2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഒരു പാതിരാ 'വധം ' !!
നിറഞ്ഞ സദസ്സ് . നിരത്തിയിട്ട കസേരകളില്‍ വൃദ്ധരും മധ്യ വയസ്ക്കരും യുവാക്കളും . അലങ്കരിച്ച വേദി . പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് കുട്ടികളും സ്ത്രീകളും .

കടലക്കച്ചവടക്കാരുടെയും തട്ടുകടക്കാരുടെയും ആരവങ്ങള്‍ . ഇടയ്ക്കിടെ വാഹങ്ങള്‍ ഹോണടിച്ചു കടന്നു പോകുന്നു . പ്രസംഗം തകര്‍ക്കുകയാണ് . ശ്രോതാക്ക ള്‍ പ്രസംഗത്തില്‍ ലയിച്ചിരിക്കുകയാണ് . ആവേശ പൂ ര്‍വം പ്രസംഗകന്‍ കത്തിക്കയറുന്നു . പൊടുന്നനെ മഴ ചാറി . ഒരു തുള്ളി . രണ്ടു തുള്ളി . ഒരുപാട് തുള്ളികള്‍ .

ചിലര്‍ ടവ്വ ലെടുത്തു തലയിലിട്ടു . ചിലര്‍ പീടികത്തിണ്ണയിലേക്ക് ഓടിക്കയറി .
പെട്ടെന്ന് മഴ ശക്തമായി . തുള്ളിക്കൊരു കുടം പേമാരി .

സദസ്യര്‍ ചിതറിയോടി . ഒഴിഞ്ഞ കസേരകള്‍ . മൈക്കിനു മുമ്പില്‍ ഒരേ ഒരാ ള്‍ . പ്രസംഗക ന്‍ ഏകനാണ് . ഞാന്‍ ഞാന്‍ മാത്രം ..!!!
മഴ പെയ്യുകയാണ് .കൂട്ടിന് ഇടിയും മിന്നലും .

കണ്ണ് തുറന്നു നോക്കുമ്പോള്‍ ഞാന്‍ കിടക്കയിലാണ് . വേദിയില്ല , സദസ്സില്ല , മഴയും കസേരകളും ഇല്ല . ഇരുട്ട് മാത്രം . ഒരു ഇരുപത്തേഴാം രാവിന്‍റെ തലേന്നത്തെ രാത്രിയുടെ അവസാന യാമം ആയിരുന്നു അത് .

OO

അന്ന് ഞാന്‍ ജ്യേഷ്ഠ ന്‍ അബ്ദുക്കാക്കുവിന്റെ വീട്ടിലാണ് . നേരം വെളുത്താല്‍ ഇരുപത്തി ഏഴാം രാവാണ് .

ആ സമയത്ത് പുന്നക്കാട് പൊടുവണ്ണിക്കലെ കൊച്ചു പള്ളി വികസന ആവശ്യാര്‍ത്ഥം ഒരു കഥാപ്രസംഗ പരമ്പര നടക്കുന്നുണ്ട് .നോമ്പ് ഇരുപത്തൊമ്പത് വരെ അത് നീണ്ടു നില്ക്കും പ്രസിദ്ധ കാഥികന്‍ മുള്ളൂര്‍ക്കര ഹംസ മൌലവി ആണ് അവതാരകന്‍ .

ഇഷാ നിസ്ക്കാരത്തിനു ഞാനും ജ്യേഷ്ഠനും മാമ്പുഴ പള്ളിയിലേക്ക് പോയി . തറാവീ ഹിന് ശേഷം വീട്ടിലേക്ക് പോരാന്‍ ജ്യേഷ്ഠ നെ കാത്തു നില്‍ക്കുമ്പോള്‍ പള്ളിയില്‍ ആളുകളൊക്കെ കൂട്ടം കൂടി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു .
ഇനി എന്ത് ചെയ്യും എന്ന ചോദ്യമാണ് മിക്ക മുഖങ്ങളിലും.
പള്ളിയിലെ ഇമാം സൈദ്‌ മുസ്‌ല്യാര്‍ ജ്യേഷ്ഠ നെ വിളിച്ചു എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നു . എനിക്കൊന്നും മനസ്സിലായില്ല .

അല്പം കഴിഞ്ഞു അബ്ദുക്കാക്കു എന്നെ സ്വകാര്യമായി വിളിച്ചു പറഞ്ഞു : മുള്ളൂര്‍ക്കര ഹംസ മൌലവിയുടെ കുട്ടിയെ മൌലാനാ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു . അദ്ദേഹത്തെ കൊണ്ട് പോകാന്‍ വണ്ടിയില്‍ ആള് വന്നിരുന്നു . ഇപ്പോള്‍ പോയതെ ഉള്ളൂ . നാളെയെ വരൂ . ഇന്നത്തെ കഥാ പ്രസംഗം മുടങ്ങും . ആളുകളെത്തി തുടങ്ങിയിട്ടുണ്ട് . ആരെങ്കിലും കുറച്ചു സംസാരിക്കണം . പിന്നെ കാര്യം പറഞ്ഞു ആളുകളെ പിരിച്ചു വിടാം .പള്ളിയിലെ കുട്ടികളൊക്കെ നോമ്പ് ആയതു കൊണ്ട് നാട്ടിലാണ് . സൈദ്‌ മുസ്‌ല്യാര്‍ക്ക് പ്രസംഗം തീരെ വശമില്ല . ആരെങ്കിലും കുറച്ചു സംസാരിക്കണം . വന്ന ആളുകളെ വെറുതെ മടക്കി വിടുന്നത് ശരിയല്ല .

'ഇനി എന്ത് ചെയ്യും ?'
'നീ കുറച്ചു സംസാരിക്കണം '
'ഞാനോ ? '
'എന്തെ നിനക്ക് സംസാരിച്ചു കൂടെ ..?
'അത് ശരിയാവില്ല . ഞാനെങ്ങനെ മത പ്രസംഗം നടത്തും ?
നീ എന്താണീ പറയുന്നത് ? 'നിനക്ക് പറ്റും . നിനക്ക് അറിയാവുന്നത് പറഞ്ഞാല്‍ മതി . പ്രസംഗിക്കാന്‍ കുറച്ചൊക്കെ നിനക്ക് അറിയാമല്ലോ ഇതൊരു അവസരമാണ് . ഒരു സഹായവും . ഞാന്‍ സൈദ്‌ മുസ്ലിയാര്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട് .

എന്റെ ഉള്ളില്‍ തീയാളി . കുറച്ചെ ന്തെങ്കിലും ഒക്കെ പറയാമെന്ന ധൈര്യമുണ്ട് . ചില സാഹിത്യ പരിപാടികളിലും പൊതു വേദികളിലും ഇടയ്ക്കൊക്കെ സംസാരിച്ച നേരിയ
പരിചയവും ഉണ്ട് . പക്ഷേ അത് പോലെ ഒന്നുമല്ലല്ലോ ഇത് .വലിയ പണ്ഡിതന്മാര്‍ കൈകാര്യം ചെയ്യേണ്ട വേദിയില്‍ എന്നെ പോലെ പാമരനായ ഒരാള് എന്ത് പറയാനാണ് ? ജ്യേഷ്ഠ നാവട്ടെ പരിപാടിയുടെ സംഘാടകരിലൊരാളാണ് .

'നോ എന്ന് പറഞ്ഞു ഒഴിയാന്‍ കഴിയാത്ത ധര്‍മ്മ സങ്കടത്തിലായി
ഞാന്‍ . ഒരു പ്രിപ്പ റേഷനും ഇല്ലാതെ എങ്ങനെ പ്രസംഗിക്കും ? എന്ത് പറയും ?

ഒടുവില്‍ പരിപാടി ആരംഭിച്ചു . സ്വാഗത പ്രാസംഗികന്‍ കാര്യങ്ങള്‍
വിശദമായി തന്നെ പറഞ്ഞു . പിന്നെ എന്നെ പ്രസംഗിക്കാന്‍ വിളിച്ചു .
എന്റെ മട്ടും മാതിരിയും ചേലും കോലവും ഒക്കെ ആളുകള് എങ്ങനെ ഉള്‍ക്കൊള്ളും എന്ന ആധിയിലായിരുന്നു ഞാന്‍ .

ഒരു കവിത ചൊല്ലിയാണ് തുടങ്ങിയത് . കഥയും കവിതയും സാഹിത്യവും ഇത്തിരി മതവും റമദാനും ഒക്കെയായി എന്റേതായ ചില നിരീക്ഷണവും അല്പ ജ്ഞാനവും മുന്‍ പിന്‍ നോക്കാതെ ഞാന്‍ വിളമ്പാന്‍ തുടങ്ങി . ആളുകള്‍ എണീറ്റ് ഓടുമോ എന്നായിരുന്നു എന്റെ പേടി .

ഏകദേശം ഒരു അരമണിക്കൂര്‍ ആയതേയുള്ളൂ . പൊടുന്നനെ മഴ ചാറി . തുള്ളികള്‍ വീണു കസേരക്കൈകള്‍ നനഞ്ഞു തുടങ്ങി . പലരും ടവ്വലെടുത്ത്‌ തലയിലിട്ടു . ചിലര്‍ പീടിക ക്കോലായിലേക്ക് ഓടിക്കേറി .

മഴ ശക്തമായി . ആളുകള് ചിതറിയോടി . അകമ്പടിയായി ഇടിയും മിന്നലും . വേദിയില്‍ ഞാന്‍ ഏകനായി . ഒഴിഞ്ഞ കസേരകളും ഞാനും മഴയും പിന്നെ ഇടിയും മിന്നലും ...!!

ഈ പരിപാടിയുടെ റിഹേഴ്സല്‍ ആയിരുന്നു തലേന്ന് രാത്രി സ്വപ്നത്തിലൂടെ നടന്നത്

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്