2013, ജൂൺ 4, ചൊവ്വാഴ്ച

കോളേജുകളും സ്കൂളുകളും ഇല്ലാത്ത കാലം !!!!


ഇന്നലെ ഷറഫിയ്യയില്‍ ഒരു ചുമരില്‍ ഒരു പാട് നോട്ടിസുകളില്‍ ഒന്ന്
വല്ലാത്ത കൌതുകം ഉണര്‍ത്തി .
'മണിക്കൂറുകള്‍ക്കകം കയ്യക്ഷരം മനോഹരമാക്കാം..'
ബന്ധപ്പെടുക : മൊബൈല്‍ നമ്പര്‍ :

അത് വായിച്ചപ്പോള്‍ ഒരു നിമിഷം മനസ്സ് ഒരു പാട് പിറകിലേക്ക് പറന്നു പോയി...
രണ്ടു വര കോപ്പികളില്‍ മസില്‍ പിടിച്ചു എഴുതിയ കാലം...

ഏതെങ്കിലും അക്ഷരം വേലി പൊളിച്ചു അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് തെന്നി പോയാല്‍ ടീച്ചര്‍ അതിനു കീഴില്‍ ചുവന്ന മഷി കൊണ്ട് രണ്ടു വര വരക്കും.. ചില ടീച്ചര്‍മാര്‍ പത്തില്‍ മാര്‍ക്ക്‌ തരും..
ചിലര്‍ 'ഗുഡ് 'എന്നോ ' വെരി ഗുഡ് ' എന്നോ സര്‍ട്ടിഫൈ ചെയ്യും..
അത് കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാകും ..

മലയാളം, ഇംഗ്ലീഷ് , ഹിന്ദി എല്ലാ ഭാഷക്കുമുണ്ടായിരുന്നു കോപ്പി ബുക്കുകള്‍ . രണ്ടു വര , നാല് വര എന്നിങ്ങനെ .
ഹിന്ദി കോപ്പി എഴുതാനായിരുന്നു എളുപ്പം.
കാരണം ഹിന്ദി അക്ഷരങ്ങള്‍ ഒരു വടിയില്‍ തൂങ്ങി കിടക്കുന്നവയാണ്..
അത് കൊണ്ട് മുകളിലെ വരയിടാന്‍ എളുപ്പമാണ് !
വവ്വാലുകള്‍ ഉറങ്ങുന്ന പോലെയാണല്ലോ അവയുടെ കിടപ്പ്!

അന്ന് നല്ല കയ്യക്ഷരത്തിനു പ്ലസ് മാര്‍ക്കും ഉണ്ടായിരുന്നു..

നല്ല കയ്യക്ഷരമുള്ളവരെ കുട്ടികള്‍ക്കും , അധ്യാപകര്‍ക്കും വല്ലാത്ത ഇഷ്ടമായിരുന്നു.. 
കയ്യക്ഷരത്തിനു മത്സരം പോലും ഉണ്ടായിരുന്നു .. 

ഓട്ടോ ഗ്രാഫുകളില്‍ പേരെഴുതി ക്കൊടുക്കാനും കയ്യെഴുത്ത് മാസികകളില്‍ സൃഷ്ടികള്‍ എഴുതാനുമൊക്കെ വിദ്യാര്‍ ഥികളും അധ്യാപകരും നല്ല കയ്യക്ഷരമുള്ള കുട്ടികളെയാണ് എല്പ്പിക്കുക . 

കയ്യിലിരിപ്പ് മോശമായിരുന്നെങ്കിലും എന്റെ കയ്യക്ഷരം കൊള്ളാമായിരുന്നു 
അത് കൊണ്ട് മാര്‍ച്ച്‌ മാസങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ ഒരു 'ഗമ ' യൊക്കെ ഉണ്ടാകും .. 
കയ്യെഴുത്ത് മാസികളില്‍ എഴുതാന്‍ അധ്യാപകര്‍ ഏല്‍പ്പിക്കുമ്പോള്‍ ഒരു ചെറിയ അഭിമാനമൊക്കെ തോന്നും .. 

അന്നൊക്കെ അധ്യാപകരില്‍ നിന്ന് കിട്ടുന്ന കുഞ്ഞു കുഞ്ഞു അംഗീകാരങ്ങള്‍ക്ക് 
എന്ത് മധുരമായിരുന്നു .. ചോക്ക് എടുത്തു കൊണ്ട് വരാന്‍ ഓഫീസ് റൂമിലേക്ക്‌ പറഞ്ഞയക്കുക , വടി എടുത്തു കൊണ്ട് വരാന്‍ എല്പ്പിക്കുക , അധ്യാപകര്‍ ഇല്ലാത്ത സമയങ്ങളില്‍ ഒച്ചയും ബഹളവും ഉണ്ടാക്കുന്നവരുടെ പേരെഴുതി സാറെ ക്കാനുള്ള ചുമതല ഏല്‍പ്പിക്കുക ഇതൊക്കെ വലിയ 'ബഹുമതി ' ആയി കണക്കാക്കും കുട്ടികള്‍ ..
ഇന്ന് സ്കൂളുകളില്‍ കോപ്പി എഴുത്ത് ഉണ്ടോ എന്തോ ? കോപ്പിയടി പിന്നെ ഇന്നും ഉണ്ടാകും 

ആധുനിക യുഗത്തില്‍ കയ്യക്ഷരങ്ങളുടെ പ്രസക്തി മങ്ങിത്തുടങ്ങി..
കമ്പ്യൂട്ടറുകള്‍ എഴുതി തുടങ്ങിയതോടെ കയ്യക്ഷരങ്ങള്‍ക്ക് വലിയ പ്രസക്തി ഇല്ലാതായി .
എഴുത്തിന്റെ മാധ്യമം മാറിമാറി വന്നാലും അക്ഷരങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ല..
അക്ഷരം അക്ഷയമായി തന്നെ തുടരും .
അന്നും ഇന്നും നാളെയും 'അ' യുടെ ഷേപ്പ് ദേ ഇങ്ങനെ തന്നെയാവും !

നാം വിചാരിക്കുന്നതിലും വേഗത്തില്‍ ആണ് കാലം മാറുന്നത്.
ഒരു പക്ഷെ സ്കൂളുകളും കോളേജുകളും ഒക്കെ ആവശ്യമില്ലാത്ത ഒരു കാലഘട്ടം വരും എന്ന് എനിക്ക് തോന്നുന്നു . അത്തരം ഒരു കാലം വന്നാല്‍ അതെന്തൊരു അനുഗ്രഹമായിരിക്കും ...

പഠനം ഓണ്‍ ലൈനില്‍ , പരീക്ഷയും ഓണ്‍ ലൈനില്‍ , റിസള്‍ട്ട് , ക്ലാസ്‌ കയറ്റം ഒക്കെ അങ്ങനെ തന്നെ . ആനന്ദ ലബ്ധിക്കു ഇതില്‍ പരം മറ്റെന്തു വേണം ?

മോള് മിക്കപ്പോഴും കേള്‍ക്കാറുള്ള ഒരു ഓണ്‍ ലൈന്‍ ക്ലാസ്‌ ഇയ്യിടെ കുറച്ചു നേരം ഞാനും കേട്ടിരുന്നു .

എത്ര മനോഹരമായ ക്ലാസ്‌ . അധ്യാപകനെ കാണുന്നില്ല എന്നേയുള്ളൂ .
ബോര്‍ഡ്‌ ഒക്കെ ഉപയോഗിച്ചാണ് ക്ലാസ്‌ .

സംശയങ്ങള്‍ വല്ലതും തോന്നിയാല്‍ കമന്റ് കോളത്തില്‍ എഴുതിയാല്‍ മതി .
മറുപടി കമന്റായി കിട്ടും . ഇതെങ്ങാനും സാധ്യമായാല്‍ വിദ്യഭ്യാസ രംഗത്ത് എത്ര വിസ്മയാവഹമായ വിപ്ലവം ആവും നടക്കുക ?

ബോറന്‍ അധ്യാപകരെയും അധ്യാപികമാരെയും സഹിക്കുന്നതിലപ്പുറം ഒരു വിദ്യാര്‍ഥിക്ക്
മറ്റെന്തു മുഷിപ്പും വെറുപ്പും ആണ് ഈ ലോകത്ത് ഉള്ളത് ? 
അതൊന്നും ഇവിടെ പ്രശ്നമാകില്ല .

രാവിലെ കുട്ടികള്‍ക്ക് ബസ്സിലും ഓട്ടോയിലും കേറി പ്രയാസപ്പെട്ടു സ്കൂളില്‍ പോകേണ്ട , അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കണ്ട . ബില്‍ഡിംഗ്കള്‍ വേണ്ട , ഫീസ്‌ കൊടുക്കേണ്ട ,
വിദ്യാഭ്യാസ കച്ചവടം ഉണ്ടാവില്ല , വിദ്യാഭ്യാസ മന്ത്രി പോലും വേണ്ടി വരില്ല .
സര്‍ക്കാര്‍ ഖജനാവ് മുടിയില്ല !!!
കുട്ടികള്‍ക്കും സുഖം , രക്ഷിതാക്കള്‍ക്ക് അതിലേറെ സുഖം .. 

അവിശ്വസിക്കാന്‍ വരട്ടെ ..
പണ്ട് കാലത്ത് ഒരു സിനിമ കാണാന്‍ എന്തായിരുന്നു പാട് .
വണ്ടി കേറിപ്പോകലും ടിക്കറ്റിനു ക്യൂ നില് ക്കലും വിയര്‍ത്തു കുളിയും 
മൂട്ടകടിയും ഒന്നും പറയണ്ട .
ഇന്നോ , ഒരു ക്ലിക്ക് മതി ഏതു 'പൂത്ത പട'വും പുത്തന്‍ പടവും നമുക്ക് മുമ്പില്‍ ഓടിത്തുടങ്ങാന്‍ ..
സ്വന്തം റൂമില്‍ കട്ടിലില്‍ കിടന്നു ആസ്വദിച്ചു കാണാം . 
അല്പം കണ്ടു പിന്നീട് വീണ്ടം കാണാം . എന്തൊരു സുഖം ? എന്ത് രസം ? 
ചെലവോ നാമമാത്രവും !

കത്തിന്റെയും ടെലഫോണ്‍ ന്റെയും ഒക്കെ കാര്യവും ഇങ്ങനെത്തന്നെ .

പണ്ടത്തെ സിനിമാ കൊട്ടകകള്‍ ഇന്നത്തെ കല്യാണ മണ്ഡപങ്ങള്‍ ആയ പോലെ ഇന്നത്തെ സ്കൂളുകളും കോളേജുകളും വല്ല ഷോപ്പിംഗ്‌ കോമ്പ്ലക്സ് കളോ 'യുസുഫലിമാളുകളോ ' ഒക്കെ ആവില്ലെന്ന് ആര് കണ്ടു ? 

അങ്ങനെ വന്നാല്‍ ചരിത്രത്തിലെ ഏറ്റവും ഭാഗ്യവാന്മാരായ കുട്ടികള്‍ അവരായിരിക്കും .. ??

8 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. പഠിച്ച് മിടുക്കരാവുന്നവര്‍ ഏറെ
    പഠിച്ച് മനുഷ്യരാവുന്നവര്‍ കുറവ്

    മറുപടിഇല്ലാതാക്കൂ
  2. കമ്പ്യൂട്ടറുകളെല്ലാം പണിമുടക്ക് സമരത്തില്‍ ഏര്‍പ്പെട്ടാലൊ മാഷെ?
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. പഠനം നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങാതിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  4. പണ്ട് കാലത്ത് ഒരു സിനിമ കാണാന്‍ എന്തായിരുന്നു പാട് .
    വണ്ടി കേറിപ്പോകലും ടിക്കറ്റിനു ക്യൂ നില് ക്കലും വിയര്‍ത്തു കുളിയും
    മൂട്ടകടിയും ഒന്നും പറയണ്ട .
    ഇന്നോ , ഒരു ക്ലിക്ക് മതി ഏതു 'പൂത്ത പട'വും പുത്തന്‍ പടവും നമുക്ക് മുമ്പില്‍ ഓടിത്തുടങ്ങാന്‍ ..
    സ്വന്തം റൂമില്‍ കട്ടിലില്‍ കിടന്നു ആസ്വദിച്ചു കാണാം .
    അല്പം കണ്ടു പിന്നീട് വീണ്ടം കാണാം . എന്തൊരു സുഖം ? എന്ത് രസം ?
    ചെലവോ നാമമാത്രവും !
    ഒരു വിചിന്തനം ആവശ്യപ്പെടുനീ ലേഖനം അഭിനന്ദനങ്ങൾ / സമീര് കോയക്കുട്ടി

    മറുപടിഇല്ലാതാക്കൂ
  5. വളര നന്നായിരിക്കുന്നു.നല്ല അവതരണം നല്ല വിവരണം ..ഏറ്റവും ഭാഗ്യവാന്മാരായ കുട്ടികള്‍ ......

    മറുപടിഇല്ലാതാക്കൂ
  6. അങ്ങിനെ ആകുന്നത്‌ നിര്‍ഭാഗ്യം അല്ലേ.....
    സ്‌കൂളില്‍ പോകുന്നത് ബുധിമുട്ടനെങ്ങിളും അതൊരു സുഖമല്ലേ
    വിദ്യ മാത്രമല്ലല്ലോ നമ്മള്‍ സ്‌കൂളില്‍ നിന്ന് പഠിച്ചതും അറിഞ്ഞതും???

    മറുപടിഇല്ലാതാക്കൂ
  7. അങ്ങിനെ ആകുന്നത്‌ നിര്‍ഭാഗ്യം അല്ലേ.....
    സ്‌കൂളില്‍ പോകുന്നത് ബുധിമുട്ടനെങ്ങിളും അതൊരു സുഖമല്ലേ
    വിദ്യ മാത്രമല്ലല്ലോ നമ്മള്‍ സ്‌കൂളില്‍ നിന്ന് പഠിച്ചതും അറിഞ്ഞതും???

    മറുപടിഇല്ലാതാക്കൂ
  8. iഇത് വിർച്ച്വൽ ക്ലാസ്സ്‌ റൂമുകളുടെ കാലമാണ് .നെറ്റുണ്ടെങ്കിൽ ഇന്ന് ഒരുപാട് കോഴ്സുകൾ നമുക്ക് വീട്ടിലിരുന്ന് പഠിക്കാം . സൈറ്റുകളിൽ രജിസ്റ്റർ ചെയ്താൽ മാത്രം മതി .

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്