2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ഒറോട്ടി


ഇന്ന് സുഹൃത്ത്‌ അബ്ദുള്ള മുക്കണ്ണിയുടെ വീട്ടിലായിരുന്നു
എന്റെ നോമ്പ് തുറ . എന്റെ നാട്ടിലെ പത്തിരി കഴിഞ്ഞാല്‍ എനിക്കേറെ ഇഷ്ടം കണ്ണൂരിലെ 'ഒറോട്ടി' യാണ് .

മുമ്പ് ഒരു ദിവസം മറ്റൊരു കണ്ണൂര്‍ സുഹൃത്ത്‌ 'അബ്ദുല്ല കുപ്പ'ത്തിന്റെ റൂമില്‍ നിന്നാണ് ആദ്യമായി 'ഒറോട്ടി 'കഴിക്കുന്നത്‌ .
ഒറോട്ടി പത്തിരിയുടെ അനിയനായിട്ട്‌ വരും . സ്വാദിലും കാഴ്ചയും മിനുപ്പിലും . അന്ന് തന്നെ ആ വിഭവം വല്ലാതെ മനസ്സില്‍ കേറിപ്പറ്റി .

ഇന്നും അങ്ങനെ ഒരു 'ഒറോട്ടി ദിനം' സ്വപ്നം കണ്ടാണ്‌ ചെന്നത് .

അകത്ത് കേറിയ ഉടനെ രണ്ടാളും എന്നെ ഹാര്‍ദ്ദമായി സ്വീകരിച്ചു . പക്ഷേ രണ്ടാളുടെ മുഖത്തു നിന്നും ഒരു ഗൂഡമായ ചിരി എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു .
അതിനു കാരണം എന്താണെന്ന് മാത്രം മനസ്സിലായില്ല .

മുമ്പൊന്നും കഴിക്കാത്ത ഒരു തരം ജ്യൂസ് ആയിരുന്നു തുറക്ക് കിട്ടിയ പുതുമയുള്ള പാനീയം . പൊതീന ജ്യൂസ് .

ആദ്യമായി ആണ് ഞാന്‍ പൊതീന ജ്യൂസ് കഴിക്കുന്നത്‌ .
ഇത്തിരി ചവര്‍പ്പൊക്കെ തോന്നിയെങ്കിലും കുടിച്ചപ്പോള്‍ വയറിനു വല്ലാത്ത ഒരു സുഖം !

ഒരു പാട് കണ്ണൂര്‍ വിഭവങ്ങള്‍ ഉണ്ടായിരുന്നു നോമ്പ് തുറക്ക് .
എല്ലാം കഴിഞ്ഞു പോരാന്‍ നേരത്ത് യാത്ര പറയുമ്പോഴാണ് മുക്കണ്ണി പറഞ്ഞത് .

''നിങ്ങള്‍ ഞങ്ങള്‍ക്ക് പണി ഉണ്ടാക്കല്ലി മാഷേ ...!!!''

അത് കേട്ട് സുഹൃത്തിന്റെ ഭാര്യ വാതില്‍ പടിക്കല്‍ നിന്ന് കുലുങ്ങി ക്കുലുങ്ങി ചിരിക്കുന്നു

പടച്ചോനെ ഞാന്‍ ആര്‍ക്കും ഒരു ഉപകാരവും ചെയ്യലില്ല ഉപദ്രവും . പിന്നെ എന്തേ ഇങ്ങനെ ഒരു കമന്റ് ?

ഒന്നും മനസ്സിലാവാതെ അന്തം വിട്ടു അദ്ദേഹത്തിന്‍റെ മുഖത്തു നോക്കുമ്പോള്‍ അബ്ദുള്ള സാഹിബ് പറഞ്ഞു :

നിങ്ങള്ക്ക് എന്തെങ്കിലും ഒക്കെ എഴുതി വിട്ടാല്‍ മതിയല്ലോ .
പണി കിട്ടുന്നത് ഞങ്ങളെ പോലുള്ളവര്‍ക്കല്ലേ .. !!!

സാധാരണ അടുക്കളയിലെ ഒരു പണിക്കും അവളെന്നെ വിളിക്കാറില്ല . ഞാന്‍ പോകാറുമില്ല . ഇന്നലെ മുതല്‍ ഓരോന്ന് പറയുന്നു . ഇടയ്ക്കിടെ അടുക്കളയിലേക്കു വിളിക്കുന്നു . ഇന്ന് മൂപ്പത്തി പറയുകയാ :

''നിങ്ങളുടെ ഫ്രണ്ട് അയാളുടെ ഭാര്യയെ സഹായിച്ചു വിരല്‍ മുറിച്ചുവത്രേ . ങ്ങള് വെരലോന്നും മുറിക്കണ്ട ഈ കോഴിയെ ഒന്ന് മുറിച്ചേ .. '' !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്