2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ബോട്ട് യാത്ര





നമ്മുടെ പ്രധാനപ്പെട്ട സഞ്ചാര വഴികള്‍ മൂന്നാണ് .
കര, ആകാശം , ജലം . ഇതില്‍ ഏറ്റവും കൂടുതല്‍ നാം യാത്ര ചെയ്യുന്നത് കരയിലൂടെയാണ് . ഒരോ യാത്രയും ഓരോ തരം അനുഭൂതിയാണ് നമുക്ക് സമ്മാനിക്കുക . ബസ്സ് യാത്ര തരുന്ന സുഖം അല്ല തീവണ്ടി യാത്ര നല്‍കുക .
കാര്‍ യാത്രയുടെ സുഖം അല്ല ബൈക്ക് യാത്ര യ്ക്ക് .
ആകാശ യാത്രയുടെ സുഖം അല്ല ജല യാത്രയ്ക്ക് .

കരയിലൂടെയും , ആകാശത്തൂടെയും ഉള്ള യാത്രകള്‍ ഇന്ന് നമുക്ക് അത്ര അപൂര്‍വമല്ല . പക്ഷേ ജല യാത്ര അപൂര്‍വ്വം തന്നെ .

അത് കൊണ്ടാവാം ഒരു ചെറിയ ചങ്ങാടത്തില്‍ പോകുന്നത് പോലും നമുക്ക് വല്ലാതെ ഹൃദ്യമായി അനുഭവപ്പെടുന്നത് . ഏറ്റവും ശുദ്ധമായ വായു ശ്വസിച്ചു കുളിര്‍ക്കാറ്റേറ്റ് ഉള്ള ജല യാത്രകളുടെ സുഖം
ഏതായാലും മറ്റൊരു യാത്രക്കും കിട്ടില്ല .

ഇത്രയും ആമുഖമായി പറഞ്ഞത് , വളരെ നാളുകള്‍ക്കു ശേഷം വീണു കിട്ടിയ ഒരു ജലയാത്രയെ ക്കുറിച്ചുള്ള അനുഭവങ്ങള്‍ നിങ്ങളുമായി പങ്കു വെക്കാനാണ് . .

കഴിഞ്ഞ പെരുന്നാള്‍ ഒന്നിനായിരുന്നു യാത്ര .
ജിദ്ദ എസ് വൈ എസിന്റെ 'അല്‍ മവദ്ദ ' കുടുംബ വേദിയാണ് യാത്ര സംഘടിപ്പിച്ചിരുന്നത് . ഇവിടെ നിന്ന് ചെറിയ പെരുന്നാള്‍ ദിനത്തിലാണ് പൊതുവേ ഇത് പോലെയുള്ള യാത്രകള്‍ നടക്കാറുള്ളത് .

ജിദ്ദ 'അബ് ഹൂറില്‍ 'നിന്നാണ് യാത്ര . ബഹ്ര്‍ എന്ന പദത്തിന്റെ അര്‍ഥം സമുദ്രം എന്നാണു . അതിന്റെ ബഹുവചനം ആണ് അബ് ഹൂര്‍ .

വൈകുന്നേരം അഞ്ചു മണിയോടെ യാത്രികരെല്ലാം ബോട്ടിലെത്തി ചേര്‍ന്നു . ഇരുനൂറോളം സ്ത്രീ പുരുഷന്മാരും അമ്പതോളം കുട്ടികളും അടങ്ങുന്ന വലിയ ഒരു സംഘം ആണ് യാത്രക്കു തയ്യാറായി എത്തിയത് .

കൃത്യം അഞ്ചരയ്ക്ക് ഞങ്ങളുടെ ബോട്ട് നീങ്ങി തുടങ്ങി .
ചെങ്കടലിനോട് ചേര്‍ന്ന കായലിലൂടെയാണ് യാത്ര . ബോട്ടിനകത്ത് പ്രത്യേകം സജ്ജമാക്കിയ കസേരകളും മേശകളും .

ഗ്ലാസ് ജനാലയിലൂടെ കായലിന്റെ ഭംഗി ആസ്വദിച്ചും സ്ത്രീകളും കുട്ടികളും കുടുംബങ്ങളും കുറച്ചു നേരം സൌഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടും സമയം കളഞ്ഞു .

വെയില്‍ ഒന്നാറി യപ്പോള്‍ എല്ലാവരും ബോട്ടിന്റെ മുകളിലേക്ക് കേറി തുടങ്ങി . ഓപ്പണ്‍ എയര്‍ ആയി കിടക്കുന്ന ബോട്ടിന്റെ മുകള്‍ ഭാഗത്ത് നിന്ന് നോക്കിയാല്‍ കണ്ണെത്താ ദൂരം വരെ കടല്‍ കാണാം . കായലിന്റെ മനോഹാരിത മുഴുവനും കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുക്കാം .

പെരുന്നാള്‍ ആയതു കൊണ്ട് കായലില്‍ നിറയെ കൊച്ചു ബോട്ടുകളുണ്ട് .
ഫ്രീക്കന്‍ പയ്യന്മാര്‍ റോഡില്‍ ബൈക്ക് കൊണ്ട് അഭ്യാസം കാണിക്കും പോലെ ജല ബൈക്കുകള്‍ ഉപയോഗിച്ച് ആര്‍മാദിക്കുന്ന രംഗങ്ങള്‍ ഒന്ന് കാണേണ്ടത് തന്നെ . ഡോള്‍ഫിനുകള്‍ വെള്ളത്തില്‍ നിന്ന് മുകളിലേക്ക് പൊങ്ങും പോലെയാണ് കൊച്ചു ബോട്ടുകളില്‍ പയ്യന്മാര്‍ ഉയര്‍ന്നും താഴ്ന്നും സാഹസികമായും ജല ബോട്ടുകള്‍ ഓടിച്ചു 'കളിക്കുന്നത് '

മറ്റൊരു വശത്ത്‌ നീരാട്ട് മഹാമഹം നടക്കുന്നു . ആയിരക്കണക്കിന് ആളുകള്‍ കടല്‍ കുളിക്ക് വേണ്ടി വന്നിരിക്കുന്നു . ആഴം കുറഞ്ഞ ഭാഗങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ജല ക്രീഡ നടത്തുകയാണ് .
ആ കാഴ്ചകള്‍ കന്യാകുമാരിയില്‍ ചെന്ന പ്രതീതി യാണ് സൃഷ്ടിച്ചത് .
പശ്ചാത്തലത്തില്‍ ജിദ്ദയിലെ അനുഗൃഹീത ഗായകരുടെ - ഗഫൂര്‍ കുറ്റ്യാടി ആന്റ് പാര്‍ട്ടിയുടെ 'സംകൃത പമകിരി '

നേരം ഇരുട്ടി തുടങ്ങുകയാണ് . ഇരുട്ടിന്റെ പുതപ്പു മെല്ലെ മെല്ലെ കായലിനെ കണ്ണുകളില്‍ നിന്ന് മറച്ചു തുടങ്ങി . അപ്പോഴേക്കും ദൂരെ നിന്ന് മഗ് രിബ് ബാങ്ക് കായലിളെ ഓളങ്ങളെ തഴുകി തലോടി കാതുകളില്‍ വന്നു അലയടിച്ചു .

യാത്രയ്ക്ക് നേതൃത്വം കൊടുക്കുന്ന സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ , കരീം ഫൈസി കീഴാറ്റൂര്‍ , അലി മൌലവി നാട്ടുകല്‍ തുടങ്ങിയവര്‍ ബോട്ടില്‍ വെച്ചുള്ള നിസ്ക്കാരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി .

അങ്ങനെ കായല്‍ പരപ്പില്‍ ഒരു സമൂഹ സന്ധ്യാ നമസ്ക്കാരം .
ഒരേ വിചാരത്തോടെ , ഒരേ കേന്ദ്രത്തിലേക്ക്, ഒരേ മന്ത്രം ഉരുവിട്ടുകൊണ്ട് കരയും ആകാശവും കടലും സൃഷ്‌ടിച്ച നാഥന്റെ മുമ്പില്‍ സാഷ്ടാംഗ പ്രണാമം !!


നിസ്ക്കാരം കഴിഞ്ഞ ഉടനെ ഭക്ഷണം കഴിച്ചിട്ടാവാം മറ്റു പരിപാടികള്‍ എന്ന യാത്രാ സംഘത്തലവന്റെ നിര്‍ദേശം അനുസരിച്ച് അതിനുള്ള നടപടികള്‍ സവാദ് പേരാമ്പ്രയുടെ നേതൃത്വത്തില്‍ തകൃതിയായി നടന്നു .

ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാവരും ബോട്ടിന്റെ മുകള്‍ തട്ടിലേക്ക് കേറി സീറ്റ് പിടിച്ചു . എന്തൊക്കെയോ 'കാര്യമായി' നടക്കാനുണ്ടെന്നു നേരത്തെ തന്നെ ചില അനൌന്‍സ് മെന്റിലൂടെ മനസ്സിലാക്കിയത് കൊണ്ടാവും എല്ലാവരുടെ മുഖത്തും പ്രതീക്ഷയുടെ ഒരു മിന്നലാട്ടം കാണാമായിരുന്നു .

പരിപാടി ആരംഭിക്കുകയായി .
കായലില്‍ , രാത്രി വന്നു തപസ്സു തുടങ്ങിയിട്ടുണ്ട് .
അതുകൊണ്ട് ഇനി ആരുടെ ശ്രദ്ധയും അങ്ങോട്ട്‌ തിരിയുന്ന പ്രശ്നമില്ല .

ഉടന്‍ യാത്രാ തലവന്‍ അബ്ദുല്‍ കരീം ഫൈസി ജനങ്ങളെ അഭിമുഖീകരിച്ചു ഹ്രസ്വമായ ഒരു പ്രസംഗം നടത്തി .

ഒരു മാസക്കാലത്തെ റമദാന്‍ നമുക്ക് നല്‍കിയ ആത്മീയ വിശുദ്ധി കാത്തു സൂക്ഷിക്കണം എന്നും ആ ആത്മ സംസ്ക്കരണം നമ്മുടെ ജീവിതത്തില്‍ അടുത്ത റമദാന്‍ വരെ പ്രകടമായി കാണണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു .

അദ്ദേഹത്തിന്റെ പ്രസംഗം അവസാനിപ്പിച്ചത് ഇനി നമുക്ക് ചില വിജ്ഞാന നര്‍മ്മ പരിപാടികളിലേക്ക് പ്രവേശിക്കാം
എന്ന് പറഞ്ഞു കൊണ്ടായിരുന്നു .

ആ 'കടും കൈ' നടത്താന്‍ എന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത് ചില നമ്പരുകളൊക്കെ കയ്യിലുണ്ട് . അവ ഏശുമോ എന്ന ആശങ്കയിലായിരുന്നു ഞാന്‍ . പിന്നെ ആകെയുള്ള ഒരു സമാധാനം ആരും ഇറങ്ങി ഓടില്ല എന്നതായിരുന്നു
ഇത്തരം യാത്രകളില്‍ പരിപാടി അവതരിപ്പിക്കുന്നവരുടെ ഏക ആശ്വാസം അത് മാത്രമാണ്

മൈക്ക് എന്റെ കയ്യില്‍ തന്നു യാത്ര ക്യാപ്റ്റന്‍ സീറ്റിലിരുന്നു .

ഞാന്‍ ആദ്യമായി ചെറിയ ഒരു 'കത്തി' വെച്ചു .

ജീവിതത്തില്‍ നാമൊക്കെ വല്ലാതെ സീരിയസ് ആയി പോയിട്ടുണ്ടെന്നും ഒരു ചെലവു മില്ലാത്തതും ആര്‍ക്കും യഥേഷ്ടം നല്‍കാവുന്നതുമായ ഒരു ചെറു പുഞ്ചിരിയുടെ കാര്യത്തില്‍ പോലും നാം പിശുക്ക് കാണിക്കുന്നുണ്ട് എന്നും നര്‍മ്മ ബോധം നമ്മുടെ ജീവിത വിജയത്തിന് വലിയ ഗുണം ചെയ്യുമെന്നും ദാമ്പത്യ ജീവിതത്തില്‍ പോലും നര്‍മ്മത്തിന് വലിയ പ്രാധാന്യം ഉണ്ട് എന്നും ഒക്കെ വെച്ച് കാച്ചി !!

പല പൊട്ടിത്തെറികളും പൊട്ടിച്ചിരി ആക്കി മാറ്റാന്‍ നര്‍മ ബോധമുള്ളവര്‍ക്ക് സാധിക്കും എന്നും 'തട്ടി വിട്ടു' !

അത് സമര്‍ഥിക്കാന്‍ എന്റെ ഒരു കുഞ്ഞു 'കഥ' കിട്ടിയ അവസരം വെച്ച് ഉപയോഗപ്പെടുത്തുകയും ചെയ്തു .
അവസരം ചിലപ്പോള്‍ നമ്മെ തേടിവരും . ചിലപ്പോള്‍ നമ്മള്‍ അവസരത്തെ അങ്ങോട്ട്‌ തേടി പോകേണ്ടിയും വരുമല്ലോ .

കഥ ഇതാണ് .
പേര് ലളിത ഗാനം

രാത്രിയില്‍ കിടപ്പറയില്‍ അവളുടെ മുടിയിഴകളില്‍ തഴുകി തലോടി അവന്‍ അവളോട്‌ പറഞ്ഞു : എന്തൊരഴക് , എന്തൊരു മിനുപ്പ് , എന്തൊരു ന്മത്ത ഗന്ധം !!

പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ വറ്റുകള്‍ ക്കിടയില്‍ നിന്ന് ഒരു മുടിനാരിഴ വിരലിലുടക്കിയപ്പോള്‍ അവന്‍
അവളോട്‌ പൊട്ടിത്തെറിച്ചു .
എന്തായിത് ?

അവള്‍ വളരെ തന്മയത്വത്തോടെ ആ മുടിനാരിഴ കൈവെള്ള യിലെടുത്തു ഓമനിച്ചു കൊണ്ട് ഇങ്ങനെ പാടി
എന്തൊരഴക് , എന്തൊരു മിനുപ്പ് , എന്തൊരു ന്മത്ത ഗന്ധം !!

ഒരു പൊട്ടിത്തെറി എത്ര പെട്ടെന്നാണ് പൊട്ടിച്ചിരിയായി മാറിയത് !!
നര്‍മ ബോധമുള്ള ദമ്പതികള്‍ക്ക് വലിയ പൊട്ടിത്തെറി പോലും പൊട്ടിച്ചിരി ആക്കി മാറ്റാന്‍ കഴിയും എന്ന് ഇതിനോട് ചേര്‍ത്ത് പറഞ്ഞു വെച്ചു !

അത്തരം ചില നര്‍മ ബോധങ്ങളിലേക്ക് വഴി തുറക്കുന്ന ചില സമസ്യകളിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു എന്ന മുഖവുരയോടെയാണ്‌
പരിപാടി കളിലേക്ക് കടന്നത്‌ .

അതിനു മുമ്പ് നമുക്ക് നമ്മുടെ കുട്ടികള്‍ക്ക് മാത്രമായി ചില പരിപാടികള്‍ നടത്താം .

ആദ്യമായി നടക്കുന്നത് സൂചനാ മത്സരം ആണ് .
അതിനു തയ്യാറുള്ള കുട്ടികള്‍ ഒന്ന് കൈപൊക്കിക്കേ .. ഞാന്‍ പറഞ്ഞു .
പറഞ്ഞു തീരും മുമ്പ് ഒരു പാട് കൈകള്‍ ഉയര്‍ന്നു .
നന്നേ ചെറിയ കുട്ടികളുടെതടക്കം !

കൈപൊക്കിയ എല്ലാവരെയും മൈക്ക് പോയിന്റിലേക്ക് ആനയിച്ചു .
എന്നിട്ട് പറഞ്ഞു . ഞാന്‍ ഒരു വസ്തുവിനെ കുറിച്ച് അഞ്ചു സൂചന - ക്ലൂ - തരും അത് എന്താണെന്ന് പറയണം . പറയുന്ന ആള്‍ക്ക് വലിയ സമ്മാനം ഉണ്ട് . കുട്ടികള്‍ ആവേശം കൊണ്ടു .

ഞാന്‍ സൂചനകള്‍ ഇങ്ങനെ പറഞ്ഞു :

മൊട്ടത്തലയന്‍
ഒറ്റക്കണ്ണന്‍
ഒറ്റക്കാലന്‍
കാലില്‍ പല്ലുകളുള്ളവന്‍
നമ്മുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു
വസ്തു ഏതാണ് ?






മത്സരാര്‍ഥി കളായ കുട്ടികളോട് ഓരോരുത്തരോടും ഉത്തരം പറയാന്‍ ആവശ്യപ്പെട്ടു . പക്ഷേ അവരില്‍ ആരും ഉത്തരം പറഞ്ഞില്ല . ഒടുവില്‍ സദസ്സിന് ഉത്തരം പറയാന്‍ അവസരം കൊടുത്തു . ഉടനെ ഒരു കൊച്ചു പെണ്‍കുട്ടി കൈപൊക്കി അടുത്തേക്ക്‌ വന്നു പറഞ്ഞു . ഞാന്‍ പറയാം അങ്കിള്‍ .
ഓക്കേ പറയൂ
കുട്ടി ശരിയുത്തരം പറഞ്ഞു
കീ - താക്കോല്‍
എല്ലാവരും കയ്യടിച്ചു .
ഞാന്‍ ആ കുട്ടിയോട് പറഞ്ഞു മോളും പങ്കെടുത്തോളൂ അടുത്ത മത്സരങ്ങളില്‍
അങ്ങനെ അവളെ കൂടി കൂട്ടത്തില്‍ കൂട്ടി

കുട്ടികള്‍ക്ക് ഉത്തരം അറിയാത്തതില്‍ ചെറിയ നിരാശ ഉണ്ട് എന്ന് അവരുടെ മുഖം കണ്ടപ്പോള്‍ മനസ്സിലായി . അത് തീര്‍ക്കാനെന്ന വണ്ണം കുറച്ചു കൂടി എളുപ്പമുള്ള ഒരു ചോദ്യമാവാം അടുത്ത ത് എന്ന് തോന്നി

എല്ലാവര്‍ക്കും അറിയാവുന്ന ഒരു ചോദ്യം ആണ് ഇനി ചോദിക്കുന്നത് എന്ന് മുഖവുരയായി പറഞ്ഞു അടുത്ത ചോദ്യം ചോദിച്ചു
സൂചനകള്‍ ഇവയാണ്

രണ്ടു തലയുള്ളവന്‍
രണ്ടു കാലുകളുള്ളവന്‍
നടുവില്‍ കുടുക്കുള്ളവന്‍
രണ്ടു കഷ്ണമാക്കും ഞാന്‍ !!!

കുട്ടികള്‍ അല്പമൊന്നു ആലോചിച്ചു . അറിയാവുന്നവര്‍ കൈപൊക്കി
ഞാന്‍ അടുത്തു ചെന്നും മറ്റാരും കേള്‍ക്കാതെ ചെവിയില്‍ പറയാന്‍ പറഞ്ഞു .

ചിലര്‍ കത്തി എന്ന് പറഞ്ഞു
ചില കുട്ടികള്‍ കണ്ണട എന്ന് പറഞ്ഞു
മൂന്നു കുട്ടികള്‍ ശരിയുത്തരം പറഞ്ഞു
കത്രിക

കയ്യടി . വിജയികളെ സദസ്സിനു പരിചയപ്പെടുത്തി കൊടുത്തു

അടുത്തത് ഒരു പുതിയ മത്സരം ആവട്ടെ . ഞാന്‍ പറഞ്ഞു .
നിങ്ങള്‍ കേട്ടു കാണും ടങ്ങ് ട്വിസ്റ്റ്‌ മത്സരം . നാവു വഴങ്ങുമോ എന്നും ഈ മത്സരത്തിനു പറയാം

ഒരേ അക്ഷരം തന്നെ ആവര്‍ത്തിച്ചു വരുന്ന ഒരു കുട്ടിക്കവിതാ ശകലം ഞാന്‍ പലപ്രാവശ്യം ചോല്ലിത്തരും . നിങ്ങള്‍ ഏറ്റു ചൊല്ലണം . എന്നിട്ട് അത് തെറ്റാതെ ഒറ്റയ്ക്ക് പറയണം . ആ കുട്ടിയായിരിക്കും വിന്നര്‍

കുട്ടികള്‍ തലകുലുക്കി സമ്മതിച്ചു
ഞാന്‍ ചൊല്ലും മുമ്പ് ആ കവിത ശകലത്തിലെ ആശയം പറഞ്ഞു കൊടുത്തു . ഇത് പ്രവാസികളുടെ ദേശീയ മൃഗം എന്ന പേരില്‍ പരിഹസിക്കപ്പെടുന്ന നന്നേ ചെറിയ എന്നാല്‍ ഭയങ്കര പ്രശ്നം സൃഷ്ടിക്കുന്ന ഉറക്കം നഷ്ടപ്പെടുത്തുന്ന എത്ര കൊന്നാലും പിന്നെയും പിന്നെയും പെറ്റു പെരുകുന്ന പ്രവാസികളുടെ പേടി സ്വപ്നമായ ഒരു ജീവിയെ കുറിച്ചാണ് . അപ്പോഴേക്കും സദസ്സിനു 'ആളെ ' മനസിലായി
അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു :

മൂട്ട !!!

അതെ , അതിനെക്കുറിച്ചാണ് കുട്ടിക്കവിത . എങ്കില്‍ കേട്ടോളൂ ..

ഞാന്‍ ഈണത്തില്‍ ഇങ്ങനെ ചൊല്ലി

കട്ടിലിന്റെ ചോട്ടിലൊരു കൂട്ടം മൂട്ട
മൂട്ടകളുടെ മൂട്ടിലൊരു കൊട്ട മുട്ട !!!

പലവട്ടം ചൊല്ലിക്കൊടുത്തു . കുട്ടികള്‍ ഏറ്റു ചൊല്ലി . ഞാന്‍ നോക്കുമ്പോള്‍ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും അറിയാതെ ചൊല്ലി നോക്കുന്നുണ്ട്

എങ്കില്‍ നോക്കാം . ആര്‍ക്കാണ് ചൊല്ലാന്‍ അറിയുക എന്ന് .
അപ്പോള്‍ കൂട്ടത്തില്‍ ഒരു കുട്ടി പറഞ്ഞു .
അങ്കിള്‍ ഒരു വട്ടം കൂടി ചൊല്ലി തരൂ . പ്ലീസ്
ഞാന്‍ ഒരുവട്ടമല്ല നാലഞ്ച് വട്ടം പിന്നെയും ചൊല്ലിക്കൊടുത്തു

ഒടുവില്‍ ഓരോരോരുത്തര്‍ക്കും മൈക്ക് കൊടുത്തു ചൊല്ലാന്‍ പറഞ്ഞു
പലരും കട്ടില്‍ വിട്ടു . മൂട്ടക്കു പകരം മൂട്ടില്‍ ആദ്യം പറഞ്ഞു
ചിലര്‍ കട്ടിലിന്റെ മൂട്ടിലൊരു കെട്ട മുട്ട എന്ന് പറഞ്ഞു
ചിലരാകട്ടെ കട്ടിലിന്റെ മൂട്ടിലൊരു മൂട്ടിലൊരു മൂട്ടിലൊരു ബാക്കി കിട്ടാതെ വിഷമിച്ചു . സദസ്സ് ഒന്നടങ്കം നന്നായി ആസ്വദിച്ചിരിക്കുകയാണ്
അവസാനം ഒരു മിടുക്കനാണ് മൈക്ക് കൈമാറിയത്
അവന്‍ 'ഞാനിതൊക്കെ എത്ര കണ്ടതാ എന്ന മട്ടില്‍ മണിമണിയായി
ചൊല്ലി . ഒന്നല്ല രണ്ടല്ല മൂന്നു വട്ടം !!!

നിലക്കാത്ത കയ്യടി .
അവനെ മുമ്പിലേക്ക് കൊണ്ട് വന്നു എല്ലാവര്‍ക്കും പരിചയപ്പെടുത്തി

പരിപാടിയുടെ അവസാനം കൈ നിറയെ സമ്മാനം ഉണ്ടെന്നു പറഞ്ഞു .

ഇനി എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പറ്റുന്ന മറ്റൊരു മത്സരം ആണ് നടക്കുന്നത് .
മത്സരത്തിന്റെ പേര്
കൌതുക സമസ്യ !!!

അന്നേരം ബോട്ടിന് എന്തോ ഒരിളക്കം .
ആകെ കുലുങ്ങുന്ന പോലെ
എല്ലാവരും മത്സരത്തില്‍ ലയിച്ചിരിക്കുകയാണ് !!!




ബോട്ട് ഇളകുന്നതും ചാഞ്ചാടുന്നതും കുലുങ്ങുന്നതും മറ്റൊന്നും കൊണ്ടായിരുന്നില്ല .
ബോട്ട് തിരിക്കുകയായിരുന്നു .
വന്ന വഴിയെ വീണ്ടും ബോട്ട് നീങ്ങിത്തുടങ്ങി

അടുത്ത പരിപാടി പ്ലാന്‍ ചെയ്തിരുന്നത് 'കൌതുക സമസ്യ 'ആയിരുന്നു
കൌതുകമുള്ള വിഷയങ്ങളെ കുറിച്ചുള്ള ക്വിസ് മത്സരം . പത്തിരുപത്തഞ്ചു ചോദ്യങ്ങള്‍ തയ്യാറാക്കി ക്കൊണ്ട് പോയിരുന്നു . പക്ഷേ സമയം അനുവദിക്കില്ല .

എവിടെ വെച്ച് എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാവുന്ന പരിപാടികള്‍ ആയതു കൊണ്ട് ആക്കാര്യത്തെ കുറിച്ച് ബേജാറാവേണ്ട കാര്യമില്ല എന്ന് എനിക്ക് തോന്നി

കൌതുക ക്വിസ്സിനുള്ള ഒരുക്കങ്ങള്‍ സവാദ് പേരാമ്പ്ര യും പാര്‍ട്ടിയും 'യുദ്ധകാലാടിസ്ഥാനത്തില്‍ 'നടത്തി . മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള എല്ലാവര്‍ക്കും പേപ്പറും പേനയും കൊടുത്തു .
ആരെയും നിര്‍ബന്ധിച്ചില്ല .

വെട്ടിത്തിരുത്തിയ ഉത്തരങ്ങള്‍ പരിഗണിക്കില്ല എന്നും പേപ്പറില്‍ പേരും മൊബൈല്‍ നമ്പരും എഴുതണം എന്നും മുന്‍കൂട്ടി പറഞ്ഞു

ഏതാനും ചോദ്യങ്ങള്‍ ഇവിടെ കൊടുക്കാം

ഒരു മേശ , അതിനു മീതെ ഒരു വിരിപ്പ് , അതിനും മീതെ ഒരു ഗ്ലാസ്
ഗ്ലാസ്സില്‍ അല്പം പോലും വെള്ളം ഉണ്ടായിരുന്നില്ല . പെട്ടെന്ന് ഗ്ലാസ് എങ്ങനെയോ മറിഞ്ഞു . വിരിപ്പ് ആകെ നനഞ്ഞു . എന്ത് കൊണ്ട് ?

ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് എത്താന്‍ ഒരു കാറിനു ഒരു മണിക്കൂര്‍ വേണം . എന്നാല്‍ അതെ വേഗതയുള്ള നൂറു കാറുകള്‍ക്ക് ജിദ്ദയില്‍ നിന്ന് മക്കയിലെത്താന്‍ എത്ര മിനിറ്റ് വേണ്ടിവരും ?

ഒന്നു മുതല്‍ നൂറു വരെ തുടര്‍ച്ചയായി എഴുതുമ്പോള്‍ '9' എന്ന അക്കം എത്ര പ്രാവശ്യം എഴുതേണ്ടി വരും ?

ഏറ്റവും കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ എവിടെയും എത്തിക്കാവുന്ന ഒരു വസ്തു ?

പശുവിന്‍ പാലിലോ എരുമപ്പാലിലോ ആട്ടിന്‍ പാലിലോ ഒട്ടകപ്പാലിലോ ഒന്നും ഇല്ലാത്ത മനുഷ്യ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവും ആയ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകം മുലപ്പാലില്‍ ഉണ്ട് . ഏതാണ് ആ ഘടകം ?

പത്തു മീറ്റര്‍ നീളമുള്ള ഒരു മരത്തടി ഒരു മീറ്റര്‍ വലുപ്പത്തില്‍ പത്തു കഷ്ണമാക്കി മുറിക്കാന്‍ എത്ര വട്ടം മുറിക്കണം ?

തെക്ക് നിന്ന് വടക്കോട്ട്‌ പോകുന്ന ഇലക്ട്രിക് ട്രെയിനിന്റെ പുക ഏതു വശത്തേക്ക് ആണ് പോവുക ?

വിത്ത്‌ പുറത്തുള്ള ഏക പഴം ?

നഖങ്ങള്‍ ഉണ്ട് ; വിരലുകള്‍ ഇല്ല . ജീവി ഏതാണ് ?

ഏറ്റവും വലിയ ഫലം തരുന്ന വൃക്ഷം ?

നല്ല ആവേശകരമായിരുന്നു മത്സരം . തീരെ ലളിതമായ ചില ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു . കാരണം എല്ലാ പ്രായക്കാരും ഒരുമിച്ചു പങ്കെടുക്കുന്ന മത്സരം ആണല്ലോ .

ഉത്തരം എഴുതിക്കഴിഞ്ഞു പേപ്പറുകള്‍ വാങ്ങി ശരിയുത്തരം പറഞ്ഞു കൊടുത്തു . അപ്പോഴേക്കും മറ്റൊരു സ്ഥലത്ത് വെച്ച് മൂല്യ നിര്‍ണ്ണയം തുടങ്ങിക്കഴിഞ്ഞിരുന്നു .

ബോട്ട് കരയോടടുക്കുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് കൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനാവില്ല എന്ന് ബോധ്യപ്പെട്ടു .

ചോദിച്ച എല്ലാ ചോദ്യങ്ങളും ഇവിടെ എഴുതിയാല്‍ ഈ പോസ്റ്റ്‌ നീണ്ടു പോകും .

കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനേ സമയം കിട്ടിയുള്ളൂ . പിന്നെ സമ്മാനദാന ചടങ്ങ് ആയിരുന്നു
മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും മിഠായി വിതരണവും ഉണ്ടായിരുന്നു .

അവസാനം അലി മൌലവിയുടെ 'കുടുംബങ്ങളോട് 'എന്ന ഹൃസ്വമായ ഒരു വിഷയാവതരണം , സമദ് പേരാമ്പ്ര യുടെ നന്ദി പ്രകടനം ഇവ കഴിഞ്ഞതോടെ ഞങ്ങള്‍ പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി !

ഏതു ഭൂഖണ്ഡത്തില്‍ ചെന്നാലും അവിടെയൊക്കെ മലയാളിയും ഉണ്ടാവും എന്ന് പറഞ്ഞ പോലെ ഇന്നത്തെ കാലത്ത് എവിടെ ചെന്നാലും അവിടെയൊക്കെ നമ്മുടെ ഫേസ് ബുക്ക് ഫ്രണ്ടും ഉണ്ടാവും . ഈ യാത്രയിലും കണ്ടു കുറെ സുഹൃത്തുക്കളെ ..

ഇത്തരം യാത്രകളില്‍ പൊതുവേ നടക്കാറുള്ളത് ഗാനമേളകള്‍ ആണ് . നാല് ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടി കഴിയുന്ന കുട്ടികള്‍ക്ക് നാട്ടിലെ പോലെ ഇവിടെ ഒരു നിലക്കുള്ള ആക്റ്റിവിറ്റി കളും ഉണ്ടാവാറില്ല . ഒന്നുകില്‍ അവസാനിക്കാത്ത പ്രസംഗങ്ങള്‍ . അല്ലെങ്കില്‍ കാതടപ്പിക്കുന്ന കരോക്കി ഗാനമേളകള്‍

കുടുംബ വേദികളും സാമൂഹ്യ സാംസ്ക്കാരിക സംഘടനകളും ഇവിടുത്തെ കുട്ടികളെ കൂടി പരിഗണിക്കണം എന്നും അവരുടെ ബുദ്ധിക്കും അഭിരുചിക്കും സര്‍ഗാത്മകതയ്ക്കും അനുസരിച്ച് അവസരങ്ങള്‍ സൃഷ്ടിക്കണം എന്നും ഒരു എളിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു

പൊതുവേ വിരസമാകാറുള്ള പെരുന്നാള്‍ ദിനം കുട്ടികളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍ .

കഴിഞ്ഞ വര്‍ഷം ഇത് പോലെ ഒരു പെരുന്നാള്‍ ദിനത്തിലാണ് മദായിന്‍ സ്വാലിഹ് എന്ന ചരിത്ര ഭൂമി കാണാനുള്ള അവസരം ഉണ്ടായത് .
താഇഫിലേ ക്കും ഇത്തരം സംഘങ്ങളോ ടൊപ്പം പലപ്പോഴും പോയിട്ടു ണ്ട്
മദീന യാത്രയും പൊതുവെ എല്ലാവരും നടത്തുന്നത് ഇങ്ങനെ തന്നെ .

മലയാളി സംഘടനകള്‍ നടത്തുന്ന ഇത്തരം യാത്രകള്‍ വലിയ അനുഗ്രഹമാണ് ഇവിടെ ജീവിക്കുന്നവര്‍ക്ക് . ഒറ്റയ്ക്കോ സ്വന്തം കുടുംബവുമായോ മാത്രം ഇത്തരം സ്ഥലങ്ങളിലേക്ക് പോകാനും കാണാനും എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല . ആ നിലക്ക് നോക്കുമ്പോള്‍ ആണ് ഇത്തരം യാത്രകള്‍ അനുഗ്രഹമാകുന്നത് .

യാത്ര എന്ത് കൊണ്ടും അനുഭൂതി പകരുന്നവ തന്നെ
അത് ആകാശത്തിലൂടെ ആയാലും കരയിലൂടെ ആയാലും കടലിലൂടെ ആയാലും !
ജീവിതം തന്നെ ഒരു യാത്രയാണല്ലോ .
നാം യാത്രക്കാരും .

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്