2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ഒളിച്ചോട്ടംവീട്ടില്‍ വളരെ ആഘോഷ പൂര്‍വം ഒരു വിവാഹം നടക്കുകയാണ് . രാത്രിയിലാണ് കല്യാണം . പെട്ടിപ്പാട്ടും മൈക്ക് സെറ്റുമൊക്കെയായി വിവാഹാഘോഷം കെങ്കേമമാണ് .
മുറ്റത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ പന്തലില്‍ ഈന്തോലകള്‍ കൊണ്ട് തോരണം ചാ ര്‍ത്തി യിരിക്കുന്നു . കുലച്ച രണ്ടു വാഴകള്‍ അതിഥികളെ സ്വീകരിക്കാനെന്നവണ്ണം പ്രധാനപ്പെട്ട പ്രവേശന കവാടത്തില്‍ ‘കായ്ച്ചു ‘ നില്ക്കു ന്നു . അവയ്ക്ക് തിലകക്കുറിയായി ‘സ്വാഗതം ‘ ബോര്‍ഡ് .
എങ്ങും കാതടപ്പിക്കുന്ന ഒച്ചയും കുതൂഹലങ്ങളും .

ഞങ്ങള്‍ കുട്ടികള്‍ ആഹ്ലാദത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചാ ടിക്കളിക്കുന്നു . ഇറച്ചി വരട്ടുന്നതിന്റെയും മോര് കാച്ചുന്നതിന്റെയും കൊതിപ്പിക്കുന്ന ഗന്ധം പന്തലിലാകെ പരന്നൊഴുകുന്നുണ്ട് . എന്റെ രണ്ടാമത്തെ ജ്യേഷ്ഠന്‍ അബ്ദു ആണ് വരന്‍
സൌദ ആണ് വധു . വീട് കരുവാരകുണ്ട് , കണ്ണത്ത്.

മംഗളപത്രങ്ങളും ആശംസാപത്രികകളും അരങ്ങു തകര്‍ക്കുന്ന കാലമായതു കൊണ്ട് വീട്ടിലുമുണ്ടായിരുന്നു മംഗള പത്രം . അതാകട്ടെ മുമ്പെവിടെയും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തതും തികച്ചും കാവ്യാത്മകവും ആയിരുന്നു . മംഗള പത്രം എന്ന് പറയുന്നതിനേക്കാള്‍ മംഗള ഗാനം എന്ന് പറയുന്നതാവും ശരി . അത് എഴുതിയ ആള്‍ തന്നെയാണ് പാടുന്നത് . പുത്യാപ്ല ഇറങ്ങി പന്തലിലിരിക്കുന്ന ശുഭ മുഹൂര്‍ത്ത ലാണ് പാട്ട്

അന്നത്തെ ഒരു ഹിറ്റ് മാപ്പിളപ്പാട്ടിന്റെ - (അഴകേറുന്നോളെ വാ കാഞ്ചന മാല്യം ചൂടിക്കാന്‍ ) ഇശലിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ . രചയിതാവിനോടൊപ്പം പാടാന്‍ വേറെ ഒരാളുമുണ്ട് . രണ്ടു പേരും മൈക്കിനു മുമ്പില്‍ വന്നു പാടിത്തുടങ്ങി

‘അഴകേറും സ്വപ്നങ്ങള്‍ പൂത്തുലഞ്ഞിടും യൌവ്വനം
പിഴ കൂടാതെന്നും സംരക്ഷിക്കാനല്ലോ കല്യാണം ..’

പ്രശസ്ത മാപ്പിളക്കവി ഓ എം കരുവാരക്കുണ്ടിന്റെതായിരുന്നു രചന . അദ്ദേഹത്തോടൊപ്പം പാടുന്നത് പിന്നീട് കരുവാര കുണ്ട് പഞ്ചായത്ത് പ്രസിഡണ്ട്‌ ഒക്കെയായ എം അലവി സാഹിബ് .
രണ്ടു പേരും ജ്യേഷ്ഠന്റെ ആത്മമിത്രങ്ങള്‍ .
ഗാനാലാപനം കഴിഞ്ഞ ശേഷം ആ ഗാനം പ്രിന്റ്‌ ചെയ്ത കോപ്പികള്‍ വിതരണവും ഉണ്ടായിരുന്നു .

പുത്യാപ്ല ഇറങ്ങാനായി . ഇരിങ്ങാട്ടിരിയില്‍ നിന്ന് കണ്ണത്തേക്ക് കാല്‍ നടയായാണ് വധൂഗൃഹ യാത്ര . ജ്യേഷ്ഠന്റെ ‘പുത്യാപ്ല ‘ന്റൊപ്പം അനിയന്‍ പോകുന്നത് നാണക്കേടും കുറച്ചിലും ഒക്കെയായി കരുതിയിരുന്ന കാലമായിരുന്നു വെങ്കിലും ആരോടും പറയാതെ , സമ്മതം ചോദിക്കാതെ , ഞാനും കൂടെക്കൂടി

നല്ല കൂരാക്കൂരിരുട്ടാണ്‌ . പെട്രോമാക്സ് തലയില്‍ വെച്ച് ഒരാള്‍ മുന്നേ നടക്കുന്നു . പിറകില്‍ സുഹൃത്തുക്കളും ബന്ധുക്കളും . ഒരു പ്രകടനം പോലെ . ഉറക്കെ സംസാരിച്ചും പൊട്ടിച്ചിരിച്ചും പുതുമാരനെ കളിയാക്കിയും ‘കാല്‍ നട ജാഥ ‘ നീങ്ങി

ഇരിങ്ങാട്ടിരിയില്‍ നിന്ന് കണ്ണത്തേക്ക് എത്ര ദൂരം ഉണ്ടെന്നോ നടക്കാന്‍ ഒരുപാടുണ്ടെന്നോ എനിക്ക് കൃത്യമായി അറിയില്ലായിരുന്നു . നടന്നു തുടങ്ങിയപ്പോഴാണ് ‘വിവരം’ അറിയുന്നത് . ഒരു ഘട്ടത്തില്‍ പോരേണ്ടിയിരുന്നില്ല എന്ന് വരെ തോന്നി . വല്ലാതെ ക്ഷീണിച്ചു . കാലുകള്‍ കുഴഞ്ഞു . ‘അപ്പളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാ ന്നു .. ‘ എന്ന നാടോടി മാപ്പിളപ്പാട്ട് ഉള്ളിലിരുന്നു ആരോ എന്നെ കളിയാക്കി പാടുന്ന പോലെ എനിക്ക് തോന്നി .

നടന്നു നടന്നു ഒരു വിധത്തിലാണ് പുത്യണ്ണിന്റെ വീട്ടിലെത്തിയത് .

മുറ്റത്തെ പന്തലില്‍ നിരത്തിയിട്ട കസേരകളിലൊന്നില്‍ ഞാനിരുന്നത് മാത്രം ഓര്‍മ്മയുണ്ട് .
ഏറെ നേരം കഴിഞ്ഞു എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണരുമ്പോള്‍ ഞാന്‍ പകച്ചു പോയി . എല്ലാ മുഖങ്ങളിലേക്കും മാറിമാറി നോക്കി . പരിചിതമായ ഒരു മുഖം പോലും
വായിച്ചെടുക്കാനാവുന്നില്ല . പുത്യപ്ലയുടെ കൂടെ വന്നവരൊക്കെയും എന്നെ കൂട്ടാതെ തിരിച്ചു പോയിരിക്കുന്നു . ഇനി എന്ത് ചെയ്യും ?

പുത്യണ്ണി നെ തേടി വന്ന പെങ്ങന്മാര്‍ മാളുവോ നേനയോ മറ്റാരെങ്കിലുമോ ഉണ്ടോയെന്ന പ്രതീക്ഷയോടെ ഞാന്‍ അടുത്തു കണ്ട പ്രായമായ ഒരു സ്ത്രീയോട് ചോദിച്ചു :
‘താത്താ പുത്യണ്ണ് പോയോ .. ?
‘പോയല്ലോ ന്റെ കുട്ട്യേ . എന്ത്യേ ജ്ജ് ഏതാ ?

മറുപടി പോലും പറയാതെ ഞാന്‍ ആകെ ഉഴന്നു നിന്നു .
കാരണം മറ്റുള്ളവര്‍ അറിഞ്ഞാല്‍ മോശമല്ലേ ? പുത്യാപ്ല യുടെ അനിയന്‍ കല്യാണത്തിന്റെ അന്ന് തന്നെ മൂത്തച്ചിയുടെ വീട്ടില്‍ പാര്‍ക്കുക എന്നൊക്കെ പറയുന്നത് കുറച്ചിലല്ലേ എന്നൊക്കെയാവണം
അന്നേരം ഞാനെന്ന 'ബാലന്‍ ' കരുതിയിരിക്കുക .

ഇനി എന്ത് ചെയ്യും എന്നറിയാതെ നില്‍ക്കുമ്പോഴാണ് തീരെ പ്രതീക്ഷിക്കാതെ റസാഖിനെ കാണുന്നത് .
വലിയ പരിചയമൊന്നും ഇല്ലെങ്കിലും അവനെ എനിക്കറിയാം . അവന്‍ ഞങ്ങളുടെ പ്രിയപ്പെട്ട ‘മൊ യ് ല്യാരുടെ മോനാണ് . എന്നേക്കാള്‍ ഇളയ കുട്ടിയും .
അതായത് കെ ടി മാനു മുസ്‌ല്യാരുടെ മൂത്ത കുട്ടി .
ഞങ്ങളുടെ പള്ളിയിലെ മുദര്‍രിസും മരണം വരെ ഞങ്ങളുടെ മഹല്ലിലെ ഖാദിയും ആയിരുന്നു
കെ ടി മാനു മുസ്ല്യാര്‍ . മാത്രമല്ല പ്രഗത്ഭ പണ്ഡിതനും വാഗ്മിയും എഴുത്തുകാരനും വിദ്യഭ്യാസ വിചക്ഷണനും ഞങ്ങളുടെ പ്രദേശത്തെ എല്ലാ മതവിഭാഗക്കാരും ബഹുമാനാദരവുകളോടെ കണ്ടിരുന്ന വ്യക്തിയും ആയിരുന്നു .

( കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നാമത്തെ കമന്റായി കൊടുത്തിട്ടുണ്ട്‌ )

പിതാവിന്റെ അടുത്തേക്ക്‌ പലപ്പോഴായി വരുമായിരുന്ന റസാഖിനെ പലവട്ടം കണ്ടിട്ടുണ്ട് . ആ ഒരു പരിചയം വെച്ച് ഞാന്‍ മെല്ലെ അടുത്തു ചെന്നു . എങ്ങനെയെങ്കിലും പുത്യണ്ണി ന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെടണം . തിരിച്ചു വീട്ടിലേക്കു പോകണമെങ്കില്‍ നേരം വെളുത്തെ പറ്റൂ . അത് വരെ റസാഖിന്റെ വീട്ടില്‍ പോയി കിടക്കാം . അന്നേരം എന്റെ എളിയ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ആശയം അതായിരുന്നു . വീട് കണ്ണത്ത് ആണെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ . എവിടെ ആണ് എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു .

ഞാന്‍ റസാഖിനെ വിളിച്ചു കാര്യം പറഞ്ഞു :
''അറിയാതെ അങ്ങട്ട് ഒറങ്ങിപ്പോയി . നീച്ചപ്ലക്കും പുത്യാപ്ലയും പോയി പുത്യണ്ണും പോയി എല്ലാരും പോയി .ഞമ്മക്ക് ഇഞ്ഞി അന്റെ കുടീക്ക് പോകാം . ഞാന്‍ നേരം ബെളുക്കുമ്പം ന്റെ കുടീ ക്കു പോയ്ക്കൊണ്ട് ..’ '
ഞാന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു

അവനാകട്ടെ ചങ്ങാതിക്കൂട്ടത്തോടൊപ്പം അടിച്ചു പൊളിക്കുന്നതിന്റെ ത്രില്ലിലായിരുന്നു . ആ താത്പര്യക്കുറവു അവന്റെ വാ ക്കുകളിലുണ്ടായിരുന്നു . കൂരിരുട്ടാണെന്നും എന്റെ പക്കല്‍ വെളിച്ചം ഒന്നും ഇല്ലെന്നും വീട്ടിലേക്കു പോകുന്ന വഴിയില്‍ ഒരു കുരിശു പള്ളി ഉണ്ടെന്നും നമ്മള്‍ ഒറ്റയ്ക്ക് പോകുന്നത് അപകടം ആണെന്നും ഒക്കെ പറഞ്ഞു അവന്‍ ആവുന്നതും എന്നെ പിന്തിരിപ്പിക്കാന്‍ നോക്കി . പക്ഷേ ഞാനുണ്ടോ വിടുന്നു ? അവന്റെ കാലു പിടിച്ചു കരഞ്ഞു . ഒടുവില്‍ മനസ്സില്ലാ മനസ്സോടെ റസാഖ് പോരാമെന്നേറ്റു .

അന്ന് അവരുടെ വീട്ടിലേക്കു വീതിയുള്ള വഴിയൊന്നും ഇല്ല . വീടിനു മുമ്പിലെ ഒരു രേഖ പോലെ പോകുന്ന മെലിഞ്ഞ പാടവരമ്പത്തൂടെ വേണം പോകാന്‍ . വഴി അറിയാത്ത ഞാന്‍ റസാഖിന്റെ കൈ പിടിച്ചു പിറകെ നടന്നു . ആദ്യം റോഡിലെ കുറച്ചു നടക്കണം .
ആ നടത്തം തന്നെ ഇരുട്ടായത് കൊണ്ട് വളരെ പ്രയാസം ആയിരുന്നു . അവനു പരിചയമുള്ള വഴി ആയതു കൊണ്ട് വലിയ പ്രശ്ന മില്ല . റോഡ്‌ കഴിഞ്ഞു പാട വരമ്പത്ത് എത്താറാ യപ്പോഴാണ് പിടിച്ചതിലും വലുതാണ് മാളത്തിലെന്നു മനസിലാവുന്നത് .

ഇരുട്ടില്‍ തീരെ പരിചയമില്ലാത്ത വരമ്പിലൂടെ നടക്കവേ , ഞാന്‍ കാലു തെറ്റി ചെളിപ്പാടത്തേക്കു വീണു . റസാഖ് എന്നെ പിടിച്ചു വലിച്ചു കേറ്റി . ഒന്ന് രണ്ടടി മുന്നോട്ടു നടന്നപ്പോഴേക്കും വീണ്ടും വീണു . അങ്ങനെ വീഴലും പൊക്കലും മുറക്ക് നടന്നു .
എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു തുടങ്ങി . റസാഖിന്റെ മുഖം എങ്ങനെയുണ്ടാവും എന്ന് ഞാനൂഹിച്ചു . ഇരുട്ടായത് കൊണ്ട് കാണാന്‍ പറ്റില്ലല്ലോ . രക്ഷപ്പെട്ടു .

വീടെത്തുമ്പോള്‍ പൂമുഖത്ത് ഒരു മണ്ണെണ്ണ വിളക്ക് മുനിഞ്ഞു കത്തുന്നുണ്ട് . ആ മങ്ങിയ വെളിച്ചത്തില്‍ ഞാനെന്റെ കാലിലേക്ക് ഒന്ന് നോക്കി . മുട്ടോളം ഉണ്ട് ചേറ് . ഇത് കഴുകിക്കളയാതെ
എങ്ങനെ അകത്തു കേറും എന്ന് വിമ്മിട്ടപ്പെട്ട എനിക്ക് എന്റെ കാലുകള്‍ കഴുകണം എന്നും കിണര്‍ എവിടെയെന്നു ചോദിക്കണമെന്നും ഉണ്ടായിരുന്നു . പക്ഷേ റസാഖിനോട് ഇനിയും എന്തെങ്കിലും ചോദിക്കാനോ ആവശ്യപ്പെടാനോ എനിക്ക് ധൈര്യം പോരായിരുന്നു .

വാതിലില്‍ ഒന്ന് രണ്ടു വട്ടം മുട്ടിയതെയുള്ളൂ . ഒരു പ്രത്യേക ഇമ്പമുള്ള ചുമ ചുമച്ചു റസാഖിന്റെ പിതാവ് വാതില്‍ തുറന്നു . എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം എന്ന് മനസ്സിലായി . ചെളി പുരണ്ട ചെരുപ്പ് പുറത്തു ഊരിവെച്ചു പറഞ്ഞറിയിക്കാനാവാത്ത ധര്‍മ്മ സങ്കടത്തോടെ ഞാനകത്തേക്ക് കേറി

കൂടെയുള്ളത് ആരാണെന്നോ മറ്റോ ചോദിക്കുമെന്നും അല്ലെങ്കില്‍ നീ ഏതാ മോനെ എന്ന് എന്നോട് ആരായുമെന്നും ഞാന്‍ പേടിച്ചിരുന്നു . ‘പുത്യാപ്ലയുടെ ഒപ്പം വന്നു ഉറങ്ങിപ്പോയ ഒരു മന്തന്‍ ചെക്കന്‍ ‘ എന്ന രീതിയില്‍ അദ്ദേഹം എന്നെ പരിചയപ്പെടുന്നത് സത്യം പറഞ്ഞാല്‍ ഞാനിഷ്ടപ്പെട്ടിരുന്നില്ല . ഭാഗ്യത്തിന് അദ്ദേഹം ഒന്നും ചോദിച്ചില്ല .

ഹൃദ്യമായ ഒരു പുഞ്ചിരി തന്ന് അടുക്കളയിലേക്കു കടക്കുന്ന ഇടനാഴിയിലെ വീതിയുള്ള ഒരു മഞ്ചയില്‍ , അദ്ദേഹം തന്നെ പോയി ഒരു പായ കൊണ്ടുവന്നു വിരിച്ചു . അതില്‍ തലയിണ യുണ്ട് പുതപ്പും . വീട്ടുകാരെല്ലാം കല്യാണത്തിനു പോയതാവുമെന്നും ചിലപ്പോള്‍ പുത്യണ്ണി ന്റെ ഒപ്പം പോയി കാണും എന്നും ഞാന്‍ മനസിലാക്കി

വളരെ സൂക്ഷിച്ചു കാലുകള്‍ പരമാവധി പായയില്‍ തട്ടിക്കാതെ ഒരുതരം മസിലുപിടിച്ച കിടത്തമാണ് ഞാന്‍ കിടന്നത് . നല്ല കുളിരുണ്ട് . മഞ്ഞു പെയ്യുന്നുണ്ടെന്നു തോന്നുന്നു . പുറത്തു നിന്ന് തണുത്ത കാറ്റ് തുറന്നു കിടക്കുന്ന ജാലകപ്പഴുതിലൂടെ നുഴഞ്ഞു കേറി വന്ന് ഒരാവശ്യവുമില്ലാതെ എന്നെ തഴുകുന്നുണ്ട് .

തൊട്ടടുത്തു പുതപ്പുണ്ട് . അതെടുത്തു പുതക്കാവുന്നതെയുള്ളൂ . പക്ഷേ പുതച്ചാല്‍ എന്താണുണ്ടാവുക എന്ന് നന്നായി അറിയാവുന്നത് കൊണ്ട് തണുപ്പ് സഹിച്ചു വിറച്ചു കിടക്കുമ്പോള്‍ ഒരു കാല്‍ പെരുമാറ്റം അടുത്തടുത് വരുന്നതായി അനുഭവപ്പെട്ടു . .
പാതി തുറന്ന കണ്ണുകളിലൂടെ മണ്ണെണ്ണ വിളക്കിന്റെ ശുഷ്ക്കമായ വെളിച്ചത്തില്‍ ഞാന്‍ കണ്ടു . അദ്ദേഹം !

തുറന്നു കിടക്കുന്ന ജാലകപ്പാളി അദ്ദേഹം മെല്ലെ അടച്ചു . ഞാന്‍ ഉറങ്ങിയിട്ടുണ്ടെന്നും എനിക്ക് തണുക്കുന്നുണ്ട് എന്നും പുതക്കാന്‍ മറന്നു പോയതായിരിക്കും എന്നും കരുതിയാവണം , ഒരു പിതാവിന്റെ വാത്സല്യത്തോടെ അദ്ദേഹം പുതപ്പെടുത്തു എന്റെ മേനിയാകെ പുതപ്പിച്ചു . കണ്ണുകള്‍ ഇറുകെയടച്ചു ഹൃദയപൂര്‍വം ഞാനാ സ്നേഹം ഏറ്റു വാങ്ങി .
മകന്റെ കൂടെ നട്ടപ്പാതിരാക്ക്‌ കേറി വന്ന ഏതോ ഒരു കുട്ടിയോട് ഒരു മകനോടെന്ന പോലെ അദ്ദേഹം കാണിച്ച ആ സ്നേഹവായ്പ് ഇന്നും മനസ്സില് നിന്നും പോയിട്ടില്ല .
പിന്നീടെപ്പോഴോ ഞാനുറങ്ങി പോയി .

നേരം വെളുക്കുന്നേയുള്ളൂ . അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടുന്നതിന്റെയും കനല്‍ ച ട്ടിയിലേക്ക് ശൂ .. എന്ന ശ്രുതിയില്‍ ദോശമാവ് ഇറ്റി വീഴുന്നതിന്റെയും ഒച്ച കേട്ടാണ് ഞാന്‍ കണ്ണുകള്‍ തുറന്നത് .
മെല്ലെ എണീറ്റു . ശബ്ദമുണ്ടാക്കാതെ അടുക്കളപ്പുറത്തെ പാതി തുറന്ന വാതിലിലൂടെ പുറത്തിറങ്ങി . കിണര്‍ കണ്ടു പിടിച്ചു വെള്ളം കോരി കാലുകളില്‍ കട്ട പിടിച്ചു ഉണങ്ങിക്കിടന്ന ചെളി മുഴുവനും കഴുകിക്കളഞ്ഞു . തുണിയിലും കുപ്പായത്തിലും ചെളി വരഞ്ഞു വെച്ച ചിത്രപ്പണികള്‍ വെള്ളമുപയോഗിച്ച്‌ മായ്ച്ചു കളഞ്ഞു .

എന്നിട്ട് , ഒരു യാത്ര പോലും പറയാതെ ധൃതിയില്‍ ഞാന്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങി നടന്നു . റസാഖിനോടോ , അവന്റെ ഉപ്പയോടോ , ഉമ്മയോടോ യാത്ര പറഞ്ഞു പോരാമായിരുന്നു എന്ന കുറ്റ ബോധം ഇന്നും എന്റെ മനസിലുണ്ട് .

മനോഹരമായ ആ പുതപ്പും കൈതോല കൊണ്ട് മെടഞ്ഞ കിടക്കപ്പായയും ചെളി കൊണ്ട് അഭിഷേകം ചെയ്തു വൃത്തികേടാക്കിയ എന്റെ മുഖം അവരാരും കാണണ്ട എന്ന് കരുതിയാവണം ഒരു പക്ഷേ ഞാനന്ന് അങ്ങനെ ഒളിച്ചോടിയത്‌ . അല്ലാതെന്തു പറയാന്‍ ..!!!
1L

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്