അലാറം ശബ്ദിച്ച ഉടനെ സുപ്രിയ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
അത് പതിവില്ലാത്തതാണ്. പുതപ്പ് തലവഴി ഒന്നുകൂടിമൂടി ചുരുണ്ടുകൂടലാണ് അവളുടെ പ്രകൃതം. എന്തുകൊണ്ടോ അന്ന് അവള്‍ക്കതിന് കഴിഞ്ഞില്ല.
കട്ടിലിന്റെ ഒരുഭാഗത്ത് മൂടിപ്പുതച്ചുകിടക്കുന്ന ലച്ചുമോനെ സ്നേഹപൂര്‍വ്വം ഒന്നുനോക്കി. ഉറക്കത്തില്‍ തിരിഞ്ഞുംമറിഞ്ഞുംകിടന്ന് അവനെവിടെയൊക്കെയോ എത്തിയിട്ടുണ്ട് . അരികില്‍കിടത്തി കഥ പറഞ്ഞുകൊടുത്ത് ഉറക്കിയതാണ്. ഇപ്പോള്‍ കട്ടിലിന്റെ ഒരറ്റത്ത് വിലങ്ങനെ കിടക്കുന്നു..
പാവം...!! അമ്മയോടൊപ്പമല്ലാതെ കിടക്കാത്ത കുട്ടിയാണ്...
അടുക്കളയില്‍ പാത്രങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്.
പ്രിയേ , എന്ന് നീട്ടിവിളിച്ചു കൊണ്ട് അമ്മ ഇപ്പോള്‍ വരുമെന്നും തന്നെ തട്ടിവിളിക്കുമെന്നും അവള്‍ക്ക് തോന്നി.. അതോര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
'മോളെ ഒന്ന് എഴുന്നേല്‍ക്ക്.. ആരാന്റെ വീട്ടില്‍ പോവേണ്ട കുട്ടിയല്ലേ നിയ്യ് .. ഇങ്ങനെ ഉറങ്ങി ശീലിച്ചാലെങ്ങനാ .. എന്നെയാവും എല്ലാരും കുറ്റം പറയുക.. വളര്‍ത്തു ദോഷം ന്ന്..'
അവള്‍ അഴിഞ്ഞുലഞ്ഞ മുടി മാടിയൊതുക്കി കട്ടിലില്‍ നിന്നിറങ്ങി . അടുക്കളയില്‍ ആരാണാവോ? അമ്മായിയോ, എളേമ്മയോ അതോ അച്ഛമ്മയോ?
ബ്രഷില്‍ പേസ്റ്റ് പുരട്ടുമ്പോള്‍ , " മോളെ ലച്ചുവിനെ ഒന്ന് വിളിച്ചേ , അവന്റെ സ്കൂള്‍ബസ്സ് ഇതാ ഇപ്പൊ ഇങ്ങെത്തും..." അമ്മ വിളിച്ചു പറയുന്നതായി അവള്‍ക്കു തോന്നി.
ഇല്ല; ആ വിളിയും ശാസിക്കലും ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവ് അവളില്‍ വല്ലാത്തൊരു ഭീതി വളര്‍ത്തി. അവള്‍ കണ്ണുകള്‍ അമര്‍ത്തിത്തുടച്ചു.
സ്കൂളില്‍ പോയിട്ട് ദിവസങ്ങളായി.. ഇന്ന് മുതല്‍ പോയി തുടങ്ങണം. അമ്മയില്ലാത്ത വീട്ടില്‍ നിന്നിറങ്ങിപ്പോയി അമ്മയില്ലാത്ത വീട്ടിലേക്കുള്ള തിരിച്ചുവരവ്.. ഓര്‍ക്കാനേ കഴിയുന്നില്ല .
അമ്മയ്ക്ക് എന്തെല്ലാം സ്വപ്നങ്ങളായിരുന്നു.. 'നിന്നെ അത്ര വേഗമൊന്നും കെട്ടിക്കില്യ . നന്നായിപഠിച്ച് വല്യ ഒരുജോലിക്കാരി ആയിട്ടെ കെട്ടിക്കൂ.. പ്ലസ്‌ടു കഴിയുമ്പോഴേക്കും കുട്ട്യാളെ അങ്ങ്ട് കെട്ടിക്കും. അടുത്തകൊല്ലം കുട്ടിയായി.. പ്രരാബ്ധമായി . പിന്നെ എവിടെ കുട്ട്യാള്‍ക്ക് ജീവിക്കാന്‍ നേരം? ഇന്നത്തെ കാലത്ത് സ്വന്തംകാലില്‍ നില്‍ക്കാന്‍ ഒരുയോഗ്യതയൊക്കെ ണ്ടാകുന്നത് നല്ലതാ .. ഒരു ധൈര്യത്തിന്..
ആര് കൈവിട്ടാലും ജീവിക്കാമല്ലോ...'
അവള്‍ , ബാത്ത് റൂമിലേക്കു കയറുമ്പോള്‍ 'മോളെ നിന്റെ അടിയുടുപ്പുകളൊക്കെ ഒന്ന് കഴുകിയിട്ടേര് , അതിനി അവിടെയെവിടെയെന്കിലും ചുരുട്ടിക്കൂട്ടിയിടല്ലേ .. '' എന്ന ഓര്‍മ്മപ്പെടുത്തല്‍ മനസ്സില്‍ വന്നു തൊട്ടു വിളിച്ചു.
നല്ലകൂട്ടായിരുന്നു. എല്ലാംപറയാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു.. ക്ലാസ്സിലും സ്ക്കൂളിലും ഉണ്ടാവുന്ന ചെറിയ വിശേഷംപോലും അമ്മയോട് പറയും. പറഞ്ഞില്ലെങ്കില്‍ ചോദിച്ചറിയും. ഒന്നും മറച്ചു വെച്ചില്ല , മറച്ചുവെക്കാന്‍ ഒന്നും ഇല്ലായിരുന്നു . എന്നാലും ..
കൌമാരം മനസ്സിലും ശരീരത്തിലും ചിത്രംവരച്ചു തുടങ്ങിയപ്പോഴേ അമ്മ ഓര്‍മ്മപ്പെടുത്തിയിരുന്നു . ഒരു മുന്‍ധാരണ ഉണ്ടായിരുന്നു . പതറാതിരുന്നതും പേടിതോന്നാതിരുന്നതും അതുകൊണ്ടാണ് . ഇത്തരം ഘട്ടങ്ങളില്‍ ഏതുകുട്ടിയും ഒന്ന് വിറളും. ഋതുഭേദങ്ങള്‍ പൂവിടുകയാണ് എന്നൊന്നുമറിയാതെ പെട്ടന്നൊരു നാള്‍ ..!!
കൂട്ടുകാരി ആസിഫാക്ക് വല്ലാത്ത അദ്ഭുതമായിരുന്നു .
'അയ്യേ എനിക്ക് അതൊക്കെ ഉമ്മാനോട് പറയാന്‍ നാണമാണ് . ' അവള്‍ ജ്യേഷ്ഠത്തിയോടാണത്രേ എല്ലാം പറയുക. തനിക്ക് ചേച്ചിയും കൂട്ടുകാരിയും അമ്മയും പിന്നെയും ആരൊക്കെയോ ആയിരുന്നു അമ്മ ..
ഹൗസ് ലീഡര്‍ സൂരജ് കൂടക്കൂടെ തികച്ചും ബാലിശമായ ഓരോ കാരണവും പറഞ്ഞു
അമിതമായ ഇടപെടലിന് ശ്രമം നടത്തുന്നതു മനസ്സിലായിതുടങ്ങിയപ്പോള്‍ തന്നെ അമ്മയോട് വിഷയം അവതരിപ്പിച്ചു. വലിയ പണക്കാരനാണ്. ബൈക്കിലൊക്കെയാണ് വരവ്. രക്ഷിതാക്കള്‍ ഗള്‍ഫില്‍ എവിടെയോ ആണ്. ഒരു ബന്ധുവിന്റെ വീട്ടില്‍നിന്ന് പഠിക്കുകയാണ്.
വിവരങ്ങളൊക്കെ പലരുംപറഞ്ഞു അറിയാം . വലിയവീട്ടിലെ കുട്ടികളുടെ വിശേഷങ്ങള്‍ പറയാനും പ്രചരിപ്പിക്കാനും ആളുകളേറെ ഉണ്ടാകും.
'ആണ്‍കുട്ടികളോട് തീക്കായുംപോലെ നിന്നാമതി . ഇത്തരം അടുത്തുകൂടലും സ്നേഹം ഭാവിക്കലും ഇനി ജീവിതത്തില്‍ ഒരുപാട് ഉണ്ടാകും . ഒരു പെണ്ണിന്റെ മരണം വരെ അത് പ്രതീക്ഷിക്കണം . പ്രലോഭനങ്ങളില്‍ വീണു പോകരുത് .. എങ്ങനെ പോയാലും നഷ്ടം പെണ്ണിന് തന്നെയാവും .. അതിജയിക്കാനുള്ള ത്ന്റെടമാണ് പ്രധാനം..' അമ്മ പറഞ്ഞു തന്നു.
ചില കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു . റെഡ് ഹൌസിലെ കുട്ടികളില്‍ കൂടുതല്‍ പോയിന്റ് നേടിയത് താനായിരുന്നു . പലപ്പോഴും അവന്‍ ഓടിവന്നു അഭിനന്ദിച്ചു. അതൊരു പാലമിടലാണ് എന്ന് മനസ്സിലായപ്പോഴാണ് അമ്മയോട് പറഞ്ഞത്. പിന്നീട് അവനോടു വലിയ അടുപ്പം കാണിച്ചില്ല. അവന്‍ മെല്ലെ മറ്റൊരു കുട്ടിയിലേക്ക് ഒരു വികൃതിച്ചാട്ടം ചാടുന്നതാണ് പിന്നെ കണ്ടത്. അമ്മ പറഞ്ഞപോലെ ഇവരൊക്കെ പഠനംപൂര്‍ത്തിയാക്കുന്നതിനിടക്ക് എത്രകുട്ടികളെ ഇങ്ങനെ വലവീശി
പിടിക്കാന്‍ നോക്കും ?
പിന്നീടാണ് അറിഞ്ഞത് . സൂരജിനെയും മീരയെയും പട്ടണത്തിലെ ഒരു ലോഡ്ജില്‍ വെച്ച് പോലീസ് പിടികൂടിയതും മീര ടി.സി. വാങ്ങി വേറെ സ്കൂളിലേക്ക് പോയതും.
തറവാട്ടിലായിരുന്ന കാലത്ത് അമ്മയെ തിരക്കില്ലാതെ കണ്ടിട്ടേയില്ല . തിരുമ്മലും തുടക്കലും അലക്കലും വെച്ചുണ്ടാക്കലുമൊക്കെയായി ഓടിനടക്കുക തന്നെയാവും. ഇടയ്ക്കു തലവേദനയെന്നും പറഞ്ഞുപോയി കുറച്ചുനേരം കിടക്കും . പലപ്പോഴും നെറ്റിയില്‍ തുണിനനച്ചിട്ട് താനും ഒപ്പം ചെല്ലും .
''തലേടെ അകത്ത് എന്തോ വല്ലാത്ത ഒരു കൊളുത്തല്‍ . തല രണ്ടു കഷ്ണമായി ഇപ്പൊ പൊട്ടിത്തെറിക്കും ന്നു തോന്നുണൂ ..'' അമ്മ ഇടയ്ക്കിടെ പറയും..
കുറച്ചു നേരം കിടന്നു ചെറിയ ഒരു സമാധാനം കിട്ടുമ്പോള്‍ വീണ്ടും അമ്മ സജീവമാകും .
സ്വന്തമായി വീടായപ്പോള്‍ അമ്മ പറഞ്ഞു:
" ഇനി ഞാനങ്ങട് ചത്താലും വേണ്ടില്ല ..'
ആറു മാസമേ ആയുള്ളൂ വീട്ടിലേക്കു താമസം മാറിയിട്ട്..
പിന്നെപ്പിന്നെ അമ്മയ്ക്ക് തലവേദന ശക്തമായി വന്നുതുടങ്ങി.. ഒടുവില്‍ താനാണ് അച്ഛനോട് പറഞ്ഞത്.. ''അച്ഛാ അമ്മയെ നല്ല ഒരു ഡോക്ടറെ കാണിക്കണം .. ഇതിങ്ങനെ വെച്ചോണ്ടിരിക്കാന്‍ പറ്റില്ല ..''
സുപ്രിയയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമ്മ ചെക്കപ്പിനു പോയത്. അന്ന് വൈകിയാണ് അമ്മയും അച്ഛനും വന്നത് .. എത്തിയ പാടെ ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു.
'എന്ത് പറഞ്ഞു ഡോക്ടര്‍ '
'സാരമില്ല; ചെന്നിക്കുത്തിന്റെ കുഴപ്പമാണ് . സ്കാന്‍ ചെയ്തു. വെറുതെ കുറെ കാശ് കളഞ്ഞു.. '
പക്ഷെ, അച്ഛന്റെ മുഖത്തെ പ്രകാശം പറ്റെ കെട്ടിരുന്നു . പിന്നീട് പലപ്പോഴും അച്ഛന്‍ ചിരിക്കാന്‍ പാടുപെട്ടു പരാജയപ്പെടുന്നത് കാണാമായിരുന്നു.
അമ്മ മെല്ലെമെല്ലെ നഷ്ടപ്പെടുകയാണ് എന്നൊരു ആധി മനസ്സിലെങ്ങനെയോ വളരാന്‍ തുടങ്ങി. വിട്ടു കൊടുക്കില്ല . ഹൈസ്കൂള്‍ പോലും പിന്നിടാത്ത തന്നെയും യു.കെ..ജിയില്‍ പഠിക്കുന്ന ലച്ചുവിനെയും തനിച്ചാക്കി അമ്മ ഒറ്റയ്ക്ക് എങ്ങോട്ട് പോകാനാണ്..? സമ്മതിക്കില്ല ഞാന്‍ ...
ഒരുചെറിയ ഓപ്പറേഷന്‍ ഉണ്ടെന്നു പറഞ്ഞാണ് അമ്മയെ കൊണ്ടുപോയത് . കളിച്ചു ചിരിച്ചു തനിക്കു ഉമ്മയൊക്കെത്തന്നാണ് ഇറങ്ങിപോയത്. നല്ലൊരുമ്മ കിട്ടിയിട്ട് കാലമേറെയായിരുന്നു. അന്ന് മുഴുവനും കവിളില്‍ നിന്ന് ആ ഉമ്മ മാഞ്ഞുപോകാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചു.!
പിറ്റേന്ന് , ഹൃദയം നടുക്കുന്ന വാര്‍ത്തയാണറിഞ്ഞത്. ചിരിച്ചിറങ്ങിപ്പോയ അമ്മ എല്ലാവരെയും കരയിപ്പിച്ചാണ് തിരിച്ചു വന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞു മായാത്ത പുഞ്ചിരിയുമായി .. ഉറങ്ങിക്കിടക്കുംപോലെ ..!
കുളികഴിഞ്ഞു ബാത്ത്റൂമില്‍ നിന്ന് പുറത്തിറങ്ങി ലച്ചുമോനെ വിളിച്ചുണര്‍ത്താന്‍ ചെല്ലുമ്പോള്‍ അവനെ കാണുന്നില്ല . ഇവനിതെവിടെ പോയി കിടക്കുന്നു എന്ന് വിചാരിച്ചു നോക്കുമ്പോള്‍ മുറ്റത്തെ പൈപ്പിന് കീഴെ കുന്തിച്ചിരുന്നു അവന്‍ ബ്രഷ് ചെയ്യുന്നു.! അമ്മ പേസ്റ്റ് പുരട്ടി ബ്രഷ് കയ്യില്‍ കൊടുത്താലും മടിപിടിച്ച് വാശി കാണിക്കുന്ന അവനും എല്ലാം മനസ്സിലായി തുടങ്ങിയിരിക്കുന്നു.
ബ്രഷ് ചെയ്തു കഴിഞ്ഞു കുളിമുറിയിലേക്കോടിപോകുന്ന ലച്ചുവിനെ അവള്‍ അദ്ഭുതത്തോടെ നോക്കി നിന്നു..!!
പതിവിലും നേരത്തെ അവന്‍ സ്കൂളിലേക്ക് പോകാന്‍ റെഡിയായിയിരിക്കുന്നു. അവനെ ബസ്സ് കേറ്റി വിട്ടു സ്വയം ഒരുങ്ങലിലേക്ക് തിരിയുമ്പോഴും അവളുടെ കണ്ണുകള്‍ നനഞ്ഞു തന്നെയിരുന്നു . .
മുടി മെടയുമ്പോള്‍ പിന്നില്‍ നിന്നു ഒരു കൈ അവളെ തലോടുന്നതും 'നീ മെടയാന്‍ നിന്നാല്‍ ബസ്സ് അങ്ങ് പോകും ' എന്നും പറഞ്ഞു അമ്മ വന്നു മുടി മെടഞ്ഞു തരുന്നതായി അവള്‍ക്കു അനുഭവപ്പെട്ടു.
 |
വര : ഇസ്ഹാഖ് നിലമ്പൂര്‍ |
ബസ്സ്റ്റോപ്പിലെത്തുമ്പോള്‍ മൈമൂനത്താത്ത എത്തിയിട്ടില്ല. സാധാരണ താനെത്തും മുമ്പേ അവരെത്തിയിടുണ്ടാവും . ഇന്ന് പക്ഷെ താന്‍ നേരത്തെയാവും.. ബസ്സ് വരാന്‍ ഇനിയുമുണ്ട് ആറേഴു മിനിറ്റ്.. ബസ്സിനു കൊടുക്കാന്‍ ചില്ലറയില്ലെങ്കില്‍ അവരാണ് സഹായിക്കുക..
മൈമൂനത്താത്ത ദൂരെ നിന്നു നടന്നു വരുന്നത് കണ്ടു. അക്കരപ്പുരത്താണ് അവരുടെ വീട് . പട്ടണത്തിലെ ഒരാശുപത്രിയിലെ ജീവനക്കാരിയാണ് .
കണ്ടപാടെ അവര്‍ ചോദിച്ചു: " ഇന്ന് ഇന്റെം മുമ്പിലെത്തിയോ ഇയ്യ്... ..?
തലയാട്ടി , തികച്ചും ദുര്‍ബലമായ ഒരു ചിരി ചിരിച്ചു .
'നാലഞ്ചു ദിവസായിട്ട് അന്നെ കാണണ് ല്ലല്ലോ എന്ത് പറ്റി ? അസുഖം എന്തേലും ഉണ്ടായിരുന്നോ?'
ആ ചോദ്യം അവളില്‍ ഒരു തേങ്ങലാണ് സൃഷ്ടിച്ചത്.
എത്ര അടക്കിപ്പിടിച്ചിട്ടും അവള്‍ക്കു നിയന്ത്രിക്കാനായില്ല .
അവള്‍ നിന്നു വിതുമ്പി.
അവര്‍ അവളെ ആശ്വസിപ്പിച്ചു .
'എന്ത് പറ്റി ന്റെ കുട്ടിക്ക് ..?''
'അമ്മ ..'
'അമ്മ ..?'
'പോയി ..'!
അവരുടെ കണ്ണുകളും നിറഞ്ഞു.. അവരവളെ ചേര്‍ത്ത് പിടിച്ചു സമാധാനിപ്പിച്ചു .
യാത്രയിലൊക്കെയും അവള്‍ വിതുമ്പുകയായിരുന്നു. കണ്ടക്റ്റ ര്‍ക്ക് ചാര്‍ജ്ജ് കൊടുത്തത് പോലും സ്വയമറിയാതെയാണ്.
ഒറ്റയ്ക്കുള്ള ജീവിതയാത്ര തുടങ്ങുകയാണ് ..
ബസ്സില്‍ നിന്നിറങ്ങി സ്കൂളിലേക്ക് നടക്കുമ്പോള്‍ കൂട്ടുകാരികള്‍ സഹതാപത്തോടെ അവളെ നോക്കുന്നത് കണ്ടു. ആരും ഒന്നും ചോദിച്ചില്ല ..
ക്ലാസ് ടീച്ചര്‍ വിജി അവളെ അടുത്ത് വിളിച്ചു പറഞ്ഞു:
'വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. നന്നായി പഠിച്ചു ഒരു നിലയിലെത്തണം . എല്ലാം മറന്നേ പറ്റൂ.. ഞങ്ങള്‍ ഉണ്ടാകും കുട്ടിയുടെ കൂടെ..'
ഇന്റര്‍വെല്ലിനു കൂട്ടുകാരി ജമിന അവളുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു പറഞ്ഞു:
'നീയും ഇപ്പൊ എന്നെപോലെ ആയി .. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു .
'ഇനി അന്റെ അച്ഛന്‍ പുത്യ പെണ്ണ് കെട്ടും .. പിന്നത്തെ കാര്യം ഒന്നും പറയാണ്ടിരിക്ക്യാ നല്ലത് .. നിനക്ക റിയോ..എനിക്ക് ഇപ്പൊ വീട്ടിലേക്കു ചെല്ലുന്നതെ ഇഷ്ടല്ല ...!! അവള്‍ കണ്ണ് തുടച്ചു പൊട്ടിപ്പൊട്ടിക്കരഞ്ഞു..
ഒരു ദീര്‍ഘ നിശ്വാസത്തോടെ കഥയ്ക്ക് 'ശലഭായനം ' എന്ന ശീര്‍ഷകമെഴുതി നീരജ എഴുന്നേറ്റു. കഥയുടെ പേര് അത് തന്നെയിരിക്കട്ടെ . അകാലത്തില്‍ വേദനയില്ലാത്ത ലോകത്തേക്ക് പറന്നുപോയ യുവകവയിത്രി രമ്യാആന്റണിയുടെ കവിതാസമാഹാരത്തിന്റെ പേര് തന്നെയാണ് തന്റെ ഈ കഥയ്ക്ക് നല്ലത് ..
നീരജ അടുക്കളയിലേക്കു നടന്നു . തൊണ്ടയില്‍ ഒരു മുറുകെപ്പിടുത്തം കിടന്നു പിടക്കുന്നുണ്ട് . ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളമെടുത്തു കുടുകുടെ കുടിച്ചു . ദാഹം തീരുന്നില്ല . വാഷ്ബേസിനരികെ ചെന്ന് മുഖം കഴുകാന്‍ ഒരു കുമ്പിള്‍ വെള്ളമെടുക്കുമ്പോള്‍ അവള്‍ കണ്ണാടിയില്‍ തന്റെ മുഖം കണ്ടു!
കണ്ണുകള്‍ കലങ്ങിയിരിക്കുന്നു .. കൊഴിഞ്ഞു തീരാറായ മുടിയികള്‍ അവിടവിടെ ചിതറിക്കിടക്കുന്നു .. തലക്കകത്ത് വല്ലാത്ത ഒരു പുകച്ചില്‍ ..
മകള്‍ അഷിത വരാന്‍ ഇനിയും സമയമെടുക്കും ..
നീരജ എഴുത്ത് മുറിയിലേക്ക് മെല്ലെ നടന്നു . തലക്കകത്ത് പെരുപ്പ് വര്‍ധിച്ചിരിക്കുന്നു ..
അവള്‍ കസേരയിലേക്ക് ചാഞ്ഞു . അവളുടെ കണ്ണുകള്‍ മെല്ലെ അടഞ്ഞു .
അന്നേരം , കോളിംഗ്ബെല്‍ നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു!!
.