2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ഭ്രാന്തനും ഉമ്മയും


ഞങ്ങള്‍ കുട്ടികളായിരുന്ന കാലത്ത് ഉപ്പാക്ക് ചായക്കച്ചവടം
ആയിരുന്നു . വീടിനോടനുബന്ധിച്ചു തന്നെയാണ് മക്കാനി .
മക്കാനി എന്നാണു അന്ന് ചായക്കടക്കു പൊതുവെ പറയുക . 
ചായക്കട നടത്തിയിരുന്ന ആളുകള്‍ എന്ന കാരണ ത്താല്‍ ഏറെ അടുപ്പമുള്ളവരൊക്കെ ഞങ്ങളെ 'മക്കാനിക്കാര്‍' എന്ന്
വിളിച്ചിരുന്നു . വീട് റോഡിനോട് ചേര്‍ന്നാണ് . 
മുറ്റം റോഡാണ് എന്ന് വേണമെങ്കില്‍ പറയാം .

ചായക്കച്ചവടം ആയതു കൊണ്ട് തന്നെ സ്വാഭാവികമായും അവിടെ പലരും വരും പോവും .

ഒരു ദിവസം ഒരു ഭ്രാന്തന്‍ ചായക്കടയിലേക്കു കേറി വന്നു . അയാളുടെ കാലില്‍ ചങ്ങലയൊക്കെ ഉണ്ട് . എവിടെ നിന്നോ ചങ്ങല പൊട്ടിച്ചു പോന്നതാവണം .

കുളിക്കാതെ, അലക്കാതെ , ആകെ മുഷിഞ്ഞു നാറിയ വസ്ത്രവും അഴുക്കു പുരണ്ട ശരീരവുമായി താടിയും മുടിയും നീട്ടി വള ര്‍ത്തിയ ഭ്രാന്തന്‍ 'അമ്മാ വല്ലതും തരണേ .. ' എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് വന്നത് .

ഉപ്പ അയാളെ കണ്ട പാടെ അയാളോട് പോകാന്‍ ആംഗ്യം കാണിച്ചു .
''കൊടുക്കുന്നതിനൊന്നും കൊയപ്പമില്ല പക്കേങ്കി ഒരു ദിവസം കൊടുത്താല്‍ ഏതു നാട്ടപ്പാതിരാക്കും കയറി വരും . പിന്നെ ഞമ്മള് കുടുങ്ങും ''
എന്നൊക്കെയാണ് ഉപ്പാന്റെ ന്യായം .

ഉപ്പ കനിയുന്നില്ല എന്ന് കണ്ടപ്പോള്‍ ഉമ്മാന്റെ അടുത്തു ചെന്ന് അയാള്‍ കെഞ്ചി ..
'അമ്മാ വല്ലതും തരണേ .. '

അപ്പോള്‍ ഉമ്മാക്ക് മനസ്സലിഞ്ഞു .
ഉമ്മ പറഞ്ഞു . 'ഐനു പയ്ച്ചിട്ടു അല്ലെ മന്‍സാ . ഇഞ്ഞീം ബന്നാ ണ്ടെങ്കി ഞ്ഞീം കൊടുക്കണം . (അതിനു വിശന്നിട്ടല്ലേ മനുഷ്യാ ഇനി വന്നാ ഉണ്ടെങ്കില്‍ ഇനിയും കൊടുക്കണം )

ഉമ്മ കുറച്ചു ചോറും ചക്ക കൂട്ടാനും അതിനു മീതെ ഇച്ചിരി മത്തിക്കറിയും
ഒഴിച്ച് കൊടുത്തു ഭ്രാന്തന് .

നിറഞ്ഞ മനസ്സോടെ വല്ലാത്ത ആര്‍ത്തിയോടെ അതൊക്കെ വടിച്ചു തുടച്ചു തിന്ന് ഉമ്മാക്ക് കൈകൂപ്പി നമസ്ക്കാരമൊക്കെ പറഞ്ഞാണ് അയാള് പോയത് .

ദിവസങ്ങള്‍ കഴിഞ്ഞില്ല . ഉപ്പ പറഞ്ഞ പോലെ തന്നെ സംഭവിച്ചു .
അയാള് ഇടയ്ക്കിടെ വരാന്‍ തുടങ്ങി .
ഉമ്മ ഉള്ളത് എന്തായാലും അത് കൊടുക്കും .
അയാള് നല്ല കുട്ടിയായി തിന്നും .
സന്തോഷത്തോടെ പോകും .

ഒരു വ്യാഴാഴ്ച ദിവസം .
ഉപ്പ അന്ന് പുന്നക്കാട്‌ ചന്തയ്ക്കു പോയിരിക്കുന്നു .
( പുന്നക്കാട് - ഞങ്ങളുടെ തൊട്ടടുത്ത പ്രദേശം . കരുവാരകുണ്ടിനു അടുത്ത് )

സാധാരണ വ്യാഴാഴ്ച ആണ് ചന്ത ഉണ്ടാവുക . മഗ്രിബിന് - സന്ധ്യാ പ്രാര്‍ത്ഥന -
ശേഷം പോയാല്‍ പിന്നെ പുലര്‍ച്ചെ ആണ് വരിക .
ഓടക്കുറ്റി യൊക്കെ കത്തിച്ച് , നടന്നാണ് അന്ന് ആളുകള് ചന്തക്ക് പോവുക .

ഉപ്പ പോയി .
രാത്രി ഏറെ ഇരുട്ടിയിരിക്കുന്നു .
മക്കളൊക്കെ ഉറങ്ങിയിട്ട് വേണം ഉറങ്ങാനെന്നു കരുതി ഉമ്മ എന്തൊക്കെയോ ചൊല്ലിപ്പറഞ്ഞു ഇരിക്കുകയാണ് . പുറത്തു കൂരാക്കൂരിരുട്ടാണ്‌ .

ഒരൊറ്റ അറയില്‍ നിരപ്പലകകളൊക്കെ ഉള്ള മുറിയിലാണ് ഒരു പാട് മക്കളുമായി ഉമ്മ ഇരിക്കുന്നത് .
പല കുട്ടികളും അവിടവിടെ ഉറങ്ങുന്നുണ്ട് . മണ്ണെണ്ണ വിളക്ക് മുനിഞ്ഞു കത്തുന്നുണ്ട് .

പെട്ടെന്നാണ് റോഡിലൂടെ ചങ്ങല വലിച്ചു ഒരാള് വരുന്ന ശബ്ദം ഉമ്മ കേട്ടത്‌ .
ഉമ്മാക്ക് ആളെ മനസ്സിലായി .
ആ ചങ്ങല വലി കുറെ കേട്ടതാണ് .
ഉമ്മാക്ക് പേടിയായി . നട്ടപ്പാതിര നേരം . കുട്ടികളൊക്കെ ചെറുതാണ് .
ആ പിരാന്തന്‍ എന്തെങ്കിലും കാട്ടുമോ ? ഇങ്ങോട്ട് വരുമോ ?
എന്നൊക്കെ ഉമ്മ പേടിച്ചു .

ഒന്നും ഇല്ല കൊടുക്കാന്‍ .
ഇനി ഉണ്ടെങ്കില്‍ തന്നെ കൊടുക്കാനും പറ്റൂല .
എന്തെങ്കിലും കാട്ടിയാലോ ? ഉപ്പ ഇല്ല താനും .

ഉമ്മ പെട്ടെന്ന് വിളക്കണച്ചു .
പിരാന്തന്‍ കോലായിലെത്തി . ഉമ്മ പേടിച്ചു വിറച്ചു .
മക്കളൊന്നും ഉണരരുതെ എന്ന് പ്രാര്‍ഥിച്ചു .

ഭ്രാന്തന്‍ അട്ടഹസിച്ചും കാണുന്നതിലൊക്കെ ഇടിച്ചും ബഹളം ഉണ്ടാക്കിക്കൊണ്ടിരുന്നു .
ഉമ്മ ശ്വാസം അടക്കി പിടിച്ചു ഇരുന്നു .
ഏറെ നേരം ആയിട്ടും ഭ്രാന്തന്‍ പോകുന്നില്ല . അട്ടഹസിക്കുന്നു . എന്തൊക്കെയോ പിറുപിറുക്കുന്നു . അക്രമാസക്തനാവുന്നു .. ചങ്ങല എടുത്തു എവിടെയൊക്കെയോ അടിക്കുന്നു .

ഒടുവില്‍ , ഏറെ നേരത്തെ പരാക്രമങ്ങ ള്‍ക്ക് ശേഷം എന്തോ ഭാഗ്യത്തിന് എന്തൊക്കെയോ പ്രാകിപ്പറഞ്ഞു ക്കൊണ്ട് 
അയാള്‍ പോയി . ചങ്ങലയുടെ ശബ്ദം അകന്നകന്നു പോകുന്നത് ഉമ്മ ആശ്വാസത്തോടെ കേട്ടു. അപ്പോഴാണ്‌ ഉമ്മാക്ക് ശ്വാസം നേരെ വീണത്‌ .

ഉപ്പ വന്നത് വളരെ വൈകിയാണ് .
ഉപ്പയോട്‌ 'പിരാന്തന്‍ ' വന്ന കാര്യം ഒന്നും ഉമ്മ മിണ്ടിയില്ല .
കാരണം ഉപ്പ ചീത്ത പറയും . ഉറപ്പാണ് . അയാള്‍ക്ക് തിന്നാന്‍ കൊടുത്താല്‍ അയാള് എന്നും എപ്പളും വരും എന്ന് ഉപ്പ നേരത്തെ തന്നെ പറഞ്ഞതാണ് .

പിറ്റേന്ന് നേരം വെളുത്ത് ഉമ്മ കോലായിലേക്ക് ഇറങ്ങുമ്പോഴാണ് അത് കണ്ടത് . ഒരു പൊട്ടിപ്പൊളിഞ്ഞ പ്ലേറ്റ് . വല്ലാത്ത നാറ്റം .

ഉമ്മ നോക്കുമ്പോള്‍ കണ്ടത് കോലായിലൊരു മൂലയില്‍ ആ ഭ്രാന്തന്‍
തൂറി വെച്ചിരിക്കുന്നു . ഭക്ഷണം കൊടുക്കാത്തതിന്റെ ദേഷ്യം അങ്ങനെ തീര്‍ത്താണ് അയാള് പോയിരിക്കുന്നത് .

ഉപ്പ സുബഹി നിസ്ക്കരിച്ച്‌ പള്ളിയില്‍ നിന്ന് വരും മുന്‍പേ ഉമ്മ അതൊക്കെ കോരിയിട്ടു വൃത്തിയാക്കി .

പിറ്റേന്ന് ഉമ്മ പറഞ്ഞാണ് ഈ കഥ ഞങ്ങളറിയുന്നത്
അവസാനം ഉമ്മ പറഞ്ഞു

താളം തെറ്റിയാല്‍ കയിഞ്ഞിലേ മക്കളെ മന്സന്റെ കാര്യം ..
ആര്‍ ക്കും അങ്ങനത്തെ ദീനം പടച്ചോന്‍ കൊടുക്കാതിരിക്കട്ടെ .

ഞങ്ങളൊക്കെ ഉറക്കെ ആമീന്‍ പറഞ്ഞു .

ന്നാലും മക്കളെ മന്സന്റെ ഏറ്റവും ബല്യ എടങ്ങേറ് പൈപ്പെന്നെ (പൈപ്പ് = വിശപ്പ്‌ )
അത് ഏതു ജന്തു ആയാലും മന്സനയാലും ഒക്കെ ഒരു പോലെത്തന്നെ .
പൈച്ചുന്നവര്‍ ക്ക് അത് കൊടുക്കല് തന്നെ ആണ് ഈ ദുനിയാവില്
സ്വാലിഹായ വല്യ അമല് .. ( സദ്‌ കര്‍മ്മം )

OO

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്