2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ദിനം വന്നു പോകാന്‍ ഒരു പാടുമില്ല ; ദീനം വന്നാല്‍ പോകാന്‍ നല്ല പാട്‌ തന്നെ.


ഇന്നലെ ശറഫിയ്യ യിലെ ഒരു ആശുപത്രി പരിസരത്ത് വെച്ചാണ് ജബ്ബാര്‍ ക്കയെ വീണ്ടും കണ്ടു മുട്ടുന്നത് . (ശരിയായ പേരല്ല )

മുമ്പ് നാലു വര്‍ഷത്തോളം ഞാന്‍ താമസിച്ചിരുന്ന
ബാച്ചിലേഴ്സ് റൂമിലെ പണ്ടാരി -കുക്ക് - ആയിരുന്നു ജബ്ബാര്‍ക്ക .

ഞങ്ങളുടെ ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറിയപ്പോള്‍
എന്റെ താമസവും മാറി . പിന്നീടു പലപ്പോഴും ആ റൂമില്‍ പോയപ്പോഴൊന്നും ജബ്ബാര്‍ക്കയെ കണ്ടിരുന്നില്ല . ഒരു വട്ടം ചെന്നപ്പോള്‍ അദ്ദേഹം ലീവില്‍ നാട്ടിലാണ് എന്നാണു അറിഞ്ഞത് . പിന്നെ ചെല്ലുമ്പോള്‍ അദ്ദേഹം മറ്റെവിടെയോ ആണ് ഇപ്പോള്‍ ജോലി എന്നും അറിഞ്ഞു .

നല്ല മനുഷ്യനാണ് ജബ്ബര്‍ക്ക . എല്ലാവരോടും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന , എല്ലാവരെയും മക്കളെ പോലെ സ്നേഹിക്കുന്ന ജബ്ബര്‍ക്കയെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു .

വളരെ നാളുകള്‍ക്ക് ശേഷമുള്ള ആ കണ്ടു മുട്ടല്‍ വല്ലാത്ത സന്തോഷം പകര്‍ന്നു . കുശലാന്വേഷണങ്ങള്‍ക്കും സുഖവിവരങ്ങള്‍ക്കും ശേഷം ഞാന്‍ ചോദിച്ചു : എന്ത് പറ്റി ? അസുഖം വല്ലതും .

വരൂ പറയാം . എന്ന് പറഞ്ഞു അദ്ദേഹം എന്നെ ഹോസ്പിറ്റലിലെ ഒരു ഒഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടു പോയി . അടുത്തടുത്ത കസേരയില്‍ ഇരുന്നു അദ്ദേഹം പറഞ്ഞു തുടങ്ങി .

ഇന്നലെ തുടങ്ങിയതാണ്‌ അടി വയറ്റിന് ഒരു വേദന . രാവിലെ മൂത്രമൊഴിക്കുമ്പോള്‍ രക്തം പോകുകയും ചെയ്തു . അപ്പോള്‍ ഡോക്ടറെ ഒന്ന് കാണിക്കാം എന്ന് വെച്ച് വന്നതാണ് .

നിങ്ങള്ക്ക് മുമ്പ് എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ ? ഞാന്‍ ഇടയ്ക്കു കേറി ചോദിച്ചു . അപ്പോഴാണ്‌ അദ്ദേഹം കയ്യിലുള്ള പ്ലാസ്റ്റിക് കവറില്‍ നിന്ന് ഒരു പാട് പേപ്പറുകള്‍ എനിക്ക് എടുത്തു കാണിച്ചു തന്നത് . പല പല ടെസ്റ്റുകളുടെ റിസള്‍ട്ട് . സ്കാന്‍ ചെയ്ത റിസള്‍ട്ട് . തിയ്യതി നോക്കുമ്പോള്‍ പത്തു പതിനഞ്ചു വര്‍ഷം മുമ്പേയുള്ള റിസള്‍ട്ട് അടക്കം അതിലുണ്ട് .

അദ്ദേഹം പറഞ്ഞു : പതിനഞ്ചു വര്‍ഷം മുമ്പത്തെ കഥയാണ് . അന്ന് ഞാന്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയാണ് . എന്റെ ബന്ധുവിന്റെ തന്നെ ഹോട്ടലായിരുന്നു . ബാപ്പ നേരത്തെ മരിച്ചത് കൊണ്ട് കുടുംബത്തിന്റെ ചുമതല എന്റെ തോളില്‍ ആയിരുന്നു . ഒരു ദിവസം അടിവയറ്റിന് ഒരു വേദന വന്നു .

ഡോക്ടറെ കാണിച്ചപ്പോള്‍ മൂത്രക്കല്ലിന്റെ അസുഖം ആണെന്നു പറഞ്ഞു : ഞങ്ങളുടെ നാട്ടിലെ ഒരു ഡോക്ടറെ ആണ് കാണിച്ചത് . മൂന്നു വര്‍ഷം ആ ഡോക്ടറുടെ മരുന്ന് കുടിച്ചു . വല്ലാതെ വേദന തോന്നുമ്പോള്‍ പോവും . മരുന്ന് എഴുതി തരും . പിന്നെയും പോകും .കാര്യമായ മാറ്റം ഒന്നും കിട്ടിയില്ല .

ആയിടക്കാണ് ഒരു ദിവസം സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോള്‍ അതി ശക്തമായ വേദന വരുന്നത് . അവനാണ് പറഞ്ഞത് നമുക്ക് നല്ല ഒരു ഡോക്ടറെ കാണിക്കാം എന്ന് . അവന് അറിയാവുന്ന ഒരു വിദഗ്ദ ഡോക്ടര്‍ ഉണ്ടായിരുന്നു ഞങ്ങളുടെ തൊട്ടടുത്ത പട്ടണത്തില്‍ . ഗവണ്മെ ന്റ് ഹോസ്പ്പിറ്റലില്‍ നിന്ന് റിട്ടയര്‍ ആയ ഡോക്ടര്‍ ആണ് .
അത് വരെ കഴിച്ച ഗുളികകളുടെ ലിസ്റ്റും കൂടെ കരുതിയിരുന്നു .

ഡോക്ടര്‍ പരിശോധിച്ച ഉടനെ എന്നോട് റൂമിന്പു റത്തു നില്‍ക്കാന്‍ പറഞ്ഞു . സുഹൃത്തിനോട്‌ ഡോക്ടര്‍ സംസാരിച്ചു . പിന്നെയാണ് ആ ഞെട്ടിക്കുന്ന വിവരം ഞാന്‍ അറിയുന്നത് . എന്റെ ഒരു കിഡ്നി ദ്രവിച്ചു പോയിരിക്കുന്നു . അത് എടുത്തു കളഞ്ഞേ പറ്റൂ . അല്ലെങ്കില്‍ അടുത്തതും ഉടന്‍ ഡാമേജ് ആവും .

ഇത് വരെ കഴിച്ച മരുന്നുകള്‍ അനാവശ്യമായിരുന്നു . മാത്രമല്ല അത് കിഡ്നി യെ ദോഷകരമായി ബാധിക്കുകയും ചെയ്തു .

ഒടുവില്‍ അമൃതയില്‍ നിന്നാണ് ഓപ്പറേഷന്‍ നടത്തി എടുത്തു
കളഞ്ഞത് . പതിനഞ്ചു കൊല്ലം കഴിഞ്ഞു .
വലിയ കുഴപ്പം ഒന്നും ഇല്ലാതെ ..

ഇന്നലെയാണ് ഇങ്ങനെ ഒരു പ്രശ്നം കാണുന്നത് .

ഒടുവില്‍ ഡോക്ടറെ കാണാന്‍ അദ്ദേഹത്തിന്‍റെ കൂടെ ഞാനും ചെന്നു . ഡോക്ടര്‍ വിശദമായ പരിശോധനക്ക് ശേഷം കാര്യമായ കുഴപ്പം ഒന്നും ഇല്ല , നന്നായി ശ്രദ്ധിക്കണം, എന്നും കണ്ടമാനം വെള്ളം കുടിക്കണം എന്നും പറഞ്ഞു . അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌ .

രോഗം ആരെ എപ്പോള്‍ കീഴടക്കും എന്ന് ഒരു നിശ്ചയവുമില്ല .
രോഗം വന്നു കഴിഞ്ഞാല്‍ പിന്നെ രോഗ നിര്‍ണ്ണയം തന്നെയാണ് പ്രധാനം . അവിടെ വീഴ്ച വരുന്നിടത്ത് നമുക്ക് വരുന്ന നഷ്ടങ്ങള്‍ ഓര്‍ത്തു പിന്നെ സഹതപിച്ചിട്ടു ഒരു കാര്യമില്ല

നാം കാണുന്ന ഡോക്ടര്‍ പറയുന്നത് അപ്പടി വിശ്വസിക്കുകയാണ് പൊതുവേ നമ്മള്‍ ചെയ്യാറ് . പക്ഷേ നീണ്ടു നില്‍ക്കുന്ന രോഗങ്ങളും രോഗലക്ഷണങ്ങളും കണ്ടാല്‍ ഒരിക്കലും ഒരു ഡോക്ടറുടെ അഭിപ്രായം മാത്രം അറിഞ്ഞാല്‍ പോരാ . ഒന്നോ രണ്ടോ ഡോക്ടറെ കണ്ടിട്ടേ രോഗം എന്താണെന്ന് തീരുമാനിക്കാവൂ . മരുന്ന് കഴിക്കാന്‍ മുതിരാവൂ .

ഇന്ന് പരിശോധനകള്‍ക്ക് ഒരു പഞ്ഞവുമില്ല . രോഗ നിര്‍ണ്ണ യവും എളുപ്പമാണ് . പക്ഷേ എന്നിട്ടും വലിയ അബദ്ധങ്ങള്‍
സംഭവിക്കുന്നുണ്ട് . സാധാരണക്കാര്‍ മാത്രമല്ല വലിയ വലിയ ആളുകള്‍ വരെ ഈ വ്യാജ രോഗ നിര്‍ണ്ണയം കാരണം കബളിക്കപ്പെട്ടതും ഏറെ വിഷമിച്ചതുമായ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്

ഇത്തരം ഒരു അബദ്ധ രോഗനിര്‍ണ്ണയവും അത് തീര്‍ത്ത മാനസിക വ്യഥകളും മത്രുഭൂമി ആഴ്ചപ്പതിപ്പില്‍ ബെന്യാമീന്‍ എഴുതിയത് വായിച്ചത് ഓര്‍ക്കുന്നു

വയനാട് എം പി . എം ഐ ഷാനവാസിനും ഇങ്ങനെ ഒരു അനുഭവം ഉണ്ടായതായി അദ്ദേഹം എഴുതിയത് ഓര്‍ക്കുന്നു .

നേരത്തെ കണ്ടെത്താതെ പോകുന്ന രോഗങ്ങളും വ്യാജമായ രോഗ നിര്‍ണ്ണയവും നമ്മുടെ ജീവന്‍ കൊണ്ടുള്ള കളിയാണ് എന്ന് നാം തിരിച്ചറിയണം .

ഒരിക്കലും അബദ്ധങ്ങള്‍ പറ്റാന്‍ പാടില്ലാത്ത മേഖലയാണ് ചികിത്സാ രംഗം . ഡോക്ടര്‍ മാരെ ദൈവമായി കാണുന്ന നമ്മള്‍ അറിയണം വ്യാജ ദൈവങ്ങള്‍ ഡോക്ടര്‍ മാരുടെ കൂട്ടത്തിലും യഥേഷ്ടം ഉണ്ടെന്ന് !!

ഒരു കൈപ്പിഴ മൂലം ജീവിത കാലം മുഴുവന്‍ കൂടെ ഉണ്ടാവേണ്ടിയിരുന്ന വിലപിടിപ്പുള്ള ഒരു വൃക്ക അറുത്തു മുറിച്ചു കളഞ്ഞ ആ പാവം മനുഷ്യന്റെ നഷ്ടം നികത്താന്‍ ആ ഡോക്ടര്‍ക്ക് സാധിക്കുമോ ? എത്ര നിരുത്തരവാദ പരമായി ആണ് ആ ഡോക്ടര്‍ ആ പാവത്തോട് പെരുമാറിയത് ? അത് കൊണ്ട് ശ്രദ്ധിക്കുക . ഡോക്ടര്‍ മാരെ പോലും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക .

ഒരു മനുഷ്യന്റെ ഏറ്റവും വലിയ സൌഭാഗ്യം എന്താണ് ?
മറ്റൊന്നുമല്ല . തന്റെ ജീവിതകാലം മുഴുവന്‍ തന്റെ എല്ലാ അവയവങ്ങളും കൂടെ നില്‍ക്കുക എന്നത് തന്നെ !!

നമ്മുടെ ശരീരത്തില്‍ നാം പോലും അറിയാതെ എത്ര അവയവങ്ങളാണ് നിരന്തരമായി വിശ്രമ മില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് ? അതിനു ഏതിനെങ്കിലും ഒരു ചെറിയ ക്ഷീണം വന്നാല്‍ തീര്‍ന്നില്ലേ നമ്മുടെ എല്ലാം ?

ഒരു കണ്ണിനു എന്ത് വില ഉണ്ടാകും ? ഒരു ഹൃദയത്തിനു എത്ര സംഖ്യ വരും ? ഒരു കിഡ്നി കിട്ടാന്‍ എന്ത് കൊടുക്കേണ്ടി വരും . ഒരു ചെറു വിരല്‍ അറ്റു പോയാല്‍ പോലും നമ്മുടെ വിഷമം
എത്രയായിരിക്കും ?

ആ നിലക്ക് മനുഷ്യ ശരീരം എത്ര വിലപിടിപ്പുള്ള അമൂല്യമായ വസ്തു ആണ് ! ഓരോ അവയവങ്ങളെ കുറിച്ചും നാം ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കിയാല്‍ അറിയാം സ്രഷ്ടാവ് നമുക്ക് തന്ന ഈ ശരീരത്തിന്റെ വില .

കേവലം ഒരു കണ്ണിനെ കുറിച്ച് മാത്രം ചിന്തിച്ചു നോക്കൂ . ഇത്തിരി പോന്ന ആ അവയവം കൊണ്ട് നാം എന്തൊക്കെയാണ് കാണുന്നത് . ഉറുമ്പിനെ കാണാനും ആ കണ്ണ്‍ മതി ആനയെ കാണാനും അത് മതി .

വിരലിന്റെ മടക്കുകള്‍ , കാല്‍ മുട്ടിന്റെ സംവിധാനം , ഇരിക്കാനും നടക്കാനും ചാടാനും ഓടാനും ഒക്കെ പറ്റുന്ന കൈകാലുകളുടെ സൃഷ്ടിപ്പ് , നിരന്തരം നിര്‍ വിഘ്നം നിര്‍ വിശ്രമം ചലിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ആന്തരിക അവയവങ്ങള്‍ .. എല്ലാം അറിയുമ്പോള്‍ നാം അറിയാതെ നമ്മുടെ സ്രഷ്ടാവിനെ നമിച്ചു പോകും . നമുക്ക് അവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ അനന്തമാണ്‌ . അവര്‍ണ്ണനീയമാണ് . അമൂല്യമാണ്‌ !!

എന്നിട്ടും നമ്മുടെ അഹങ്കാരത്തിനു വല്ല കുറവും ഉണ്ടോ ?

'ഒരാള്‍ തന്റെ ശരീരത്തെ അറിഞ്ഞാല്‍ അവന്‍ തന്റെ സ്രഷ്ടാവിനെ അറിഞ്ഞു ' മനുഷ്യനെ നാം ഏറ്റവും ചൊവ്വായ രീതിയിലാണ് സൃഷ്ടിച്ചത് ' തുടങ്ങിയ തിരുവചനങ്ങള്‍ നമ്മെ ചില തിരിച്ചറിവുകളിലേക്ക് നയിക്കേണ്ടതാണ് .

വലിയ കേമനാനെന്നും വമ്പനാണെന്നും ഭയങ്കര സംഭവമാണെന്നും ഒക്കെ മേനി നടിക്കുന്ന നമ്മുടെയൊക്കെ പ്രധാന ഭാഗത്തെ ഒരൊറ്റ പിടുത്തം മാത്രം മതി എല്ലാം തകര്‍ന്നടിയാന്‍ എന്ന് ഓര്‍ക്കുന്നതും
വലിയ ശക്തനും കരുത്തനും എന്തിനും പോന്നവനും എന്നൊക്കെ അഹങ്കരിക്കുന്ന നാം എത്രമാത്രം നിസ്സഹായരും ദുര്‍ബലരും ആണ് എന്നും ഇടയ്ക്കിടെ ഓര്‍ക്കുന്നതും നല്ലതാണ് .

ദിനം വന്നു പോകാ
ന്‍  ഒരു പാടുമില്ല
ദീനം വന്നാ
ല്‍ പോകാന്‍  നല്ല പാട്‌ തന്നെ.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്