ടിൽ നിന്ന് ഒരു കാലിചായ
വാങ്ങിച്ചപ്പോൾ നാക്കും കീശയും വല്ലാതെ 'പൊള്ളിയ' കാര്യം ഞാൻ അന്നേരം ഓർത്തു പോയി.
ഞങ്ങൾ യാത്ര തുടർന്നു. റോഡ്‌ പറ്റെ മോശം തന്നെ. പലയിടത്തും വലിയ കൂമ്പാരമായി മെറ്റൽ കൂട്ടിയിട്ടുണ്ട്. റോഡ്‌ നന്നാക്കാൻ പ്ലാൻ ഉണ്ട് എന്ന് മനസ്സിലായി.
ഈ റൂട്ടിലൂടെയുള്ള യാത്രയ്ക്ക് വാഹനം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. അടി നിലത്തു തട്ടുന്ന വാഹനം പറ്റില്ല. സുമോ പോലെയുള്ള
കുറച്ചു ഹൈറ്റ് ഉള്ള വാഹനം ആണ് നല്ലത്.
ഇനിയും പത്തു കിലോമീറ്റർ കൂടി പോകണം ഗവിയിലേക്ക്.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ
അതി വിദഗ്ദമായി ആയാണ് ഞങ്ങളുടെ ഡ്രൈവർ ഷാഹുൽക്ക വണ്ടി ഓടിക്കുന്നത്. ഏറെക്കാലം പ്രവാസി ആയിരുന്നു ഷാഹുൽക്ക. ലൈസൽ മാഷിന്റെ പരിചയക്കാരൻ. ഗവിയിലേക്ക് എന്ന് പറഞ്ഞു വാഹനം വിളിച്ചിട്ട് പലരും വരാൻ മടിച്ചതാണ്. പക്ഷേ ഷാഹുൽക്ക
ഒരു മടിയും കൂടാതെ സമ്മതിച്ചു. കുമരകത്തേക്കും ഞങ്ങളുടെ ഡ്രൈവർ അദ്ദേഹം തന്നെയായിരുന്നു.
ഒരു ചെറുപ്പക്കാരന്റെ ആവേശത്തോടെയാണ് വണ്ടി ഓടിക്കുന്നത്.
ഒടുവിൽ ഞങ്ങൾ ഗവിയിൽ എത്തി. പ്രതീക്ഷിച്ച പോലെയൊന്നും അല്ല ഗവി.
നന്നേ ചെറിയ ഒരു സ്ഥലം. ഒരു പാലം.
അതിന് കീഴെ മനോഹരമായി ഒഴുകുന്ന ഒരു പുഴ. കടകളോ ലോഡ്ജോ ഹോട്ടലോ ഒന്നും കണ്ടില്ല. ഒരു ഭാഗത്ത്‌ ഒരു പാർക്ക് കണ്ടു. അങ്ങോട്ട്‌ പ്രവേശനത്തിന് അനുമതി ചോദിച്ചപ്പോൾ കാവൽക്കാരൻ പറഞ്ഞു. ഇത് ഒരു പാക്കേജ് ആണ്. ട്രക്കിംഗ്, ബോട്ടിംഗ് , ഭക്ഷണം ഒരാൾക്ക്‌ ആയിരത്തി ഇരുനൂർ രൂപ.
പാലത്തിൽ നിന്നുള്ള ദൃശ്യങ്ങളും കാഴ്ചകളും മനോഹരമാണ്. ഏറെ സമയം അവിടെ ചെലവഴിച്ചും ഫോട്ടോസ് എടുത്തും ഗവി ആസ്വദിച്ചു.
ഇനി പരുന്തൻ പാറ ആണ് ഞങ്ങളുടെ
അടുത്ത ലക്ഷ്യം.

ഗവിയെക്കാൾ ഹരം ഗവിയിലേക്കുള്ള യാത്രയാണ്.
നന്നായി ആസ്വദിക്കാൻ മനസ്സുള്ളവർക്കേ ഈ യാത്ര ഇഷ്ടപ്പെടൂ. അല്ലാത്തവർക്ക് ഇതാണോ ഈ കൊട്ടിഗ്ഘോഷിക്കുന്ന ഗവി എന്ന് തോന്നാം. ആസ്വദിക്കാൻ മനസ്സുള്ളവർക്ക് കാടും മലകളും കൊച്ചുകുന്നുകളും നീർചാലുകലും അണക്കെട്ടും പക്ഷികളുടെയും മൃഗങ്ങളുടെയും കലപിലയും കാടിന്റെ സംഗീതവും ഒക്കെ ആസ്വദിച്ചുള്ള ഒരു യാത്ര.
അതി രാവിലെയാണ് യാത്ര എങ്കിൽ മൃഗങ്ങളെ കാണാം എന്ന് അവിടെയുള്ള വാച്ച്മാൻ പറഞ്ഞു. ഞങ്ങൾ ഒരു ഒമ്പതരക്ക് ആണ് യാത്ര ആരംഭിച്ചത്. അതുകൊണ്ട് ആനയെ കാണും എന്ന് കരുതി ആനപിണ്ഡം കണ്ടു തൃപ്തിയടയേണ്ടി വന്നു.
ഈ യാത്രയിൽ ശ്രദ്ധിക്കണം എന്ന് തോന്നിയ ചില കാര്യങ്ങൾ.
* നല്ല വാഹനം ആയിരിക്കണം. അടി നിലത്തു തട്ടുന്ന വാഹനം പറ്റില്ല. കാടും മേടും കുന്നും കുഴിയും താണ്ടാൻ കെൽപ്പുള്ള വാഹനം ആവണം. ടയർ പഞ്ചറാവുക, വാഹനത്തിനു വല്ല തകരാറും
സംഭവിക്കുക ഒക്കെ ചെയ്‌താൽ കുടുങ്ങിയത് തന്നെ. കൊടും കാട്ടിൽ
ഒറ്റപ്പെട്ടു പോകും. സാധാരണ വർക്കിംഗ് ഡെയ്സിൽ പത്തു വാഹനങ്ങളെ മാത്രമേ കടത്തി വിടൂ.അത് കൊണ്ട് അങ്ങനെയുള്ള ദിവസങ്ങളിൽ പരമാവധി നേരത്തെ പാസ് എടുക്കാൻ എത്തണം. പത്തു വാഹനം കടത്തി വിട്ടു കഴിഞ്ഞാൽ പിന്നെ തിരിച്ചു പോരേണ്ടി വരും.
അവധി ദിവസങ്ങളിൽ മുപ്പതു വാഹനം വരെ കടത്തി വിടും.
* ചിറ്റാർ, സീതത്തോട്‌
വടശ്ശേരിക്കര, ആങ്ങമൂഴി വഴിയാണ് അങ്ങോട്ടുള്ള പ്രവേശനം. പാസ് എടുക്കേണ്ടത് ആങ്ങമൂഴിയിൽ നിന്നാണ്. അങ്ങോട്ട്‌ പോയ വഴി ഇങ്ങോട്ട് വരാൻ പറ്റില്ല. വണ്ടിപ്പെരിയാർ വഴിയാണ് തിരിച്ചു പോകേണ്ടത്
* വഴിയിൽ നിന്ന് ഭക്ഷണം ഒന്നും കിട്ടില്ല. എല്ലാം കൂടെ കരുതണം.
*പ്ലാസ്റ്റിക് സാധനങ്ങൾ കാട്ടിൽ വലിച്ചെറിയാൻ പാടില്ല. അഞ്ഞൂറ് രൂപ വരെ പിഴ അടക്കേണ്ടി വരും
* യാത്രക്കിടയിൽ സാമൂഹ്യ ദ്രോഹികളുടെ ശല്യം ഉണ്ടാവാനുള്ള സാധ്യത ഇല്ല. കാരണം ആറോ ഏഴോ ചെക്ക് പോയന്റുകൾ കടന്നേ ആർക്കും അങ്ങോട്ടു പോകാൻ പറ്റൂ.
* കാട്ടിൽ നിന്ന് ഒരു ചെടി പോലും പറിക്കരുത്. നല്ല പരിശോധന ഉണ്ട് പല ചെക്ക് പോയിന്റിലും
*കണ്ണും കാതും മനസ്സും തുറന്നു വെച്ചു
യാത്ര ചെയ്യണം. അല്ലെങ്കിൽ വെറും ഒരു യാത്ര എന്ന തോന്നൽ ഉണ്ടാകും.
ഞങ്ങൾക്ക് നല്ല അനുഭവവും അനുഭൂതിയും പകർന്നു ഈ യാത്ര. നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടും എന്ന് അറിയില്ല.

5 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്