ഏറെ ദൂരം ഓടാനുണ്ട്.
എന്നാലും ആ യാത്ര മുഷിപ്പിക്കുന്നില്ല . എങ്ങനെ മുഷിയാനാണ് ? വർഷങ്ങളോളം ഒന്നിച്ചു ഒരു റൂമിൽ തൊട്ടടുത്ത ബെഡ്ഡിൽ കിടന്നും സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും പരസ്പരം പങ്കുവെച്ചും ഒരുമിച്ചു ഭക്ഷണം കഴിച്ചും ജീവിച്ച അവനെ വർഷങ്ങൾക്കു ശേഷം കാണാൻ പോവുകയാണല്ലോ.
ഓർമ്മകളിൽ അവൻ തന്നെയാണ്.
എന്തൊരു സന്തോഷമുള്ള ജീവിതം ആയിരുന്നു. കുറച്ചു കാലമെങ്കിലും ഭാര്യയേയും കുട്ടികളെയും കൂടെ കൊണ്ട് വന്നു നിർത്തണം എന്ന് അവന്റെ വലിയ സ്വപ്നമായിരുന്നു.
എല്ലാം സാധിച്ചു. സ്നേഹവും സന്തോഷവും കളിയാടുന്ന അവരുടെ ജീവിതത്തിലേക്ക് ചില നേരങ്ങളിൽ അവന്റെ നിരന്തരമുള്ള വിളിയും നിർബന്ധവും കാരണം പോവും. അവരുടെ സന്തോഷം നിറഞ്ഞ ജീവിതം കണ്ട് മനസ്സ് നിറഞ്ഞു തിരിച്ചു പോരും.
ഭാര്യയേയും കുട്ടികളെയും അവന് ജീവനായിരുന്നു. ഭാര്യയെ കുറിച്ച് അവൻ എപ്പോഴും പറയും.
അവൾ എനിക്ക് കിട്ടിയ സൌഭാഗ്യമാണ്. ഞാൻ അവളെ ജീവനു തുല്യം സ്നേഹിക്കുന്നു. അവൾ എന്നെയും..
പെട്ടെന്ന് ഓർമ്മകളെ മുറിച്ചു കൊണ്ട് ഒരു കാർ പിറകിൽ നിന്ന് ഒന്ന് ഹോണടിക്കുക പോലും ചെയ്യാതെ ഓവർടേക്ക് ചെയ്തു കേറി വന്നു. ഒരു നിലക്കും മറികടക്കാൻ പറ്റാത്ത ഒരു ഏരിയയിൽ വെച്ചാണ് അത് ചെയ്തത്.
മുന്നിൽ നിന്ന് കയറ്റം കേറി വന്ന മറ്റൊരു വാഹനം തൊട്ടുതൊട്ടില്ല എന്ന മട്ടിൽ നിന്നു. എന്തോ ഭാഗ്യത്തിനാണ്
രക്ഷപ്പെട്ടത്. ആർക്കും ക്ഷമയില്ല. മുൻപിൽ പോകുന്നവനെ മറികടന്നാലേ സമാധാനമുള്ളൂ. ഒരാളുടെ അക്ഷമയും അശ്രദ്ധയും മതി ഒരുപാട് പേരുടെ ജീവിതം ഇരുളടയാൻ.
അതൊക്കെ ആര് ഓർക്കാൻ ..
ഇത് പോലെയുള്ള മറ്റൊരുത്തന്റെ അശ്രദ്ധയാണല്ലോ എന്റെ സുഹൃത്തിന്റെ ജീവിതവും അവതാളത്തിലാക്കിയത്.
ഏറെ നേരം ഓടിയിട്ടാണ് അവന്റെ വീട്ടിലെത്തിയത്. അവധിക്ക് വരുമ്പോഴൊക്കെ അവന്റെ വീട്ടിൽ പോകും. ആ പതിവ് ഒരിക്കലും തെറ്റിച്ചിട്ടില്ല. അവൻ നാട്ടിൽ ഉണ്ടെങ്കിലും ഇല്ലങ്കിലും.
പക്ഷേ അങ്ങനെയുള്ള ഒരു സന്ദർശനം അല്ല ഇത്. പരസഹായം കൂടാതെ ഒന്ന് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാതെ, പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഒറ്റയ്ക്ക് പോകാൻ കഴിയാതെ..
ഈ അവസ്ഥയിൽ എങ്ങനെ ആ മുഖത്തേക്ക് നോക്കും എന്നറിയില്ല.
വണ്ടി വീടിനു മുമ്പിൽ പാർക്ക് ചെയ്ത് ഇറങ്ങി. അടഞ്ഞു കിടക്കുന്ന ഗേറ്റിന്റെ സമീപമുള്ള കൊച്ചു ഗേറ്റിലൂടെ മുറ്റത്തേക്ക് കടന്നു. മുറ്റം കാട് പിടിച്ചു കിടക്കുന്നു. ഒന്ന് അടിച്ചു വാരിയിട്ടു തന്നെ ദിവസങ്ങളായിട്ടുണ്ട് എന്ന് തോന്നി. മുമ്പ് ഈ മുറ്റത്തേക്ക് കേറുമ്പോഴേ ഒരു ഐശ്വര്യത്തിന്റെ മണം വരുമായിരുന്നു. എവിടെ നോക്കിയാലും സന്തോഷം കളിയാടുന്ന പ്രതീതി.
ഇന്ന് ആകെ മാറിയിരിക്കുന്നു. വീട്ടിൽ ഒരാൾ എഴുന്നേൽക്കാനോ എണീക്കാനോ കഴിയാതെ
വർഷങ്ങളോളം കിടന്നാൽ പിന്നെ ആ വീട്ടിൽ എന്ത് സന്തോഷം. സമാധാനം.?
കോളിംഗ് ബെൽ അടിച്ചു. അല്പം കാത്തിരുന്നിട്ട് ആണ് വാതിൽ തുറക്കപ്പെട്ടത്. മുന്നിൽ അവൾ. അവന്റെ ഭാര്യ. എന്നെ കണ്ടപ്പോൾ 'നിങ്ങളായിരുന്നോ 'എന്ന ചോദ്യം.
'എന്ന് വന്നു.എന്ന് പോകും ' തുടങ്ങി അവിടെയും ഇവിടെയും തൊടാത്ത ചില കുശലാന്വേഷണം.
പിന്നെ അവൻ കിടക്കുന്ന റൂമിലേക്ക് കൈചൂണ്ടി
'അവിടെയാണ് കിടക്കുന്നത്.'
എന്നെ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു.
ഞാൻ ആ കൈകൾ മുകർന്നു.
അവൻ എന്റെ കൈകളിൽ അമർത്തിപ്പിടിച്ചു.
കണ്ണുകളിലൂടെ , വാക്കുകളില്ലാതെ അവൻ കുറെ സംസാരിച്ചു. അകത്തു അവളുടെയും കുട്ടികളുടെയും വർത്തമാനവും ചിരിയും കേൾക്കുന്നുണ്ട്. അവന് എന്തൊക്കെയോ പറയണം എന്നുണ്ട്.
പക്ഷേ ആരെയോ പേടിക്കുന്ന പോലെ...!
ഒടുവിൽ അവൾ ഒരു ക്ലാസ് നാരങ്ങാ വെള്ളം കൊണ്ടു വന്നു തന്നു.
അവളുടെ മുഖത്ത് നിന്ന് ഞാൻ ചിലതൊക്കെ വായിച്ചെടുത്തു. കൂടുതലൊന്നും സംസാരിക്കുന്നില്ല അവൾ. പറയുന്നതിൽ തന്നെ പരിഭവത്തിന്റെയും അവനെ കൊച്ചാക്കിക്കാണിക്കുന്നത്തിന്റെയും ധ്വനികൾ. പഴികൾ.
എനിക്ക് വല്ലാതെ വീർപ്പുമുട്ടി.
മറ്റു ചിലയിടങ്ങളിൽ കൂടി പോകണം എന്ന് കള്ളം പറഞ്ഞ് ഇറങ്ങാൻ ഞാൻ വെറുതെ തിടുക്കം കൂട്ടി.
അവൻ അവളോട് ബാത്ത് റൂമിൽ പോകണം എന്ന് പറഞ്ഞു.
വീൽചെയറിലേക്ക് എന്റെ കൂടി സഹായത്തോടെ കേറ്റിയിരുത്തി.
അപ്പോഴേക്കും തുണി നനഞ്ഞു തുടങ്ങിയിരുന്നു.
വീൽ ചെയർ ഉന്തി പോകുന്ന അവളുടെ മുഖത്തേക്ക് ഞാൻ ഒന്ന് പാളി നോക്കി.
അവിടെ പുച്ഛത്തിന്റെയും വെറുപ്പിന്റെയും ഭാവങ്ങൾ മിന്നി മറയുന്നത് കണ്ടു.
എന്തോ ഇഷ്ടപ്പെടാത്ത ഒരു ഭാരം തള്ളിക്കൊണ്ട് പോകുന്ന പോലെ.
പെട്ടെന്ന് ഒരു ശബ്ദം കേട്ടു. ബാത്ത് റൂമിന്റെ വാതിലിൽ അവന്റെ തല ഇടിച്ച ശബ്ദം ആയിരുന്നു അത്. അതിനോടൊപ്പം 'അള്ളോ...' എന്ന ഒരു നിലവിളിയും.
ഞാൻ ഓടിച്ചെന്നു അവളുടെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി.
'ഒന്ന് ശ്രദ്ധിക്കേണ്ടേ 'എന്ന ഭാവത്തിൽ.
പക്ഷേ ഇതൊക്കെ ഇവിടെ പതിവാണ് എന്ന മട്ടിൽ അവൾ.
അവന്റെ നെറ്റി മുഴച്ചിരിക്കുന്നു. അവളൊന്നു ഉഴിഞ്ഞു കൊടുക്കും എന്ന് ഞാൻ കരുതി.
അതുണ്ടായില്ല. ഒടുവിൽ ഞാൻ ഉഴിഞ്ഞു കൊടുത്തു. അപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..!