2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

ശൈശവവും വാര്‍ധക്യവും



ശൈശവവും വാര്‍ധക്യവും മനുഷ്യ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു ഘട്ടങ്ങളാണ് .
രണ്ടും തമ്മില്‍ കുറെ സാമ്യങ്ങളുണ്ട് . ഒരു പാട് അന്തരങ്ങളും .

ഒരു നിലക്ക് രണ്ടു ഘട്ടവും ഒരു പോലെയാണ് .
ബുദ്ധിക്കുറവ് , ക്ഷമക്കുറവ് , വകതിരിവില്ലായ്മ ഇതൊക്കെ രണ്ടു ഘട്ടത്തിലും
പ്രകടമാകുന്നു . അത് കുട്ടിയില്‍ വികൃതിയായും വയസ്സായവരില്‍
വാശിയായും പരിണമിക്കുന്നു .
വ്യത്യാസം ഇവിടെയാണ്‌ .
കുഞ്ഞുങ്ങളുടെ വികൃതി നാം ആസ്വദിക്കുന്നു .
പക്ഷേ വൃദ്ധ രുടെ വാശി നമ്മെ അലോസരപ്പെടുത്തുന്നു .

ജീവിതം തുടങ്ങുന്നത് ശൈശവത്തോടെ ആണെങ്കില്‍ ജീവിതം അവസാനിക്കുന്നത്‌ കൂടുതലും വാര്‍ധക്യത്തോടെയാണ് .
ശൈശവം ഇല്ലാത്ത ജീവിതമില്ല ,
പക്ഷെ വാര്‍ധക്യമാകാതെയും ജീവിതം അവസാനിക്കാം .

ശൈശവ ഘട്ടമാണ് ഒരു മനുഷ്യന്റെ ഏറ്റവും ഹൃദ്യമായ കാലം .
ഓര്‍മ്മകളില്‍ പോലും മധുരം നിറയുന്ന വീണ്ടും തിരിച്ചു വന്നെങ്കില്‍
എന്ന് ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന ഘട്ടം .
എന്നാല്‍ വാര്‍ധക്യമാകട്ടെ അത് ആരും ഇഷ്ടപ്പെടുന്നില്ല .
ഒരു നര കാണുമ്പോഴേക്കും അസ്വസ്ഥത ആരംഭിക്കുകയായി .

ശൈശവം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയാത്ത കാലമാണ് .
വാര്‍ധക്യവും അങ്ങനെ തന്നെ .

കുട്ടിക്ക് എല്ലാവരും കൂടെ വേണം ,
അവനെ എടുക്കണം , കളിപ്പിക്കണം , കുളിപ്പിക്കണം , ഉടുപ്പ് ഇടുവിക്കണം ,
ഉമ്മ കൊടുക്കണം , ഭക്ഷണം കൊടുക്കണം , ഉറക്കണം .
ഇതിനൊക്കെ സ്വാഭാവികമായും ഒരുപാട് കരങ്ങളുണ്ടാകും .
മത്സരമായിരിക്കും കുട്ടിയെ കളിപ്പിക്കാന്‍ , കുളിപ്പിക്കാന്‍ , ഊട്ടാന്‍ ,
ഉറക്കാന്‍.

ഈ പറഞ്ഞതൊക്കെ വാര്‍ധക്യത്തിലും ആവശ്യമാണ്‌ .
ഒരു വൃദ്ധനും വൃദ്ധയും ഇതൊക്കെ അതിയായി ആഗ്രഹിക്കുന്നുണ്ട് . തന്റെ മകന്‍ / മകള്‍ / വേണ്ടപ്പെട്ടവര്‍ ഒക്കെ ഒന്നടുത്തു വന്നിരുന്നെങ്കില്‍ , ഒന്ന് തലോടിയെങ്കില്‍ , ഒന്ന് കുളിപ്പിച്ച് തന്നെങ്കില്‍ , ഒരുരുള വായില്‍ വെച്ച് തന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിക്കുന്നുണ്ടാവും ഓരോ വൃദ്ധ മനസ്സും .
പക്ഷേ ഈ 'കുട്ടി'യെ കളിപ്പിക്കാനോ കുളിപ്പിക്കാനോ ഊട്ടാനോ കൂടുതല്‍ കൈകള്‍ ഉണ്ടാവില്ല .
ആര്‍ക്കും താത്പര്യമുണ്ടാവില്ല .

ഇതു കൊണ്ടൊക്കെയാണ് വാര്‍ധക്യം ശാപമാകുന്നത് .
കഷ്ടതയുടെ കാലഘട്ടം ആയി മാറുന്നത്.
മറ്റുള്ളവര്‍ക്ക് ഭാരമാകരുതെ എന്ന് ഓരോ മനുഷ്യനും എപ്പോഴും ഉള്ളുരുകി പ്രാര്‍ഥിക്കുന്നത് .

ശിശു ആവുമ്പോള്‍ ആരെങ്കിലും അവനെ അവഗണിച്ചാല്‍ ഒരു പക്ഷെ അതവനില്‍ വലിയ പ്രത്യാഘാതം ഒന്നും സൃഷ്ടിക്കില്ല .
പക്ഷേ , വാര്‍ ധക്യത്തില്‍ മക്കളുടെ അവഗണന ആ മനുഷ്യന്‍ മരിക്കും വരെ അയാളെ നീറ്റിക്കൊണ്ടിരിക്കും . പക്ഷേ , അവര്‍ എല്ലാം ഉള്ളിലൊതുക്കും .

കുട്ടി ആവശ്യമുള്ളതൊക്കെ അലറിക്കരഞ്ഞു നേടിയെടുക്കും .
എന്നാല്‍ വാര്‍ ധക്യം പുറത്തു കരയില്ല ,
അകത്തു പെയ്യുന്നുണ്ടാകും . പെയ്തു പെയ്തു കണ്ണീര്‍ വറ്റിയിട്ടുണ്ടാവും .

കുട്ടി വളര്‍ന്നു വലുതാവും എന്നും തനിക്കു താങ്ങും തണലും ആവുമെന്നും കരുതി അവനെ കണ്ണിലെണ്ണ ഒഴിച്ച് നാം നോക്കുന്നു . മാതാപിതാക്കളെയോ ഇനി എന്തിനു കൊള്ളാം
എന്ന രീതിയില്‍ അവഗണിക്കുകയും ചെയ്യുന്നു .

നാളെ ഇതേ അവസ്ഥ തനിയാവ ര്‍ ത്തനം പോലെ തനിക്കും വരും എന്ന് ഞാനും നിങ്ങളും മറക്കുന്നു . അപ്പപ്പോഴത്തെ നമ്മുടെ സുഖവും സൌകര്യങ്ങളും നമ്മെ അതിനു പ്രേരിപ്പിക്കുന്നു .

'എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയ പോലെ എന്റെ മാതാപിതാക്കള്‍ക്ക് നീ കാരുണ്യം ചൊരിയേണമേ 'എന്ന് പ്രാര്‍ഥിക്കാനും മാതാപിതാക്കളോട് 'ഛെ ' എന്ന വാക്ക് പോലും ഉച്ചരിക്കരുത് അവര്‍ക്ക് നീ കാരുണ്യത്തിന്റെ ചിറകുകള്‍ താഴ്ത്തി കൊടുക്കണം
എന്നും വിശുദ്ധ ഗ്രന്ഥം കര്‍ശനമായി പറഞ്ഞു വെച്ചതും ഇത് കൊണ്ടാവും .

3 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഒരവധിക്കാലത്ത് ഞാന്‍ അമ്മയുടെ മടിയില്‍ കിടക്കണമെന്ന് പറഞ്ഞ് ആ മടിയില്‍ കിടന്നു. ചുക്കിച്ചുളിഞ്ഞ കൈകള്‍ കൊണ്ട് അമ്മ നെറുകയില്‍ തലോടിത്തന്നു. ആ അവധിക്കാലത്ത് തന്നെ അമ്മയോട് ചോറുരുളയും വായില്‍ വാങ്ങിക്കഴിച്ചു. അന്നെനിയ്ക്ക് 47 വയസ്സ്. എന്നാലും ഒരു കുഞ്ഞിനെപ്പോലെ കരുതി അമ്മ അതൊക്കെ ചെയ്ത് തരുമ്പോള്‍ അമ്മയുടെ മുഖത്ത് വാത്സല്യത്തിളക്കം ഞാന്‍ കണ്ടു. പിന്നെ ഞാന്‍ അമ്മയെ കാണുന്നത് എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ അബോധാവസ്ഥയിലാണ്. ആ അവസ്ഥയില്‍ത്തന്നെ അമ്മ ഈ ലോകം വിട്ട് പോവുകയും ചെയ്തു. വളരെ ദാരിദ്യവും കഷ്ടതയും അനുഭവിച്ചുവെങ്കിലും ഞങ്ങള്‍ മക്കള്‍ മുതിര്‍ന്നതില്‍പ്പിന്നെ ഒരു അല്ലലും അറിയിക്കാതെ അമ്മയുടെ കാര്യങ്ങളെല്ലാം നോക്കി. അവസാനം വരെ സംതൃപ്തിയില്‍ ആണ് ജീവിച്ചതും മരിച്ചതും. മാതാപിതാക്കളെ വേദനിപ്പിക്കുന്ന മനുഷ്യന്‍ സമാധാനത്തോടെ കണ്ണടയ്ക്കുകയില്ല. ഒരു സംശയവും ഇല്ല അതില്‍.

    നല്ല കുറിപ്പ്, ഉസ്മാന്‍ ഭായ്.

    മറുപടിഇല്ലാതാക്കൂ
  2. ശൈശവം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയാത്ത കാലമാണ് .
    വാര്‍ധക്യവും അങ്ങനെ തന്നെ .
    നല്ല കുറിപ്പ്
    ആശംസകള്‍ മാഷെ

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്