2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

'സയന്റിഫിക് കാല്‍കുലേറ്റര്‍'


ഞാനിന്നു നാട്ടിലേക്ക് വിളിച്ചപ്പോള്‍ മോള് പറഞ്ഞു . ഒരു 'സയന്റിഫിക് കാല്‍കുലേറ്റര്‍' വേണം എന്ന് അടുത്ത് തന്നെ ആരെങ്കിലും പോരുമ്പോള്‍ കൊടുത്തയക്കാം എന്ന് പറഞ്ഞു
.
ഓര്‍മ്മകളില്‍ അപ്പോള്‍ 'ഓര് രണ്ടു രണ്ടേ , ഈരണ്ടു നാലേ , മൂരണ്ടു ആറെ
എന്ന താളാത്മകമായ ചൊല്ലിപ്പഠിക്കല്‍ ദൂരെ നിന്നെന്ന വണ്ണം ഒഴുകി എത്തി .

അത് മന :പാഠമാക്കാന്‍ എത്ര ഉറക്കം ഒഴിച്ചതാണ് ചൂരല്‍ കഷായം എത്ര കിട്ടിയതാണ് .

ഉറക്കില്‍ പോലും ഏഴു ഏഴു എത്ര എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉടന്‍ എഴുന്നേറ്റ് നിന്ന് ഉറക്കെ പറയും : നാല്പത്തി ഒമ്പത് എന്ന് .

ഹരണവും ഗുണനവും വ്യവകലനവും ലാസാഗു വും ഉസാഘയും എന്തൊക്കെയായിരുന്നു .
ഒന്നും പറയണ്ട !!! ഇന്നോ ? ആദ്യം കാല്‍ കുലേറ്റര്‍ വന്നു . ഇപ്പോള്‍ കമ്പ്യൂട്ടറും എക്സലും ...
ഇനി എന്തൊക്കെ വരാനിരിക്കുന്നു .

കോപ്പി എഴുതി എഴുതി കയ്യക്ഷരം നമ്മളൊക്കെ എത്ര നന്നാക്കി ?
അതിന്റെ പേരിലും കിട്ടിയില്ലേ നമുക്കൊക്കെ ചുട്ട അടികള്‍

ടീച്ച ര്‍ കൈകൂട്ടിപ്പിടിച്ചു എഴുതാന്‍ പഠിപ്പി ച്ചില്ലേ നമ്മളെ യൊക്കെ .
കോപ്പി ബുക്കിനു എത്ര കാശ് കളഞ്ഞു ? 'വെരി ഗുഡ് ' എന്ന് ചെമന്ന മഷിയില്‍ ടീച്ചറെ ഒപ്പ് സഹിതം കിട്ടിയാല്‍ നിധി കിട്ടിയ സന്തോഷം ആയിരുന്നു . അന്ന് കുറെ കോപ്പി എഴുതി കൊള്ളാവുന്ന കയ്യക്ഷരം ആയത് കൊണ്ട് ഒരു ഗമയൊക്കെ ഉണ്ടായിരുന്നു

കയ്യെഴുത്ത് മാസികകളില്‍ നല്ല കയ്യക്ഷരം ഉള്ള കുട്ടികളെ ക്കൊണ്ടാണ് എഴുതിപ്പിച്ചിരുന്നത് .
കയ്യക്ഷരം ഒരു വിധം നന്നായത് കൊണ്ട് ഹീറോ ആയത് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് .

ഓട്ടോ ഗ്രാഫില്‍ പെരെഴുതി കൊടുക്കാന്‍ ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും ക്യൂ നില്ക്കും .
നല്ല കയ്യക്ഷരത്തെ ഓര്‍ ത്തു അഭിമാനിച്ച കാലം .

ഇന്ന് കയ്യക്ഷരം ഇല്ല . കുത്തി കുത്തി എഴുതുന്ന അക്ഷരം 'കുത്തക്ഷരം' ആണുള്ളത് .
അന്ന് എഴുതാന്‍ ചുരുങ്ങിയത് കയ്യിലെ മൂന്നു വിരലുകളും മറ്റു വിരലുകളുടെ സഹകരണവും വേണം . ഇന്നോ ? ഒരൊറ്റ വിരലായാലും മതി . കുത്തിക്കുത്തി 'എഴുതാന്‍' . കുത്തിക്കുറിക്കുക എന്ന ഒരു പ്രയോഗം ഉണ്ടായിരുന്നു പണ്ട് . അത് ഏറെ യോജിക്കുക ഇന്നത്തെ എഴുത്തിനു ആണ് 'കുത്തി ' കുറിക്കുക

ഒരു കാലത്ത് കടലാസില്ലാതെ , മഷി ഇല്ലാതെ , പേന ഇല്ലാതെ എഴുതാന്‍ പറ്റില്ല എന്നൊക്കെ വിചാരിച്ചിരുന്ന നമ്മള്‍ ഇന്ന് അതൊന്നും ഇല്ലാതെ എഴുതുന്നു വായിക്കുന്നു .

ലോകം എത്രയാണ് മാറിയത് . എത്ര വേഗത്തിലാണ് വികസിച്ചത് ?
ഇനി നാം കാണാത്തതും അനുഭവിക്കാത്തതും എന്തൊക്കെ നമ്മുടെ വരും തലമുറ അനുഭവിക്കാനിരിക്കുന്നു .

ഇന്ന് മഹാ സംഭവം എന്ന് കരുതുന്ന പലതും നാളെ വെറും ഓര്‍മ്മ മാത്രമാകും ..

എനിക്ക് തോന്നുന്നു . മുമ്പൊരിക്കല്‍ എഴുതിയ പോലെ സ്കൂളുകളും കോളെജുകളും ഒന്നും ഇല്ലാത്ത കാലം വരാനിരിക്കുന്നു എന്ന് . വീട്ടിലിരുന്നു പഠിച്ചു പരീക്ഷ എഴുതി പാസ്സായി ജോലി നേടുന്ന ഒരു കാലം വരും . എല്ലാം ഓണ്‍ ലൈനില്‍ .

അവിശ്വസിക്കേണ്ട കാര്യം ഒന്നും ഇല്ല . ഞാനിതു എഴുതുന്ന , നിങ്ങള്‍ ഇത് വായിക്കുന്ന , ഇങ്ങനെ ഒരു സംവിധാനം കുറച്ചു വര്‍ഷങ്ങള്ക്ക് മുമ്പ് നമുക്ക് ആലോചിക്കുവാന്‍ പോലും
കഴിയുമായിരുന്നോ ?

ലോകം നമ്മുടെ വിരല്‍ത്തുമ്പി ലേക്ക് അടുത്തു അടുത്ത് വന്നു കൊണ്ടിരിക്കുന്നു .
അതിനോടൊപ്പം ഊഷ്മളമായ ബന്ധങ്ങളും ആത്മാര്‍ ത്ഥമായ സൌഹൃദവും സ്നേഹവും അകന്നു അകന്നു പോയിക്കൊണ്ടിരിക്കുന്നു . മനുഷ്യന്‍ അവനുപയോഗിക്കുന്ന യന്ത്രങ്ങളെ പോലെ ആവശ്യത്തിനു ഉപയോഗിക്കുന്ന , കാര്യം കഴിഞ്ഞാല്‍ ഒഴിവാക്കുന്ന , പുതിയത് കാണുമ്പോള്‍ പഴയത് മറക്കുന്ന തരത്തിലെക്കും തലത്തിലേക്കും മാറിക്കൊണ്ടിരിക്കുന്നു .
കാലവും സംവിധാനങ്ങളും സൌകര്യങ്ങളും മാറുന്നതിനൊത്ത് അതിലേറെ വേഗതയില്‍ നമ്മളും നമ്മുടെ മനസ്സും മാറിക്കൊണ്ടിരിക്കുന്നു ..


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്