2012, ഫെബ്രുവരി 5, ഞായറാഴ്‌ച

നീലക്കുപ്പായം



കണ്ണുകള്‍ ഇറുകെ അടച്ചിട്ടും  ഉറക്കം വരുന്നില്ല .
നാളെ നടക്കാന്‍പോകുന്ന രംഗങ്ങള്‍  മിഴിവുള്ള ചിത്രങ്ങളായി മനസ്സിലൂടെ  വന്നുപോയിക്കൊണ്ടിരുന്നു. 
അവന്‍  പഠിച്ചുവെച്ച പ്രസംഗം ഒന്നുകൂടി പറഞ്ഞു നോക്കി.

എത്ര കാണാതെപഠിച്ചാലും ജനങ്ങള്‍ക്ക് മുമ്പില്‍ എഴുന്നേറ്റു  നില്‍ക്കുമ്പോള്‍ ഒരുപക്ഷെ പറ്റെ മറക്കും . ഒരായിരം കണ്ണുകള്‍ ഒരാളെത്തന്നെ തുറിച്ചുനോക്കുമ്പോള്‍ ആരായാലും ഒന്ന് വിരണ്ടു പോകും .
കാല്‍മുട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കും . തൊണ്ട വരളും.
ഇടക്കെങ്ങാനും വല്ലതും മറന്നുപോയാല്‍ പിന്നെ എത്ര റീ അടിച്ചാലും കിട്ടില്ല . ആകെ ചമ്മിപ്പോകും .
ഒടുവില്‍ നാണംകെട്ട് സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടി വരും.

പാട്ടാണെങ്കില്‍  അത്ര പേടിയില്ല  . നോക്കിപ്പാടാം . കൂടെ പാടാന്‍ ബാപ്പുട്ടിയും ഉണ്ട്.
രണ്ടാളാകുമ്പോള്‍ പേടി പാതിയായി കുറയും . പാടിപ്പാടി പാട്ടും കാണാപ്പാഠം ആയിട്ടുണ്ട്‌. ... .......
'ആനക്കലഹം കഴിഞ്ഞതിന്‍ പിന്‍ 
അമ്പത്തി ഒന്നാം ദിനമതിലെ..'

പ്രസംഗം പഠിച്ചു കിട്ടാന്‍ ഇത്തിരി പാടാണ്‌... ; എന്നാലും ഇപ്പോള്‍ കുറച്ചു ധൈര്യം ഒക്കെ വന്നിട്ടുണ്ട്. 
വീടിനുപിറകിലെ പുളിമരച്ചോട്ടില്‍ , ആനക്കുട്ടികളെ പോലെ കിടക്കുന്ന  പാറക്കൂട്ടങ്ങള്‍ക്കു മീതെ കേറി നിന്ന് തെങ്ങിന്‍ മട്ടലുകൊണ്ട് പ്രത്യേകം സജ്ജമാക്കിയ  'റെഡി മെയ്ഡ് മൈക്കി'നു മുമ്പില്‍ വെച്ച് ആരും കാണാതെ പ്രസംഗിച്ചു  പരിശീലിച്ചിട്ടുണ്ട്; പലവട്ടം .
അത് കൊണ്ടാവും  ഒരാത്മവിശ്വാസം ഒക്കെ വന്നിട്ടുണ്ട് .

തോരണങ്ങളും ഈന്തോലകളും കൊണ്ട് മദ്രസ്സയും പരിസരവും പരമാവധി അലങ്കരിച്ചിട്ടുണ്ട്.
മുറ്റവും ചുറ്റുവട്ടവും ചെത്തിക്കോരി വെടിപ്പാക്കി . കാട് പിടിച്ചു കിടന്ന വരാന്തകളും മുക്കുമൂലകളും അടിച്ചു വാരി വൃത്തിയാക്കി .
എവിടെ നോക്കിയാലും ഒരു പുത്തന്‍ ഉണര്‍വ്വ് ; ഉന്മേഷം .

രാവിലെ ഏഴുമണിക്കുമുമ്പേ എല്ലാവരും എത്തണമെന്നാണ് ഉസ്താദിന്റെ നിര്‍ദേശം .
മിക്ക കുട്ടികള്‍ക്കും ഇന്ന് തന്നെപ്പോലെ ഉറക്കം വരില്ല.
എല്ലാ ആഘോഷങ്ങളുടെയും തലേന്ന് അങ്ങനെയാണ്.

വര്‍ണ്ണക്കടലാസ് പ്രത്യേക ആകൃതിയില്‍ വെട്ടിയെടുത്ത് പൂച്ചെടിക്കമ്പില്‍ പശ തേച്ചു  ഒട്ടിച്ചാണ് കൊടിനിര്‍മ്മാണം . പച്ച, ചുവപ്പ്, നീല , മഞ്ഞ , വയലറ്റ്  നിറങ്ങളില്‍ തീര്‍ത്ത കൊടികള്‍ കാണാന്‍ നല്ല രസമാണ്. കൊടിയുണ്ടാക്കലും അരങ്ങുകെട്ടലും ആയിരുന്നു  ഇന്നത്തെ പ്രധാന പരിപാടികള്‍ ..
മിക്ക ക്ലാസ്മുറികളിലും കലാപരിപാടികളുടെ റിഹേഴ്സലും നടക്കുന്നുണ്ടായിരുന്നു.

നാളെ അതിരാവിലെ കുട്ടികള്‍ കുളിച്ചൊരുങ്ങി പുത്തന്‍ ഉടുപ്പുകളുമിട്ട് എത്തും. ഓരോരുത്തര്‍ക്കും ഓരോ കൊടി കിട്ടും.  പിന്നെ അവയുമേന്തി വരിവരിയായി നീങ്ങും . കൂടെ മുതിര്‍ന്നവരും ഉണ്ടാകും .
മൈക്ക് സെറ്റ് ഘടിപ്പിച്ച വാഹനം ഒച്ചിന്റെ വേഗതയില്‍ ജാഥയോടൊപ്പം മെല്ലെ ചലിക്കും . 
റോഡിനു ഇരുവശത്തും  സ്ത്രീകളുംകുട്ടികളും ജാഥകാണാന്‍ കൌതുകപൂര്‍വ്വം നില്‍പ്പുണ്ടാകും . 
വിവിധ സംഘങ്ങള്‍ തയ്യാറാക്കിയ  അവിലുംവെള്ളവും  പലതരം മിഠായികളും കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും.

മദ്രസ്സയില്‍ നിന്ന് പുറപ്പെട്ടു കവല വരെയും തിരിച്ചു പുഴക്കല്‍ പാലം വരെയും ജാഥ പോകും . 
എല്ലാം കഴിഞ്ഞു രാത്രിയിലാണ് കലാപരിപാടികള്‍ . പാട്ട്, പ്രസംഗം , സംഘഗാനം, സംഭാഷണം  തുടങ്ങി വിവിധ പരിപാടികള്‍ നേരംപുലരും വരെ നടക്കും . ഉമ്മമാരും രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ കലാപ്രകടനം കാണാന്‍ നേരത്തെത്തന്നെ എത്തി സ്ഥലം പിടിച്ചിട്ടുണ്ടാവും .

നാളെ  ഒരു പുതുപുത്തന്‍ മണം മദ്രസ്സയാകെ ഒഴുകിപ്പരക്കും . മിക്ക കുട്ടികളും പുത്തന്‍ ഉടുപ്പുകളിട്ടാവും  വരിക. പുതിയ വസ്ത്രങ്ങളുടെ മണം തന്നെ എന്ത് രസമാണ്.

അതോര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.

കൂട്ടത്തില്‍ ഭേദപ്പെട്ട ഒന്ന്  ഉമ്മ അലക്കി ഉണക്കാനിട്ടിട്ടുണ്ട് .
പഴയതാണ് . പറ്റെ നരച്ച , ചുവന്ന നിറമുള്ള ഒരു കള്ളിക്കുപ്പായം .
സ്കൂളിലേക്കും മദ്രസ്സയിലേക്കും മിക്കപ്പോഴും അതുതന്നെയാണ് ഇടാറ്.
ഏറ്റവും അടിയിലെ ഒരു കുടുക്ക് പൊട്ടിപ്പോയിട്ടുണ്ട്.
പുതിയ ഒരെണ്ണം  എവിടെ നിന്നോ സംഘടിപ്പിച്ച്   തത്ക്കാലം തുന്നിപ്പിടിപ്പിച്ചിട്ടുണ്ട് ; ഉമ്മ.

അയല്‍ക്കാരനും കൂട്ടുകാരനും ബന്ധുവും സഹഗായകനുമൊക്കെയായ  ബാപ്പുട്ടിക്ക്  കുപ്പായങ്ങള്‍ ഒരുപാടുണ്ട്. അവന്റെ മിക്ക കുപ്പായങ്ങളും പുതിയത് പോലെയാണ് .
പോരാത്തതിന് നാളേക്കുവേണ്ടി അവനു  പ്രത്യേകം തുണിയും കുപ്പായവും എടുത്തിട്ടുമുണ്ട് .

ബാപ്പുട്ടി  അതൊക്കെ  കാട്ടിത്തന്നിരുന്നു .  ഒന്ന് മെല്ലെ പിടിച്ചു നോക്കി . പിന്നെ ഒന്ന് മണത്തു . നല്ല മിനുമിനുപ്പ് . വല്ലാത്ത തിളക്കം . കൊതിയൂറുന്ന പുത്തന്‍ മണം.
നീല നിറത്തില്‍ മെലിഞ്ഞ കരകളുള്ള  വെള്ളത്തുണി. പിന്നെ പുതിയ മോഡല്‍ വള്ളിചെരുപ്പ്.
'മാണെങ്കി ജ്ജൊന്ന് ഇട്ടു നോക്കിക്കോ ..'
ബാപ്പുട്ടി  പറഞ്ഞു.

ചെളിപുരണ്ട തികച്ചും ദരിദ്രമായ അവന്റെ   കാലുകള്‍  ഒരു പാമ്പ് മാളത്തിലേക്ക്‌ എന്ന പോലെ  ചെരിപ്പിനകത്തേക്ക് കേറിപ്പോയി.
'ഹായ്‌ , എന്ത് ചൊറുക്ക് എന്ത് സുഖം  ..'!! ഊരാന്‍ തന്നെ തോന്നുന്നില്ല .
'മ്മ കണ്ടാ ഞ്ഞെ ചീത്ത പറീം..' ബാപ്പുട്ടിക്ക് പേടി .

മനമില്ലാമനസ്സോടെ  കാലുകള്‍   വലിച്ചെടുത്തു.
ഇങ്ങനെയൊരു ചെരുപ്പ് ഒരിക്കലെങ്കിലും എന്നാണാവോ ഒന്നിടാന്‍ പറ്റുക ..?
എവിടെ നിന്നോ ഒരു നെടുവീര്‍പ്പ് പൊടുന്നനെ വന്നു തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിച്ചു.
ബാപ്പുട്ടി  ചെരുപ്പുകള്‍ വാങ്ങി, അരുമയോടെ പാക്കറ്റില്‍ ഇട്ടു പാത്തുവെച്ചു .
'നാളെ ഇടാനുള്ളതാ.. '


അതൊക്കെയണിഞ്ഞു നല്ല ശുജായി ആയിട്ടായിരിക്കും നാളെ ബാപ്പുട്ടിയുടെ വരവ്. അവന്റെ കൂടെ നിന്ന് പാടേണ്ട ആളാണ്‌ ഞാന്‍ .. വേദനയോടെ ഓര്‍ത്തു.


ബാപ്പുട്ടിയുടെ  ഉപ്പ മാനുക്കാക്കുവിന് ചായക്കച്ചവടം ആണ്.  
അവിടെ ദോശയും ചട്ട്ണിയും കലത്തപ്പവും ഉഴുന്നുവടയും  പുട്ടും പഴവും 
പൊക്കാവടയും  നെയ്യപ്പവുമൊക്കെ  ചില്ലലമാരയിലിരുന്നു കാണികളോട് ചിരിക്കുന്നുണ്ടാവും . പിന്നെ നല്ല വലുപ്പമുള്ള ഉണ്ടയുമുണ്ടാകും. ഒരുണ്ട തിന്നാല്‍ തന്നെ പള്ള നിറയും . ഉണ്ടയോടാണ് ഏറെ ഇഷ്ടം .
പെങ്ങള്‍ മാളുവിന്റെ കോഴികള്‍ ചിലപ്പോള്‍ കൂട്ടില്‍ത്തന്നെ മുട്ടയിടും . മിക്കപ്പോഴും മുട്ടയിടാനാവുമ്പോള്‍ കോഴി വീട്ടിനകത്തൂടെ കൊക്കിപ്പാറി നടക്കും . അന്നേരം മാളു കോഴിയെ പിടിച്ചു ഒരു കൊട്ടക്കടിയില്‍ ഇടും . കാര്യം സാധിച്ചു കഴിഞ്ഞാല്‍ വലിയ ബഹളം കേള്‍ക്കാം . അപ്പോള്‍ കോഴിയെ തുറന്നു വിടും.


കൂട്ടില്‍ മുട്ടയിടുന്നതാണ് അവനിഷ്ടം . അങ്ങനെയാവുമ്പോള്‍ മാളു കാണാതെ മുട്ട കട്ടെടുക്കാം . പീടികയില്‍ കൊണ്ട്പോയി മുട്ട വിറ്റുകിട്ടിയ കാശിനു ഉണ്ട വാങ്ങാം.. മുട്ടതിന്നാല്‍ പള്ള നിറയില്ല . ഉണ്ട തിന്നാല്‍ നിറയും...!!


ബാപ്പുട്ടിയുടെ വല്ലിമ്മയാണ് ഉണ്ട ചുടുക . തിളച്ചു പൊങ്ങുന്ന വെളിച്ചെണ്ണയിലേക്ക് ചുരുട്ടിപ്പിടിച്ച വിരലുകള്‍ക്കിടയിലൂടെ മാവുരുളകള്‍ ഞെങ്ങിഞെരുങ്ങി പുറത്തേക്കു ചാടും. ച്ശീ .. എന്ന ശബ്ദത്തോടെ എണ്ണക്കുളത്തിലേക്ക് ഒന്ന് താഴ്ന്നു പോയി പൊടുന്നനെ മുങ്ങി നിവരും . അപ്പോഴേക്കും വെളുത്ത നിറം മാറി ആളാകെ ചെമന്നിരിക്കും. പൊള്ളച്ചു വീര്‍ത്തു വലുതായി കൊതിപ്പിക്കുന്ന ഗന്ധവുമായി അവന്‍ എണ്ണയില്‍ കിടന്നു പുളയും . അപ്പോഴേക്കും അടുത്ത ഉരുള  എണ്ണക്കുളത്തിലേക്ക്  ചാടാന്‍ വെമ്പി നില്‍ക്കുന്നുണ്ടാവും . പഞ്ചായത്തു കുളത്തിലേക്ക് പിറന്നപടി എടുത്തുചാടാന്‍ കാത്തുനില്‍ക്കുന്ന വികൃതിക്കുട്ടികളെപോലെ .


ബാപ്പുട്ടി സ്നേഹമുള്ളവനാണ്. അവന്റെ ഉപ്പ പള്ളിയിലേക്ക് നിസ്ക്കരിക്കാന്‍ പോകുമ്പോള്‍ മക്കാനിയുടെ ചുമതല ഇത്തിരിനേരം അവനായിരിക്കും . ബാപ്പ പോയാല്‍ പിന്നെ സൂപ്പി മൂപ്പന്‍ ! മഗ് രിബു നിസ്ക്കാരത്തിന് മാനുക്കാക്കു പള്ളിയില്‍ പോകുന്ന തക്കം നോക്കി മെല്ലെ അങ്ങാടിയിലേക്ക് കേറും . ബാപ്പുട്ടിയാണ് മക്കാനിക്കാരന്‍ എങ്കില്‍ അവന്‍ എന്നെ മാടിവിളിക്കും . എന്റെ ഉണ്ടക്കണ്ണുകള്‍ അപ്പോള്‍ ഉണ്ടയിലായിരിക്കും . അത് കണ്ടറിഞ്ഞു അവന്‍ ഒന്നെടുത്തു തരും. എന്നിട്ട് അവന്‍ പറയും :
'പ്പ വരണീന്റെ മുമ്പ് തിന്നോ..' 
നിമിഷനേരംകൊണ്ട് ഉണ്ട എത്തേണ്ടിടത്ത് എത്തും..

മിക്കപ്പോഴും രാവിലെ അരി വറുത്തത്  ആയിരിക്കും .ചായക്ക് കടി. ദോശയും ചട്ട്ണിയും പോരാത്തതിന് ഒരു ഗ്ലാസ് പശുവിന്‍പാലും കുടിച്ചു വലിയ വയറുമായി വരുന്ന ബാപ്പുട്ടിയും അവനും  തമ്മില്‍ ശാരീരികമായി ഒരു ചേര്‍ച്ചയും ഇല്ലായിരുന്നു . നെയ്യൊഴിച്ച കഞ്ഞിയും ചോറും  വിവിധയിനം കൂട്ടാനും ഇറച്ചിയും മീനും ഒക്കെ മതിയാവോളം കഴിച്ചിട്ടും അവന്‍  വെളുത്തിട്ടല്ല . ഒരു കരുമാടിക്കുട്ടന്‍ . കറുത്ത ചുണ്ടുകളും ഇരുണ്ട നിറവും . പക്ഷെ പുറമെ കറുത്തവനാണെങ്കിലും അവന്റെ അകം വെളുപ്പാണ്‌ . 

ഇടക്കെപ്പോഴോ ഒന്ന് മയങ്ങി . ഉപ്പ സുബഹിക്ക് പള്ളിയിലേക്ക് പോകാന്‍ എഴുന്നേറ്റിരിക്കുന്നു . 
ഉമ്മ അടുക്കളയിലാണ് . പെട്ടെന്ന് മുഖവും കൈകാലുകളും കഴുകി വന്നു. ഉണക്കാന്‍ വേലിപ്പുറത്ത് ഇട്ടിരുന്ന കുപ്പായം എടുത്തുകൊണ്ടു വന്നു . 
ഇന്നും ഇത് തന്നെയിട്ടു എങ്ങനെ പോകും ..
മനസിനകത്ത് ഒരു കുഞ്ഞു പക്ഷി തലതല്ലിക്കരഞ്ഞു .


അപ്പോഴാണ്‌ ഒരു ആശയം തോന്നിയത് .
അടുക്കളയിലേക്കു ഓടിച്ചെന്ന് ഉമ്മയോട് പറഞ്ഞു:
'മ്മാ ബാപ്പുട്ടിന്റെ പയേ ഒര് കുപ്പായം തര്വോ ന്നാവോ .. ങ്ങളൊന്നു പോയി നോക്ക്വോ ..?

അത് കേട്ട് ഉമ്മ വല്ലാതായി. പ്രായവും പ്രാരാബ്ദങ്ങളും നിഷ്ക്കരുണം വരച്ചുവെച്ച പ്രയാസങ്ങളുടെ രേഖാചിത്രങ്ങള്‍ക്ക് മായ്ച്ചു കളയാനാവാത്ത മനോഹരമായ ആ മുഖം മെല്ലെ മെല്ലെ ഇരുളുന്നതും ആ കണ്ണുകളില്‍ സ്നേഹവും നിസ്സഹായതയും ഇഴചേര്‍ന്നു തുളുമ്പി തൂവുന്നതും വീര്‍പ്പുമുട്ടലോടെ നോക്കി നിന്നു. അവര്‍ അവനെ  ഇറുകെ പിടിച്ചു ഒരുപാട് ഉമ്മ കൊടുത്തു. എന്നിട്ട് ഉമ്മ ബാപ്പുട്ടിയുടെ വീട്ടിലേക്കു ഓടിപ്പോയി ..
'അവന്റെ പഴയതായാലും മതി . എനിക്ക് അതും പുതിയതാണല്ലോ..' 
മനസ്സില്‍ അത് മാത്രമേ  ഉണ്ടായിരുന്നുള്ളൂ .

ഉമ്മ തിരിച്ചു വരുമ്പോള്‍ ആ മുഖത്തെ പ്രകാശം പറ്റെ കെട്ടിരുന്നു. 
ഒരു നീലക്കുപ്പായം ഉമ്മാന്റെ കൈകളിലിരുന്നു ചിരിക്കുന്നുണ്ട്.
'എത്തര നല്ല കുപ്പായം ണ്ട് ? ന്നിട്ട് ഓള് തന്നതാണിത് ...' 
ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
'റബ്ബേ ജ്ജ് ഇതൊക്കെ കാണുണ് ല്ലേ..' ? 

ഉമ്മാന്റെ കയ്യില്‍  നിന്നു കുപ്പായം വാങ്ങി തിരിച്ചും മറിച്ചും നോക്കി. 
അവിടവിടെ ഒന്നുരണ്ടു ചെറിയ കീറലുണ്ട് ..!! അത്രേയുള്ളൂ .
ആ കീറിയ ഭാഗത്ത്  വിരലുകള്‍ കൊണ്ട് അവന്‍ മെല്ലെ തലോടി.   
'ന്നാലും മ്മാ ഇതെന്നെ നല്ലത് ; ന്റീനെക്കാളും.. '
അന്നേരം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമ്മ വരുന്നത് കണ്ടു. 
കയ്യില്‍ സൂചിയും നൂലുമായി !!




71 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. വിശപ്പ്‌ ആയിരുന്നു ഒരുകാലത്തെ മനുഷ്യരുടെ ഏറ്റവുംവലിയ
    വിഷയം. വയര്‍നിറയെ ആഹാരംകഴിക്കുക എന്നത് ഒരുസ്വപ്നമായി കൊണ്ട്നടന്നിരുന്ന ഒരുകാലം കഴിഞ്ഞുപോയി. ഇന്നത്തെ മധ്യവയസ്ക്കരില്‍ മിക്കപേരും ഈ ജഠരാഗ്നിയില്‍ എരിപൊരി കൊണ്ടവരാണ്.
    അന്നത്തെ എഴുത്തുകാരുടെ രചനകളിലൊക്കെ വിശപ്പ്‌ ഒരു പ്രധാനപ്രമേയമായി കടന്നുവന്നത് അത്കൊണ്ട് കൂടിയായിരിക്കും .. കാരൂര്‍ മുതല്‍ ബഷീര്‍, എം.ടി, ചുള്ളിക്കാട് വരെയുള്ള മഹാപ്രതിഭകള്‍ വിശപ്പിനെക്കുറിച്ച് ഭംഗിയായി പറഞ്ഞുവെച്ചിട്ടുണ്ട് .
    ഇന്ന് വിശപ്പ്‌ എവിടെയും കടന്നുവരുന്നില്ല . എഴുത്തില്‍ പ്രത്യേകിച്ചും..

    ഒരു ദരിദ്രകാലത്തിന്റെ നിറമില്ലാത്ത കടലാസില്‍ പതിഞ്ഞ ജീവിതത്തിന്റെ വികലമായ ഒരു കയ്യൊപ്പാണിത്.
    വിശപ്പിനെക്കുറിച്ച് നിങ്ങള്‍ക്കും ഉണ്ടാകും പറയാന്‍ ..

    മുമ്പിലൂടെ നടന്നു പോകുന്ന സുന്ദരികളുടെ നിറഞ്ഞു തുളുമ്പുന്ന മാറിടങ്ങള്‍ ആപ്പിളുകള്‍ ആയെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരു കഥാപാത്രത്തെ എവിടെയോ വായിച്ചത് ഓര്‍ത്തു പോകുന്നു ...!!!

    മറുപടിഇല്ലാതാക്കൂ
  2. ഇമ്പിച്ചിക്കോയ2012, ഫെബ്രുവരി 6 8:13 PM

    ഞാന്‍ കാളികാവ് എന്ന ഞങ്ങളുടെ നാട്ടുക്കാരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത പോസ്റ്റാണ് ഇവിടെ കമ്മെന്റ് ആയി ഇടുന്നത് ..
    ഇത്തിരി കൊച്ചു കാര്യം കേട്ടാലും...
    _______________
    പത്ത് മുപ്പത് കൊല്ലം മുമ്പാണെന്ന് തോന്നുന്നു... എന്‍റെ കുട്ടിക്കാലം എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ പലരുടെയും കുട്ടിക്കാലം..ആ കാലം എന്ന് പറഞ്ഞാല്‍ വറി പിടിച്ച് ,,പട്ടിണി കിടക്കുന്ന ഒരു കര്‍ക്കിടക മാസം..അന്ന് ഒരു ദിവസം നേരം വെളുത്തപ്പോള്‍ കണ്ടത് തോരാതെ പെയ്യുന്ന മഴ . ..ഒത്തു പള്ളിയില്‍ പോവാന്‍ ഒരു ചായ ഉണ്ടാക്കാനുള്ള ചക്കര പോലും വീട്ടില്‍ ഇല്ല..അയല്‍പക്കതും ഇതേ അവസ്ഥ ..മഴയാനെങ്കില്‍ ചോരുന്നും ഇല്ല..സ്കൂള്‍ സമയമായപ്പോള്‍ പായിയില്‍ കിടന്നുറങ്ങിയ എന്നെ ഉമ്മ വിളിച്ചുണര്‍ത്തി സ്കൂളില്‍ പോവാന്‍ പറഞ്ഞു...വിശന്നു പൊരിഞ്ഞ് കിടക്കുന്ന ഞാന്‍ കരഞ്ഞു കൊണ്ട് ഇന്ന് സ്കൂളില്‍ പോവുന്നില്ല എന്ന് പറഞ്ഞു നോക്കി..ഉമ പറഞ്ഞു നീ സ്കൂളില്‍ പോയാല്‍ നിനക്ക് അവിടെ നിന്നും കിട്ടുന്ന ഉപ്പ് മാവ് എങ്കിലും തിന്നാലോ..ഞാന്‍ പകുതി പൊളിഞ്ഞ സ്ലൈട്ടും പിടിച്ച് വാഴ ഇല തലയില്‍ വെച്ച് സ്കൂളില്‍ പോയി.. അന്ന് താഴെ സ്കൂളും ,,മേലെ സ്കൂളും ആയിരുന്നു..ഞാന്‍ മേലെ സ്കൂളില്‍ ആയിരുന്നു..അതായത് ഇന്ന് വര്‍ണ്ണം ടെസ്ടില്‍സ് നില്‍ക്കുന്ന ബില്‍ഡിംഗ്...ഞാന്‍ അന്ന് മൂന്നാം ക്ലാസ്സിലോ , നാലാം ക്ലാസിലോ എന്ന് ഓര്‍മയില്ല..ഏതായാലും എങ്ങിനെയൊക്കെയോ ഉച്ചയായി കിട്ടി..മഴ അപ്പോഴും ചോര്‍ന്നിട്ടു ഉണ്ടായിരുന്നില്ല..നമ്മുടെ താത്ത ആയിരുന്നു ഉപ്പ് മാവ്‌ ഉണ്ടാക്കിയിരുന്നത്.. സ്കൂളിന്റെ പിറകു വശത്ത് പോയി തെക്കിന്റെ ഇല ഞങ്ങള്‍ കുറച്ചു കുട്ടികള്‍ സങ്കടിപ്പിച്ചു ...പിന്നെ മേലെ സ്കൂളിന്റെ ബാക്കില്‍ പോയി ഉപ്പ് മാവ് വാങ്ങി..എല്ലാവരും ഇല ചുരുട്ടി ഉപ്പുമാവ് വാങ്ങി സ്കൂളിന്റെ സൈഡിലേക്ക് ഓടി..ഞാനും ഓടി..ഒരു ഒന്ന് ഒന്നര തീറ്റ തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടിലെ കാര്യം ഓര്‍ത്തു ..ഞാന്‍ ആ ഇലയിലുള്ള ബാക്കി ഉപ്പുമാവ് പൊതിഞ്ഞ് നേരെ വീട്ടിലേക്കു ഓടി..അപ്പോഴേക്കും മഴയെല്ലാം ചോര്‍ന്നിരിന്നു..വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരെയും കാണുന്നില്ല..ഞാന്‍ അയല്‍ പക്കതുള്ള വല്ലിമ്മാനോട് ചോദിച്ചപ്പോള്‍ വല്ലിമ്മ പറഞ്ഞു അവരൊക്കെ പൂള കിസര്‍ പൊറുക്കാന്‍ പോയിരിക്കുകയാണെന്ന് പറഞ്ഞു.( പൂള പറിച്ചു കൊടുത്താല്‍ അതിലുള്ള ചെറിയ കഷ്ണങ്ങള്‍ കിട്ടുന്നതാണ് ഈ പൂള കിസര്‍ )...ഞാന്‍ നിന്ന് കരഞ്ഞു ,,കാരണം എന്നെ കൊണ്ട് പോവാതെ പോയതിലുള്ള സങ്കടം തന്നെ,,ഞാന്‍ നേരെ പാടത്തേക്ക് പാഞ്ഞു ചെന്നു..ആ കിസര്‍ പൊറുക്കാന്‍ ഞാനും കൂടി കൊടുത്തു..ഒരു കുട്ടിചാക്ക് കിസരും കൊണ്ട് ഞാനും ഉമ്മയും , ജെഷ്ടനും ,പെങ്ങന്മാരും ഗമയോടെ വീട്ടിലേക്കു നടന്നു..വീട്ടില്‍ ചെന്ന് പൂള എല്ലാം തോലിച്ചു അടുപ്പത്തു വെച്ച്..പിന്നെ തൊടിയില്‍ ഉണ്ടായിരുന്ന ചീനാ പറങ്കി മുളക് അരച്ച് ചമ്മന്തി ഉണ്ടാക്കി..ആ പൂളയുടെയും ,,ചമ്മന്തിയുടെയും ടിസ്റ്റ് ഇപ്പോഴും നാവില്‍ ഉണ്ട്.....ഇത് കഥയല്ല അന്നത്തെ ആ കര്‍ക്കിടക മാസത്തിലെ ഒരു ദിവസത്തെ അനുഭവം മാത്രം.....

    മറുപടിഇല്ലാതാക്കൂ
  3. എവിടെയൊക്കെയോ ചില ഓര്‍മ്മകള്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. പ്രിയ കൂട്ടുകാരന്‍ അവനറെ ഉപ്പ മരിച്ച നാല്പതിന്റെ അന്ന് എന്നെ വിളിച്ചു ..നീ വന്നോളണ്ടി ചോറും മോരു കാച്ചിയതും ഉണ്ട്
    ആ ഒരു ദിനമാണ് ആദ്യം ഓര്‍മ്മയില്‍ എത്തിയത് .. മാഷെ ..നന്ദി ..കൂടെ നാല് വരികളും

    കാത്തു കാത്തിരുന്നോടുവില്‍ ആ ദിനം വന്നെത്തി
    സുപ്രയില്‍ നെയ്ച്ചോറു ചാറും പപ്പടം നിരത്തി
    അളിയന്കാക്ക ഒടുവിലത്തെ പപ്പടം പൊട്ടിച്ചു
    അതിന്റൊച്ച കേട്ടു എന്റെ കണ്ണില്‍ ചാലുകള്‍ നീരിട്ടു
    വായ പൊത്തി പിടിച്ചെന്റെ ഉമ്മ കാതില്‍ ചൊല്ലി
    വരുന്ന വെള്ളിയാഴ്ച വാപ്പാന്റെ ആണ്ടു ഉണ്ട് എന്ന് .

    മറുപടിഇല്ലാതാക്കൂ
  4. "മുമ്പിലൂടെ നടന്നു പോകുന്ന സുന്ദരികളുടെ നിറഞ്ഞു തുളുമ്പുന്ന മാറിടങ്ങള്‍ ആപ്പിളുകള്‍ ആയെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരു കഥാപാത്രത്തെ എവിടെയോ വായിച്ചത് ഓര്‍ത്തു പോകുന്നു ...!!!"
    ___ വിശപ്പിന്റെ ശക്തിയെ auto motivations-സിലൂടെ സ്പഷ്ടമാക്കുന്ന വരികൾ.

    ‎___ ഭൂരിപക്ഷവും മറന്നുപോയിരിക്കുന്ന, സാഹിത്യ ആവിഷ്കാരങ്ങളിൽ നിന്ന് മറഞ്ഞുപോയിരിക്കുന്ന ഏറ്റവും ശക്തമായ വികാരം! .... ഓർമ്മപ്പെടുത്തിയതിന് നന്ദി!

    മറുപടിഇല്ലാതാക്കൂ
  5. നല്ല എഴുത്ത്...
    അറിയാതെ മനസൊന്ന് വേദനിച്ചു...
    ഇതിനപ്പുറം മറ്റൊരു കമന്റ് വേണോ?

    മറുപടിഇല്ലാതാക്കൂ
  6. ഉസ്മാന്‍,
    നല്ല പോസ്റ്റ്
    ഉമ്മാന്റെ കയ്യില്‍ നിന്നു കുപ്പായം വാങ്ങി തിരിച്ചും മറിച്ചും നോക്കി.
    അവിടവിടെ ഒന്നുരണ്ടു ചെറിയ കീറലുണ്ട് ..!! അത്രേയുള്ളൂ .
    ആ കീറിയ ഭാഗത്ത് വിരലുകള്‍ കൊണ്ട് അവന്‍ മെല്ലെ തലോടി.
    'ന്നാലും മ്മാ ഇതെന്നെ നല്ലത് ; ന്റീനെക്കാളും.. '
    അന്നേരം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉമ്മ വരുന്നത് കണ്ടു.
    കയ്യില്‍ സൂചിയും നൂലുമായി !!

    അവസാനം വേദനിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  7. ന്നാലും മ്മാ ഇതെന്നെ നല്ലത് ; ന്റീനെക്കാളും..

    നിറഞ്ഞ കണ്ണുകള്‍ അമര്‍ത്തി തുടച്ചു ഞാനിറങ്ങുന്നു... ഒന്നും പറയാന്‍ കഴിയാതെ...

    മറുപടിഇല്ലാതാക്കൂ
  8. കഥയായി കാണാന്‍ ആകുന്നില്ല. കാരണം, ചിലയിടങ്ങളില്‍ എന്റെ ബാല്യവുമുണ്ട്. കഥയിലേക്ക് ക്ഷണിക്കുന്ന വരികള്‍ വലിയ വാക്കുകള്‍ പെയ്യിക്കും. സ്നേഹ സലാം.

    മറുപടിഇല്ലാതാക്കൂ
  9. ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു, വിശപ്പിന്‍റെയും,
    ദാരിദ്യത്തിന്‍റെയും യാതനനിറഞ്ഞ പൂര്‍വ്വകാലചരിത്രം.
    ഇന്നത്തെ സമ്പന്നതയില്‍ പിന്നിട്ടുപോന്ന പിന്‍കാല
    ഓര്‍മ്മകള്‍ ഉണരുന്നത് ഇത്തരത്തിലുള്ള ഓര്‍മ്മപ്പെടുത്തലുകളില്‍ കൂടിയാണ് ഏറെയും.
    അഭിനന്ദനങ്ങള്‍,.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  10. പുതിയ തലമുറ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഈ ഓര്‍മപ്പെടുത്തലുകള്‍ ഇന്നലെയുടെ യാഥാര്‍ത്യങ്ങള്‍ ആയിരുന്നു .............

    മറുപടിഇല്ലാതാക്കൂ
  11. ഈ പോസ്റ്റു കണ്ണുകളില്‍ അല്പം നനവ്‌ പടര്‍ത്തി,ഓര്‍മകളെ പഴയ ബാല്യ കാലത്തേയ്ക്ക് എത്തിച്ചു. ഇതുപോലുള്ള ഒരു നബി ദിനം.
    ചെമ്മാട് ഖിദുമത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ പഠിക്കുന്നു. പണ്ട് മുതല്‍ക്കേ മദ്രസ്സയില്‍ നബിദിനത്തിന് ആണ്‍കുട്ടികള്‍ ജാഥയില്‍ വെള്ള വസത്രം ആണ് ഉപയോഗിക്കുന്നത്.ഞങ്ങളുടെ ബഹുമാനപ്പെട്ട സദര്‍ ഉസ്താത് വര്‍ഷങ്ങളായി നാട്ടില്‍ ശീലിപ്പിച്ച ഒരു ശീലമായിരുന്നു അത്. ഇപ്പോഴും അത് തുടരുന്നു. ഒരു നിയമല്ലെന്കിലും പലര്‍ക്കും നബിദിനത്തിന് പുതുയ വെള്ളവസ്ത്രം വാങ്ങും. പലര്‍ക്കും പഴയ വസ്ത്രം തന്നെ ആയിരിക്കും. വീട്ടില്‍ അന്നത്തെ കാലം ഏതെന്കിലും ഒരു പെരുന്നാള്‍ ദിവസം ആണ് കൊല്ലത്തില്‍ പുതിയ വസ്ത്രം കിട്ടുന്നത്. അല്ലെങ്കില്‍ മൂത്താപ്പ ഗള്‍ഫില്‍ നിന്ന് വരണം.
    എല്ലാ നബി ദിനത്തിലും ഞാന്‍ പഴയ ഏതെന്കിലും വെള്ള വസ്ത്രം ആയിരിക്കും ഇടുക. പുതുയ വസ്ത്രം ഇട്ടു കൊണ്ട് ജാഥയില്‍ ആനി നിരക്കുന്ന കൂട്ടുകാരുടെ ഇടയിലേക്ക് പഴയ വസ്ത്രം ഇട്ടുകൊണ്ട് ചെല്ലുന്ന എന്റെ മാനസിക വിഷമം എനിക്ക് ഇപ്പോഴും അറിയാം.
    ആ ഒര്മയിലൂടെ ഒക്കെ അറിയാതെ സഞ്ചരിച്ചു.

    മറുപടിഇല്ലാതാക്കൂ
  12. വായന പൂര്‍ത്തിയാക്കാന്‍ പലതവണ ഈറനണിഞ്ഞ കണ്ണ് തുടയ്ക്കേണ്ടിവന്നു.. അത്ര വിദൂരമായിരുന്നില്ല ഈ കാലമൊന്നും.. നടന്നു വന്ന വഴിത്താരകളില്‍ പലരുമുണ്ടായിരുന്നു ഇങ്ങിനെ.. ഇന്നവരെല്ലാം സര്‍വ്വേശ്വരന്‍റെ കൃപയാല്‍ ആ ദിനങ്ങളുടെ എതിര്‍പകുതിയിലാണെന്നത് മനസ്സ് നിറയ്കുന്നു..നല്ല എഴുത്ത്..ജീവിതമങ്ങിനെ തന്നെ വരച്ചുവെച്ചിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  13. ഇന്നലെ തന്നെ വായിച്ചിരുന്നു. മലയാളം ടൈപ്പിംഗിനുള്ള പ്രശ്നം കാരണമാണ്‌ കമെന്‌റ്‌ ഇന്നത്തേക്ക്‌ മാറ്റിയത്‌. കഥയുടെ ആദ്യ ഭാഗം തികച്ചും ഒരു നൊസ്റ്റാള്‍ജിക്ക്‌ ഫീലിംഗ്‌ ഉണ്‌ടാക്കി. നബിദിനത്തോടനുബന്ധിച്ച്‌ പോസ്റ്റിയത്‌ കൊണ്‌ടാവണം എഴുത്തുകാരന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വായനക്കാരന്‌റെ മനസ്സിലൂടെ പെട്ടെന്ന് സഞ്ചരിച്ചു. ഇത്തരം അനുഭവം ധാരാളം എനിക്കുള്ളതിനാല്‍ ആ രംഗങ്ങള്‍ ഞാന്‍ ഉള്‍ക്കൊണ്‌ടു.

    കഥാ സാരത്തിലേക്ക്‌ വന്നാല്‍ പ്രമേയത്തില്‍ വലിയ പുതുമയൊന്നുമില്ലെങ്കിലും തന്‍മയത്തത്തോടെയും അതിഭാവുകത്വമില്ലാതേയും എഴുതിയിട്ടുണ്‌ട്‌. ചില ഭാഗങ്ങള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു, പക്ഷെ എനിക്ക്‌ കൂടുതല്‍ ഇഷ്ടപ്പെട്ടത്‌ ആദ്യ ഭാഗമാണ്‌ കാരണം തുണിയും കുപ്പായവുമൊക്കെ എടുത്ത്‌ വര്‍ണ്ണക്കൊടികള്‍ പിടിച്ച്‌ ജാഥയില്‍ നീങ്ങുന്ന എന്‌റെ ബാല്യം ഞാന്‍ ഒാര്‍ത്ത്‌ പോയി. ആ ഭാഗം ഇഷ്ടപ്പെടാന്‍ കാരണം എന്‌റെ സ്വാര്‍ത്ഥതയാവാം. :) [:)] ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  14. ഉസ്മാന്‍ ജി പറഞ്ഞത് പോലെ ബഷീറും കാരൂരും ഒക്കെ വിശപ്പിനെ കുറിച്ച് ഒരു പാട് എഴുതിയിട്ടുണ്ട് ,കാരൂരിന്റെ കഥ 'ദൈവത്തിന്റെ കുപ്പായം 'സമാനമായ ഒരു കഥയാണ്‌ .പിന്നെ ടാഗൂരിന്റെ ഹോം കമിങ്ങിലെ പതിക് ചക്രവര്‍ത്തി ..ഈ കഥയും നൊമ്പരം ഉണ്ടാക്കി ..

    മറുപടിഇല്ലാതാക്കൂ
  15. വിശപ്പ് ഇന്നുമുണ്ട്, പക്ഷെ അത് നമ്മുടെ ഭാരതത്തിലല്ല, സോമാലിയ പോലുള്ള പട്ടിണി രാജ്യങ്ങളിൽ ഐക്യരാഷ്ട സഭയും, മറ്റു രാജ്യങ്ങളും ഏറെ സഹായിച്ചിട്ടും ഇന്നും അവൈടെ 40% പട്ടിണിയിൽ തന്നെ, അവരെ കുറിച്ചൊന്നും ഓർക്കാൻ നമ്മുടെ സാഹിത്യകാരന്മാർ ശ്രമിക്കാറില്ലെന്നതല്ലേ സത്യം.

    മറുപടിഇല്ലാതാക്കൂ
  16. ഇത് ഒരു കഥയല്ല , ഓര്‍മ്മകളെ തൊട്ടുണര്‍ത്തി ആയിരം കുതിര ശക്തിയോടെ സിരകളില്‍ വികാരം നിറച്ചു കണ്ണുകളില്‍ ചൂട് പകരുന്ന ഒരു ഓര്‍മ്മക്കുറിപ്പാണ് മാഷേ ഇത് .

    ഉള്ളില്‍ നെരിപ്പോടുമായി മക്കള്‍ക്ക്‌ വേണ്ടി സ്വയം ഉരുകുന്ന മെഴുകുതിരിയായി നമ്മുടെ പ്രിയപ്പെട്ട ഉമ്മമാര്‍ അനുഭവിച്ച വിവരണാതീതമായ മാനസിക വ്യഥകള്‍ ...

    മറവിയുടെ അഗാധതയില്‍ മുക്കിക്കൊന്ന ആ ബാല്യ കാല അനുഭവങ്ങള്‍ വീണ്ടും ഇതാ കണ്മുന്‍പില്‍ . നന്ദി മാഷെ ....

    മറുപടിഇല്ലാതാക്കൂ
  17. ഒത്തിരി ഒത്തിരി നന്ദി ....
    ഈറനണിഞ്ഞ മിഴികള്‍ മാഷിനായ് സമര്‍പ്പിക്കുന്നു ..
    പ്രാര്‍ത്ഥിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  18. എന്‍റെ ബാല്യത്തിലും ഇതുപോലെ ഒരു നരച്ച കുപ്പായത്തി ന്റെയും, ഉമ്മയുടെ കണ്ണീരിന്റെയും കഥയുണ്ട്. വേണ്ടപെട്ടാ ഒരാളുടെ കല്യാണത്തിന് പോകാന്‍ വേണ്ടി പിന്നി തുടങ്ങിയ ആ കുപ്പായം അലക്കി വെളുപ്പിച്ചു , ചിരട്ട പെട്ടികൊണ്ട് ( ഇസ്ത്രിപെട്ടി) ഇസ്ത്രിയിട്ടു പൊട്ടിയ കുടുക്കു തുന്നി തന്നു - ഹായ് ഇപ്പൊ നല്ല കുപ്പായം ആയി എന്ന് പറഞ്ഞു തന്നപ്പോള്‍ ഉമ്മയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ചാടിയത് , കണ്ണില്‍ പൊടി വീണിട്ട് അല്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  19. ഇതൊരു കഥ ആണോ?അല്ല പച്ചയായ ജീവിതത്തിന്‍ നേരനുഭവം ആണ് ഒരിക്കല്‍ കൂടി ബാല്യത്തിലേക്ക് തിരിച്ചു നടത്തിയ ഉള്ളടക്കം ഒരുപാട് ആളുകള്‍ക്ക് സെയിം പിച്ചില്‍ അനുഭവം ഉണ്ടാകും ഇരിങ്ങാട്ടിരി മാഷ്‌ അത് മനോഹരമായി പറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  20. മാഷേ ...
    ഉടുതുണിക്ക് മറു തുണിയില്ലാത്ത ഒരു ബാല്യകാലം നേരില്‍ കണ്ടവന്‍ ആയത് കൊണ്ടാവാം മാഷിന്റെ ഈ വരികള്‍ എന്റെ കണ്ണ് നിറച്ചുവെങ്കില്‍ അതില്‍ തെല്ലും അതിശയോക്തി ഇല്ല തന്നെ ....
    സ്കൂള്‍ വിട്ടു വന്നാല്‍ നനച്ചു അടുപ്പിനു മുകളില്‍ തൂക്കുന്ന കൈ കീറിയ കുപ്പായം ഇന്നും എന്റെ ഒരോര്‍മ്മ ആണ്. മാഷ്‌ വരച്ചിട്ട ആ ഉമ്മ എന്റെ അമ്മയും ...

    ആശംസകള്‍ മാഷേ ...

    മറുപടിഇല്ലാതാക്കൂ
  21. ദരിദ്രമായ ഒരു കാലത്തിന്റെ നിറം മങ്ങിയ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ എല്ലാവര്‍ക്കുമുണ്ട് പറയാന്‍ ഇങ്ങനെ ഒരു കാലം എന്ന് തിരിച്ചറിയുന്നു .ഒരു പുത്തന്‍ഉടുപ്പ് , ഒരു നേരത്തെ വയര്‍നിറഞ്ഞ ആഹാരം, വാസന സോപ്പ്തേച്ചു ഒരു കുളി .. ഇതൊക്കെയും ഒരു കാലഘട്ടത്തിലെ കുട്ടികളുടെ സ്വപ്നമായിരുന്നു ..

    ഒരു പെരുന്നാളിന് , ഒരോണത്തിനു, ഒരു ക്രിസ്തുമസ്സിന് അന്നേ ഈ സ്വപ്‌നങ്ങള്‍ ഒക്കെ പൂവണിയൂ..
    അത് കൊണ്ട് തന്നെ ആഘോഷങ്ങള്‍ക്കൊക്കെ എന്തൊരു മധുരമായിരുന്നു...
    ഇന്ന് ഭക്ഷണം വേണ്ട കുട്ടികള്‍ക്ക് .. അവര്‍ക്ക് എന്നും ആഘോഷം തന്നെ.. നമ്മുടെ കുട്ടികള്‍ ഭാഗ്യവാന്മാര്‍ ..
    ചാരം മൂടിക്കിടന്ന ആ ബാല്യകാല ഓര്‍മ്മകള്‍ ഇവിടെ പങ്കു വെച്ച എല്ലാ സഹൃദയര്ക്കും വന്നു, വായിച്ചു, നല്ല അഭിപ്രായം പറഞ്ഞ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും നന്ദി.. ഹൃദയപൂര്‍വം ...

    മറുപടിഇല്ലാതാക്കൂ
  22. വായിച്ചു പകുതി ആയപ്പോയെക്കും എന്താണ് പറയേണ്ടത് എന്നറിയില്ല കരഞ്ഞു എന്നു പറയാന്‍ പറ്റില്ല പക്ഷേ എന്തോ ഒരു വികാരം, ഒരു പാടു ഓര്‍മപ്പെടുത്തലുകള്‍ മാഷെ, ഒരു നിമിഷം പഴയ മദ്രസയിലേക്കും
    വര്‍ണക്കടലാസുകളിലേക്കും കൊണ്ട് പോയി, ഞാന്‍ ഒരു വര്‍ണക്കടലാസ് അറിയാതെ വെട്ടി എന്റെ മകന് കൊടുത്തു അവന്‍ ചോദിച്ചു, ഇത് എന്താണ് ബാപ്പ, ഞാന്‍ പറഞ്ഞു ഞങ്ങള്‍ പഠിക്കുമ്പോള്‍ ......
    കീറിയ ശര്‍ട്ടും നീല ശര്‍ട്ടും.........
    വളരെ നന്നായി പറഞ്ഞു മാഷെ.....
    മാഷ് വരച്ചിട്ടിരിക്കുന്നത് ഒരു പാടു പേരുടെ കുട്ടിക്കാലത്തെയാണ്, ബാപ്പൂടികളായിരിക്കില്ല അധികപേരും ......

    മറുപടിഇല്ലാതാക്കൂ
  23. ഓര്‍മകളില്‍ നൊമ്പരമുണര്‍ത്തി ഇരിങ്ങാട്ടിരി..
    നന്നായി വിവരിച്ചു. ഒഴുക്കോട് വായിച്ചു. നന്ദി. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  24. പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. എങ്കിലും ആഗ്രഹങ്ങൾ ബാക്കിയുണ്ടായിരുന്നു, ഉണ്ട്. കണ്ണുകൾ നനഞ്ഞത് പട്ടിണിയും ദാരിദ്ര്യവും ഉൾക്കൊള്ളാൻ കഴിയുന്നതുകൊണ്ടുമാത്രമല്ല, താങ്കളുടെ മനോഹരമായ കഥപറച്ചിൽ കൊണ്ടു കൂടിയാണ്..

    മറുപടിഇല്ലാതാക്കൂ
  25. പുതിയ തലമുറ എന്ന് പറയുന്നത് ഞാനൊക്കെ ജെനിച്ചതുമായ ആ കാലം, പക്ഷെ അന്ന് മാഷ് പറഞ്ഞപോലെ വിശപ്പ് ഒരു പ്രശ്നമല്ല അതൊക്കെ മാറി, പക്ഷെ അന്നും കരഞ്ഞു കണ്ണിര്‍ വാര്‍ത്തവരുണ്ട്, ഒരു പാട് പ്രശ്നങ്ങളെ കൊണ്ട് ഒരു കുപ്പായം ഇടാന്‍ കഴിയത്ത് എന്റെ ഒരു സ്നേഹിതന്‍ മദ്രസയില്‍ എന്റെ കുടയിലായിരുന്നു വന്നിരുന്നത്, ഒരിക്കല്‍ അവന്‍ എന്നോട് കരഞ്ഞു പറഞു അവന്റെ എല്ലാ സങ്കടവും, അന്ന് ഞാനും ചില സങ്കടങ്ങളിലായിരുന്നു, അന്ന് ഞങ്ങള്‍ മദ്രസയില്‍ പോയില്ല, പാടത്തിന്റെ വലിയ വര്‍മ്പിന്റെ താഴെ ഇരുന്ന് ഒരു പാട് സംസാരിച്ച് എനിക്ക് ജീവിതം എന്താണ് അവന്റെ ഒരോ കണ്ണൂനീരില്‍ നിന്നും മനസിലായി,
    ഇത് വായിച്ചപ്പൊ അത് ഓര്‍മവന്നു

    മറുപടിഇല്ലാതാക്കൂ
  26. വിശപ്പിന്റെ കഥകൾ എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ടൊരിക്കൽ. ഈ കതയും ഞാനതിലേക്ക് ചേർത്തു വെക്കുന്നു. മനസ്സു നീറുന്നു ഇക്കാ.. അത്രയും വേദന കാണുന്നു ഈ വരികളിൽ..

    മറുപടിഇല്ലാതാക്കൂ
  27. മാഷെ എന്ത് പറയണമെന്നറിയില്ല..
    ഈ തലമുറക്ക്‌ അപരിചിതമായ
    വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്റെയും വേദന...
    അനുഭവത്തിന്‍റെ ഈ തുള്ളികള്‍
    വായിക്കുന്ന അനേകരുടെയും അനുഭവം തന്നെ.
    ഇടയ്ക്കിങ്ങനെ ഓരോ ഓര്‍മപ്പെടുത്തലുകള്‍
    എത്രയോ നല്ലത്...
    ഓട്ടത്തിനിടയില്‍ ഒരു കണ്ണുനീര്‍ത്തുള്ളി എങ്കിലും
    ...

    മറുപടിഇല്ലാതാക്കൂ
  28. മാഷേ പിന്നെ വായിക്കാമെന്നു കരുതി ഒന്നോടിച്ചു നോക്കാമെന്ന് കരുതി ...ഓര്‍മ്മകലെന്നെ ആ മദ്രസ്സയിലെക്കും അവിടെ പഠിച്ചിരുന്ന കുട്ടികളിലെക്കുമെതിച്ചു ....ഈ കഥാ പാത്രങ്ങള്‍ മനസ്സിനെ നോവിച്ചു ..എവിടെയൊക്കെയോ പരിജയമുള്ള മുഖങ്ങള്‍ ..അവരില്‍ ആ പട്ടിണിക്കാരിന്നു മാളികകളില്‍ കഴിയുന്നു ..അന്നത്തെ പ്രൌഡിയുള്ള ആ കുട്ടികള്‍ ഇന്ന് നാട്ടു ജോലി പോലും ചെയ്യാന്‍ ആളുകള്‍ വിളിക്കാതെ ജീവിക്കുന്നു ...വരികളിലെ നബിദിനാഘോഷം ഇന്നും മറക്കാന്‍ കഴിയില്ല ..അന്ന് ഞങ്ങളുടെ നാട്ടില്‍ രണ്ടു മദ്രസ്സ ഉണ്ടായിരുന്നു ,,ഒന്ന് സുന്നിയും .മറ്റൊന്ന് മുജാഹിടും ..പരസ്പരം മത്സരത്തിലായിരുന്നു ജാഥകള്‍ നടക്കാറു ..നാനൂറോളം മക്കള്‍ ഒരു വശത്ത്‌ ..മറുഭാഗത്ത്‌ മുപ്പതില്‍ താഴെ ..പിന്നീടെപ്പോഴോ മുജാഹിദ് മദ്രസ്സ നബിദിനം നിറുത്തി ...കോടി പിടിച്ചു ഉച്ചത്തില്‍ സലാത്ത് ചെല്ലാനും ആളുകള്‍ കേള്‍ക്കെ മൈക്കില്‍ വിളിച്ചു കൊടുക്കാനും ഞാന്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു ....ഇനിയൊരിക്കലും തിരികെ കിട്ടാത്ത ആ നാളുകള്‍ ....നന്ദി മാഷേ

    മറുപടിഇല്ലാതാക്കൂ
  29. ഉണ്ടായിരുന്ന ഒരു ഷര്‍ട്ടില്‍ ബീടിത്തീ കൊണ്ട് തുള വീഴ്ത്തിയ സുഹൃത്തിനെ തല്ലിയ ഹരിയെ ഓര്‍മ്മ വന്നു ,കണ്ണുകള്‍ നനഞ്ഞു ,,ഉസ്മാന്‍ മാഷേ ,..

    മറുപടിഇല്ലാതാക്കൂ
  30. ഒന്നും പറയാനില്ല. വല്ലാതെ നൊമ്പരപ്പെടുത്തിയ കഥ..

    മറുപടിഇല്ലാതാക്കൂ
  31. ഗല്‍ഫിലെ ശീതീകരിച്ച മുറിയില്‍ നിന്നും ഇന്ന് ഇത് വായിക്കുമ്പോയും മുംബ് ഒരിക്കല്‍ അനുഭവിച്ച ഒരു സത്യം ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ പൊട്ടി കരഞ്ഞു പോയി മാഷെ ![! റൂമില്‍ ആ സമയം ആരും ഇല്ലാതദ്നന്നായ്

    മറുപടിഇല്ലാതാക്കൂ
  32. പ്രിയ ഉസ്മാനിക്ക,
    വായിച്ചു നെടുവീര്‍പ്പിട്ടു....എന്റെ കുടുക്ക് പൊട്ടിയ ഒറ്റക്കുപ്പായം ഓര്മ വന്നു...!
    ഇതിലെ അവന്‍ ഇവന്‍ തന്നെ....എവിടെയും ഉമ്മയുടെ സുന്ദര മുഖം പരിലസിക്കുന്നു...ഓര്‍മകള്‍ക്ക് പത്തരമാറ്റ്...!

    ഇന്ന് നമ്മളും നമ്മുടെ മക്കളും അനുഭവിക്കുന്ന ജീവിതം അന്നെത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ കൊടിയ ആഡംബരം തന്നെ. അല്ലാഹുവിനോട് ശുക്ര്‍ ചെയ്താലും പോര, സുജുദില്‍ വീഴണം.....

    മറുപടിഇല്ലാതാക്കൂ
  33. എന്താ സര്‍ എഴുതാ....... വായനക്കിടയില്‍ അറിയാതെ വീണു പോയ കണ്ണുനീര്‍ തുള്ളികള്‍.......അതാണെന്റെ അഭിപ്രായം..................

    മറുപടിഇല്ലാതാക്കൂ
  34. വിശപ്പ്‌ അറിഞ്ഞ തലമുറയുടെ ഒരു കാലഘട്ടത്തിന്റെ
    ഓര്‍മ്മകള്‍ മനസ്സില്‍ തട്ടുന്ന വിധമുള്ള അവതരണം..
    അഭിനന്ദനങ്ങള്‍ മാഷെ..

    മറുപടിഇല്ലാതാക്കൂ
  35. ഉള്ളു പൊള്ളി വേദനിക്കുന്നു മാഷേ.....
    അങ്ങയുടെ ഭാഷയില്‍ "മനസിനകത്ത് ഒരു കുഞ്ഞു പക്ഷി തലതല്ലിക്കരഞ്ഞു"

    മറുപടിഇല്ലാതാക്കൂ
  36. വായിച്ച് തീർത്തപ്പോൾ എന്റെ കണ്ണിൽ നിന്ന് ലേശം കണ്ണീർ പൊടിഞ്ഞോ ന്നൊരു സംശയം. ഹേ...യ്...ഇ...ല്ല...! തോന്നിയതാ. നന്നായിരിക്കുന്നു, ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  37. അവസാന ഭാഗം വല്ലാതെ വേദനിപ്പിച്ചു......

    മറുപടിഇല്ലാതാക്കൂ
  38. അതെ..എന്റെയും ബാല്യമിതില്‍ പതിഞ്ഞുകിടക്കുന്നുണ്ട്..ഒരു പാന്റ്സിടാനായി എത്രനാളാണ് കൊതിച്ചിട്ടുള്ളത്..ഓര്‍ക്കുവാന്‍ തെല്ലും ആഗ്രഹിക്കാത്ത പഴയ കാലത്തിന്റെ നേര്‍വര....

    മറുപടിഇല്ലാതാക്കൂ
  39. ഏതാണ്ടൊക്കെയും എന്നെ തന്നെ കാണാന്‍ കഴിയുന്നത് കൊണ്ടാവാം ഇതൊരു കഥയായി തോന്നിയില്ല.
    "പ്രായവും പ്രാരാബ്ദങ്ങളും നിഷ്ക്കരുണം വരച്ചുവെച്ച പ്രയാസങ്ങളുടെ രേഖാചിത്രങ്ങള്‍ക്ക് മായ്ച്ചു കളയാനാവാത്ത മനോഹരമായ ആ മുഖം മെല്ലെ മെല്ലെ ഇരുളുന്നതും ആ കണ്ണുകളില്‍ സ്നേഹവും നിസ്സഹായതയും ഇഴചേര്‍ന്നു തുളുമ്പി തൂവുന്നതും വീര്‍പ്പുമുട്ടലോടെ നോക്കി നിന്നു."

    ഈ വരികള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഉമ്മയെ ഒന്ന് വിളിക്കണമെന്ന് തോന്നി. എന്റെ ശബ്ദത്തിലെ നേരിയ ഇടര്‍ച്ച മനസ്സിലാക്കിയത് കൊണ്ടാവാം അസമയത്തെ വിളിയുടെ കാരണമന്വേഷിച്ചു. എന്റെ കൂട്ടുകാരന്‍ എഴുതിയതാണെന്നു പറഞ്ഞു ഞാനീ കഥ മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചു. കഥയും യാഥാര്‍ത്യവും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ പഠിച്ചിട്ടില്ലാത്ത ഉമ്മ "ആ മോനും പടച്ചവന്‍ ഖൈര്‍ നല്‍കട്ടെ" എന്ന് പ്രാര്‍ഥിച്ചു. ഞാന്‍ അമീന്‍ എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. എന്റെ പൊന്നുമ്മയുടെ പ്രാര്തനകളോളം എനിക്ക് ഇതിനു പകരമായി എഴുതാന്‍ ഒന്നുമില്ല..

    മറുപടിഇല്ലാതാക്കൂ
  40. ഈ കഥക്ക് കീഴെ ഹൃദയം കൊണ്ട് പ്രതികരിച്ച എല്ലാ മനസ്സുകളെയും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു . ഓരോ അഭിപ്രായവും നെഞ്ചോട്‌ ചേര്‍ത്ത് വെക്കുന്നു..
    shamzi :
    താങ്കളുടെ പ്രതികരണം എന്റെ എഴുത്ത് ജീവിതത്തിലെ മറക്കാനാവാത്ത ഒരു അക്ഷരപ്രസാദമായി മനസ്സില്‍ അങ്ങനെ കിടക്കും .. കാലങ്ങളോളം തീര്‍ച്ച.. നന്ദി..

    മറുപടിഇല്ലാതാക്കൂ
  41. ഈ കഥാ വായനക്കാരില്‍ ഉളവാക്കുന്ന പ്രതികരണം അറിയാന്‍ വേണ്ടി പതിവിനു വിപരീതമായി ഇതിന്റെ പ്രതികരണങ്ങള്‍ സബ്സ്ക്രൈബു ചെയ്തിരുന്നു . ഊഹിച്ചത് തന്നെയാണ് സംഭവിച്ചത് . മിക്ക ആളുകളും ഇത് ഒരു പഴയ തലമുറയുടെ പ്രശ്നം മാത്രമായി കണ്ടു. എന്നാല്‍ നമ്മുടെ ചുറ്റും ഇതേ വേദനയോടെ കഴിയുന്ന അനേകം പേര്‍ ഇപ്പോഴും ഉണ്ട് എന്നതു ദുഖകരമായ ഒരു സത്യമാണ്. ഒന്ന് രണ്ടു അനുഭവങ്ങള്‍ ഇവിടെ കുറിക്കട്ടെ
    നാല് വര്ഷം മുന്പ് കച്ചവടക്കാരനായിരുന്ന സമയത്ത് കടയില്‍ വരുന്ന ചില കസ്റ്റമേഴ്സ് ന്റെ സഹായത്തോടെ ഭക്ഷണത്തിനു വിഷമം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു .ജോലിക്കിടയില്‍ അപകടം സംഭവിച്ച ഒരു വ്യക്തിയുടെ വീട്ടില്‍ നാല് മാസത്തോളം ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊണ്ടിരിക്കെ ഒരു ദിവസം അദ്ദേഹം പറഞ്ഞു "ഇനി നിങ്ങള്‍ എന്നെ സഹായിക്കണ്ട . മക്കളെ യത്തീം ഖാനയില്‍ ചേര്‍ത്തു. ഇപ്പൊ പാലി യെറ്റിവ് ക്ലിനിക്കില്‍ നിന്ന് കിട്ടുന്ന അരി തന്നെ ഞങ്ങള്‍ക്ക് ധാരാളം ആണ് , നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഇവരെ ഒന്നുപോയി കാണണം എന്ന് പറഞ്ഞു ഒരു നമ്പര്‍ തന്നു." ഞങ്ങള്‍ വിളിച്ചപ്പോള്‍ ഞങ്ങളുടെ സമീപ സ്ഥലത്ത് തന്നെ അച്ഛന്‍ മരിച്ച ഒരു കുടുംബം . അച്ഛന്റെ മരണശേഷം കുടുംബം ചെലവ് കഴിഞ്ഞിരുന്നത് അമ്മയുടെ കൂലി പണിയും ഡിഗ്രിക്ക് പാതി വഴിയില്‍ നിര്‍ത്തിയ മൂത്ത മകള്‍ അടുത്ത വീട്ടില്‍ വീട് ജോലി ചെയ്യുന്നത് കൊണ്ടുമായിരുന്നു. ഈ പെണ്‍കുട്ടിക്ക് കാന്‍സര്‍ ബാധിച്ചിരിക്കുന്നു. അവളെ പരിചരിക്കാന്‍ അമ്മക്ക് പണിക്കു പോകാന്‍ കഴിയുന്നില്ല, അനിയാത്തി പഠനം നിര്‍ത്തി അടുത്ത വീട്ടില്‍ ജോലിക്ക് പോകുന്നു. ആ വരുമാനം കൊണ്ട് ഒരു ചെറിയ അനിയനും അടങ്ങുന്ന ആ കുടുംബം ചെലവ് കഴിയുന്നു . (അവര്‍ റേഷന്‍ കാര്‍ഡില്‍ APL ആണെന്ന് കൂടെ ഇവിടെ പ്രത്യകം പറയേണ്ടിയിരിക്കുന്നു.
    മറ്റൊരു സംഭവം അതേ സമയത്ത് തന്നെ , നാട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു കുടുംബത്തെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഓടിച്ചു അവര്‍ തൊട്ടടുത്തൊരു സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്നു. അവിടുത്തെ ഒരു മകന്‍ കാന്‍സര്‍ ബാധിതന്‍ ആണെന്ന് അറിഞ്ഞു ഒരു ബലി പെരുന്നാള്‍ തലേന്ന്നു അവനെ കാണാന്‍ വേണ്ടി സ്നേഹിതനോപ്പം അവിടെ പോയി . ഞങ്ങള്‍ ചെന്നപ്പോള്‍ അവനറെ വല്യുമ്മ അറഫ നോമ്പ് തുറക്കാന്‍ എന്തെങ്കിലും ലഭിക്കാന്‍ "അനാശാസ്യത്തിന് " പൊയ ചെറു മക്കളെയും കാത്തിരിക്കുന്നു. കട്ടന്‍ ചായ യല്ലാതെ ആ വീട്ടില്‍ മറ്റൊന്നും ഇല്ലായിരുന്നു .
    അത് കൊണ്ട് നമ്മുടെ കഴിഞ്ഞ കാലം നമുക്കിടയിലെ പലരുടെയും വര്‍ത്തമാന കാലം ആണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  42. കഥാപാത്രത്തിന് ഒരു പാട് തവണ ബാപ്പ പറഞ്ഞു തന്ന അനുഭവങ്ങളിലെ ബാപ്പയുടെ അതേ ഛായ. എന്നെപ്പോലെയുള്ള പുതുതലമുറയിലെ ആളുകള്‍ക്ക് ഇതെല്ലാം അപരിചിതമാവും. ഇത് വായിച്ചു വല്ലാതെ നൊമ്പരപ്പെടുന്ന വായനക്കാര്‍ക്ക് ഒരു ചെറിയ നര്‍മം ആവശ്യമെങ്കില്‍ ഇതില്‍ ഒന്ന് കയറിയേച്ചു പോവുക .

    (http://catvrashid.blogspot.in/2012/02/blog-post_08.html)
    എന്‍റെ ഹൈസ്കൂള്‍ പശ്ചാത്തലമായ ഏറ്റവും പുതിയ കഥ!! വായിക്കുക.. കമന്‍റുക.. !!! "സര്‍വരാജ്യനിരാശാകാമുകന്മാരേ സംഘടിക്കുവീന്‍. ചെമ്പന്‍കുഞ്ഞുമാരുടെ ചങ്ങലകളെ പൊട്ടിച്ചെറിയുവീന്‍."
    *****************************
    **********************************
    "വാടാ ആരിഫേ, നമുക്ക് ഇളനീര്‍ വെട്ടാന്‍ പോകാം". റസാഖ് വിളിച്ചു. "കഴിഞ്ഞ ആഴ്ച കിട്ടിയതിന്‍റെ ചൂട് ഇതുവരെ മാറിയിട്ടില്ല. അപ്പോഴേക്കും നിനക്ക് വീണ്ടും ഇളനീര്‍ വെട്ടണം അല്ലേടാ". ആരിഫിന്‍റെ മറുപടി.....

    മറുപടിഇല്ലാതാക്കൂ
  43. മാഷ്‌, നൊമ്പരപ്പെടുത്തി പറഞ്ഞു, പട്ടിണിയുടെയും ദാരിദ്രത്തിന്റെയും മുഖം ഇപ്പോഴും കണ്ണീരില്‍ കുതിര്‍ന്നാതായിരിക്കുമല്ലോ, നമുക്ക് ചുറ്റും സമാനമായ എത്രയോ സംഭവങ്ങള്‍ നടക്കുന്ന്നു. പകേഷേ പലരും കണ്ണ് തുറക്കാതെ ഉറക്കം നടിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  44. ഈ വഴി ആദ്യമായി, കരയിപ്പിച്ചല്ലോ കോയാ... വളരെ നന്നായി അവതരിപ്പിച്ചു, ഞാന്‍ ഈ നിമിഷം എന്റെ ചെറുപ്പ കാലത്തായി പോയി, കുറെ കൂട്ടുക്കാര്‍ ഉണ്ടായിരുന്നു ഇതുപോലെ.. ഭാവുകങ്ങള്‍ ഈ സുമനസ്സില്‍ നിന്നും

    മറുപടിഇല്ലാതാക്കൂ
  45. വിശപ്പിന്റെ കാലം കഴിഞ്ഞോ? ഇന്ത്യാ മഹാരാജ്യത്തിൽ എഴുപത്തഞ്ചു ശതമാനം മനുഷ്യരും ദിവസം ഒരു ഡോളർ പോലും വരുമാനമില്ലാത്തവരാണ്.......

    വിശക്കുന്ന കാലം, തുണിയുടുക്കാനില്ലാത്ത കാലം, ചികിത്സയില്ലാത്ത കാലം, വെള്ളമില്ലാത്ത കാലം, വീടില്ലാത്ത കാലം........ഇതൊക്കെ ഇന്നും പെരുമഴയായി ആർത്തിരമ്പുന്ന മനുഷ്യ ജീവിതങ്ങൾ കോടിക്കണക്കിനുണ്ട്. അവരെ കാണാതെ ജീവിയ്ക്കാൻ വേണ്ട കലയാണ് മനുഷ്യരിൽ പലരും അഭ്യസിയ്ക്കുന്നത്......

    കഥ നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  46. മുഹമ്മദ്‌ അഷ്‌റഫ്‌ സല്‍വ :
    വളരെ ഹൃദയഭേദകമായ അനുഭവമാണ് താങ്കള്‍ പങ്കുവെച്ചത് .. വിശപ്പുംദാരിദ്രവും ഇല്ലാത്ത ഒരുകാലം ഇന്നും സ്വപ്നം തന്നെയാണ് . പഴയകാലത്തെ അപേക്ഷിച്ചു അല്പം ഭേദപ്പെട്ടിട്ടുണ്ട് എന്നെ ഉള്ളൂ. Echmukutty പറഞ്ഞ പോലെ ,
    << വിശക്കുന്ന കാലം, തുണിയുടുക്കാനില്ലാത്ത കാലം, ചികിത്സയില്ലാത്ത കാലം, വെള്ളമില്ലാത്ത കാലം, വീടില്ലാത്ത കാലം........ഇതൊക്കെ ഇന്നും പെരുമഴയായി ആർത്തിരമ്പുന്ന മനുഷ്യ ജീവിതങ്ങൾ കോടിക്കണക്കിനുണ്ട്. അവരെ കാണാതെ ജീവിയ്ക്കാൻ വേണ്ട കലയാണ് മനുഷ്യരിൽ പലരും അഭ്യസിയ്ക്കുന്നത്......>>
    നന്ദി വ്യത്യസ്തമായ വിലയിരുത്തലുകള്‍ക്ക് ...

    മറുപടിഇല്ലാതാക്കൂ
  47. ഉള്ളിന്റെ ഉള്ളിലെവിടെയോ കൊത്തിവലിക്കുന്ന വേദനയുടെ കളിയാക്കൽ...
    എനിക്കു വിശക്കുമ്പോൾ ദേഷ്യം വരും... ഈ അടുത്തകാലത്താണ് ആ സത്യം മനസ്സിലാക്കിയത്.
    കുട്ടികാലത്ത് എത്രയോപേർ എന്റെ ദേഷ്യത്തിനു ഇരയായിട്ടുണ്ടായിരിക്കാം.

    മറുപടിഇല്ലാതാക്കൂ
  48. പഴയ കാലം അത് ഉള്ളവന്റെയും ഇല്ലാത്തവന്റെയും കാലം ...പണം ഇല്ലാത്തവന്റെയും സ്നേഹം ഉള്ളവന്റെയും...
    പുതിയ കാലം പണം ഉള്ളവന്റെയും സ്നേഹം ഇല്ലാത്തവന്റെയും ..

    ആശംഷകള്‍ ജീ

    മറുപടിഇല്ലാതാക്കൂ
  49. പ്രായവും പ്രാരാബ്ദങ്ങളും നിഷ്ക്കരുണം വരച്ചുവെച്ച പ്രയാസങ്ങളുടെ രേഖാചിത്രങ്ങള്‍ക്ക് മായ്ച്ചു കളയാനാവാത്ത മനോഹരമായ ആ മുഖം മെല്ലെ മെല്ലെ ഇരുളുന്നതും ആ കണ്ണുകളില്‍ സ്നേഹവും നിസ്സഹായതയും ഇഴചേര്‍ന്നു തുളുമ്പി തൂവുന്നതും വീര്‍പ്പുമുട്ടലോടെ നോക്കി നിന്നു...
    ഉമ്മയെ കണ്ടു കൊതിതീര്‍ന്നിട്ടില്ല ഇതുവരെ..
    ഉമ്മയെ വായിച്ചിട്ടും..

    മറുപടിഇല്ലാതാക്കൂ
  50. ആദ്യമായ്‌ആണ് ഞാന്‍ ഈ ബ്ലോഗില്‍ വരുന്നത്...ഒരു പാട് ഇഷ്ടമായി...

    മറുപടിഇല്ലാതാക്കൂ
  51. അജ്ഞാതന്‍2012, ഏപ്രിൽ 8 1:59 PM

    ഇക്കാ .. ശരിക്കും മനസൊന്ന് വേദനിച്ചു...
    ചില അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞു....

    മറുപടിഇല്ലാതാക്കൂ
  52. ആദ്യമായി വന്നതാണ്... മനസ്സ് നിറഞ്ഞു
    അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  53. മുന്‍പേ വായിച്ചതാണ് , വീണ്ടും വായിച്ചു , മനസ്സില്‍ ഒരു വിങ്ങല്‍. ദരിദ്രമായ ഒരു കാലത്തിന്റെ നേര്‍കാഴ്ച വിശേഷിച്ചു ഏറനാടന്‍ ഗ്രാമക്കാഴ്ച . ശരിക്കും ഹൃദയത്തില്‍ ഒരു തേങ്ങല്‍ .

    മറുപടിഇല്ലാതാക്കൂ
  54. ഹൃദയസ്പര്‍ശിയായ ഒരു കഥ. കണ്ണ് നനച്ചു. ദാരിദ്ര്യത്തിന്റെ, വിശപ്പിന്റെ നിലവിളികള്‍... ചില ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോയി...അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  55. എന്ത് പറയണം എന്ന് അറിയില്ല മാഷേ .യുവയില്‍ കണ്ട ലിങ്ക് വഴി ഇവിടെ എത്തിയതാണ് .കണ്ണുനീര്‍ വാര്‍ന്നു പോയി .മനോഹരം മാഷേ മനോഹരം

    മറുപടിഇല്ലാതാക്കൂ
  56. നന്നായിട്ടുണ്ട് മാഷേ, ഇഷ്ടപ്പെട്ടു, എനിക്കും ഉണ്ടായിരുന്നു ഒരു പാട് കീറക്കുപ്പായങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  57. കണ്ണ് അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞു പോയി. വല്ലാതെ സ്പര്‍ശിച്ചു.

    മറുപടിഇല്ലാതാക്കൂ
  58. നേരത്തെ വായിച്ചിട്ടുണ്ട്....എന്നാലും പിന്നേയും വായിച്ചു....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നാച്ചി (നസീം)
      പ്രവീണ്‍ കാരോത്ത്
      Arif Zain
      നന്ദി
      Echmukutty
      രണ്ടാം വരവിനും രണ്ടാം വായനക്കും ഹൃദയപൂര്‍വം നന്ദി

      ഇല്ലാതാക്കൂ
  59. നല്ല എഴുത്ത് . മനസ്സ് വേദനിച്ചു @PRAVAAHINY

    മറുപടിഇല്ലാതാക്കൂ
  60. 'അവന്റെ പഴയതായാലും മതി . എനിക്ക് അതും പുതിയതാണല്ലോ..' അക്ഷരാര്‍ത്ഥത്തില്‍ കണ്ണ് നിറഞ്ഞു പോയി.

    മറുപടിഇല്ലാതാക്കൂ
  61. എന്‍റെ ബാല്യകാല ജീവിതാനുഭവങ്ങള്‍ പകര്‍ത്തി എഴുതിയത് പോലെ - നിറഞ്ഞ കണ്ണുകള്‍ സാക്ഷി

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്