2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

'നെയ്യൂട്ടാന്‍'


'നെയ്യൂട്ടാന്‍' കാശ് കൊടുക്കുക എന്ന പേരിലൊരു മാമൂല് ഉണ്ടായിരുന്നു ഞങ്ങളുടെ ഭാഗങ്ങളില്‍ മുമ്പ് നോമ്പ് കാലത്ത് .

മകളുടെ കല്യാണം കഴിഞ്ഞ ശേഷം വരുന്ന ആദ്യത്തെ നോമ്പിന് പുത്യാപ്ലയേയും
സുഹൃത്തുക്കളെയും നോമ്പ് തുറക്ക് ക്ഷണിക്കും .
അത് ആദ്യത്തെ പത്തിന്റെ ആദ്യ പകുതിയില്‍ തന്നെ വേണം .
വൈകിപ്പോയാല്‍ 'മോശ'മാണ് . മിക്ക ആളുകളും നോമ്പ് രണ്ടിനോ മൂന്നിനോ ഒക്കെയാവും
ഇത് സംഘടിപ്പിക്കുക .

പഴയ കാലങ്ങളില്‍ ഈ നോമ്പ് സത്ക്കാരം രാത്രിയിലായിരുന്നു . മുഴു നീള രാത്രി സത്ക്കാരം .
നോമ്പ് തുറന്നത് മുതല്‍ അത്താഴം വരെ പുത്യാപ്ലയെയും സംഘത്തെയും പരമാവധി തീറ്റി
സത്ക്കരിക്കുക എന്നാണു ആ ദിവസത്തെ പ്രധാന പരിപാടി .

പുത്യാപ്ലയും സംഘവും അന്നേ ദിവസം പെണ്ണിന്റെ വീട്ടിലാണ് തങ്ങുക .
കൊച്ചു വീടുകളാണെങ്കില്‍ കുറെ ആളുകള്ക്ക് കിടക്കാന്‍ വീട്ടില് സൗകര്യം ഉണ്ടാവില്ല .
അത് പരിഹരിച്ചിരുന്നത് അടുത്ത പള്ളികളിലേക്ക്‌ കിടക്കാന്‍ പോയി ആയിരുന്നു .
തലയിണയും പുതപ്പും വിരിപ്പും ഒക്കെ ഭാര്യാ വീട്ടുകാര്‍ പള്ളിയിലേക്ക് എത്തിച്ചു കൊടുക്കും .

അന്നത്തെ ദിവസം ആ വീട്ടിലെ അടുക്കള ആളിക്കത്തിക്കൊണ്ടെയിരിക്കും .
നോമ്പ് വരുന്നു എന്ന് അറിയുമ്പോഴേക്കും ഇങ്ങനെ പുതുതായി മകളെ കെട്ടിച്ച
വീട്ടുകാരുടെ ഉള്ളില്‍ ഇതോര്‍ത്ത് നേരത്തെ തന്നെ തീ കത്തുന്നുണ്ടാവും .
അതൊന്നു കഴിഞ്ഞു കിട്ടിയാലേ ഇനി ഒരു സമാധാനമുള്ളൂ എന്ന് ഉമ്മയും ഉപ്പയും
വിഷമത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്
ഞാന്‍ കുട്ടി ആയിരിക്കുന്ന കാലത്ത് .

അപ്പത്തരങ്ങളും മുത്താഴവും അത്താഴവും ജീരകക്കഞ്ഞിയും ഒക്കെയായി അന്ന് സത്ക്കാരം പൊടിപൊടിക്കും
അന്ന് 'അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായിയ്ക്ക് വട്ടായിപ്പോകുന്നത് !!!

പിറ്റേന്നു രാവിലെ പുത്യാപ്ല അവന്റെ വീട്ടിലേക്കു പോകാനൊരുങ്ങുമ്പോള്‍
അമ്മായി അകത്തേക്ക് വിളിക്കും . എന്നിട്ട് ഒരു കവര്‍ കൊടുക്കും . അതിലുണ്ടാവും ഒരു സംഖ്യ . സ്ത്രീധനം കൊടുത്തതിന്റെ പത്തു ശതമാനം ആ കവറിലുണ്ടാവണം എന്നാണു 'കണക്ക് ' .

അത് കുറയുകയോ കൊടുക്കാതിരിക്കുകയോ ചെയ്യുന്നത് വലിയ 'മാനക്കേട്‌ ' ആയിരുന്നു അക്കാലത്ത് .
അത് മതി കുടുംബ കലഹം ഉണ്ടാവാന്‍ . അത് കുറഞ്ഞതിന്റെ പേരില് ഭാര്യയെ വീട്ടില് കൊണ്ട് വന്നാക്കിയ കഥകളും അക്കാലത്ത് കേട്ടിട്ടുണ്ട് . അത് കൊണ്ട് തന്നെ എങ്ങനെയെങ്കിലും 'കടവും കള്ളിയും ' വാങ്ങിയിട്ടായാലും ഈ മാമൂല്‍ കൂടുതലാരും തെറ്റിക്കില്ല . കുട്ടിയുടെ ഭാവി ഓര്‍ ത്ത്‌ .

ഈ കാശിന്റെ മറ്റൊരു പേരാണ് 'നെയ്യൂട്ടാന്‍'

ഇന്ന് ഈ മാമൂല് ഉണ്ടോ എന്ന് എനിക്കറിയില്ല . പക്ഷേ , നോമ്പ് തുറപ്പിക്കല്‍ ഇപ്പോഴും ഉണ്ട് .
പക്ഷേ പണ്ടത്തെ പോലെ പരിവാരങ്ങളൊ ന്നും ഇല്ലാതെയാണ് വരിക . പുത്യാപ്ല മാത്രമാവും ഉണ്ടാവുക സമാധാനം !!

ഇങ്ങനെ മനുഷ്യനെ വലക്കുന്ന യുക്തിക്കോ ചിന്തക്കോ ഒട്ടും നിരക്കാത്ത
എത്രയെത്ര മാമൂലുകളാണ് നമ്മുടെ നാടുകളില്‍ ഉണ്ടായിരുന്നത് . ഇപ്പോഴും ഉള്ളത് .
എല്ലാ മത വിഭാഗങ്ങളിലും ഉണ്ട്‌ ഒരു തരത്തിലല്ലെങ്കി ല്‍ മറ്റൊരു തലത്തില്‍ ഈ മാമൂലുകള്‍

മാമൂലുകളുടെ പിടിയില്‍ നിന്ന് ഒരു മതവിഭാഗത്തിനും പൂര്‍ണ്ണ മായി വിമോചനം സാധിച്ചിട്ടില്ല എങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന കാര്യം ശുഭോതര്‍ക്കം തന്നെ

ആദ്യത്തെ പ്രസവം പെണ്ണിന്റെ വീട്ടില് നിന്ന് തന്നെ ആവണം
അതിന്റെ ചെലവു പെണ്ണിന്റെ വീട്ടുകാര്‍ തന്നെ വഹിക്കണം
പ്രസവിക്കുന്ന കുട്ടിക്ക് പെണ്ണിന്റെ വീട്ടു കാര്‍ ആഭരണങ്ങള്‍ ഉണ്ടാക്കണം തുടങ്ങി എന്തെല്ലാം
പിടിവാശി കളാ ണ് ഉണ്ടായിരുന്നത് .

ഇവയിലേറിയ പങ്കും 'പുരുഷ കേന്ദ്രീകൃതം ' ആയിരുന്നു എന്നതാണ് ഏറെ രസകരം .
പ്രയാസങ്ങള്‍ കൂടുതലും അനുഭവിക്കേണ്ടി വന്നിരുന്നത് പെണ്‍ വീട്ടുകാരും പെണ്ണും ആയിരുന്നു .

ഇന്നും നിലനില്ക്കുന്നു ഇത്തരം ഒരു പാട് അനാവശ്യ മാമൂലുകള്‍ .
മിക്ക മാമൂലുകളും ഒരു തരം പിടിച്ചു പറി തന്നെയാണ് എന്ന് തന്നെ വേണം മനസ്സിലാക്കാന്‍ .
ഇതിനോടൊന്നും താത്പര്യമില്ലാത്ത 'ആണ്‍ കുട്ടി'ക്ക് പോലും ഇവയൊന്നും മറികടക്കാനാവുമായിരുന്നില്ല
അത്രയ്ക്ക് വേരോട്ടം ഉണ്ടായിരുന്നു അവയ്ക്കൊക്കെ . കുടുംബം സമ്മതിക്കില്ല . അത് തന്നെ പ്രശ്നം

ഇന്ന് മാമൂലുകള്‍ഒരു പാട് കുറഞ്ഞു എന്നാലും പറ്റെ പോയിട്ടില്ല .
ഏറ്റവും ഭീകരമായ സ്ത്രീധനം പോലും ഇപ്പോഴും പറ്റെ പോയിട്ടില്ല .
എന്നാലും ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്ന കാര്യം ആശ്വാസത്തിന് വക നല്കുന്നുണ്ട് .

ഇന്നത്തെ തലമുറ ഇക്കാര്യങ്ങളിലൊക്കെ പഴയ തലമുറയെക്കാള്‍ ഇച്ഛാ ശക്തി കാണിക്കുന്നു
അവര്‍ ക്കൊക്കെ മിക്ക വീടുകളിലും നല്ല 'വോയ്സ് ' ഉണ്ട് എന്നും ഈ മാറ്റത്തിന് കാരണമായി കാണാം .
പിന്നെ ഇത്തരം കാര്യങ്ങളിലുള്ള ഉദ്ബോധനങ്ങളും തുറന്ന മനസ്സും വിശാലമായ ചിന്തകളും ഈ തിട്ടൂരങ്ങള്‍
കുറയാന്‍ കാരണമായിട്ടുണ്ട് എന്നാ കാര്യം ഏറെ സന്തോഷം പകരുന്ന വസ്തുത തന്നെയാണ് . എന്നാലും
കണ്ണൂര് ഭാഗങ്ങളിലൊക്കെ ഇന്നും നിലനില്ക്കുന്ന 'മണിയറ ' എന്ന 'മണി (പണം ) അറ' യൊക്കെ
മാറ്റ പ്പെടെണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

ഇച്ഛാ ശക്തി യുള്ള തലമുറയ്ക്ക് തിരുത്തി എഴുതാന്‍ പറ്റാത്ത എന്തുണ്ട് ഈ ഉലകില്‍ ?

മാറ്റുവിന്‍ ചട്ടങ്ങളെ
മാറ്റുവിന്‍ മാമൂലുകളെ
മാറ്റുവിന്‍ ജന മനസ്സുകളെ !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്