2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

പ്രവാസികളുടെ ആഘോഷം


പ്രവാസികളുടെ ആഘോഷം രണ്ടു കാര്യങ്ങളില്‍
ഒതുങ്ങാറാണ് പതിവ് !

ഒന്ന് : നാട്ടിലേക്കുള്ള വിളി
രണ്ട് : ഉറക്കം

ഒന്നാമത്തേതിന്റെ ആവേശം പോയിട്ട് നാളേറെ ആയി
ദിവസവും ഒന്നും രണ്ടും മണിക്കൂര്‍ വിളിച്ചു വിളിച്ചു 'പിന്നെന്തൊക്കെ വര്‍ത്താനം ' എന്ന് തന്നെ പിന്നെയും പിന്നെയും ചോദിച്ചു ആ വിളി യുടെ എല്ലാ ഹരവും
കളഞ്ഞു കുളിച്ചു .

ഉപ്പ വിളിക്കുമ്പോള്‍ മക്കള്‍ ഞാന്‍ ഇവിടെ ഇല്ല എന്ന് 'കള്ളം പറയുന്ന' ഘട്ടം വരെ എത്തി

ഒരു സുഹൃത്ത്‌ ഇന്നലെ ഈ വിഷയം സംസാരിച്ചപ്പോള്‍ പറഞ്ഞത് . പഴയ ആ വിളി തന്നെയായിരുന്നു നല്ലത് എന്നാണു .
അന്ന് ആവശ്യമുള്ളത് മാത്രം പറഞ്ഞു അവസാനിപ്പിക്കുമായിരുന്നു . ഇപ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതും ചോദിച്ചും അന്വേഷിച്ചും ഒടുവില്‍ പിണങ്ങലാണ് പതിവ് !!

അധികമായാല്‍ വിളിയും അരോചകം തന്നെ !

രണ്ടാമത്തെ കാര്യം പിന്നെ മടുക്കും എന്ന് തോന്നുന്നില്ല .
അലാറം വെക്കാത്ത ഉറക്കം പ്രവാസിയുടെ സ്വപ്നം തന്നെയാണ് !

എത്ര ഉറങ്ങിയാലും പിന്നെയും ഉണ്ടാകും ഉറങ്ങാന്‍ !

ഉറങ്ങിയുറങ്ങി ആഘോഷിക്കുന്ന ആഘോഷമാണ് പ്രവാസിയുടെത് .
എന്നാല്‍ കറങ്ങി കറങ്ങി ആഘോഷിക്കുന്ന ആഘോഷമാണ് നാട്ടിലുള്ളവരുടെത് !

ഉറങ്ങി ആഘോഷിക്കുന്ന ആഘോഷത്തിനു
കറങ്ങി കറങ്ങി ആഘോഷിക്കുന്ന ആഘോഷത്തെക്കാള്‍ ഒരു മെച്ചമുണ്ട്

ഉറങ്ങാന്‍ ഒരു ചെലവുമില്ല
കറങ്ങാന്‍ നല്ല ചെലവാണ് !!!

ആഘോഷം ഉറക്കിലൊതുക്കുന്ന പ്രവാസി ഒരു പക്ഷേ അങ്ങനെ ഒരു ദുരുദ്ദേശം കൂടി ഉള്ളില്‍ കാണുന്നുണ്ടാവണം .
ഒരു പുത്തന്‍ കുപ്പായം പോലും പെരുന്നാളിന് വാങ്ങാത്ത പ്രവാസി നാട്ടില്‍ സ്വന്തക്കാരും ബന്ധക്കാരും പുത്തന്‍ ഉടുപ്പും വസ്ത്രങ്ങളും അണിയുന്നത് സ്വപ്നം കണ്ടു സായൂജ്യമടയും .

അല്ലെങ്കിലും 'മിച്ചം ' വെക്കാന്‍ എല്ലാ 'മെച്ചവും ' ഒഴിവാക്കുന്നവനാണല്ലോ പ്രവാസി !

സ്വയം പിശുക്കി മറ്റുള്ളവര്‍ക്ക് ധൂര്‍ത്തിന് വക ഒരുക്കുന്ന വനാണ് പ്രവാസി . കറങ്ങിയാല്‍ ചെലവു വരും എന്ന് കരുതി ഉറങ്ങി തീര്‍ക്കുന്ന പ്രവാസിയുടെ മക്കളും ഭാര്യയും കുടുംബവും കറങ്ങിക്കറങ്ങി ആ പിശുക്കിയതിന്റെ പത്തിരട്ടി 'അടിച്ചു പൊളിച്ചു ' നീരാവിയാക്കും എന്നതാണ് ഏറെ സങ്കടകരം .

പെരുന്നാളിന് ബ്ലാങ്കറ്റില്‍ ഒളിക്കുന്ന ഏതൊരു പ്രവാസിയോടും ചോദിച്ചു നോക്കൂ .
മകന്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എങ്ങോട്ടാണ് ടൂര്‍ പോകുന്നത് എന്ന് !

ആവേശത്തോടെ അവന്‍ വലിയ വലിയ 'സന്ദര്‍ശന' കേന്ദ്രങ്ങള്‍ പറയുന്നത് കേള്‍ക്കാം .

സ്വന്തം സ്വപ്‌നങ്ങള്‍ കുപ്പിയിലടച്ച്‌ നാട്ടില്‍ 'കുപ്പി പൊട്ടിക്കാനുള്ള' അവസരം സൃഷ്ടിക്കുന്ന പ്രവാസി ഇങ്ങനെ സ്വയം ആശ്വസിക്കും :

ഉറക്കം സുഖമാണ് ഉണ്ണീ
കറക്കമല്ലോ 'നഷ്ട പ്രദം' !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്