2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

'കായിക്കുടുക്ക'


അന്നത്തെ പെരുന്നാളിന്റെ പ്രധാന ആഘോഷം സൈക്കിള്‍ വാടകയ്ക്ക് എടുത്തു ചവിട്ടുക എന്നതായിരുന്നു . അതിനു നേരത്തെ തന്നെ രണ്ടും മൂന്നും അഞ്ചും പത്തും നാണയത്തുട്ടുകള്‍ ശേഖരിച്ചു വെക്കും . 'കായിക്കുടുക്ക' എന്ന പേരിലൊരു കുടുക്ക ഉണ്ടായിരുന്നു അന്ന് . കളി മണ്ണു കൊണ്ട് ഉണ്ടാക്കിയ കുടുക്ക .

'കുശവത്തി 'കള്‍ ചട്ടിയും കലവുമായി തലച്ചുമടായി വെള്ളിയാഴ്ചകളില്‍ ആണ് വരിക .
അന്ന് ചട്ടിയും കലവും വാങ്ങുമ്പോള്‍ കായിക്കുടുക്ക - കാശ് കുടുക്ക - വാങ്ങിക്കാന്‍ ഉമ്മയെ നിര്‍ബന്ധിക്കും .

അത് ശരിക്കും ഒരു കുടുക്ക തന്നെ . ചില്ലറ ഇടാന്‍ മാത്രം വലുപ്പമുള്ള ഒരു നീണ്ട ദ്വാരം ഉണ്ടാകും കുടുക്കയുടെ മുകള്‍ ഭാഗത്ത് . അത് വഴി ആണ് ചില്ലറകളുടെ പ്രവേശനം . അങ്ങോട്ട്‌ ഇട്ട പൈസ പിന്നെ ഇങ്ങോട്ട് കിട്ടാന്‍ ഇത്തിരി പാടാ . എന്നാലും ചിലപ്പോള്‍ വലിയ വല്ല ആവശ്യവും വരുമ്പോള്‍ , ഉമ്മ വല്ലാതെ നി ര്‍ ബന്ധിക്കുമ്പോള്‍ മാത്രം ഒരു ഈര്‍ക്കിള്‍ കൊണ്ട് തോണ്ടി എടുക്കും . മനസ്സില്ലാ മനസ്സോടെ ..!!

പെരുന്നാളിന്റെ തലേന്നു ആണ് 'കായിക്കുടുക്ക' പൊട്ടിക്കുക . ഒരൊറ്റ ഏറു വെച്ച് കൊടുക്കും . അപ്പോള്‍ കിലുകിലെ ചിരിച്ചു കൊണ്ട് ചില്ലറ ത്തുട്ടുകള്‍ നിലത്തു വീണു ചിതറും . കൂടുതലും രണ്ടു പൈസ , മൂന്നു പൈസ , അഞ്ചു പൈസ , പത്തു പൈസ ഒക്കെ ആയിരിക്കും . ഒരു പൈസയും ഉണ്ടാകും കുറെ . പിന്നെ സ്വര്‍ണ്ണ നിറമുള്ള ഇരുപതു പൈസയും ഉണ്ടാകും ഒന്ന് രണ്ടെണ്ണം . ഒരു രൂപയും ഇരുപത്തഞ്ചു പൈസയും അമ്പത് പൈസയും ഒക്കെ തീരെ കുറവ് ആയിരിക്കും .

ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ ഒക്കെ സൈക്കിള്‍ വാടകയ്ക്ക് എടുക്കാനുള്ള പൈസ മാറ്റി വെക്കും ആദ്യം .

പിന്നെ ബാക്കി ഉണ്ടെങ്കില്‍ അങ്ങാടിയില്‍ നിന്ന് ഒരു കളി വാച്ച് വാങ്ങും . എന്നിട്ട് അതും കെട്ടി നാലാള്‍ കാണെ കൈ ഉയര്‍ത്തി പിടിച്ചു നടക്കും !
മിക്കപ്പോഴും ഉമ്മ പറയും . കുറച്ചു കൊത്തമ്പാലീം മൊളകും - മല്ലിയും മുളകും - വാങ്ങി കൊണ്ട് വാ അന്റെ കായീന്ന് .. ' ഉമ്മ അങ്ങനെ പറഞ്ഞാല്‍ ഞാന്‍ ധര്‍മ്മ സങ്കടത്തിലാവും . ഒടുവി ല്‍ കളിവാച്ച് ഒഴിവാക്കി കൊത്തമ്പാലീം മൊളകും വാങ്ങാന്‍ പോക്കര് കാക്കാന്റെ പീടികയിലേക്ക്‌ ഓടും .

( മേലാറ്റൂര്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് റെയില്‍ വെ സ്റ്റേഷന്റെ അടുത്തുള്ള കുശവന്‍ മാരുടെ അവിടെ പോകുന്നത് . അന്നാണ് ആദ്യമായി ചട്ടിയും കലവും ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് കാണുന്നത് . ആ കരവിരുത് നോക്കി എത്ര നേരം നിന്നു എന്ന് അറിയില്ല . എത്ര പെട്ടന്നാണ് വ്യത്യസ്ത രൂപത്തിലുള്ള കുടുക്ക യൊക്കെ രൂപം പ്രാപിച്ചു വരുന്നത് . ചിത്രപ്പണി യൊക്കെ എത്ര മനോഹരമായി ആണ് വിരല്‍ തലപ്പിലൂടെ പ്രത്യക്ഷപ്പെടുന്നത് )

എനിക്ക് ആദ്യമായി ഒരു പാന്റ് ശീല അയച്ചു തന്നത് ജ്യേഷ്ഠന്‍ ഉമ്മര്‍ കാക്കു ആണ് . ഒരു പെരുന്നാളിന് . അന്ന് അവന്‍ വയനാട്ടില്‍ എവിടെയോ ജോലി ചെയ്യുകയായിരുന്നു .
അതിനു നീല നിറം ആയിരുന്നു . അന്ന് അത് കയ്യില്‍ കിട്ടിയപ്പോഴുള്ള സന്തോഷം ഇന്നും മനസ്സിലുണ്ട് പിന്നെ ഒരു പാട് പാന്റ്സ് സ്വയം എടുത്തു ഉടുത്തു എങ്കിലും ആദ്യത്തെ ആ പാന്റ്സ് ന്റെ അത്ര സന്തോഷം അവ ധരിച്ചപ്പോഴൊന്നും കിട്ടിയിട്ടില്ല .
ആദ്യം കിട്ടിയ എന്തും നമ്മുടെ മനസ്സില്‍ നിന്നും പോകില്ല .
കേവലം ഒരു ഉമ്മ പോലും !!

അന്നൊക്കെ വയര്‍ നിറച്ചു ഭക്ഷണം കഴിക്കുന്നത്‌ , പപ്പടം പൊരിക്കുന്നത് , ഇറച്ചി വാങ്ങുന്നത് , ശരീരം ആകമാനം എണ്ണ തേച്ചു കുളിക്കുന്നത് . സോപ്പ് ഉപയോഗിക്കുന്നത് പുത്തന്‍ വസ്ത്രങ്ങള്‍ അണിയുന്നത് അത്തര്‍ പൂശുന്നത് എവിടെക്കെങ്കിലും വിരുന്നു പോകുന്നത് ഒക്കെ പെരുന്നാളിന് ആണ് . അന്നൊക്കെ പെരുന്നാള്‍ വരുമ്പോള്‍ ഇന്നത്തെ ക്കാളേറെ ആനന്ദവും ആഹ്ലാദവും തോന്നിയിരുന്നത് പെരുന്നാളിനോടൊപ്പം വിരുന്നു വരുന്ന ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങ ള്‍ ഓര്‍ത്തു കൊണ്ട് കൂടിയായിരുന്നു .
അത് കൊണ്ടാണ് നമുക്കൊക്കെ അന്നത്തെ പെരുന്നാളാണ്
'പെരുന്നാള് ' എന്ന് ഇന്ന് തോന്നുന്നത് എന്ന് എനിക്ക് തോന്നുന്നു ..

ഇന്ന് എന്നും 'പെരുന്നാളായത്' കൊണ്ട് പിന്നെ എന്ത് പ്രത്യേക പെരുന്നാള്‍ ?

പെരുന്നാളിന്റെ മാത്രമല്ല ഓണം , ക്രിസ്തുമസ് , വിഷു തുടങ്ങിയ എല്ലാ ആഘോഷങ്ങളുടെയും കാര്യവും ഇങ്ങനെയൊക്കെ തന്നെ !

ആഘോഷങ്ങളുടെ നിറവും മണവും മിഴിവും അഴകും ചോര്‍ ന്നു പോയത് ഇത് കൊണ്ടൊക്കെ ആണെന്ന് തോന്നുന്നു .

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്