2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

അത് കഴിഞ്ഞേ മറ്റെന്തും വരൂ !!!


ഇന്നലെ പള്ളിയിലേക്ക് പോകുമ്പോള്‍ വഴിയോരത്ത് ഞാനൊരു അമ്മയെയും കുഞ്ഞിനേയും കണ്ടു .

ആ അമ്മ പ്രസവിച്ചിട്ട് അധികം ഒന്നും ആയിട്ടില്ല .
അമ്മ കുഞ്ഞിനെ നാവു കൊണ്ട് നക്കി നക്കി തലോടി സ്നേഹം പ്രകടിപ്പിക്കുന്നു . കുഞ്ഞ് അമ്മയുടെ ശരീരത്തിലൂടെ ഓടിയും ചാടിയും ഇടയ്ക്കിടെ അമ്മയ്ക്ക് ഉമ്മ കൊടുത്തും അമ്മയെ ചുറ്റിപ്പറ്റി കളിച്ചു ചിരിച്ചു നടക്കുന്നു .

അമ്മ എല്ലാറ്റിനും സ്വയം മറന്നു കിടന്നു കൊടുക്കുകയാണ്
ഇത്തിരി നേരം ആ അമ്മപ്പൂച്ചയെയും കുഞ്ഞിനേയും നോക്കി നിന്ന് ഞാന്‍ പള്ളിയിലേക്ക് പോയി

നിസ്ക്കാരം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ അതെ സ്ഥലത്ത് തന്നെയുണ്ട്‌ രണ്ടാളും .

പെട്ടെന്ന് ഒരു കാര്‍ ഇരമ്പി പാഞ്ഞു വന്നു .
ശബ്ദം കേട്ട് പേടിച്ച് ആ കുഞ്ഞ് ഓടിയത് റോഡിലേക്ക് ആണ് !

അതിന്റെ കുഞ്ഞു തലയിലൂടെ ഒരു ചക്രം കേറിയിറങ്ങുന്നത് ഞാന്‍ വേദനയോടെ കണ്ടു .

ആ അമ്മ ആ രംഗം കണ്ടു ഹൃദയം തകര്‍ന്നു നോക്കി നില്‍ക്കുകയാണ് . ഒന്ന് കരയാനോ മാറത്തടിക്കാനോ കഴിയാതെ .

റോഡിന് നടുവില്‍ കിടന്നു പിടയുന്ന കുഞ്ഞിന്റെ അടുത്തേക്ക്‌ പോകാന്‍ ആ അമ്മ ഒന്ന് ശ്രമിക്കും .
അപ്പോഴേക്കും ഒരു വാഹനം വരും . അമ്മ പിറകോട്ടു മാറും .
പിന്നെയും പിന്നെയും ഇത് തന്നെ ആവര്‍ത്തിച്ചപ്പോള്‍
ഞാന്‍ ഒരു കാര്യം ചെയ്തു .

റോഡിന്റെ നടുവില്‍ നിന്ന് ആ കുഞ്ഞിനെ എടുത്തു ഒരരികിലേക്ക് കിടത്തി .
ആ അമ്മ കുഞ്ഞിന്റെ മുഖം മതിവരുവോളം അവസാനമായി ഒന്ന് കണ്ടോട്ടെ എന്ന് കരുതി . ആ അമ്മ എന്റെ മുഖത്തേക്ക് നന്ദിയോടെ ഒന്ന് നോക്കി .

ആ അമ്മ മരിച്ചു പോയ കുഞ്ഞിനെ ചുറ്റിപ്പറ്റി തന്നെ നില്‍ക്കുന്നതും അത് ശബ്ദമില്ലാതെ കരയുന്നതും നോക്കി വേദനയോടെ ഞാന്‍ കുറെ നേരം നിന്നു

സ്വന്തം കണ്മുമ്പില്‍ വെച്ച് മാറോടു ചേര്‍ത്ത് വെച്ചിരുന്ന കുഞ്ഞിന്റെ തല പൊട്ടിച്ചിത റു ന്നത് വെറും ഒരു ജീവി മാത്രമായ ഒരു അമ്മപ്പൂച്ചക്ക് പോലും സഹിക്കുന്നില്ല

ഞാന്‍ അപ്പോള്‍ ഓര്‍ത്തത് ഗാസയിലെ അമ്മമാരെയും അവരുടെ മാറില്‍ നിന്ന് തെറിച്ചു പോയി തല പൊട്ടിച്ചിതറിയ നിരപാരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളെയുമാണ്‌ .

ഏതെങ്കിലും ഒരമ്മയ്ക്ക് കഴിയുമോ ഇത്തരം രംഗങ്ങള്‍ കണ്ടു നില്‍ക്കാന്‍ ?
തോരുമോ ഈ അമ്മാരുടെ കണ്ണീര്‍ ?
തീരുമോ ഈ രക്തക്കൊതി ?

ലോകത്തിലെ ഏറ്റവും വലിയ ഭീകര പ്രവര്‍ത്തനം
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ ഇവ്വിധം
നിര്‍ദയം നിഷ്ക്കരുണം കൊന്നൊടുക്കുന്നതാണ് !!!
അത് കഴിഞ്ഞേ മറ്റെന്തും വരൂ !!!

ആ നിലക്ക് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രം ഇസ്രയേല്‍ ആണ് . അവര്‍ക്ക് ആയുധവും പിന്തുണയും നല്‍കുന്ന അമേരിക്കയും !!!


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്