2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ആയിരത്തിന്റെ ഒറ്റനോട്ട്



അധ്യാപക പരിശീലനം കഴിഞ്ഞ പിറ്റേവര്‍ഷം തന്നെ, വളാഞ്ചേരി മര്‍ക്കസ് റസിഡന്ഷ്യല്‍ ഹൈസ്ക്കൂളിലാണ് നിയമനം ലഭിക്കുന്നത്.

ഒരു പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കുകയാണ് . പതിവു പോലെ ഒരുപാട് പുതിയ കുട്ടികള്‍ അഡ്മി ഷന്‍ തേടി എത്തിയിട്ടുണ്ട് . രക്ഷിതാക്കള്‍ ഗള്‍ഫിലുള്ള കുട്ടികളാണ് ഭൂരിഭാഗവും. കൂട്ടത്തില്‍ നാട്ടില്‍
തന്നെയുള്ള ചില പ്രമുഖ വ്യക്തികളുടെ മക്കളുമുണ്ട്. അവരിലൊരു വി.വി.ഐ.പി കുട്ടിയുമുണ്ടായിരുന്നു.

കേരളത്തിന്‍റെ കണ്ണും കാതും കരളുമൊക്കെയായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഇളയ മകന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആയിരുന്നു ആ കുട്ടി .

കുട്ടികളെ ചേര്‍ക്കാന്‍ വന്ന രക്ഷിതാക്കളുടെ കൂട്ടത്തില്‍ ശിഹാബ് തങ്ങളുമുണ്ട്. അന്നേരം , മര്‍ക്കസിന്‍റെ പ്രസിഡണ്ട് കൂടിയായ തങ്ങളുടെ കുട്ടിയെ ചേര്‍ക്കാന്‍ തങ്ങള്‍ തന്നെ വരേണ്ടിയിരുന്നോ എന്ന ഒരു ചോദ്യം ഞങ്ങള്‍ അധ്യാപകരുടെയും ഓഫീസ് സ്റ്റാഫിന്‍റെയുമൊക്കെ മനസ്സില്‍ കിടന്ന് ഓളം വെട്ടുന്നുണ്ടായിരുന്നു.

അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് തങ്ങള്‍ മര്‍ക്കസ് സെക്രട്ടറി കെ.ടി.കുഞ്ഞുട്ടി ഹാജിക്കൊപ്പം ക്യാമ്പസില്‍ തന്നെയുള്ള ഗസ്റ്റ് ഹൌസിലേക്ക് പോയി. അല്‍പ്പം കഴിഞ്ഞ്, പ്യൂണ്‍ ഓടി വന്ന് പറഞ്ഞു: 'സെക്രട്ടറി ഗസ്റ്റ് ഹൌസിലേക്ക് വിളിക്കുന്നു ..'ഞങ്ങള്‍ മൂന്നുനാല് അധ്യാപകര്‍ ആകാംക്ഷയോടെ ഗസ്റ്റ് ഹൌസിലെത്തി.

നിരത്തിയിട്ട സോഫയില്‍ തങ്ങള്‍ക്കഭിമുഖമായി , കണ്ണെടുക്കാന്‍ കഴിയാത്ത ആ പ്രസാദസാന്ദ്രിമയിലേക്ക് തന്നെ നോക്കി , തങ്ങള്‍ പറയുന്നതെന്തെന്ന് കാതോര്‍ത്ത്, ഞങ്ങളിരുന്നു.

സൗമ്യതയില്‍ ചാലിച്ച അദ്ദേഹത്തിന്‍റെ ദൃഡമായ വാക്കുകള്‍ ഞങ്ങള്‍ ഇങ്ങനെ കേട്ടു.
'മുനവ്വര്‍ എന്‍റെ കുട്ടിയാണ്എന്നതൊക്കെ ശരി തന്നെ. പക്ഷേ, മറ്റുകുട്ടികളേക്കാള്‍ ഒരു പരിഗണനയും മുനവ്വറിന് നല്‍കരുത്. അവര്‍ എവിടെ താമസിക്കുന്നുവോ അവിടെത്തന്നെ മുനവ്വറിനെയും താമസിപ്പിക്കണം.അവര്‍ക്ക് എന്താണ് ഭക്ഷണം നല്‍കുന്നത് അതു മാത്രമേ മുനവ്വറിനും നല്‍കാവൂ...'

വിസ്മയവും ആദരവും ഇഴപിരിഞ്ഞ ഒരു വല്ലാത്ത വൈകാരിക ഭാവത്തോടെയാണ് അന്ന് ഞങ്ങള്‍ ഗസ്റ്റ് ഹൌസില്‍ നിന്നിറങ്ങിപ്പോന്നത്.

പിന്നീട്, കൊടപ്പനക്കല്‍ തറവാടിന്റെ കുലീനതയും പ്രൌഡിയും ഗരിമയും വിനയവുമൊക്കെ മര്‍ക്കസ് ക്യാമ്പസിലാകെ പ്രസരിപ്പിച്ച്, അധ്യാപകരുടെയും കുട്ടികളുടെയും ബഹുമാനവും , നിറഞ്ഞ സ്നേഹവും
ഏറ്റുവാങ്ങി, ഇടുങ്ങിയ ഡബിള്‍ ഡക്കര്‍ ഇരുമ്പ് കട്ടിലില്‍ ഉറങ്ങിയും ബാത്ത് റൂമിന്‌ മുമ്പില്‍ ക്യൂ നിന്നും, ഭക്ഷണത്തിനു വേണ്ടി കിച്ചണിലേക്ക് വരി തെറ്റാതെ നടന്നു നീങ്ങിയും രണ്ടായിരത്തോളം വരുന്ന കുട്ടികളിലൊരാള്‍ മാത്രമായി തങ്ങളുടെ മോനും ...!

എസ്.എസ്.എല്‍ . സിക്ക് നൂറു ശതമാനം വിജയം എന്നതായിരുന്നു മര്‍ക്കസിന്റെ അക്കാലത്തെ ഹൈലൈറ്റ്. ഓരോ വര്‍ഷവും ആ ചരിത്രം നിലനിര്‍ത്താന്‍ ഞങ്ങള്‍ അധ്യാപകരും വിദ്യാര്‍ഥികളും നന്നായി പണിയെടുക്കുമായിരുന്നു. എല്ലാം കഴിഞ്ഞ് പരീക്ഷയുടെ തൊട്ടു മുമ്പത്തെ ചൊവ്വാഴ്ച ഹെഡ് മാസ്റ്റര്‍ ഓച്ചിറക്കാരന്‍ അഹ്മദ് കുഞ്ഞ് സാറിന്റെ നേതൃത്വത്തില്‍ , എസ് . എസ് എല്‍ . സി കുട്ടികളും അധ്യാപകരും കൂടി പാണക്കാട് പോവുക പതിവുണ്ടായിരുന്നു.

മര്‍ക്കസിന്റെ ബസ്സ് കൊടപ്പനക്കല്‍ തറവാടിന്റെ ഗേറ്റിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതോടെ, തിമര്‍ത്തുപെയ്യുന്ന സങ്കടപ്പെരുമഴയില്‍ നിന്ന് തലതോര്‍ത്തി, എഴുന്നേറ്റു വന്ന്, തങ്ങള്‍ ഞങ്ങളെ സ്വീകരിക്കും. പൂമുഖത്തോട് ചേര്‍ന്ന് വലതുവശത്തുള്ള മുറിയിലേക്ക് ഞങ്ങളെ ആനയിക്കും. പലഹാരങ്ങള്‍ -കറുത്ത അലുവയും ചിപ്സും ഈത്തപ്പഴവും കട്ടന്‍ ചായയും - കൂടെ ഹൃദയത്തിലിറ്റുന്ന സ്നേഹകടാക്ഷവും പതിവിനുമപ്പുറം ദീര്‍ഘമായ ഒരു പ്രാര്‍ത്ഥനയും ഊഷ്മളമായ ഹസ്‌തദാനവും കഴിഞ്ഞിറങ്ങുമ്പോള്‍ ഞങ്ങള്‍ അധ്യാപകരുടെയും കുട്ടികളുടെയും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം വളര്‍ന്നു കഴിഞ്ഞിട്ടുണ്ടാവും..!

പഠനത്തില്‍ അല്‍പ്പം പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഏറ്റവും അവസാനമാണ് തങ്ങളുടെ ആശീര്‍വാദത്തിനു
വേണ്ടി കൊണ്ടു ചെല്ലുക. ആ ചുമതല മിക്കപ്പോഴും എനിക്കായിരുന്നു. എല്ലാവരും ഇറങ്ങിക്കഴിഞ്ഞ് ഏറ്റവും അവസാനം തങ്ങളോട് പറയും:
'ഇവര്‍ പഠനത്തില്‍ അല്‍പ്പം പിന്നിലാണ്..'
അന്നേരം, ഓരോരുത്തരുടെയും നെറുകയില്‍ കൈവെച്ചു കൊണ്ട് തങ്ങള്‍ പറയും:
'എല്ലാം അല്ലാഹു സലാമാത്താക്കും..'

ഇന്നുമോര്‍ക്കുന്നു ; ആ വാക്കുകള്‍ ഒരിക്കലും തെറ്റിയിട്ടില്ല..!

ഒരിക്കല്‍ അക്കാദമിക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസാന തീരുമാനത്തിലും വേണ്ടി ഹെഡ് മാസ്റ്ററും ബോര്‍ഡിംഗ് മാനേജര്‍ അബ്ദുള്ളക്കുട്ടി ഫൈഅസിയും ഞാനും
പാണക്കാടെത്തിയതായിരുന്നു. രാവിലെ ഒമ്പതു മണി യാവുന്നതെയുള്ളൂ . അകം നിറഞ്ഞ് മുറ്റത്തേക്കും മുറ്റം നിറഞ്ഞ് ഗേറ്റുവരെയും പ്രയാസങ്ങളുടെ നീണ്ട നിര. 'മര്‍ക്കസുകാരെ 'ന്ന പരിഗണനയില്‍ പൂമുഖ ത്തിന്റെ പിന്‍മുറിയിലേക്ക് ഞങ്ങള്‍ക്ക് പ്രവേശനം കിട്ടി. അകത്തുമുണ്ട് ഒരു പാടാളുകള്‍ . കൂടുതല്‍ പേരും വന്ന കാലില്‍ തന്നെ നില്‍ക്കുകയാണ്. തങ്ങള്‍ എന്തോ ആവശ്യത്തിനു വേണ്ടി അകത്തേക്ക് പോയതാണെന്നു തോന്നുന്നു.

ഒടുവില്‍ , തങ്ങള്‍ അകത്ത് നിന്ന് വന്നു . തങ്ങളെ കണ്ടപാടെ, മാറിനിന്നിരുന്ന ആളുകള്‍ സജീവമായി . എല്ലാവര്‍ക്കും തങ്ങളുടെ ഡേറ്റ് വേണം . 'അതാ ഡയറി . ഒഴിവുണ്ടെങ്കില്‍ അതില്‍ എഴുതിക്കോളൂ..' ഡയറിയിരിക്കുന്ന ഭാഗത്തേക്ക് തങ്ങള്‍ കൈ ചൂണ്ടി. ഒരാ ള്‍ ഡയറി തുറന്ന് നോക്കുമ്പോള്‍ 'എന്നും മലര്‍ക്കെ തുറന്ന് വെച്ച 'ചരിത്ര പ്രസിദ്ധമായ ആ പൊതുസ്വത്തി' ലേക്ക് ഞാനൊന്ന് പാളിനോക്കി.

ഡയറി പരിശോധിച്ച് അതീവസന്തുഷ്ടനായി അദേഹം തങ്ങളോട് പറഞ്ഞു:
'അല്‍ഹംദുലില്ല ... അന്ന് മറ്റെവിടെയും പരിപാടിയില്ല..'
'എന്നാല്‍ എഴുതിക്കോളൂ ..'

അന്നാണ് ആ പ്രസിദ്ധമായ ഡയറി കാണാനുള്ള ഭാഗ്യമുണ്ടായത്‌ . ഓരോരുത്തരും വരുന്നു ഡേറ്റ് ഉണ്ടെങ്കില്‍ എഴുതി ബുക്ക് ചെയ്യുന്നു .

2004 ലെ വെക്കേഷന് ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് പോകുമ്പോള്‍ ഒരു വീട് എന്ന സ്വപ്നം മനസ്സില്‍ നാമ്പെടുക്കുന്നുണ്ടായിരുന്നു . നാട്ടിലെത്തും മുമ്പേ ജ്യേഷ്ഠനും സുഹൃത്ത് നൌഷാദ് മാഷും സ്ഥലം കണ്ടെത്തുകയും കച്ചവടം നടത്തുകയും ചെയ്തിരുന്നു. ആ വെക്കേഷനില്‍ തറയിട്ട് പോന്ന് സാവകാശം പണി നടത്താനായിരുന്നു പ്ലാന്‍ .

തറപ്പണിയുടെ തിരക്കിലായതു കൊണ്ട് തിരിച്ചു പോരാന്‍ നേരത്താണ് പാണക്കാട് പോയത്‌.... .

അന്ന് , സംസാരത്തിനിടെ വീടിന് തറയിട്ട കാര്യം അറിയിച്ചു . പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇറങ്ങുമ്പോള്‍ തങ്ങള്‍ എനിക്കൊരു നോട്ട് തന്നു . സാധാരണ എല്ലാവര്‍ക്കും കൊടുക്കുന്ന പോലെ.
അത് ആദരപൂര്‍വ്വം പോക്കറ്റിലിട്ടു .

'തങ്ങള്‍പടി 'യില്‍ നിന്ന് മഞ്ചേരിയിലെക്കുള്ള ബസ്സില്‍ കേറി കണ്ടക്ടര്‍ക്ക് ചാര്‍ജ്ജ് കൊടുക്കാന്‍ പൈസയെടുക്കുമ്പോഴാണ്, ഞാന്‍ കരുതിയ പോലെ അത് പത്തിന്റെ നോട്ടല്ല; ആയിരത്തിന്റെ ഒറ്റ നോട്ടാണെന്നറിയുന്നത്. (അന്ന് ആയിരത്തിന്റെ ഒറ്റ നോട്ട് അത്ര വ്യാപകമായി ഇറങ്ങിത്തുടങ്ങിയിട്ടില്ല )

ഇന്നും എന്റെ സ്യൂട്ട് കേസ് തുറക്കുമ്പോഴൊക്കെ ആ ആയിരത്തിന്റെ നോട്ട് എന്നോട് ചിരി തൂകി ക്കൊണ്ടിരിക്കുന്നു ... ശിഹാബ് തങ്ങളുടെ നിറഞ്ഞ പുഞ്ചിരി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് .

* ഈ കുറിപ്പില്‍ ബഹു ശിഹാബ് തങ്ങള്‍ക്കു പുറമേ പേര് പരാമര്‍ശിക്കുന്ന കുഞ്ഞുട്ടി ഹാജി , ഹെഡ് മാസ്റ്റര്‍ അഹ്മദ് കുഞ്ഞു സാര്‍ , ബോര്‍ഡിംഗ് മാനേജര്‍ അബ്ദുള്ളക്കുട്ടി ഫൈസി തുടങ്ങിയ വ്യക്തികള്‍ ഇന്ന് ജീവിച്ചിരിപ്പില്ല . അവരുടെ പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ ..

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്