2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

Chicking


മോനും മോളും കുറെ ദിവസമായി Chicking കഴിക്കണമെന്ന് പറഞ്ഞു വാശി പിടിക്കുന്നു . ഓരോ കാരണം പറഞ്ഞു മാറ്റി വെക്കുകയായിരുന്നു . ഇന്നലെ സ്കൂള്‍ വിട്ടു വന്ന പാടെ മോള്‍ കരയാന്‍ തുടങ്ങി . പോകല്ലേ ഉപ്പച്ചീ ... എന്നും പറഞ്ഞ് .

ഒടുവില്‍ ഇനിയും നീട്ടിക്കൊണ്ടു പോകേണ്ട എന്ന് കരുതി കുട്ടികളെ കൂട്ടി ഇറങ്ങി . വീടിനു അടുത്ത് തന്നെ യുള്ള ടൌണിലേക്ക് .

ഞങ്ങള്‍ അവിടെ യെത്തി . Chicking നു ഓര്‍ഡര്‍ കൊടുത്തു .
അപ്പോഴാണ്‌ എതിരേയിരിക്കുന്ന ഒരു ആന്റിയെ ഞാന്‍ ശ്രദ്ധിച്ചത് . തേജസ്സുള്ള ഒരു സ്ത്രീ . വിലകുറഞ്ഞ ഒരു കോട്ടന്‍ സാരിയാണ് അവരുടുത്തിരിക്കുന്നത്. വിഷാദം തളം കെട്ടിയ മുഖത്ത് ഒരു പ്രത്യേക കുലീനത്വം ഓളമിടുന്നുണ്ട് .

നഷ്ടപ്പെട്ടു പോയ സമ്പന്നതയുടെ ചില പ്രകാശ പൊട്ടുകള്‍ ഇപ്പോഴും അവരുടെ മുഖത്ത് അവിടവിടെ അവശേഷിക്കുന്നുണ്ട് .

അവര്‍ ഒറ്റയ്ക്കല്ല . കൂടെ അവരുടെ മോനും ഉണ്ട് . ഒരു പന്ത്രണ്ടോ പതിമൂന്നോ വയസ്സ് തോന്നിക്കും . അവര്‍ അവന്റെ മുഖത്തേക്ക് തന്നെയാണ് നോക്കുന്നത് . ചിരി തൂകി ക്കൊണ്ട് .
അവനും നല്ല സന്തോഷത്തിലാണ് .

അധികം വൈകാതെ ഭക്ഷണം എത്തി . ഒരു സെറ്റെ യുള്ളൂ . അടുത്തത് ഉടനെ വരുമായിരിക്കും . ഞാന്‍ കരുതി .

പക്ഷേ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നിച്ചു വന്നു . അപ്പോഴാണ്‌ എനിക്ക് മനസ്സിലായത് . അവര്‍ ഒന്നേ ഓര്‍ഡര്‍ കൊടുത്തിട്ടുള്ളൂ എന്ന് .

മകന്‍ കിട്ടിയ പാടെ കഴിച്ചു തുടങ്ങി . അമ്മ അവന്‍ കഴിക്കുന്നതും വല്ലാത്ത സംതൃപ്തിയോടെ നോക്കി ഇരിപ്പാണ് .

ഇടയ്ക്ക് ഒരു പൊട്ടറ്റോ പീസ്‌ എടുത്തു മെല്ലെ ചവക്കുന്നതു കണ്ടു . അത് കണ്ടാല്‍ തന്നെ അറിയാം . കൂടുതല്‍ എടുത്തു തിന്നു മകന് ഇല്ലതെയാകുമോ എന്ന കരുതലുണ്ട് കഴിക്കുന്നതില്‍ എന്ന് .

ചിക്കന്‍ കഴിച്ചു കഴിഞ്ഞ് ഉടനെ പൊട്ടാറ്റോ കൂടി മകന് നീക്കി വെച്ച് കൊടുത്തു ഇതും കൂടി കഴിക്കൂ എന്ന് പറയുന്നു ആ അമ്മ മകന്‍ അതും കഴിച്ചു തുടങ്ങി . അവരാവട്ടെ ഗ്ലാസ്സില്‍ കൊണ്ട് വന്നു വെച്ചിരിന്ന പച്ച വെള്ളം വെള്ളത്തിനു നോവിക്കുമോ എന്ന പോലെ അല്പാല്പമായി കുടിച്ചു കൊണ്ടിരുന്നു . എല്ലാം കഴിഞ്ഞു ബില്ല് വന്നു .

ഹാന്‍ഡ് ബാഗില്‍ നിന്ന് ഒരു ചെറിയ പേഴ്സ് എടുത്തു അവര്‍ എത്രയാണ് എന്ന് എണ്ണി നോക്കുക പോലും ചെയ്യാതെ ബില്‍ ബുക്കില്‍ വെക്കുന്നത് കണ്ടു . മടങ്ങി ചുരുണ്ട മുഷിഞ്ഞ കുറച്ചു നോട്ടുകള്‍ . ആ എടുക്കലും വെക്കലും കണ്ടാലറിയാം കൃത്യമായി കൊണ്ട് വന്ന കാശായിരുന്നു അതെന്നും ഇനി അതില്‍ ഒന്നും ഇല്ല എന്നും !!

ആ അമ്മയും മകനും കണ്ണില്‍ നിന്ന് മറയുന്നതു വരെ ഞാന്‍ നോക്കി നിന്നു . . അപ്പോഴാണ്‌ എന്റെ മക്കള്‍ എന്നോട് ചോദിക്കുന്നത് . ഉപ്പച്ചി എന്താ കഴിക്കാത്തെ .. ?

OO

ഈ അനുഭവ കഥയിലെ 'ഞാന്‍' ഈ പോസ്റ്റ്‌ എഴുതിയ 'ഞാന്‍' അല്ല .
നൂര്‍ മുഹമ്മദ്‌ എന്ന എന്റെ ഒരു വിദ്യാര്‍ഥി ആണ് . പഠിക്കുന്ന കാലത്ത് മിടുക്കനും പ്രസംഗം കഥാ പ്രസംഗം തുടങ്ങിയ കലകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തിരുന്ന നൂര്‍ ഇന്ന് മലപ്പുറം കോട്ടക്കലിലെ ഒരു ബിസിനസ് സ്ഥാപനത്തിന്റെ അധിപനാണ് .

വളരെ നാളുകള്ക്ക് ശേഷമാണു ഇന്നലെ നൂര്‍ ഇന്‍ ബോക്സില്‍ വന്നത്
എന്നിട്ട് പറഞ്ഞു : സാറെ ഞാനിന്നലെ ഒരു രംഗം കണ്ടു . അത് മാഷ്‌ ഒന്നെഴുതണം . അങ്ങനെ അവന്റെ അനുഭവം എന്റെ ഭഷയില്‍ എഴുതിയതാണ് ഇത് !!

OO

2 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. മക്കളുടെ ഇഷ്ടം ഏത് സാഹചര്യത്തിലും സാധിപ്പിച്ച് കൊടുക്കാൻ പാടുപെടുന്നവർ . അവസ്ഥകൾ മക്കളെ ബോധ്യപ്പെടുത്താൻ ശ്രമിക്കാത്തവർ..

    മറുപടിഇല്ലാതാക്കൂ
  2. ചിലപ്പോള്‍ നമ്മളും അങ്ങിനെയാണ് ....മക്കള്‍ക്കുവേണ്ടി പലതും മറക്കും

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്