2010 ഡിസംബർ 27, തിങ്കളാഴ്‌ച

കറുത്ത പക്ഷി / കവിത

ഇറയത്തിറ്റിയ
വെയില്‍ വിങ്ങലിന്‍ പക്കലിന്നലെ 
ഞാന്‍ നിനക്കൊരു
തലോടല്‍ കൊടുത്ത് വിട്ടിരുന്നു.
കൂടെ,
ഒരു വട്ടം മുറുക്കാന്‍
ഒരു വെറ്റിലച്ചുണ്ട്.
നെറുകയിലിടാനൊരു നുള്ള്
രാസ്നാദിത്തണുപ്പ്                                                   
നൂറ്റൊന്നാവര്‍ത്തിച്ച ഒരു കുപ്പി
ക്ഷീണ ബലം!
കിട്ടിയോ നിനക്കവ?
കണ്ണ് പൊട്ടിയ ഏകാന്തത
തൊണ്ടയില്‍ കുരുങ്ങി
വിയര്‍ക്കുമ്പോള്‍,
പുറം തിരുമ്മിത്തരുന്നു
പാവം
ചില്ലുടഞ്ഞ കണ്ണട..!

ജാലകത്തിനപ്പുറത്ത് നിന്ന്
ഇന്നും കേട്ടു;
ഉറക്കമില്ലാത്ത
കറുത്ത പക്ഷിയുടെ ചിറകടി.
അതിന്റെ പുസ്തകത്തില്‍ നിന്നും
വെട്ടിക്കാണുമോ
എന്റെ പേര്..?

നീരുണങ്ങിയ
ഞരമ്പ്‌ ചാലുകളില്‍ 
ഞരക്കം കിടന്നു പിടയുമ്പോഴും
കണ്‍ തടാകങ്ങളില്‍ പുളയുന്ന
കിനാപ്പരലിനെയാണ്
ആകാശം
കൊത്തുന്നത്..!

2010 ഡിസംബർ 25, ശനിയാഴ്‌ച

ആശയും കീശയും കേശവന്റെ മീശയും



ഒരു പിശുക്കന്‍ തന്റെ മകനെ പിശുക്ക് പഠിപ്പിക്കാനായി ഒരു അധ്യാപകന്റെ അടുത്തേക്ക് പറഞ്ഞയച്ചു. അദ്ധ്യാപകന്‍ പിശുക്കില്‍ പി.എച്.ഡിയും
പത്മ വിഭൂഷണും  നേടിയ മാന്യ മഹാശിരോമണിയാണ്. രാത്രിയാണ് ക്ലാസ്. അധ്യാപകന്റെ വീട് തന്നെയാണ് സ്കൂള്‍. ഗുരുകുല വിദ്യാഭ്യാസം എന്നൊക്കെ പറയില്ലേ? അത് തന്നെ. ആദ്യത്തെ ക്ലാസ് നടക്കുകയാണ്. ഗുരുദക്ഷിണയൊക്കെ നല്‍കിയാണ് വിദ്യാരംഭം. ഒന്നാം ദിവസം 'പാഠം ഒന്ന് ഒരു പിശുക്ക്' എന്ന അദ്ധ്യായം സമുചിതമായി തന്നെ തുടങ്ങി. അപ്പോഴേക്കും ഒരപശകുനം പോലെ കറന്റ് അങ്ങ് പോയി. അദ്ധ്യാപകന്‍ ഒരു വിളക്ക് കത്തിച്ചു ക്ലാസ് തുടര്‍ന്നു. ഒടുവില്‍ ഗുരു ശിഷ്യനോട് ഒരു ചോദ്യം ചോദിച്ചു: ഞാന്‍ സംസാരിക്കുന്നു. നീ കേട്ടിരിക്കുന്നു. ഇതിനു രണ്ടിനും വെളിച്ചത്തിന്റെ ആവശ്യമുണ്ടോ? കുട്ടി പറഞ്ഞു.. 'യു ആര്‍ കറക്റ്റ് സാര്‍. ഇല്ല ഇല്ലേയില്ല. !
'എങ്കില്‍  നമുക്ക് വിളക്ക് അണക്കാം ..'
അദ്ധ്യാപകന്‍ പറഞ്ഞു തീരും മുന്‍പേ, ശിഷ്യന്‍ 'ത്ഫൂ..' ഒറ്റ ഊത്ത്. വിളക്ക് കെട്ടു. എങ്ങും കനത്ത ഇരുട്ട്. വിശേഷിച്ചൊന്നും സംഭവിക്കാത്ത പോലെ ക്ലാസ്സ്‌ തുടര്‍ന്നു. അല്പം കഴിഞ്ഞപ്പോള്‍ ശിഷ്യന്‍ ഗുരുവിനോട് തികച്ചും വിനയാന്വിതനായി പറഞ്ഞു: 
'എക്സ് ക്യുസ് മി  സര്‍, ഐ ഹാവ് എ വെരി സ്മാള്‍ ഡൌട്ട് ..'  
'ക്യാരി ഓണ്‍ ഡിയര്‍, സമര്‍ത്ഥരായ കുട്ടികള്‍ക്കാണ് സംശയം ഉണ്ടാവുക. ചോദിച്ചോളൂ ..' അദ്ധ്യാപകന്‍ പ്രചോദിപ്പിച്ചു.സര്‍, താങ്കള്‍ സംസാരി ക്കുന്നു, ഞാന്‍ കേട്ടിരിക്കുന്നു ചുറ്റും നല്ല ഇരുട്ടുമാണ്. പിന്നെ എന്തിനാണ് നാം വസ്ത്രം ധരിച്ചിരിക്കുന്നത്? അതങ്ങ് അഴിച്ചു വെക്കാം അല്ലെ?
തികച്ചും നാടകീയമായ രംഗമാണ് പിന്നെ അവിടെ അരങ്ങേറിയത്. ഗുരുദക്ഷിണ ശിഷ്യനെ തന്നെ തിരിച്ചേല്‍പ്പിച്ചിട്ടു ഗുരു ഇങ്ങിനെ പറഞ്ഞു: 'ക്ഷമിക്കണം താങ്കളാണ് എന്റെ ഗുരു; ഞാന്‍ അങ്ങയുടെ വെറുമൊരു ശിഷ്യന്‍ മാത്രം.. '
നാം കാണുകയും അറിയുകയും ചെയ്യുന്ന ചിലയാളുകളുടെ 
ഡി.എന്‍ .എ.ടെസ്റ്റ്‌ നടത്തിയാലറിയാം ഇക്കഥയിലെ കഥാപാത്രങ്ങളും അവരും തമ്മിലുള്ള ചേര്‍ച്ചയും ചാര്‍ച്ചയും.  
പണമുണ്ടായിട്ടും ഒരു നയാപൈസ പോലും ചെലവാക്കാത്ത എത്ര പേര്‍? കീശയില്‍ കാശ് വെച്ച് ഉമനീരിറക്കി വയറു നിരക്കുന്നവര്‍. പിശുക്കി പിശുക്കി ജീവിക്കുന്നവര്‍. അറ്റ കൈക്ക് ഉപ്പു പോയിട്ട് ഒരു കമ്മ്യൂണിസ്റ്റു പച്ച പോലും ചതച്ചിടാത്തവര്‍.  
അടക്കയും തേങ്ങയും റബ്ബറുമൊക്കെയായി നല്ല ദിവസവരുമാനമുള്ള ഒരു കുടുംബത്തെ എനിക്കറിയാം. ആ വീട്ടിലെ വെപ്പും തീനും കഞ്ഞിക്കു വകയില്ലാത്ത വരുടെത്  പോലെയാണ്. ഉണക്കമീനും മുരിങ്ങാ ചാറും ചമ്മന്തിയും ചക്കക്കൂട്ടാനുമാണ്‌  ആ വീട്ടിലെ സ്ഥിരം വിഭവങ്ങള്‍. കാരണവരാണ് അവിടുത്തെ കാര്യക്കാരന്‍. അദ്ദേഹം ഇങ്ങിനെയൊക്കെ മതി എന്ന അഭിപ്രായക്കാരനാണ് വലിയ  വീട്ടില്‍ നിന്ന് വന്ന മരുമക്കളൊക്കെ കാരണവരുടെ ഈ പിശുക്കത്തരം കാരണം കിടന്നു വീര്‍പ്പു മുട്ടുകയാണ്. മക്കളും പേരക്കുട്ടികളും ഗൃഹണി പിടിച്ച കുട്ടികളെ പോലെ..
ഗള്‍ഫിലുമുണ്ട്  മുന്‍ ചൊന്ന പിശു വര്‍ഗത്തിലെ ചില ബന്ധക്കാരും സംബന്ധക്കാരും .
അവര്‍ പുറത്തു നിന്ന് ഒരു ചായ പോലുംവാങ്ങികഴിക്കില്ല. ആശയില്ലാഞ്ഞിട്ടൊന്നുമല്ല.നാട്ടിലെ സംഖ്യ പന്ത്രണ്ടുമടങ്ങായി വര്‍ധിത വീര്യത്തോടെ 
ഓര്‍മ്മയില്‍ ഓടി എത്തുന്നത് അപ്പോഴായിരിക്കും. 
ഇന്നലത്തെ ഉണക്ക പൊറാട്ട കട്ടന്‍ ചായയില്‍ മുക്കി കടിച്ചു ചവച്ചു പ്രാതല്‍ ഒപ്പിക്കും. രണ്ടു റിയാല്‍ കീശയില്‍ തന്നെ വിശ്രമിക്കും. മസാല ദോശക്കൊക്കെ ആശ യുണ്ടാവും ഈ കേശവന്മാര്‍ക്ക്. കീശയില്‍ കാശുമുണ്ട്. പക്ഷെ പിശു മനസ്സ് കീശയില്‍ കയ്യിടാന്‍ അനുവദിക്കില്ല. 
മീശ പിരിച്ചു മുട്ടന്‍വടിയുമായി നില്‍പ്പുണ്ടാവും കാലമാടന്‍ കീശയോരത്ത്. ഇരുപത്തഞ്ചു കൊല്ലമായി  ഗള്‍ഫിലുള്ള ഒരാളെ എനിക്കറിയാം. വസ്ത്രങ്ങള്‍ സൂക്ഷിക്കാനും തൂക്കിയിടാനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന , റെക്സിന്‍ കൊണ്ട് നിര്‍മ്മിച്ച ഒരു തോലാബിനു ( അലമാര) മുപ്പത്തഞ്ചോ നാല്പതോ റിയാല്‍ കൊടുത്താല്‍ മതി. പക്ഷെ ആരെങ്കിലും നാട്ടില്‍ പോവുമ്പോള്‍, ഒഴിവാക്കുന്ന തോലാബാണ് ഇയാ
ളുപയോഗിക്കുക. ഫ്രൂട്സ് അയാള്‍ക്ക് വലിയ ഇഷ്ടമാണ്. അവ നോക്കി വെള്ളമി റക്കുകയല്ലാതെ  ഒരു കിലോ ആപ്പിളോ ബുര്തുഖലോ (ഓറഞ്ചു) വാങ്ങിക്കഴിക്കില്ല. എന്നിട്ടിപ്പോള്‍,  ഷുഗറും പ്രഷറും കൊളസ്ട്രോളും മൂലക്കുരുവും മൂത്രക്കല്ലുമായി  അത്യാവശ്യം ഭേദപ്പെട്ട തറവാട്ടില്‍ നിന്ന് വരുന്ന നാലഞ്ച്  രോഗങ്ങളോടൊപ്പമാണ് ടിയാന്റെ പൊറുതി.
വസ്ത്രങ്ങള്‍ അലക്കാന്‍ സ്വന്തമായി ഒരു ബക്കറ്റു പോലും മഹാനവര്‍കള്ക്കില്ല. ഒരു ഹലലക്കും പ്രത്യേകിച്ചൊന്നും അദ്ദേഹം വാങ്ങി കഴിക്കില്ല. മറ്റുള്ളവരോടൊപ്പം പുറത്തു പോയി എന്തെങ്കിലും കഴിക്കുന്ന കൂട്ടത്തിലും  കാണില്ല അയാളെ.
ബ്രഷും പേസ്റ്റും ഏരിയലുമൊക്കെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തതുകൊണ്ട് വാങ്ങിക്കും. അത്രയും ഭാഗ്യം.! രോഗം വന്നാലും, ഇത് തന്നെയാണ് അവസ്ഥ . ദിവസങ്ങളോളം ചുമച്ചു ചുമച്ചു ചോര ഛര്ദ്ധിച്ചാലും സഹാമുറിയ്ന്മാരുടെ പ്രാക്കും മുറുമുറുപ്പും ഏറെ സഹിക്കേണ്ടി വന്നാലും അടുക്കളയില്‍ നിന്ന് വല്ല ഇഞ്ചിയോ കുരുമുളകോ ചെറുനാരങ്ങയോ ഒക്കെയെടുത്ത് തല്‍ക്കാലം  ശമനം മുണ്ടാക്കാന്‍  നോക്കും. എന്നിട്ട്  എ.സി ഇല്ലാത്ത വല്ല വരാന്തയിലും  ചുരുണ്ട് കൂടിക്കിടക്കും. ആശുപത്രിയില്‍ പോവില്ല. അപ്പോഴേക്കും പന്ത്രണ്ടു ഇരട്ടി മുട്ടന്‍ വടിയുമായി കീശയോരത്ത് വന്നു നിന്ന് അയാളെ വിരട്ടുന്നുണ്ടാവും.
എന്നാല്‍ ഇവരുടെ വീടുകളിലെ അവസ്ഥയോ? 'പണം പുല്ലെടീ നമുക്കില്ലെടീ 'എന്നായിരുന്നു പണ്ട് നാം പാടിയിരുന്നത്. എന്നാലിപ്പോള്‍ 'പണം പുല്ലെടാ നമുക്കുന്ടെടാ..'  എന്നാ മട്ടിലാണ് കെട്ട്യോളും കുട്ട്യാളും വാരി വിതറുന്നത്.. അവരെ കുറ്റം പറയാനൊക്കുമോ?  അവര്‍ക്ക് നോക്കെത്താ ദൂരത്തു കണ്ണ് നട്ട് ഇരിക്കുകയൊന്നും വേണ്ട.. 'ആയിരം, നാലായിരം, എണ്ണായിരം പിന്നെ പത്തായിരം ..' എന്ന പാട്ടും പാടി ഇരുന്നാല്‍ മതിയല്ലോ? മാസാമാസം കിറുകൃത്യമായി പറന്നു ചെല്ലുകയല്ലേ പള പള മിന്നുന്ന ഗാന്ധിത്തലകള് ..!‍
ഇനി ഓള്‍ക്കോ, കുട്ട്യാള്‍ക്കോ, ഒരു ഏനക്കെടോ, ഒക്കാനമോ, തുമ്മിയാല്‍ തെറിക്കുന്ന  മൂക്കോ, മട്ടന്‍ പനിയോ, ചിക്കന്‍ ശനിയോ, ഒക്കെ വരുന്നുണ്ടെന്നു വിവരം ലഭി ച്ചാലോ? ടെന്‍ഷന്‍ മരം 
കിടന്നുലയുകയായി. പിന്നെ വിളിയോട് വിളി.. നാട്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റലിലേക്ക് 
തന്നെ വിട്ടോളൂ.. എന്ന് മൊബൈല്‍ കത്തിച്ചു വിളി. ഓട്ടോക്കൊന്നും പോണ്ട .. കാറ് കിട്ടുമോന്നു നോക്ക്. കാറ്..! പണം കായ്ക്കുന്ന മരത്തിന്റെ വേര് ദ്രവിക്കുന്നതിലേറെ ഉത്കണ്‍ഠ പണം സ്വീകരിക്കുന്ന കൈകള്‍ക്കുള്ളിലെ കൊച്ചു പനിചൂടിനാണ് എന്നര്‍ത്ഥം ..  
അത് കൊണ്ടെന്തുണ്ടായി?
ഒരനുഭവം പറയാം. ഇയ്യിടെ നാട്ടിലെ പേര്കേട്ട ഒരു സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോവേണ്ട ഒരു അവസരമുണ്ടായി. രാവിലെ പോയാല്‍ ഇരുട്ടിയിട്ടേ, വരാന്‍ കഴിയൂ എന്ന് 'നല്ല പാതി'. ഒന്ന് വിളിച്ചിട്ട് പോവാമെന്നായി ഞാന്‍. ബുക്ക് ചെയ്യാം. അതിനു പത്തു രൂപ അധികം കൊടുക്കണം. എന്നാലും വേണ്ടില്ല. ഡോക്ടറുടെ വാതിലിനു മുമ്പിലുള്ള ആ ഇരിപ്പുണ്ടല്ലോ, അത് 'അണ്‍ സഹിക്കബള്‍ ' തന്നെ. വിളിച്ചപ്പോള്‍, 'രണ്ടരക്ക് ശേഷമേ മാഡം എത്തൂ..'  എന്ന് കിളി മൊഴി. കൃത്യം രണ്ടരക്ക് തന്നെ ഓടിക്കിതച്ചെത്തി. ചെന്ന് നോക്കുമ്പോള്‍, ഡോറിനു മുമ്പില്‍ രണ്ടോ, മൂന്നോ പേര്‍ മാത്രം..ഇതെന്തു പുതുമ? എന്നേക്കാള്‍ അത്ഭുതം സഹധര്മ്മിണിക്ക്. .! അടുത്ത കാലത്തൊന്നും അവിടെ ചെല്ലേണ്ട 'ബഹു വിശേഷമൊന്നും ' ഇല്ലാതിരുന്നതു കൊണ്ട്, അവള്‍ക്കും ഒന്നും മനസ്സിലായില്ല. അപ്പോഴാണ്‌ നന്നായി 'വയറു വികാസം' വന്ന ഒരു സഹോദരിയെ കണ്ടത്. 'പ്രതി'യെ കൂടെ കാണാനില്ല. 'ഇര' മാത്രമേ രംഗത്തുള്ളൂ. അവനെ  ഇനി അടുത്ത 'ശിലാന്യാസ' ബ്രഹ്മ മുഹൂര്‍ത്തത്തില്‍ നോക്കിയാല്‍ മതി. അന്നേരം അങ്ങിനെ ഒരു തമാശ മനസ്സിലിരുന്നു കയറു പൊട്ടിച്ചു. ഭാര്യ  സഹോദരിയോടു കാര്യം തിരക്കി.
'ഇപ്പൊ എല്ലാരും ഓളെ വീട്ട്‌ക്കാ പോവ്‌ക, ഇവിടുന്നാവുമ്പോ, കര്യായോന്നും നോക്കൂലാ.. ഇവിടെ അമ്പതാ ഫീസ്‌.. അവിടെ മുന്നൂറാ..! മാഡത്തെ കണ്ടിറങ്ങിയപ്പോള്‍, ആ സ്ത്രീ പറഞ്ഞത് , അറബികളുടെ ഭാഷയില്‍ 'മിഅ ഫില്‍ മിഅ' (നൂറ്ക്ക് നൂറ്‌ ) ശരിയാണെന്ന് ബോധ്യപ്പെട്ടു.
മുമ്പ്, ഗവണ്‍മെന്റ് ആശുപത്രിയിലേ, ഈ അസുഖമുണ്ടായിരുന്നുള്ളൂ.. ഇപ്പോള്‍, സ്വകാര്യക്കാരെയും ബാധിച്ചു എന്നേയുള്ളൂ.. ദൈവത്തിന്റെയല്ല സാംക്രമിക രോഗങ്ങളുടെതാണല്ലോ ഇപ്പോള്‍ കുറച്ചു കാലമായിട്ടു, നമ്മുടെ നാട്..! ആരോഗ്യ മന്ത്രി ടീച്ചര്‍ ആയിട്ടും, വനിത യായിട്ടും ശ്രീമതി യായിട്ടും സഖാവായിട്ടും വിശേഷമൊന്നുമില്ല. ഡങ്കിയെന്നും പിങ്കിയെന്നും മങ്കി യെന്നും  തക്കാളിയെന്നും കാബെജെന്നു മോക്കെയുള്ള ഓമനപ്പേരില്‍ സ്ത്രീകളെയും കുട്ടികളെയും 
വലക്കാന്‍ പുതിയ പുതിയ ആസുര സംക്രമണങ്ങള്‍ ആകാശത്ത് നിന്ന് പൊട്ടി വീഴുകയല്ലേ?
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഉമ്രക്കു വന്ന ഒരു നാട്ടുകാരനെ കാണാനിടയായി. ഒരു സൂപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഓണ റാണ് കക്ഷി. നാട്ടു കാര്യങ്ങള്‍ പങ്കു വെക്കുന്നതിനിടെ 
അദ്ദേഹം പറഞ്ഞു:'' ഞങ്ങളുടെ കച്ചവടവും ഇവിടുത്തെ പോലെ തന്നെ. കാര്യമായ 
വ്യത്യാസമൊന്നും ഇല്ല .ഗള്‍ഫ്‌ ഭാര്യമാര്‍ നോട്ടു കെട്ടുമായി കാറില്‍ വന്നിറങ്ങും. കൊട്ടയെടുത്തങ്ങു കേറും. ആട് തൊടിയില്‍ കേറിയ പോലെ കണ്ടതൊക്കെ കടിക്കും. വേണ്ടതും വേണ്ടാത്തതും 
പെറുക്കിയെടുത്തു എത്രയാണോ ഞങ്ങള്‍ പറയുന്നത് അത് ബില്ല് പോലും നോക്കാതെ തന്നങ്ങു പോവും. ബാക്കി പോലും ചോദിക്കില്ല . ഒരു സാധനത്തിന്റെയും വില അവര്ക്ക റിയേണ്ട. ഒന്ന് അന്വേഷിക്കുക 
കൂടിയില്ല.."    
നാല് കാലില്‍ അനുവദിച്ചു കിട്ടിയ ഇത്തിരിയിടത്ത് കിനാവ്‌ കണ്ടും ബാത്ത് റൂമിന് മുമ്പില്‍ ക്യൂ നിന്നും ഇഷ്ടമുള്ളതൊന്നും വാങ്ങി തിന്നാതെ രോഗം വന്നാല്‍പോലും ചികിത്സിക്കാതെ പിശുക്കി ജീവിക്കുമ്പോള്‍, സ്വന്തം വീട്ടില്‍ കരിച്ചും പൊരിച്ചും വറുത്തും മൊരിച്ച് കളയുന്ന പ്രവാസിയുടെ ജീവിതത്തെ കുറിച്ച് ഓര്‍ക്കാന്‍ അവനു തന്നെ നേരമില്ലെങ്കില്‍ പിന്നെ ആര്‍ക്കുണ്ടാവും നേരം? അവിടെ നിരത്തി വെച്ച വിഭവങ്ങളില്‍ നിന്ന് എന്ത് കഴിക്കണമെന്നറിയാതെ കുടുംബം വിഷമിക്കുന്നു. ഇവിടെ ഈ കിട്ടിയതില്‍ നിന്ന് എന്താണ് കഴിക്കുക പടച്ചോനെ എന്ന് പ്രവാസി നെടുവീര്‍പ്പിടുന്നു..! എന്തൊരു വിരോധാഭാസം..!
പിശുക്ക് ഒരു രോഗമാണ് . മാനസിക രോഗം. സമ്പത്ത് കുറഞ്ഞു പോവുമോ എന്നാ പേടി യാണിത്തിന്റെ പിന്നിലെ പ്രധാന വില്ലന്‍. ആവശ്യങ്ങള്‍ക്ക് ചെലവാക്കാനുള്ളതാണ് പണം.  ആവശ്യത്തിനു ഉപയോഗിക്കുന്നില്ലെങ്കില്‍ അത് വെറും കടലാസ്. നമുക്ക് വേണ്ടി നാം ചെലവാക്കുന്നത് മാത്രമാണ് നമ്മുടേത്‌. ബാക്കിയുള്ളത് അനന്തരാ വകാശികളുടെതാണ്.ദൈവം നല്‍കുന്ന ഔദാര്യമായ പണം ഉദാരമായി ചിലവഴിച്ചി ല്ലെങ്കില്‍ ഒരു പക്ഷെ മറ്റു വഴികളിലൂടെ അവന്‍ തന്നെ അത് തിരിച്ചു പിടിക്കില്ലെന്ന് ആരറിഞ്ഞു?
ഓന്തോടിയാല്‍ വേലി വരെ
ചെമ്മീന്‍ തുള്ളിയാല്‍ ചട്ടി വരെ
പിശുക്കന്‍ പിശുക്കിയാല്‍ ഖബര്‍ വരെ
ഞാന്‍ എഴുതിയാല്‍ ഇതാ ഇത് വരെ.


 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്