2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

പേടിക്കാനുണ്ട് ചില സ്വപ്‌നങ്ങള്‍



'ഇതൊരു ശല്യമായല്ലോ .. ഇയാളെക്കൊണ്ട് ഞാന്‍ തോറ്റു.
എന്നെ കുലുക്കി വിളിച്ചു കൊണ്ട് ലൈസല്‍ മാഷ്‌ പറഞ്ഞു .
ഇന്ന് എന്തായിരുന്നു സംഭവം ? പഴയ പോലെ ആ പെണ്ണ് വീണ്ടും സ്വപ്നത്തില്‍ വന്നോ ? ( മുമ്പ് ഒരിക്കല്‍ എഴുതിയ പെണ്ണ് കാണല്‍ സ്വപ്നത്തിലെ നുസൈബ ) ഞാന്‍ എഴുന്നേറ്റിരുന്നു കുപ്പിയില്‍ നിന്ന് വെള്ളമെടുത്തു കുടുകുടാ കുടിച്ചു . ആ രംഗം മനസ്സില്‍ നിന്ന് പോകുന്നില്ല . എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു .

അയ്യേ ഇതെന്താ മാഷേ സ്വപ്നം കണ്ടു കരയുന്നോ ? ഛെ . മോശം . മഹാ മോശം ..എന്തായാലും കേള്‍ക്കട്ടെ . ഇന്നെന്താ കണ്ടത് ? വരാനിരിക്കുന്ന കാര്യം നേരത്തെ അറിയുന്നതിലും ഒരു ത്രില്ലുണ്ട് . പറ .
അല്ല ഞാനാലോചിക്കുവാ ഈ സ്വപ്നം കൊണ്ട് ഏല്പ്പിക്കപ്പെട്ട ആള്ക്ക് തൊട്ടടുത്ത്‌ കിടക്കുന്ന എന്റെ സമീപത്തേക്ക് ഒന്നു വന്നുകൂടെ . ഒരു ദിവസമെങ്കിലും . ..! പുള്ളിക്കാരന്‍ വല്ലാത്ത പക്ഷപാതി തന്നെ !

ഭംഗിയുള്ള ഒരു സ്വപ്നം കണ്ടിട്ട് നാളുകളെത്ര ആയി ?
ഈ പേടിത്തൊണ്ടന്‍ മാഷിനു തന്നെ എന്തിനിങ്ങനെ കാട്ടിക്കൊടുക്കുന്നു ? കഷ്ടം !! പറ മാഷേ ഇന്നത്തെ സ്വപ്നം എന്തായിരുന്നു ?

ഞാന്‍ ആ രംഗം ഒന്ന് കൂടി ഓര്‍ത്തെടുത്തു .
മാഷേ ..എന്റെ ഉപ്പ ആശുപത്രിയിലൂടെ ഒരു പ്ലാസ്റ്റിക് മൂത്ര സഞ്ചിയും തൂക്കിപ്പിടിച്ച് അങ്ങനെ നടന്നു പോകുന്നു . ഉപ്പാന്റെ കൈപിടിച്ച് പാവം എന്റെ ഉമ്മയും . ഇങ്ങനെ ഒരു സഞ്ചി ഞാന്‍ മുമ്പ് കണ്ടിട്ടില്ല .

അതിന് ഇയാളുടെ ഫാദറിനു അസുഖം വല്ലതും ഉണ്ടോ ?
ഇല്ല കഴിഞ്ഞ ആഴ്ച ഞാന്‍ പോരുമ്പോള്‍ ഒരു കുഴപ്പവും ഇല്ല .
‘ഇത് ചുമ്മാ ദു:സ്വപ്നം ആണ് . പിന്നെ നിങ്ങള്‍ കാണുന്നതൊക്കെ പുലരാന്‍ നിന്നാല്‍ അതിനല്ലേ നേരം കാണൂ . ലൈറ്റണച്ച് മാഷ്‌ കിടക്ക്.

ഞാന്‍ കിടന്നു .
ആ മൂത്ര സഞ്ചി കണ്ണില്‍ നിന്നും പോവുന്നില്ല .
‘മാഷേ എന്താണ് അതിന്റെ ഉപയോഗം ? ഞാന്‍ ആരാഞ്ഞു .
ലൈസല്‍ മാഷിന്റെ വിഷയം ബയോളജി ആണ് .

മൂത്ര തടസ്സം ഉണ്ടാവുമ്പോള്‍ മൂത്രം പുറത്തേക്ക് കളയാനുള്ള ഒരു സംവിധാനം . മൂത്രനാളിയില്‍ പൈപ്പ് ഇടും . മൂത്രം അത് വഴി സഞ്ചിയിലെത്തും . അത്രേയുള്ളൂ .

പിന്നെടെപ്പോഴോ നല്ല കൂര്‍ക്കം വലി കേട്ടു .

പിറ്റേന്ന് പത്ത് എ യില്‍ ക്ലാസെടുത്തു കൊണ്ടിരിക്കുകയാണ് ഞാന്‍ . നാലാമത്തെ പിര്യേഡ്‌ ആണ് . ഇടയ്ക്ക് പ്യൂണ്‍ വന്നു പറഞ്ഞു .
‘സാറിനു ഒരു ഫോണ്‍ ഉണ്ട് . ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു .

ഞാന്‍ ക്ലാസ്സില്‍ നിന്ന് ഇറങ്ങി ഓടി . ഫോണ്‍ ഡിസ് കണക്ട് ചെയ്തിട്ടില്ല .
‘ഹലോ ? ആകാംക്ഷയുടെ ആഴങ്ങളില്‍ നിന്ന് ഞാന്‍ വിളിച്ചു . മറുതലക്കല്‍ ചെറിയ പെങ്ങളാണ് .

‘ഉപ്പ മഞ്ചേരി കൊരമ്പീലാ . മൂത്രം പോണില്ല . ഇന്നലെ അന്തിക്ക് തുടങ്ങ്യതാ . നേരം വെളുക്കും മുമ്പ് ഇങ്ങട്ട് കൊണ്ടന്നു ..
ട്യൂബ് ഇട്ടിക്കാണ് . ..!!

ഞാന്‍ അപ്പോള്‍ തന്നെ ഹെഡ്മാഷോട് പറഞ്ഞ് ഇറങ്ങി .
മഞ്ചേരിയില്‍ കൊരമ്പയില്‍ എത്തുമ്പോള്‍ ഞാന്‍ കണ്ട കാഴ്ച ..!! സത്യം പറയാമല്ലോ . ഞാന്‍ അന്തിച്ചു പോയി . ഇന്നലെ കണ്ട അതെ രംഗം . അതെ ചുമരുകള്‍ . ചുമരിനു അടിച്ച പൈന്റിന് പോലും അതെ നിറം . അതെ വാര്‍ഡ്‌ . . എനിക്ക് ആകെ തലകറങ്ങുന്ന പോലെ തോന്നി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്