2011, ഡിസംബർ 25, ഞായറാഴ്‌ച

പ്രതിധ്വനി




< ദൈവം ഉണ്ടെന്നു തെളിഞ്ഞു. മാധ്യമങ്ങള്‍ ഇനിയെങ്കിലും പ്രതികരിക്കാന്‍ കഴിയാത്തവരെ കെട്ടിയിട്ടു നടത്തുന്ന 
വിമര്‍ശം നിര്‍ത്തണം > 
- ടോമിന്‍ തച്ചങ്കരി 

@ പലരും അങ്ങനെയാണ്. സ്വയം രക്ഷപ്പെടുമ്പോള്‍ പറയും : ദൈവം ഉണ്ടെന്ന്.


< എഴുതിയില്ലെങ്കില്‍ മരിച്ചു പോകും എന്നൊന്നും തോന്നിയിട്ടില്ല > 
- അഷ്ടമൂര്‍ത്തി 

@ ചിലര്‍ എഴുതിയാലാണ് മരിച്ചു പോകുക , എഴുത്തുകാര്‍ അല്ല ; വായനക്കാര്‍ 

< മുഖ്യ ധാര പ്രസ്ഥാനത്തില്‍ നിന്ന് കൊണ്ട് സര്‍വതന്ത്ര സ്വതന്ത്രനെ പോലെ പൊതുതാത്പര്യം പറയാന്‍ 
ബുദ്ധിമുട്ടാണ് . മറ്റേതെങ്കിലും പാര്‍ട്ടി യിലായിരുന്നു എങ്കില്‍ ഞാന്‍ പണ്ടേ പുറത്താകുമായിരുന്നു > 
- വി.എം.സുധീരന്‍

@ അളമുട്ടിയാല്‍ കൊണ്ഗ്രസ്സും കടിക്കും 

< ഉമ്മന്‍ ചാണ്ടിയും വി.എസും നല്ല ടീമാണ്. അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചു മുന്നേറാന്‍ പറ്റും . ഇത് രണ്ടു 
കൂട്ടര്‍ക്കും ഗുണം ചെയ്യും.. തങ്ങള്‍ മെച്ചപ്പെട്ടത് മറുപക്ഷം കാരണമാണ് എന്ന് അവരറിയുന്നില്ല എന്നേയുള്ളൂ... > 
- ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം 

@ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല . ഇവരോട് പൊറുക്കേണമേ ...

<ദുരിതമനുഭവിക്കുന്ന വരോട് മുഖ്യ മന്ത്രി ആശ്വാസ വാക്ക് പറയുമ്പോള്‍ വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയാണ് 
ഉമ്മന്‍ ചാണ്ടി ചെയ്യുന്നതെന്ന് കോടിയേരി പരിഹസിച്ചു. ഇ.കെ. നായനാരും എ.കെ.ആന്റണിയും വി.എസും 
മുഖ്യമന്ത്രി മാരായിരുന്നപ്പോള്‍ വില്ലേജ് ഓഫീസര്‍മാരും ഉദ്യോഗസ്ഥരും കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ 
ആളുകള്‍ക്ക് പരാതിയുമായി ജന സമ്പര്‍ക്ക പരിപാടിക്ക് പോകേണ്ടിയിരുന്നില്ല > 
- ബി.ആര്‍.പി. ഭാസ്ക്കര്‍

@ ജനതര്‍ക്ക പരിപാടിക്കൊക്കുമോ ജന സമ്പര്‍ക്ക പരിപാടി ?

< വിയറ്റ്നാമിനെപ്പറ്റി ഇന്നും കവിതയെഴുതുന്ന എഴുത്തുകാരും ബുദ്ധിജീവികളും ഇന്ത്യ യുടെ വിവിധ ഭാഗങ്ങളില്‍ 
നടക്കുന്ന വര്‍ഗീയ ഫാസിസം കാണാതെ പോകുകയാണ് .. അവര്‍ ഗുരുതരമായ മൌനം പാലിക്കുകയാണ് > 

- എന്‍.എസ്. മാധവന്‍ 

@ കഥയും എഴുതാമല്ലോ.. കവികളെ ഏല്‍പ്പിച്ചു കഥാകാരന്മാര്‍ എവിടെ പോകുന്നു?

< ഞാന്‍ മുഖ്യ മന്ത്രി ആയാല്‍ ഒറ്റ റോഡും പുതുതായി ഉണ്ടാക്കില്ല . റോഡ്‌ നന്നാക്കലാണ്‌ വികസനം എന്ന് 
കരുതുന്നവരുണ്ട്.. പക്ഷെ ഉള്ള റോഡുകള്‍ ലിങ്ക് ചെയ്തു ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് വേണ്ടത് എന്ന് 
എനിക്കറിയാം.> 

- സന്തോഷ്‌ പണ്ടിട്റ്റ് 

@ 'ലിങ്ക്' ആണല്ലോ പണ്ടിട്റ്റ് നെ സൃഷ്ടിച്ചത്.. മുഖ്യ മന്ത്രി ആയാല്‍ എല്ലാ വകുപ്പും ഞാന്‍ തന്നെ 
കൈകാര്യം ചെയ്തോളും എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം ..!!!

<നൂറു ദിവസം ഓടുന്ന സിനിമ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു . നൂറു ദിവസം 
കഴിഞ്ഞും ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമകളാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് > 

- കമല്‍

@ ഇനി അങ്ങനെ പറയലാണ് നല്ലത്. നൂറു പോയിട്ട് ആറ് ദിവസം പോലും ഓടിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ല അല്ലെ?














- ചിത്രങ്ങള്‍ക്കും കാരിക്കെച്ചറുകള്‍ക്കും കടപ്പാട്  

2011, ഡിസംബർ 21, ബുധനാഴ്‌ച

പ്രതികരണങ്ങള്‍ പ്രതികാരങ്ങള്‍ ആവാതെ


ഇ- ഇടങ്ങളിലെ എഴുത്തിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്ന്  വായനക്കാരന്റെ പ്രതികരണം ചൂടോടെ അറിയാം എന്നതാണ്. അച്ചടി മാധ്യമങ്ങളില്‍ വന്ന ഒരു സൃഷ്ടിയെ കുറിച്ച് വായനക്കാരന്റെ മനസ്സറിയാന്‍ എഴുത്തുകാരന്‍ ഏറെ കാത്തിരിക്കണം. ഏറിയാല്‍ ഒന്നോ രണ്ടോ പ്രതികരണങ്ങള്‍ കിട്ടിയാലായി. അത് തന്നെ പത്രാധിപരുടെ ഔദാര്യം ഉണ്ടെങ്കില്‍ മാത്രം..


പക്ഷെ ഇ - ഇടങ്ങളിലെ  പ്രതികരണങ്ങള്‍ എഴുത്തുകാരന്റെ മുമ്പിലേക്ക് തുരുതുരാ വന്നു കൊണ്ടിരിക്കും. ലോകത്തിന്റെ ഏതു ഭാഗത്ത്‌ നിന്നും ഞൊടിയിടയില്‍ പ്രതികരണങ്ങള്‍  വരും.
അതില്‍ ഇഷ്ടങ്ങളുണ്ടാകും. അനിഷ്ടങ്ങളുണ്ടാകും. കുറ്റപ്പെടുത്തലുണ്ടാവും സുഖിപ്പിക്കലും ദു:ഖിപ്പിക്കലും ഉണ്ടാകും .


പ്രതികരണങ്ങള്‍ക്കും കമന്റുകള്‍ക്കും ഇ ഇടങ്ങളിലെ സ്വാധീനം കുറച്ചൊന്നുമല്ല . 
അതുകൊണ്ട് തന്നെ കമന്റിനു വേണ്ടി അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും യാചന നടത്തുന്നവരും 
ഉണ്ട്  ഇവിടെ. കമന്റു കിട്ടാന്‍ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവര്‍ . കിട്ടിയ കമന്റ് മതിയാവാതെ നിരാശ പൂണ്ടവര്‍ . മറ്റുള്ളവന്റെ കമന്റ് കണ്ട് അസൂയ കൊള്ളുന്നവര്‍ കമന്റിനു വേണ്ടി ചാറ്റിലൂടെയും മെന്‍ഷന്‍ വഴിയും ഉളുപ്പില്ലാതെ ആവശ്യപ്പെടുന്നവര്‍ ,  ഇവിടെ കിട്ടാന്‍ അവിടെ പോയി കൊടുക്കുന്നവര്‍ . ഓരോ കമന്റിനും സ്വയം മറുപടി എഴുതി കമന്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു സായൂജ്യമടയുന്നവര്‍ .. ഇങ്ങനെ ഇ ഇടങ്ങളില്‍  കമന്റിനു വേണ്ടി നടക്കുന്ന കളികള്‍ ഏറെ രസകരമാണ്, വിചിത്രവും. ചിലപ്പോഴൊക്കെ ഈ കളികള്‍ വഴിവിട്ടതാകുന്നു ; ലജ്ജാകരവും .


തികച്ചും ബാലിശമായ തനി തറ പോസ്റ്റുകള്‍ കമന്റുകള്‍ കൊണ്ട് നിറഞ്ഞു കവിയുന്നത് കണ്ടിട്ടുണ്ട് .
മികച്ച  പോസ്റ്റുകള്‍ തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ അനാഥമായിക്കിടക്കുന്നതും കണ്ടിട്ടുണ്ട് . ഇതില്‍ നിന്ന് മനസ്സിലാകുന്നത്‌ പ്രതികരണങ്ങള്‍ ഭൂരിഭാഗവും വെറും ഉപരിപ്ലവമായ  പുറം ചൊറിയലുകള്‍ മാത്രമാണ് എന്നാകുന്നു .


പ്രതികരണങ്ങള്‍ പൊതുവേ സുഖിപ്പിക്കല്‍ , അഭിനന്ദിക്കല്‍ , നിരൂപിക്കല്‍ , വിമര്‍ശിക്കല്‍ എന്നിങ്ങനെ നാലു വിധമുണ്ട് . ഇവ ഓരോന്നും വ്യത്യസ്ത രീതിയിലാണ് ഓരോരുത്തരെയും സ്വാധീനിക്കുക.


സുഖിപ്പിക്കല്‍ വെറുതെ ഒരു പുറം ചൊറിയല്‍ മാത്രമാണ്. അവിടെ ഒരേ ഒരു ലകഷ്യം മാത്രം. അവനെ / അവളെ / ഒന്ന് രസിപ്പിക്കുക .  അത് കൊണ്ട് കാര്യമായ ദോഷം ഒന്നും വരാനില്ല . ഗുണം ഉണ്ട് താനും. 
ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ. അവിടെ കൊടുത്താല്‍ ഇവിടെ കിട്ടും.


പക്ഷേ , ഇത് തികച്ചും കാപട്യമാണ്.. 'ഇങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല എന്നാലും കിടക്കട്ടെ ...' എന്ന ഒരു ഉള്‍ധ്വനി ഇവിടെ മുഴങ്ങി കേള്‍ക്കാം. വെറും ഉപരിപ്ലവമായ വാചക കസര്‍ത്തുകള്‍ . ഇതിനായി ചില സ്ഥിരം വാചകങ്ങള്‍ തന്നെയുണ്ട്‌ . കിടിലന്‍ , കിക്കിടിലന്‍ , തുടങ്ങി 'നീയൊരു പുലി' തന്നെ വരെ.. !
കമന്റിന്റെ എണ്ണം നോക്കി ആശ്വസിക്കുന്നവര്‍ക്ക് ഈ പരിപാടി ഏറെ ഗുണം ചെയ്യും...! 


പക്ഷെ , അഭിനന്ദനം  അങ്ങനെയല്ല. അത്  നല്‍കുന്നവനും സ്വീകരിക്കുന്നവനും സന്തോഷം പകരുന്ന കാര്യമാണ്.  ഇത് ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല . അഭിനന്ദനം ഉള്ളില്‍ നിന്ന് വരുന്നതാണ്. അതില്‍ കാപട്യത്തിന് പഴുതില്ല . ഇവിടെ വാക്കുകള്‍ ധാരാളം ഉപയോഗിക്കാം . കൂടുതല്‍ ആത്മസംയമനം പാലിക്കേണ്ട കാര്യമില്ല . നല്‍കുന്നവനും സുഖം. കിട്ടുന്നവനും സുഖം . ഒരെഴുത്തുകാരന് കിട്ടുന്ന ഏറ്റവും ഹൃദ്യമായ സമ്മാനം ആണ് അഭിനന്ദനങ്ങള്‍ ..


വിമര്‍ശനം കൂട്ടത്തില്‍ ഏറെ കടുപ്പമേറിയതാണ്‌.. ഇവിടെ നല്ല പക്വതയും ആത്മസംയമനവും പാലിച്ചേ തീരൂ. വ്യക്തി വിരോധം , അസൂയ , ദ്വേഷ്യം , മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസഹിഷ്ണുത ഇവയൊക്കെ കടന്നു വരാനുള്ള പഴുതുകള്‍ യഥേഷ്ടം ഉള്ള ഒരു 'മുറിപ്പെടുത്തല്‍' മാര്‍ഗം.
ഇവിടെ തെറ്റ് മാത്രമേ കാണുന്നുള്ളൂ. അത് ചൂണ്ടിക്കാണിക്കുമ്പോള്‍ മനസ്സിന് മുറിവേല്‍ക്കാന്‍  സാധ്യത ഏറെ! പ്രത്യേകിച്ചും പരസ്യമായി ഇത് നിര്‍വഹിക്കുമ്പോള്‍ .


വിമര്‍ശനം എല്ലാവരും ഒരേ പോലെയല്ല ഉള്‍ക്കൊള്ളുക .
അവന്‍ എന്നെ വിമര്‍ശിക്കാന്‍ ആര്? അവന് അതിനുള്ള യോഗ്യത എന്ത് ? തുടങ്ങിയ ആത്മ രോഷത്തില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ വിമര്‍ശനത്തിനു ഇരയാകുന്നവന്റെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കും.
ഏറെ ശ്രദ്ധയോടെ നടത്തേണ്ടുന്ന ഒരു കാര്യമാണ് വിമര്‍ശനം.
വിമര്‍ശകര്‍ക്ക് ശത്രുക്കള്‍ കൂടുന്നത് ഇത് കൊണ്ടാണ് .


വിമര്‍ശനം നടത്തുന്ന ആളെ കുറിച്ച് വിമര്‍ശിക്കപ്പെടുന്ന ആള്‍ക്ക് വ്യക്തി ബന്ധം ഉണ്ടാകുക , 
ഗുണ കാംക്ഷിയാണ് എന്ന ഉത്തമ ബോധ്യം നില നിലനില്‍ക്കുക , 
ഗുരു തുല്യന്‍ ആകുക , 
വിമര്‍ശിക്കപ്പെടുന്ന ആള്‍ക്ക് വിമര്‍ശകന്റെ കഴിവില്‍ മതിപ്പുണ്ടാകുക,  
അയാളുടെ ആത്മാര്‍ഥത ബോധ്യപ്പെടുക  
ഇത്തരം ഗുണവിശേഷങ്ങള്‍ ഉള്ള വ്യക്തികളില്‍ നിന്ന് എത്ര രൂക്ഷമായ വിമര്‍ശനം ഉണ്ടായാലും അത് സന്തോഷപൂര്‍വ്വം ആരും സ്വീകരിക്കും. അവരുടെ ഭാവിക്ക് അത് കരുത്ത് പകരും...!!

സത്യത്തില്‍ എന്നെ വിമര്‍ശിച്ചോളൂ എന്ന് പറയുന്നവരെ ഒന്ന് കാര്യമായി വിമര്‍ശിച്ചു നോക്കൂ .
അപ്പോള്‍ അറിയാം തനിനിറം. ഇത് ബ്ലോഗില്‍ മാത്രമല്ല ; ഫേസ് ബുക്കിലും ഇങ്ങനെ തന്നെ. അപവാദങ്ങള്‍ ഇല്ലെന്നല്ല .


ഭൂരിഭാഗം ആളുകളും പൊക്കിപ്പറയുന്നത് നന്നായി ആസ്വദിക്കും . വിമര്‍ശനത്തില്‍ അസഹിഷ്ണുത കാണിക്കും. പിന്നെ അവനെ ആ കണ്ണുകൊണ്ട് തന്നെ കാണും. കലാക്കാലം . ഒരേ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ആളുകളാണെങ്കില്‍ പ്രത്യേകിച്ചും. നടപ്പ് രീതി അങ്ങനെയാണ്.


അതിനു വേറെ ഒരു കാരണം കൂടിയുണ്ട്. പലര്‍ക്കും വിമര്‍ശിക്കാന്‍ അറിയില്ല  . സുഖിപ്പിച്ചു പറയുന്ന അത്ര എളുപ്പമല്ല വിമര്‍ശനം. വിമര്‍ശം പലപ്പോഴും മുറിപ്പെടുത്തല്‍ ആകുന്നു.. ഏതൊരു കുഞ്ഞു പക്ഷിക്കും എളുപ്പത്തില്‍ മുറിപ്പെടുന്ന ഒരു മനസ്സുണ്ട്. അത് കൊണ്ട് നയപരമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചാല്‍ പ്രശ്നം ഉണ്ടാവില്ല . മാത്രമല്ല അത് എഴുത്തുകാരന് ഒരു തിരിച്ചറിവിന് കാരണമാകുകയും ചെയ്യും.


നിരൂപണം തിരിച്ചറിവിനുള്ള നല്ല മാര്‍ഗമാണ് .
ഇവിടെ കുറച്ചു കൂടി സംയമനം ആവശ്യമാണ്‌..  വിഷയത്തെ കുറിച്ച് നല്ല ബോധ്യം വേണം ഒന്ന്. രണ്ട് ,  നല്ലതും ചീത്തയും വേര്‍ തിരിച്ചു കാണാനുള്ള കണ്ണ് .
ഒരാളുടെ വളര്‍ച്ചയും അഭ്യുന്നതിയും കാംക്ഷിക്കുന്നവര്‍ ഈ മാര്‍ഗം സ്വീകരിക്കുന്നതാണ് നല്ലത്. നല്ല കയ്യടക്കവും മന:സംയമനവും പാലിക്കേണ്ട രീതിയാണിത്.. ഇവിടെ മുറിപ്പെടുത്തുന്നില്ല , മുറിവുള്ള ഭാഗങ്ങള്‍ സ്നേഹത്തോടെ ചൂണ്ടി ക്കാണിച്ചു കൊടുക്കുകയാണ് .. വളരാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഒരു മാര്‍ഗം .


കുറ്റം മാത്രം കണ്ടു പിടിക്കാന്‍ ഭൂതക്കണ്ണാടി വെച്ച് നടക്കുന്നവരുണ്ട് . ഞാന്‍ കേമന്‍ എന്ന് അവരുടെ അക്ഷരങ്ങളില്‍ നിന്ന് വായിച്ചെടുക്കാം . അവര്‍ മറ്റുള്ളവരെ വിമര്‍ശിച്ചു കൊണ്ടേ ഇരിക്കും . തിരിച്ചു ഒന്ന് കിട്ടിയാല്‍ കോപാന്ധന്‍ ആവുകയും ചെയ്യും. ചില പരിഹാസക്കാര്‍ക്കും ഉണ്ട് ഈ സ്വഭാവം . അവര്‍ എല്ലാവരെയും കളിയാക്കും . തിരിച്ചൊന്നു കിട്ടിയാല്‍ വല്ലാതെ ക്ഷമ കേടു കാണിക്കുകയും ചെയ്യും.

പിന്നെ എന്തൊക്കെ പറഞ്ഞാലും ഗുണകാംക്ഷികളുടെ വിമര്‍ശനം ഏതൊരു എഴുത്തുകാരനെയും നന്നാക്കും .. അത്തരം ഗുണ കാംക്ഷികളുടെ സ്വരം നമുക്ക് പ്രത്യേകം തിരിച്ചറിയാനാവും .....



സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദനവും , നിരൂപണവും ആവും ആരോഗ്യകരം എന്ന് തോന്നുന്നു .
കാരണം ഒരു പൊതു സമൂഹത്തിന്റെ മുമ്പില്‍ വെച്ച് അവമതിക്കപ്പെടാന്‍ ആരും ഇഷ്ടപ്പെടുന്നില്ല . അതാരും പൊറുക്കുകയും ഇല്ല . എത്ര വലിയ സഹൃദയന്‍ ആണെന്ന് അഹങ്കരിക്കുന്നവനാണ് എങ്കില്‍ പോലും.


മാമ്പൂ കണ്ടും മക്കളെ കണ്ടും അഹങ്കരിക്കരുത് എന്ന് പറഞ്ഞപോലെ കമന്റ് കണ്ടും ഫോളോവേഴ്സിനെ കണ്ടും അഹങ്കരിക്കരുത് എന്ന് മാത്രം..!!!



2011, നവംബർ 14, തിങ്കളാഴ്‌ച

ഒരു ചുവന്ന നദിയുണ്ട് ഒഴുകി വരുന്നു



നൂറുദ്ദുജ ഹോസ്പിറ്റലിലെ ഇന്റെന്‍സീവ് കെയര്‍ യൂണിറ്റിന്റെ തണുത്തുറഞ്ഞ കട്ടിലില്‍ കിടന്ന് അയാള്‍ കണ്ണ് തുറക്കുമ്പോള്‍ ജീവിതത്തിലെ നാല്  ദിനരാത്രങ്ങള്‍ അയാളറിയാതെ അയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു. 
തീരെ പരിചിതമല്ലാത്ത പരിസരവും പേടിപ്പെടുത്തുന്ന നിശ്ശബ്ദതയും അയാളില്‍ വിരൂപമായ ചില നിഴല്‍ ചിത്രങ്ങള്‍ കുടഞ്ഞിട്ടു. 

ദുസ്വപ്നം കണ്ടു ഞെട്ടിയുണര്‍ന്ന കൊച്ചു കുട്ടിയെ പോലെ കണ്ണില്‍കണ്ട വസ്തുക്കളിലെക്കൊക്കെ അയാള്‍ മാറി മാറി നോക്കി.

എവിടെയാണ് ഞാനിപ്പോള്‍? 
മനസ്സിലാവുന്നില്ല ഒന്നും...

ഏറ്റവും ഒടുവിലാണ് അയാള്‍ അയാളെ തന്നെ കാണുന്നത്! 



മരണത്തിന്റെ നിറമുള്ള വെളുത്ത ഷീറ്റ് വിരിച്ച കട്ടിലിലാണ് കിടക്കുന്നത് . 
ജീവിതത്തിലൊരിക്കലും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടാത്ത പ്രത്യേക നിറവും ആകൃതിയും ഉള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്‌..

നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒന്നിലധികം കൈവള്ളികള്‍ പല ഭാഗങ്ങളില്‍ നിന്നുമായി അയാളെ പിടിച്ചു വെച്ചിരിക്കുന്നു.! തല കീഴായി കിടന്ന് ഒരു വെളുത്ത ബോട്ടില്‍ അതീവ ജാഗ്രതയോടെ അയാളിലേക്ക് 
ജീവത് തുള്ളികള്‍ ഇറ്റിച്ചു കൊണ്ടേയിരിക്കുന്നു..

ജീവന്‍ നിലനിര്‍ത്താന്‍ ജീവനില്ലാത്തവയുടെ പെടാപ്പാട് ...!

ഇന്നലെ വരെ യാതൊരു പ്രയാസവുമില്ലാതെ , സുഖമായി വന്ന് , 
അതിലേറെ സൌമ്യമായി തിരിച്ചു പോയിരുന്ന ശ്വാസം ഇന്നിപ്പോള്‍ അല്പം ശങ്കയോടെയും 
അതിലേറെ ആശങ്കയോടെയുമാണ് വന്നുപോയ്ക്കൊണ്ടിരിക്കുന്നത്..

വലിയ ഒരു ചുരം കേറി വരുന്ന ചരക്കു ലോറിയെ പോലെ അത് കാല്പാദങ്ങളില്‍ നിന്ന് കിതച്ചു കേറി വരുന്നതും 
വല്ലാത്ത ഒരു ആശ്വാസത്തോടെ പുറത്തേക്കു രക്ഷപ്പെടുന്നതും അയാള്‍ക്ക്‌ മനസ്സിലാക്കാനാവുണ്ട്...

ഒരു വശം ചേര്‍ന്ന് കിടക്കാനൊരു ശ്രമം നടത്തി വളരെ ഭംഗിയായി പരാജയപ്പെട്ടപ്പോഴാണ് 
ഒരു വെള്ളക്കൊക്ക് ഓടി വന്ന് തടയുന്നത്... 
'യാ ബാബാ മാ സവ്വി ഹറക..' ! ( ഉപ്പാ അനങ്ങാതെ കിടന്നോളൂ)

ആ ആജ്ഞ അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ആ വിളി അയാള്‍ക്ക്‌ നന്നേ ബോധിച്ചു.. .

ഉമ്മാ , ഉപ്പാ, എന്ന വിളികള്‍ക്കൊക്കെ ഏത് ഭാഷയിലായാലും എന്തൊരു വശ്യതയാണ്! 
അയാള്‍ മനസ്സില്‍ പറഞ്ഞു. 

മുഖം കണ്ടാലറിയാം , അവള്‍ ഫിലിപ്പൈനിക്കുട്ടിയാണ്.. 
ഇവിടെ ഓരോ മുഖത്തും അവരവരുടെ നാടിന്റെ പേര് കൊത്തി വെച്ചിട്ടുണ്ടാവും , ഭാവങ്ങളിലും വര്‍ണ്ണങ്ങളിലും മുഖച്ഛായകളിലും.. ദൈവത്തിന്റെ ഓരോ വികൃതികള്‍...!

അവള്‍ക്കു തന്റെ മകളുടെ പ്രായമേയുള്ളൂ.. അയാള്‍ അവളുടെ വയസ്സ് തിട്ടപ്പെടുത്തി.
എന്ത് ? തന്റെ മകളോ? അങ്ങനെ ഒരു ചിന്ത വേണ്ടിയിരുന്നില്ലെന്ന് ഉള്ളിലിരുന്നു ആരോ അയാളെ ശാസിച്ചു.
എപ്പോഴുമങ്ങനെയാണ്.. അരുതെന്ന് അറിയാമായിരുന്നിട്ടും മനസ്സു അതിലേക്കു തന്നെ വഴുതും..

പതിവ് പോലെ അയാള്‍ക്ക് അന്നേരം അയാളോട് തന്നെ ഒരിക്കല്‍ കൂടി പുച്ഛം തോന്നി. 
അയാള്‍ അവള്‍ എവിടെയെന്നു നോക്കി .. ഗുളികകള്‍ അടര്‍ത്തിയെടുക്കുന്ന തിരക്കിലാണ്!

ഗുളികകളെ കുറിച്ച് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ചിരി പൊട്ടി.ചിരിയുടെ നന്നേ ദുര്‍ബലമായ അനുരണങ്ങള്‍ അയാളുടെ പരുപരുത്ത മുഖത്തൂടെ കുണുങ്ങി ഓടുമ്പോള്‍ എവിടെയൊക്കെയോ വലിഞ്ഞു മുറുകുന്നതും നേരിയ
നീറ്റലുളവാകുന്നതും അയാളറിഞ്ഞു..

മുപ്പതു വര്‍ഷം മുമ്പ്, അല്‍നഖ്ലി  ഗ്രൂപ്പിന്റെ ഹെഡ് ഓഫീസില്‍ ഒരു ഓഫീസ് ബോയ്‌ ആയി നിയമിതനാവുമ്പോള്‍ സത്യത്തില്‍ എല്ലാം തികഞ്ഞ ഒരു ബോയ്‌ തന്നെ ആയിരുന്നു.

അന്നെടുത്ത ഫോട്ടോകള്‍ നിറം മങ്ങിയ ആല്‍ബത്തിന്റെ വാക്ക് പൊട്ടിയ പ്ലാസ്റ്റിക് ചതുരാവരണ ത്തിലൂടെ ഇടയ്ക്കു കണ്ടു രസിക്കും.

മരുഭൂമിയിലെ മുള്‍ചെടി പോലെ അവിടവിടെ എഴുന്നു നില്‍ക്കുന്ന , കൃത്യമായി എണ്ണിക്കണക്കാക്കാനാവുന്ന തലനാരിഴകള്‍ കോതിയിടുമ്പോഴും   ഷേവ് ചെയ്യുമ്പോഴും ആ പഴയ യുവാവിനെ ഒന്ന് പരതും. കാലമെന്ന വിദഗ്ദനായ പ്ലാസ്റ്റിക് സര്‍ജറിക്കാരനെ ക്കുറിച്ച് അപ്പോള്‍ വലിയ മതിപ്പ് തോന്നും ; വെറുപ്പും..!

റൂം മേറ്റുകളായ ജലീലും  അലവിക്കുട്ടിയും റഫീഖും മജീദുമൊക്കെ മക്കളുടെ ഫോട്ടോ നോക്കിയിരിക്കുന്നത് കാണാം ..  അവരുടെ മൊബൈലിലും കമ്പ്യൂട്ടറിലും അവരുടെ കുട്ടികള്‍ ചിരി തൂകി നില്‍ക്കുന്നത് കൌതുകത്തോടെ കണ്ടിരിക്കും..!

ഗുളികകള്‍ വായിലേക്കിട്ടു വെള്ളം കുടിക്കുമ്പോള്‍ അവള്‍ പറഞ്ഞത് അയാള്‍ ഇങ്ങനെ മൊഴിമാറ്റം നടത്തി..
'നാളെ വാര്‍ഡിലേക്ക് മാറാം എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്'!

ആ വാര്‍ത്ത അയാളില്‍ ഒരു പ്രഭാവവും ഉളവാക്കിയില്ല..അയാളപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ട് വരും മുമ്പ് ഒരു നേരം കഴിച്ചിരുന്ന ഗുളികകളുടെ എണ്ണത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു. മുറ തെറ്റാതെ എന്ന് തുടങ്ങിയതാണ്‌...

ഇംഗ്ലീഷിലെ R എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന അല്പം ഭേദപ്പെട്ടതും വന്നു കിട്ടിയാല്‍ പിന്നെ വിട്ടു പോകാത്തതുമായ രണ്ടു മൂന്നെണ്ണം കൂടെ കൂടിയിട്ടു കാലമേറെ ആയി.. പോരാത്തതിന് കിഡ്നി സ്റ്റോണ്‍ , പൈല്‍സ്, കൊളസ്ട്രോള്‍.. ഇപ്പോഴിതാ ഇങ്ങനെയൊന്നും...

രോഗങ്ങളുടെ പേരുകളൊക്കെ ഇംഗ്ലീഷില്‍ പറയുമ്പോള്‍ എന്തൊരു സ്റ്റൈല്‍ ആണ്! നല്ല ഗ്ലാമറുള്ള പേരുകള്‍...
അയാള്‍ക്ക്‌ ചിരി പൊട്ടി.

പറഞ്ഞത് പോലെ പിറ്റേന്ന് തന്നെ വാര്‍ഡിലേക്ക് മാറ്റി.. അന്ന് രാത്രി റൂമിലെ  ജലീലും റഫീഖും മജീദും വന്നു. അവര്‍ കമ്പനിയില്‍ പോയിട്ട് വരികയാണ്‌. 

''ഞങ്ങള്‍ നിങ്ങളുടെ മാനേജരെ കണ്ടു വരികയാണ്‌..''

തികച്ചും നിസ്സംഗമായാണ് അയാളത് കേട്ടിരുന്നത്.. മാനേജര്‍ എന്ത് പറഞ്ഞിട്ടുണ്ടാവുമെന്നു അയാള്‍ക്ക് കൃത്യമായി അറിയാമായിരുന്നു..

'എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാനാണ് മാനേജര്‍ പറഞ്ഞത്..നിങ്ങളോട് അയാളിത് പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി എന്നും പറഞ്ഞു.. ഇനിയുള്ള കാലം എങ്കിലും വീട്ടില്‍ വിശ്രമിച്ചു കൂടെ.. പോരാത്തതിന് ഒരു പാട് രോഗങ്ങളും...' 

'പുതുതായി ഒന്നും പറഞ്ഞില്ല അല്ലെ ' എന്ന ഭാവത്തില്‍ അയാള്‍ ജലീലിനെ നിര്‍ന്നിമേഷം ഒന്ന് നോക്കി.. എന്നിട്ട് ഒരു വശത്തേക്ക് തല ചെരിച്ചു തരിഞ്ഞു കിടന്നു!

അപ്പോഴേക്കും അയാളുടെ സഹോദരന്‍ എത്തി.. ''ഉമ്മര്‍ കുട്ടിയാണ് പേരെന്നും ഇവിടെ ഇങ്ങനെ യൊക്കെ അല്ലെ നടക്കുള്ളൂ മാനേജര്‍ ലീവ് തരണ്ടേ .. ഞാന്‍ ആണെങ്കില്‍ ഒരു പാട് ദൂരെ ആണെനും...'' ജ്യേഷ്ഠന്‍ ഐ.സി.യു. വില്‍ ആയിട്ട് നാലാം ദിവസമാണ് അയാള്‍ വരുന്നത്  എന്ന ചമ്മല്‍ അയാളുടെ മുഖത്തും ഭാവങ്ങളിലും വാക്കുകളിലും ഉണ്ടായിരുന്നു...!

ജലീല്‍ ഉത്തരവാദപ്പെട്ട ഒരാളെ കിട്ടിയ സമാധാനത്തില്‍ മാനേജര്‍  പറഞ്ഞതും ഉണ്ടായ സംഭവങ്ങളും ഒക്കെ അദ്ദേഹത്തെ ധരിപ്പിച്ചു.. 'ഞങ്ങള്‍ റൂമിലുള്ളവര്‍ ഇപ്പോഴും പറയും .. നിര്‍ത്തി പോകാന്‍ .. കേള്‍ക്കുന്നില്ല.. ബാത്ത് റൂമില്‍ തലകറങ്ങി വീണ ശബ്ദം കേട്ട് ഓടി ചെന്നതാ... ശക്തമായ നെഞ്ചു വേദനയും ഉണ്ടായിരുന്നു..
ഇങ്ങനെയൊക്കെ ആവുമ്പോള്‍ വല്ലതും പറ്റിയാലോ..?

അയാള്‍ എല്ലാം തലകുലുക്കി സമ്മതിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല.. 
ഏറ്റവും ഒടുവില്‍ അദ്ദേഹം ഇത് മാത്രം  പറഞ്ഞു..

'ന്നാ ഞ്ഞി നോക്കണ്ട എക്സിറ്റ് തന്നെ അടിക്ക്വാ ..'

അന്ന് രാത്രി എല്ലാവരും പോയി കഴിഞ്ഞപ്പോള്‍ അയാള്‍ നഴ്സിനോട് പറഞ്ഞു..
'മോള്‍ വന്ന് ഇവിടെ ഇരി .. കുറച്ചു നേരം..'

സ്വന്തം അച്ഛന്റെ ചാരത്തിരിക്കുന്ന മനസ്സുമായി അവള്‍ അയാളുടെ അടുത്തിരുന്നു..
അയാള്‍ സ്വന്തം മകളെയെന്ന പോലെ അവളുടെ കൈകളെടുത്തു ഓമനിച്ചു.. മുടിയിഴകളില്‍ സ്നേഹപൂര്‍വ്വം തലോടി..
എന്നിട്ട് മെല്ലെ പറഞ്ഞു..
'ഖുലീ യാ  ബാബാ ...' ബാബാ.....

അവള്‍ അനുസരണയുള്ള ഒരു കുട്ടിയെ പോലെ ആ പദം ആവര്‍ത്തിച്ചു പറഞ്ഞു..
യാ ബാബാ ....! യാ ബാബാ ..

അത് കേട്ട വല്ലാത്ത ഒരു നിര്‍വൃതിയില്‍ അയാള്‍ അവളോട്‌ ഒന്ന് കൂടി പറയാന്‍ ആവശ്യപ്പെട്ടു...
'ഖുലീ ഉപ്പാ ... ഉപ്പാ... ഉപ്പാ..'

അങ്ങനെ അവള്‍ക്കു പെട്ടെന്ന് പറയാന്‍ കഴിയുമായിരുന്നില്ല .. 
അയാള്‍ ഒരു കൊച്ചു കുട്ടിക്ക് അക്ഷരം പറഞ്ഞു പഠിപ്പിക്കും പോലെ അവള്‍ക്കു പറഞ്ഞു കൊടുത്തു...
''ഉപ്പാ ഉപ്പാ...ഉപ്പാ...''

ഒടുവില്‍ അവള്‍ ആ വിളി പല പ്രാവശ്യം ആവര്‍ത്തിച്ചു..
ആ ശബ്ദം ഒരു സ്നേഹ സംഗീതമായി ആശുപത്രി ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു...

അന്നേരം , അയാളുടെ വെളുത്ത വിരിപ്പിലൂടെ പുതിയ ചാലുകള്‍ സൃഷ്ടിച്ച്  ഒരു ചുവന്ന നദി ഒഴുകി വരുന്നുണ്ടായിരുന്നു....










2011, നവംബർ 11, വെള്ളിയാഴ്‌ച

അനാഘ്രാതം




ടയാട മാറ്റിയ വിങ്ങലിന്റെ
അഴുകിയ അയലില്‍
നോവഴിച്ചിടുമ്പോള്‍
ഓലത്തടുക്കിന്റെ ഓട്ടക്കണ്ണുകളിലൂടെ
അകത്തു കടന്ന്
ഒരു വെയില്‍ നുറുങ്ങ് ചോദിച്ചു:
ഇനിയുമെത്ര നാള്‍ ?

നെറുകയില്‍ വീണുടഞ്ഞ്
കവിള്‍ തലോടി
ചുണ്ടിണകളിലൂടെ ഒഴുകിയിറങ്ങുന്ന
കുളിര്‍ വള്ളികളും ചോദിച്ചു
അതെ ചോദ്യം.
ഇനിയുമെത്ര നാള്‍ ?

ഒടുവില്‍ ,
പ്രായം തെറ്റിയ
വേനല്‍ കിളിയുടെ
ഈറന്‍ മുടിത്തുമ്പില്‍ നിന്ന്
മഞ്ചാടി മണികള്‍
ഇറ്റിവീഴാന്‍ തുടങ്ങി...

അന്നേരം
അയല്‍പ്പക്കത്തെ സമൃദ്ധിപ്പന്തല്‍
ഒരു മൈലാഞ്ചിക്കല്യാണത്തിന്
ഒരുങ്ങുകയായിരുന്നു.
ഋതു മതിയാവാത്ത
മുല്ല മൊട്ടിന്റെ.






2011, നവംബർ 3, വ്യാഴാഴ്‌ച

ദേശാടനക്കിളി കരയാറില്ല




സ്വപ്നം നിറയെ ദേശമുള്ള ഞാനും ദേശാടനം മാത്രം ചിന്തിച്ചു പറക്കുന്ന നീയും എങ്ങനെ സമന്മാരാകും...?

നിനക്ക് എങ്ങോട്ടെങ്കിലും പറന്നു എന്തെങ്കിലുമൊക്കെ തിന്ന് എത്തിച്ചെരുന്നിടം ദേശമായി കണ്ടു നടക്കാം..

എന്റെ മനസ്സ് നിറയെ എന്റെ കൂടാണ്...

അവിടെ എന്നെ കാത്ത് കണ്ണില്‍ എണ്ണ ഒഴിച്ച് ഇരിപ്പുണ്ട് എന്റെ പെണ്‍കിളി .. 

എന്നെ മാത്രം സ്വപനം കണ്ട് 

ഉറങ്ങുന്നുണ്ട് എന്റെ കണ്മണികള്‍...

എന്നെ ഞാനാക്കിയ അമ്മിഞ്ഞ തന്നു പാലൂട്ടിയ കുഴിഞ്ഞ കണ്ണുകളിലും എന്നെ പരതുന്ന  അമ്മക്കിളിയുണ്ട് .. 

എന്നെ ഒന്നിനു മാത്രം പോന്നവനാക്കിയ അച്ഛനുണ്ട്‌... 

ഈ വേരുകള്‍ക്ക് സുഖമമായി മണ്ണില്‍ ഇറങ്ങിപ്പോകാനാണ് ഞാന്‍  ഇങ്ങനെ തളരും വരെ എന്റെ ചിറകുകള്‍അടിച്ചു 

പറക്കുന്നത് ... 

നിനക്കറിയുമോ? ഞാന്‍ കിതക്കുമ്പോഴോക്കെ എനിക്ക് കുതിപ്പ് തരുന്നത് എന്റെ ഈ വേരുകളാണ്! ഞാന്‍ വെള്ളവും 

വളവും നല്‍കി വളര്‍ത്തി വലുതാക്കിയ ആ മരം പൂത്തു നില്‍ക്കുന്നത് കാണുമ്പോള്‍ എന്റെ മനസ്സാണ് പൂക്കുക ... 

എനിക്ക് ആ പൂക്കാലം മാത്രം മതി... 

നീ അലയുക... 

ഞാന്‍ എന്റെ വേരുകള്‍ക്ക് വേണ്ടി അഴലിലും അലയട്ടെ... 

സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല... 

എനിക്ക് നിന്നെപ്പോലെയല്ല ചെയ്യാനും സഫലമാകാനും ഇനിയുമുണ്ട് ഒരു പാട്....

ഗുഡ് ബൈ! 

2011, നവംബർ 2, ബുധനാഴ്‌ച

കടലമണി കവിതകള്‍



ഉടുപ്പിന് വേണം കുടുക്ക്
ഉഴപ്പിന് വേണം കുരുക്ക്.



അടി തന്നെ പൊളിഞ്ഞാല്‍ പിന്നെ
എന്ത് അടിപൊളി?

തുഴക്കാരനെയും
തുണക്കാരനെയും
പിണക്കരുത്

സുലോചനയായിട്ടെന്തു കാര്യം
ആലോചനയില്ലെങ്കില്‍

വല്ലഭനായില്ലെങ്കിലും
നല്ലവനാവുക

അന്തമുള്ളവരോടാവാം വേദാന്തം
അന്തമില്ലാത്തവരോടരുത-
വര്‍ക്കത്‌ വെറുമൊരു കുന്ത്രാണ്ടം !

പ്രായം നോക്കി
അഭിപ്രായം പറയുക

ഗ്രാമര്‍ പാലിക്കണം
ഗ്ലാമര്‍ പരിപാലിക്കണം

കൊടി ഏറിയാലും
'കുടി' ഏറാമോ?

മടിയനായാലും
മുടിയനവല്ലേ

പണ്ട് അയല്‍ക്കാര്‍
ഇന്ന് അയലത്ത് ആര്?

വൃദ്ധനാവാന്‍ ഇഷ്ടമില്ല ആര്‍ക്കും
വൃദ്ധി നേടാന്‍ ഇഷ്ടമാണെനിക്കും നിനക്കും

സുഹൃത്ത്‌
സു- ഹൃത്തുള്ളവനാവണം

ഏറ്റവും നല്ല സുഹൃത്ത്‌
ഏറ്റവും നല്ല സ്വത്ത്‌

തലയും മുറയുമില്ലാത്ത
തലമുറയാണിന്നുള്ളത്

പൊള്ളെള്ളോളവും കൊള്ളില്ല
ഉള്ളു പൊള്ളയായായാല്‍ തീരെ കൊള്ളില്ല





തലയില്‍ നിറയെ ചോറാണേല്‍
തലച്ചോറെന്തിന് കൊള്ളാം പിന്നെ

അപായം കണ്ടു പഠിക്കണം
ഉപായം കണ്ടു പിടിക്കണം



കണ്ണീര്‍ തടുക്കാന്‍ കഴിയില്ലയെങ്കിലും
കണ്ണീര്‍ തുടക്കാന്‍ കഴിയുമല്ലോ ?

മിത ഭാഷണം
അതി ഭൂഷണം

പ്രതികള്‍ക്കെന്നുമില്ല പഞ്ഞം
പ്രതിഭകള്‍ക്കെന്നുമുണ്ട് പഞ്ഞം

പറന്നുയരുമ്പോഴും
പറക്കമുറ്റാത്തൊരു
കാലം കഴിഞ്ഞതൊന്നോര്‍മ്മ വേണം

കൊക്കിന്റെ കൊക്കിന്നു നീളമുണ്ടായതില്‍
കാക്കയ്ക്ക് കോപം വരേണ്ടതുണ്ടോ ?

പിള്ളയായാലും
പുള്ളി പുള്ളി തന്നെ !




2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

കമന്റ് / കഥ



അപ്പോള്‍ വന്നു വീണ ഒരു പോസ്റ്റിലെ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാന്‍. .. കീറിപ്പറിഞ്ഞ ,  ശരീരം മുഴുവനും മറയാത്ത,  അഴുക്ക് പുരണ്ട ഒരു കുപ്പായവുമിട്ട് അമ്മയുടെ ഒക്കത്തിരുന്നു നിസംഗതയോടെ നോക്കുന്നു ഒരു പാവം തെരുവ് കുട്ടി. 

ചിത്രത്തോടൊപ്പം ഒരു വരി ഇങ്ങനെ എഴുതിയിരിക്കുന്നു..

'ഒരു അടിക്കുറിപ്പ് കൊടുക്കാമോ..'?

ആ കുട്ടിയുടെ  ദൈന്യത മുഴുവന്‍ ആവാഹിക്കുന്ന തരത്തില്‍ ഒരു കിടിലന്‍ കമന്റിന് വേണ്ടി തലപുകക്കുന്നതിനിടയിലാണ്   ഭാര്യ കാര്യമായി വിളിച്ചു പറയുന്നത്..

''മോന്റെ പമ്പെഴ്സ്  തീര്‍ന്നു.. ഞാനത് ഇന്നലെ പറയാന്‍ വിട്ടു പോയി..''

ശരവേഗത്തില്‍ കാറെടുത്ത് ടൌണിലേക്ക് പറക്കുന്നതിനിടെ  സിഗ്നലില്‍ കാറ് നിര്‍ത്തിയതും
ഒരു  അമ്മയും കുഞ്ഞും വന്നു 'വല്ലതും തരണേ 'എന്ന് കേണപേക്ഷിക്കുന്നതും അറിഞ്ഞ ത് പോലുമില്ല..!
അപ്പോഴും  മനസ്സ്  വല്ലാതെ അസ്വസ്ഥമായിരുന്നു .. !
എന്തെഴുതും  ഒരു കമന്റ് ..!?

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

ലൈക്‌



മദീന റോഡില്‍ നിന്ന് ഹായില്‍ സ്ട്രീറ്റിലേക്ക് ചെന്നെത്തുന്ന പോക്കറ്റ് റോഡിലൂടെ നടന്നു പോകുമ്പോള്‍ എന്നും അയാളെ കാണാറുണ്ട്‌ .. ഇരുപതോ ഇരുപത്തഞ്ചോ വയസ്സ് തോന്നിക്കും..കയ്യുള്ള, വെളുത്ത,  ബനിയന്‍.. തോപ്പിന് താഴെ സാധാരണ അറബികള്‍ ഉപയോഗിക്കാറുള്ള അയഞ്ഞ കാല്‍സറായി  ധരിച്ചിട്ടുണ്ടാകും.. തിങ്ങിയ താടി.. സുന്ദരന്‍..

പക്ഷേ അസ്വസ്ഥനായല്ലാതെ  കണ്ടിട്ടേയില്ല.. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും  . ..  നടത്തത്തിനിടയില്‍ അയാള്‍ക്ക്‌ മാത്രം മനസ്സിലാകുന്ന ഭാഷയില്‍ കൈകള്‍ കൊണ്ട് എന്തൊക്കെയോ  ആംഗ്യങ്ങള്‍ കാണിക്കുന്നുണ്ടാവും എപ്പോഴും..

ഓഫീസില്‍ നിന്ന് തിരിച്ചു പോരുമ്പോഴും കാണാം അതെ സ്ഥലത്ത്, അതെ അവസ്ഥയില്‍ , തികച്ചും അസ്വസ്ഥനായി  അയാള്‍ , അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.. 
ആദ്യമൊന്നും ഞാന്‍ അയാളെ ശ്രദ്ധിച്ചിരുന്നില്ല ..

ഒരിക്കല്‍ ഓഫീസില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ തികച്ചും ദയനീയമായ രംഗമാണ് കാണുന്നത്! അയാള്‍  അങ്ങോട്ടും ഇങ്ങോട്ടും വിറളി പിടിച്ചു ഓടിക്കൊണ്ടിരിക്കുകയാണ്.. പിരടിയില്‍ തുരുതുരാ ശക്തമായി അടിച്ചു കൊണ്ടാണ് ഓട്ടം.. ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു... അയാളുടെ അസ്വസ്ഥത കൂടിക്കൂടി വരുന്നു.. അടിയുടെ ശക്തിയും..

കുറച്ചു ദൂരെ ഏതാനും കുട്ടികള്‍ അയാളെ നോക്കി നില്‍ക്കുന്നുണ്ട്..
അവരെങ്ങാനും വല്ലതും പറഞ്ഞു ഇദ്ദേഹത്തെ പ്രകോപിപ്പിച്ചുവോ?

പക്ഷേ അതിനു സാധ്യത കാണുന്നില്ല..
കാരണം കുട്ടികളും ഇയാള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാതെ അത്ഭുതപ്പെട്ടു നോക്കി നില്‍ക്കുകയാണ്!

സാധാരണ നമ്മുടെ നാടുകളില്‍ ഇത്തരം ആളുകളെ പ്രകോപിപ്പിക്കുന്നത് ചിലര്‍ക്കൊക്കെ ഒരു ഹോബിയാണ്..
എന്റെ നാട്ടില്‍ ഒരു ഹംസു ഉണ്ട്.. മാനസികമായി സുഖമില്ലാത്ത ആളാണ്‌.. രാവിലെ പുന്നക്കാട് അങ്ങാടിയിലേക്ക് ഹംസു ഇറങ്ങും.. വായില്‍ നിറയെ തെറിയുമായി.. ഇടയ്ക്കു ആരെങ്കിലും ഒന്ന് ചൂടാക്കും .. അന്നേരം ഹംസുവിന്റെ അരികിലൂടെ കുടുംബസമേതം നടക്കാന്‍ കൊള്ളില്ല.. അതിനു മാത്രം വൃത്തികേടാണ് ഹംസുവിന്റെ തിരുവായില്‍ നിന്ന് പുറത്തേക്കു ഒഴുകുക.. ഇത് കാണുമ്പൊള്‍ ഹംസുവല്ല യഥാര്‍ത്ഥ മാനസിക രോഗി എന്ന് തോന്നും..
പണിയില്ലാത്ത ചിലര്‍ക്ക് ഹംസുവിനു പണികൊടുക്കുകയാണ് പണി..

എന്നാല്‍ ഇവിടെ ഇത്തരം ആളുകളെ ആരും പ്രകോപിക്കുന്നത് കണ്ടിട്ടില്ല..
എന്നിട്ടുമെന്തേ ഇയാള്‍ ഇങ്ങനെ വയലന്റായി സ്വയം ശിക്ഷിക്കുന്നു ? എന്തോ ഏതോ?

കുട്ടികള്‍ അവരുടെ വഴിക്കും ഞാന്‍ എന്റെ വഴിക്കും പോയി..

പിറ്റേന്ന്  അയാളെ കാണുമ്പോള്‍ അയാള്‍ അസ്വസ്ഥ നാണെങ്കിലും തികച്ചും ശാന്തനാണ് ..

അന്ന് മുതല്‍ ഞാന്‍ അയാളെ കാണുമ്പൊള്‍ ഒന്ന് മാറി നടക്കും.. അയാള്‍ റോഡിന്റെ വലതു വശത്ത് കൂടി വരുമ്പോള്‍ ഞാന്‍ ഇടതു വശത്തേക്ക് മാറി നടക്കും.. അയാളെ കാണുമ്പോള്‍ ഒരു ഉള്‍ഭയം..

പക്ഷേ മെല്ലെ മെല്ലെ ആ പേടി മാറി..
ഇടയ്ക്കു ഞാന്‍ അയാള്‍ക്ക് ഒരു ചിരി കൊടുക്കാന്‍ ശ്രമിക്കും .. പക്ഷെ എന്നെ അയാള്‍ തീരെ മൈന്റ് ചെയ്യില്ല..

ഒരു ദിവസം  ഞാന്‍ ഓഫീസിലേക്ക് നടന്നു പോകുകയാണ്.. അയാള്‍ പതിവുപോലെ അസ്വസ്ഥമായ ഉലാത്തല്‍ നടത്തുന്നുണ്ട്.. എന്റെ കയ്യില്‍ ഓഫീസില്‍ നിന്ന് ഇടയ്ക്കു കൊറിക്കാന്‍ വേണ്ടി വാങ്ങിയ ഒന്ന് രണ്ടു പാക്ക് ബിസ്ക്കറ്റ്, അംരീക്കാനയുടെ ഒരു പാക്ക് റസ്ക് , കുറച്ചു കപ്പു കേക്ക്, ഇവയുടെ ഒരു കീശയുണ്ട്..

പതിവില്ലാതെ  അയാള്‍ അന്ന്  എന്നോടൊന്നു ചിരിച്ചു.. ഞാനും ചിരിച്ചു..

എന്നിട്ട്  എന്തൊക്കെയോ ആംഗ്യം കാണിച്ചു അയാള്‍  എന്തോ പറയാന്‍ ശ്രമിക്കുകയാണ്..
എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.. അന്നേരം ഒരു ഞെട്ടലോടെ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി . അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കു ശബ്ദമില്ല !

മാനസികമായി സുഖമില്ലാത്ത ആള്‍ മാത്രമല്ല അയാള്‍ ഊമയുമാണ് എന്ന കാര്യം ഞാന്‍  അറിഞ്ഞു.!

ഒന്നും മനസ്സിലായില്ലെങ്കിലും ഞാന്‍അയാള്‍ പറയുന്നതിനൊക്കെ  വെറുതെ തലയാട്ടി..
ഒടുവില്‍  എന്റെ ഒരു സന്തോഷത്തിനു എന്റെ കയ്യിലുണ്ടായിരുന്ന  കീശയില്‍ നിന്ന് ഒരു പാക്ക് കപ്പു കേക്ക് എടുത്തു ''ഖുദ് ബില്ലാഹ് യാ മുഹമ്മദ്‌'' എന്ന് പറഞ്ഞു അയാള്‍ക്ക് നേരെ നീട്ടി...
അയാള്‍ സ്നേഹപൂര്‍വ്വം അത് നിരസിച്ചു...!
പിന്നീട്  ആംഗ്യത്തിലൂടെ അയാള്‍ പറഞ്ഞത് ഞാന്‍ ഇങ്ങനെ വായിച്ചെടുത്തു!..
''വേണ്ട.. ഞാന്‍ ആവശ്യമുള്ളതൊക്കെ വീട്ടില്‍ നിന്ന് കഴിക്കാറുണ്ട്.. വേണമെങ്കില്‍ എന്റെ കയ്യില്‍ കാശുമുണ്ട്... നന്ദി..'' എന്നൊക്കെയാണ് ആ അംഗവിക്ഷേപങ്ങളുടെ മൊഴിമാറ്റം..

ഒടുവില്‍ , അയാള്‍ അല്പം ദൂരേക്ക്‌  കൈ ചൂണ്ടി.. ഞാന്‍ നോക്കുമ്പോള്‍ ദൂരെ ഒരു ഖുമാമ പെട്ടിക്കരികില്‍ ഒരു കറുത്ത വര്‍ഗക്കാരി സ്ത്രീ! അവര്‍ ഖുമാമ യില്‍ നിന്ന് വല്ലതും കിട്ടുമോ എന്ന് പരതുകയാണ്.. തൊട്ടപ്പുറത്ത് ഒരു മരത്തണലില്‍ അവരുടെ കൊച്ചു കുട്ടി ഇരുന്നു കളിക്കുന്നുണ്ട്...

അയാള്‍ എന്നോട് ആംഗ്യം കാണിച്ചു പറഞ്ഞു:
ആ പാവം കുട്ടിക്ക് കൊടുക്കൂ   ...!
ഞാന്‍ നടന്നു നീങ്ങി.. അയാള്‍ പറഞ്ഞ പോലെ ഞാന്‍ ആ കുട്ടിക്ക് എന്റെ കയ്യിലുള്ള കീശ സഹിതം എല്ലാം കൊടുക്കുന്നതും നോക്കി അയാള്‍ നില്‍ക്കുന്നു..!

അന്നേരം  വലതു കയ്യിലെ നാലുവിരലുകള്‍ മടക്കി പിടിച്ചു  തള്ള വിരല്‍ ഉയര്‍ത്തി അയാള്‍ എനിക്ക് ലൈക്‌ തന്നു. ഹൃദയം തൊടുന്ന ലൈക്‌!

 


2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഹായില്‍ സ്ട്രീറ്റിലെ അപ്പൂപ്പന്‍ താടികള്‍





ഓഫീസിലേക്ക് വരുമ്പോള്‍ തൂവലുകള്‍ പോലെ എന്തോ കുറെ എണ്ണം എന്റെ തലയ്ക്കു മീതെ പറന്നു വന്നിരുന്നു.. 
തലയിലും കഴുത്തിലും കൈകളിലും മൃദുലമായ, ഇക്കിളിപ്പെടുത്തുന്ന തലോടല്‍ .. 
നോക്കുമ്പോള്‍ നമ്മുടെ അപ്പൂപ്പന്മാരാണ്..
അപ്പൂപ്പന്‍ താടികള്‍.. ..!

എനിക്ക് വല്ലാത്ത കൌതുകം തോന്നി.. 
എവിടെ നിന്നാണ് കൊച്ചു പക്ഷികളെ പോലെ ഇവ കൂട്ടം കൂട്ടമായി പറന്നു വരുന്നത്?
ഞാന്‍ നാലുപാടും നോക്കി .. 
വലിയ മതില്‍ക്കെട്ടിന്റെ അകത്തേക്ക് എന്റെ ദുര്‍ബലമായ കണ്ണുകള്‍ക്ക്‌ പ്രവേശന മില്ലാത്തത് കൊണ്ട് 'വെള്ളപ്പറവ'കളുടെ കൂട് കണ്ടെത്താനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു..

കൂട്ടത്തില്‍ ഒന്ന് രണ്ടെണ്ണം എടുത്തു ഞാന്‍ ഓമനിച്ചു.. 
നനുത്ത മിനുമിനുപ്പുള്ള കുഞ്ഞു താടികള്‍ എന്നെ എങ്ങോട്ടോക്കെയോ കൂട്ടിക്കൊണ്ടു പോയി.. ഒന്ന് രണ്ടെണ്ണത്തിനെ പിടിച്ചു വെച്ച് ഞാന്‍ എന്റെ പോക്കറ്റിലിട്ടു..
അവ ഇപ്പോഴും കീശയില്‍ സുഖമായി ഉറങ്ങുന്നുണ്ട്‌!

കുട്ടിക്കാലത്ത് പണ്ടെങ്ങോ കണ്ടതാണ്... 
കയ്യില്‍ കിട്ടിയാല്‍ പിന്നെ ഒരു ഊത്താണ്.. 
പറന്നു പോകുന്നത് കാണാന്‍ നല്ല രസം .. 
അതിലേറെ എനിക്കിഷ്ടം ആ പേരാണ്..
നല്ല കാല്പനികമായ ആ പേര് ആരാണാവോ ഇവക്കിട്ടത്...
അപ്പൂപ്പന്‍ താടി..! സൂപ്പര്‍ പേര്..

ഇവ ഏതോ ചെടിയുടെ കായ പൊട്ടിപ്പിളര്‍ന്ന് വരുന്നതാണ്..
ഏതു ചെടിയാണ് ഈ പറവകളെ പറത്തിവിടുന്നത്?

ഇന്ന് എന്റെ ചിന്ത മുഴുവനും അപ്പൂപ്പന്‍ താടികള്‍ ആയിരുന്നു..

പിതാവിന് കുഞ്ഞു താടിയെ ഉണ്ടായിരുന്നുള്ളൂ .. അതിന്മേല്‍ ഒന്ന് ഉഴിയാന്‍ മോഹമുണ്ടായിരുന്നു.. നടന്നില്ല.. പേടിയായിരുന്നു.. 

അപ്പൂപ്പന്‍ ഇല്ലാത്തത് കൊണ്ട് അതും സാധിച്ചില്ല.. 
വെളുത്ത നൂല് പോലെയുള്ള അപ്പൂപ്പന്റെ താടിയില്‍ സ്നേഹപൂര്‍വ്വം പിടിക്കാന്‍ നല്ല രസം കാണും അല്ലെ... 
യഥാര്‍ത്ഥ അപ്പൂപ്പന്റെ താടിയില്‍ ഉഴിയാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ന് ഞാന്‍ ഈ അപ്പൂപ്പന്മാരെ മതിയാവോളം ആസ്വദിച്ചു...
ഇപ്പോള്‍ ഒരു ആശങ്ക : ഇവ കീശയില്‍ കിടന്നു വാടിപ്പോകുമോ?

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

താക്കോല്‍




വൃത്തിയും ഭംഗിയും നല്ല സൌകര്യവുമുള്ള വീട്... 
കുറെ നാളായി അവന്‍ ക്ഷണിക്കുന്നു .. വീട് കാണാന്‍ .. പല കാരണങ്ങളാല്‍ നീണ്ടു  പോവുകയായിരുന്നു.. അവന്‍ കൂടെ നടന്നു എല്ലാം അഭിമാനത്തോടെ കാണിച്ചു തരുന്നു...
ഒടുവിലാണ് വായനാ മുറിയിലെത്തിയത്..

നോക്കുമ്പോള്‍ നിറയെ പുസ്തകങ്ങള്‍ ഉള്ള ഒരു ബൃഹത്തായ ബുക്ക്‌ ഷെല്‍ഫ് !

എനിക്ക് അവനോടു അന്നേരം ഒരു പ്രത്യേക ബഹുമാനം തോന്നി..
''ഒരു വന്‍ ശേഖരം തന്നെയുണ്ടല്ലോ..'
ഞാന്‍ അവനെ അഭിനന്ദിച്ചു!

ആ ശേഖരം ഒന്ന് തുറന്നു കാണണമെന്ന് 
എനിക്ക് കൊതിയായി .. 

അത് തിരിച്ചറിഞ്ഞിട്ടെന്ന വണ്ണംഅവന്‍  ബുക്ക്‌ ഷെല്‍ഫിന്റെ താക്കോല്‍ പരതി. 
കാണുന്നില്ല .. 
ഒടുവില്‍ ഭാര്യയെ വിളിച്ചു ചോദിച്ചു: 

''താക്കോല്‍ എവിടെ..''?
അവള്‍ പറഞ്ഞു: 
''ആ ഷെല്‍ഫിന്റെ മുകളില്‍ തന്നെ എവിടെയെങ്കിലും കാണും... ''
 ഒരു കസേരയിട്ട് 
 കേറി കുറെ സഹാസപ്പെട്ടു  ഒടുവില്‍ അവന്‍  തപ്പിയെടുത്തു താക്കോല്‍ !...
താക്കോല്‍ കണ്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ചിരി പൊട്ടി..


പാവം മാറാലക്ക് എന്തറിയാം ?


 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്