2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

'കൈവല്യമെത്ര സുന്ദരം വൈകല്യമെത്ര ദുഷ്ക്കരം ..!!


ഒരു അസ്ഥി കൂടം . എഴുന്നു നില്ക്കു ന്ന വാരിയെല്ലുകള്‍ .
ഒരേ ലക്ഷ്യത്തിലേക്ക് തന്നെ നോക്കുന്ന തുറിച്ച തെറിച്ച കണ്ണുകള്‍ . കൈകാലുകള്‍ വെറും ഈര്‍ക്കിള്‍ പോലെ . വീര്‍ത്തു വലുതായ വയര്‍ .

അവന്‍ എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നു . ഇങ്ങനെ വിരൂപമായ ഒരു രൂപം മുമ്പെങ്ങും കണ്ടിട്ടില്ല . പലപ്രാവശ്യം ഞെട്ടി ഉണര്‍ന്നെങ്കിലും പിന്നെയും പിന്നെയും ആ കുട്ടി എന്നെ തന്നെ തുറിച്ചു നോക്കുന്നു ..!!!

പിറ്റേന്ന് ഓഫീസിലെത്തിയിട്ടും ആ മുഖം മനസ്സില്‍ നിന്ന് പോയിട്ടില്ല .
ആ തുറിച്ച നോട്ടം എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു .

എന്റെ ബോസ് മിക്ക ദിവസങ്ങളിലും ഓഫീസില്‍ വരും . രാവിലെ വന്നു മിക്കവാറും ഉച്ചയോടെ തിരിച്ചു പോകും .

എന്റെ സീറ്റ് ഓഫീസിന്റെ പ്രധാന കവാടത്തിന് അഭിമുഖമായിട്ടാണ് . ഓഫീസിലേക്ക് ആരു കടന്നു വരുമ്പോഴും ആദ്യം കാണുക ഞാനാണ് .
എന്റെ 'കണ്‍ പരിശോധന' കഴിയാതെ അത് വഴി ആര്‍ക്കും കടന്നു വരാനോ കടന്നു പോകാനോ കഴിയില്ല .

ബോസുണ്ടെങ്കില്‍ മിക്ക ദിവസങ്ങളിലും സന്ദര്‍ശകരുടെ പ്രവാഹം ആയിരിക്കും . കൂടുതല്‍ പേരും വരുന്നത് സഹായ അഭ്യര്‍ത്ഥന യുമായാണ് . രോഗികള്‍ , നിരാലംബര്‍ , അംഗ വൈകല്യം സംഭവിച്ചവര്‍ , വൃദ്ധ ജനങ്ങള്‍ .. കൂട്ടാത്തില്‍ സ്ത്രീകളും കാണും .
അദ്ദേഹം - എന്റെ ബോസ് - ഉദാരത കായ്ക്കുന്ന വലിയ ഒരു അലിവു മരമാണ് .

സമയം രാവിലെ പതിനൊന്നു മണി ആവുന്നേയുള്ളൂ . ജോലിത്തിരക്കിനിടയിലെപ്പോഴോ ഞാനൊന്നു മൂരി നിവര്‍ന്നു
അന്നേരം ആരോ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു . അകത്തേക്ക് ഒരു കിഡ്സ്‌ വണ്ടി കടന്നു വരുന്നു . പാവം ഒരു വൃദ്ധന്‍ ആണ് വണ്ടി ഉന്തി കൊണ്ട് വരുന്നത് . ഞാന്‍ ആ വണ്ടിയിലേക്ക് ഒന്നേ നോക്കിയുള്ളൂ .
ഞെട്ടിപ്പോയി ...!!!

ഇന്നലെ രാത്രി എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ , എന്നെ തന്നെ തുറിച്ചു നോക്കി വല്ലാതെ പേടിപ്പിച്ച ആ കുട്ടി ഇതാ ജീവനോടെ എന്റെ കണ്മുമ്പില്‍ !!!

OO

നമ്മുടെ നാടിനെ അപേക്ഷിച്ച് ഇവിടെ വികലാംഗരുടെ
എണ്ണം വളരെ കൂടുതലാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .

ഈ മാസം തന്നെ ഞാന്‍ കാണാനിടയായ വികലാംഗര്‍ക്ക് കണക്കില്ല . പള്ളിയില്‍ മിക്ക നമസ്ക്കാരങ്ങള്‍ക്ക് ശേഷവും കാണാം മൂന്നോ നാലോ പേര്‍ സഹായ അഭ്യര്‍ത്ഥനയുമായി പുറത്തേക്ക് ഇറങ്ങുന്ന വാതില്‍ക്കല്‍ ഇരിക്കുന്നു . കൂടെ വികലാംഗരായ കുട്ടികളും ഉണ്ടാകും .
ആ മുഖങ്ങളില്‍ ദയനീയതയും നിസ്സഹായതയും മാത്രമാണ് കാണാനുണ്ടാവുക . സ്വപ്നങ്ങള്‍ മരിച്ചു പോയ കണ്ണുകള്‍ .

ഇന്ന് അസര്‍ നമസ്ക്കാരം കഴിഞ്ഞു ഇറങ്ങുമ്പോള്‍ കണ്ടത് പിന്‍ പുറം വല്ലാതെ ഉയര്‍ന്നു പൊങ്ങി , നടക്കാന്‍ പോലും കഴിയാത്ത പാവം ഒരു കുട്ടിയെ ആണ് . ശ്വാസ ഗതിക്കനുസരിച്ച് അവന്റെ നെഞ്ചിന്‍ കൂടുകള്‍ വലിഞ്ഞു മുറുകുന്നും ഉണ്ട് .

സത്യത്തില്‍ ഇപ്പോഴും ഈ ആധുനിക യുഗത്തിലും ഇത് പോലെയുള്ള കുഞ്ഞുങ്ങള്‍ ഒരു പാട് ജനിക്കുന്നു എന്ന് തന്നെയല്ലേ ഇതില്‍ നിന്നും മനസ്സിലാവുന്നത് . ?

മുമ്പൊരിക്കല്‍ ഒരു പോസ്റ്റില്‍ പറഞ്ഞപോലെ അറബികള്‍ക്കിടയില്‍ കുടുംബ ബന്ധങ്ങളില്‍ നിന്നുള്ള വിവാഹം താരതമ്യേന കൂടുതലാണ് . വികലാംഗര്‍ കൂടാനുള്ള ഒരു പ്രധാന കാരണം അതാണെന്ന് തോന്നുന്നു .
ഒരു പക്ഷേ അക്കാര്യം ഇവര്‍ക്ക് അറിവില്ലാത്തത് കൊണ്ടാവും .

കൂടുതല്‍ വികലാംഗരെ കാണുന്നത് യമനികളിലാണ് . അവരിലാണത്രേ അടുത്ത ബന്ധങ്ങളില്‍ നിന്നുള്ള വിവാഹങ്ങള്‍ കൂടുതലും നടക്കുന്നത് .

അറിവില്ലായ്മ കൊണ്ടോ സൗകര്യം കരുതിയോ
സമ്പത്ത് അന്യം നിന്ന് പോകേണ്ട എന്ന് കരുതിയോ ഒക്കെ നടക്കുന്ന ഇത്തരം വിവാഹ ബന്ധങ്ങള്‍ കാരണം നിരപരാധികളായ എത്ര മക്കളാ ണ് വികലാംഗരായി ജനിക്കാന്‍ ഇടയാകുന്നത് .
ജീവിത കാലം മുഴുവന്‍ സ്വയം നരകിച്ചും മറ്റുള്ളവര്‍ക്ക് നരകം സൃഷ്ടിച്ചും മരിച്ചു ജീവിക്കുന്ന ജന്മങ്ങള്‍ . തന്റെതല്ലാത്ത കാരണത്താല്‍ വികലാംഗരാക്കപ്പെട്ട നിര്‍ഭാഗ്യവാന്മാര്‍ .

അത് കൊണ്ട് അടുത്ത ബന്ധത്തില്‍ നിന്ന് പരമാവധി വിവാഹം കഴിക്കാതിരിക്കുക . അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കുക . കഴിയുന്നതും നിരുത്സാഹപ്പെടുത്തുക .

ബന്ധുക്കള്‍ പണ്ടേ നമ്മുടെ ബന്ധുക്കളാണ് .
മുമ്പ് ഒരു ബന്ധവുമില്ലാത്ത പുതിയ ഒരു ബന്ധമാകട്ടെ
വിവാഹത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത് .
അറിയുക :
വിവാഹ ബന്ധത്തിന് ഏറ്റവും നല്ലത് ഒരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് . മതം പറയുന്നതും ശാസ്ത്രം പറയുന്നതും ഇത് തന്നെ . എന്നിട്ടും ..

വിധി സൃഷ്ടിക്കുന്ന വൈകല്യങ്ങള്‍ നമുക്ക് തടയാനാകില്ല . പക്ഷേ നമ്മുടെ കാരണം കൊണ്ടുണ്ടാകുന്ന വൈകല്യങ്ങള്‍ ഒരളവോളം നമുക്ക് വരാതെ നോക്കാം . സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട .
ശാരീരിക വൈകല്യവുമായി ഇനിയും എവിടെയും ഒരു കുഞ്ഞും ജനിക്കാ തിരിക്കട്ടെ .

'കൈവല്യമെത്ര സുന്ദരം
വൈകല്യമെത്ര ദുഷ്ക്കരം ..!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്