2014, ജൂലൈ 23, ബുധനാഴ്‌ച

സമര്‍പ്പണംഇന്നലെ ഓഫീസിലേക്ക് പോകാന്‍ വാഹനവും കാത്തു നില്ക്കുന്നതിനിടെ കാലിലെന്തോ തടഞ്ഞു . എന്തിലോ ഒന്ന് ചവിട്ടി .
വല്ല കടലാസും ആണെന്ന് കരുതി . നോക്കുമ്പോള്‍ കടലാസല്ല .
അമ്പത് റിയാലാണ് . ആരുടെയെങ്കിലും പേഴ്സില്‍ നിന്ന് വീണതാവും .

ഞാനതെടുക്കാതെ വാഹനത്തില്‍ കേറി .
'വീണു കിട്ടുന്ന ഒരു സാധനവും എടുക്കരുത്' എന്ന് ഉമ്മ ചെറുപ്പത്തിലെ പഠിപ്പിച്ചതാണ് .

ഒരിക്കല്‍ കുട്ടി ആയിരിക്കുമ്പോ ള്‍ ഇത് പോലെ ഒരു രണ്ടു ഉറുപ്പിക വഴിയില്‍ നിന്ന് കിട്ടി . ഞാനതെടുത്ത് വീട്ടിലേക്കു ചെന്ന് ഉമ്മയോട് പറഞ്ഞു :

ഉമ്മാ എനിക്ക് രണ്ടുറുപ്പ്യ കിട്ടി വജ്ജ്ന്ന് (വജ്ജ് - വഴി )
അന്ന് രണ്ടുറുപ്പ്യ ക്കൊക്കെ വലിയ വിലയുള്ള കാലമാണ് .
ഉടനെ ഉമ്മ എന്നോട് പറഞ്ഞു :

'ആരാന്റെ മൊതല് എടുക്കാന്‍ പാടില്ല
ഇത് കിട്ട്യേടത്ത് തന്നെ കൊണ്ടോയി ഇട് '

അന്ന് ഉമ്മ പറഞ്ഞ പോലെ ചെയ്തു .
കിട്ടിയ ഇടത്ത് തന്നെ കൊണ്ട് പോയി ഇട്ടു .

പിന്നീട് പലപ്പോഴും വഴിയില്‍ പലതും വീണു കിടക്കുന്നത്
കണ്ടിട്ടുണ്ട് . എടുക്കില്ല . അന്നേരം ഉമ്മയുടെ മുഖം മനസ്സില് തെളിയും . അപ്പോഴും ഉമ്മയെ ഓര്‍ത്തു .
കൂട്ടത്തില്‍ മറന്നു പോയിരുന്ന ഒരു അനുഭവം കൂടി
ഓര്‍ മ്മ യിലെത്തി .

ഒരു മധ്യവസ്ക്കനി ല്‍ നിന്ന് ഓര്‍മ്മകള്‍ ഒരു പത്തു വയസ്സുകാരനിലേക്ക് പിറകോട്ടു പറന്നു .

അവിടെ മൂന്ന് മുഖങ്ങള്‍ ചിരി തൂകി നില്ക്കുന്നുണ്ട് .
ഒന്ന് : എന്റെ പ്രിയപ്പെട്ട ശങ്കരന്‍ മാഷിന്റെ
രണ്ട് : കൂടെ പഠിച്ചിരുന്ന റംലയുടെ
മൂന്ന് : പ്രിയപ്പെട്ട ഉമ്മയുടെ .

ഇരിങ്ങാട്ടിരി എ എം എല്‍ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍
ഥി ആണ് ഞാന്‍ . അക്കാലത്ത് ആഴ്ച അവസാനം ലാസ്റ്റ് പിര്യേഡ്‌ സാഹിത്യ സമാജം ഉണ്ടാകും .
കുട്ടികള്‍ അവരവരുടെ കഴിവുകള്‍ പ്രകടിപ്പിക്കും . പാട്ടും പ്രസംഗവും ഡാന്‍സും പദ്യം ചൊല്ലലും ഒക്കെ ഉണ്ടാകും .
പിന്നെ ഉപന്യാസവും .

ഓരോ ആഴ്ചയ്ക്കുള്ള വിഷയം നേരത്തെ കണ്ടെത്തും .
പ്രസംഗവും പ്രബന്ധവും ആ വിഷയത്തെ കുറിച്ചാവണം .

പ്രസംഗം പ്രബന്ധം എന്നൊക്കെ പറയുമെങ്കിലും വലിയ നിലക്ക് പ്രസംഗിക്കാനോ പ്രബന്ധം അവതരിപ്പിക്കാനോ ഒന്നും ഒരു കുട്ടിക്കും കഴിയില്ല . എന്നാലും ചിലരൊക്കെ എന്തെങ്കിലും പറയും .

സഭാ കമ്പം തീര്‍ ക്കാനായാല്‍ അത്രയും ആയല്ലോ എന്ന് കരുതിയാവണം മാഷ്‌ അങ്ങനെ ചെയ്യിപ്പിച്ചി രുന്നത് എന്ന് ഇന്ന് തിരിച്ചറിയുന്നു .

പാട്ട് പാടാ നൊ ന്നും എനിക്കറിയില്ല . പ്രസംഗം എന്ന് പറഞ്ഞു ഇടയ്ക്ക് എന്തെങ്കിലും പറഞ്ഞു പോരും . മുട്ടുകള്‍ കൂട്ടിയിടിക്കും . വായിലെ വെള്ളം വറ്റും . എന്നാലും സാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പേടിച്ചാണെങ്കിലും ഒരു കൈ നോക്കും .

പ്രസംഗത്തിനും പ്രബന്ധത്തിനുമായി കൊച്ചു കൊച്ചു വിഷയങ്ങളാവും തെരഞ്ഞെടുക്കുക . അതും കുട്ടികള്‍ കണ്ടെത്തുകയാണ് ചെയ്യുക . അച്ചടക്കം , വായന, സ്നേഹം , അമ്മ അങ്ങനെ കൊച്ചു കുട്ടികള്ക്ക് കൂടി എന്തെങ്കിലും പറയാന്‍ പറ്റുന്ന വിഷയങ്ങള്‍ .

ഒരിക്കല്‍ 'സത്യം പറയല്‍' എന്ന വിഷയം ആണ് തെരഞ്ഞെടുത്തത്
എന്ന് കണ്ടപ്പോള്‍ മാഷോട് ഞാന്‍ പറഞ്ഞു :

'സര്‍ പ്രബന്ധത്തിന് എന്റെ പേര് എഴുതിക്കോളൂ . അങ്ങനെ പറയാന്‍ ഒരു ധൈര്യം കിട്ടിയതിന്റെ പിന്നില്‍ വേറെ ഒരു ഉപകഥ ഉണ്ട് .
അത് ഈ കുറിപ്പിന്റെ അവസാനം മനസ്സിലാകും .

നിശ്ചയിച്ച ദിവസം വന്നു . ആദ്യം സ്വാഗതം .
ക്ലാസ് ലീഡര്‍ .
ഉദ്ഘാടനത്തിന് ഒരു കുട്ടി - പേര് ഓ ര്‍ മ്മയില്ല -
അത് കഴിഞ്ഞാണ് പ്രബന്ധം .

മുമ്പേ എഴുതി തയ്യാറാക്കി കൊണ്ട് വന്നിരുന്നു ഞാന്‍ .
കുറെ വട്ടം വായിച്ചു പഠിക്കുകയും ചെയ്തിരുന്നു .
അത് കൊണ്ട് കുറച്ചൊക്കെ ധൈര്യം ഉണ്ട് .
പിന്നെ നോക്കി വായിക്കുകയും ആണല്ലോ .

നന്നായി അവതരിപ്പിച്ചു . നല്ല കയ്യടി കിട്ടി .
ശങ്കരന്‍ മാഷ് പ്രബന്ധ വായന കഴിഞ്ഞു എന്നെ അനുമോദിച്ചു കുറെ പറഞ്ഞു .
പക്ഷേ ആ വാക്കുകള്‍ ഒന്നും എന്റെ മനസ്സിനെ സന്തോഷിപ്പിച്ചില്ല
എന്ന് മാത്രമല്ല വല്ലാത്ത ഒരു വിഷമം തോന്നിപ്പിക്കുകയും ചെയ്തു .

ക്ലാസ് കഴിഞ്ഞു റംല എന്റെ അടുത്തു ഓടി വന്നു ചോദിച്ചു .
'നൊണ പറയരുത് . അത് ഇജ്ജ് സ്വന്തം എയുത്യതാണോ.. ' ?

ഞാനൊന്നു പരുങ്ങി . സമ്മതിക്കാനും വയ്യ സമ്മതിക്കാതിരിക്കാനും വയ്യ . ഞാന്‍ ഒന്നും മിണ്ടാതെ നിന്നു .

അപ്പോഴാണ്‌ അവളുടെ അടുത്ത കമന്റ് .
അത് മദ്രസ്സയിലെ നാലാം ക്ലാസ്സിലെ അഖ് ലാഖ് ത്തെ 'സത്യം പറയല്‍ ' ഈച്ച കോപ്പി അടിച്ചതല്ലേ ?

ഞാനാകെ ചമ്മി പോയി .
അവള്‍ അതും പറഞ്ഞു ഓടിപ്പോയി

ഞാനും അവളും സ്കൂളില്‍ മാത്രമല്ല മദ്രസ്സയിലും 
ഒരേ ക്ലാസ്സിലായിരുന്നു .

അവള്‍ പറഞ്ഞത് ശരിയായിരുന്നു .
മദ്രസ്സയിലെ ആഖ് ലാ ഖിലെ 'സത്യം പറയല്‍ ' എന്ന അറബി മലയാളത്തിലുള്ള പാഠം മലയാളത്തിലാക്കി
അവതരിപ്പിച്ചതാണ് ഞാന്‍ !!

എനിക്ക് വലിയ വിഷമം തോന്നി .
അവള്‍ അത് കണ്ടു പിടിച്ചതില്‍ മാത്രമല്ല ശങ്കരന്‍ മാഷ് പറഞ്ഞതിനൊന്നും ഞാനര്‍ഹനല്ല എന്ന വിഷമവും ഉണ്ടായിരുന്നു .

അന്ന് വീട്ടില് ചെന്നപ്പോള്‍ ഉമ്മാനോട് ഞാന്‍ ഉണ്ടായതൊക്കെ
പറഞ്ഞു . 'സാരല്ല , കയിഞ്ഞത് കയിഞ്ഞു .
നാളെ മാസ്റ്റൊട് പോയി സത്യം പറയണം .
ഉമ്മ പറഞ്ഞു .

ഞാന്‍ പിറ്റേന്ന് സ്കൂളില്‍ ചെന്ന് ഇന്റര്‍ വെല്‍ സമയത്ത് സ്റ്റാഫ് റൂമിലേക്ക്‌ മടിച്ചു മടിച്ചു ചെന്നു .
ഉള്ളില്‍ പേടിയുണ്ട് .
മാഷ്‌ എന്താണ് പറയുക എന്നറിയില്ല .
ഹൃദയം പടാ പാടാ മിടിക്കുന്നുണ്ട്‌

ചെല്ലുമ്പോള്‍ മാഷെ കസേരയില്‍ അദ്ദേഹം ഉണ്ട് .
മെല്ലെ ചെന്ന് ഒറ്റ വീര്‍ പ്പിന് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു .

മറുപടി എന്ത് പറയും എന്ന് അറിയാതെ പേടിച്ചു നില്‍ക്കുമ്പോള്‍
അദ്ദേഹം എന്റെ പുറത്തു തട്ടി പറഞ്ഞു :
മിടുക്കന്‍ ! നല്ല കുട്ടി . തെറ്റ് ആര്‍ക്കും പറ്റും അത് തിരിച്ചറിയുന്നതും എറ്റു പറയുന്നതും നല്ല കുട്ടികളുടെ ലക്ഷണമാണ് .

പിറ്റേന്ന് ക്ലാസ്സില്‍ വന്നപ്പോള്‍ മാഷ് ഈ വിഷയം എല്ലാ കുട്ടികളോടും പറഞ്ഞു . എന്നിട്ട് എന്റെ ആ സമീപനത്തെ ഒരു പാട് അഭിനന്ദിച്ചു .
ആ വാക്കുകള്‍ തേന്മഴ പോലെയാണ് മനസ്സില്‍ പെയ്തു കൊണ്ടിരുന്നത് !

മരണപ്പെട്ടു പോയ എന്റെ പ്രിയപ്പെട്ട ഉമ്മാക്കും
ഇപ്പോഴും ജീവിച്ചിരിക്കുന്ന എന്റെ പ്രിയങ്കരനായ ശങ്കരന്‍ മാഷ്ക്കും
ഒരു പാവം വീട്ടമ്മയായി കഴിയുന്ന എന്റെ പ്രിയ കൂട്ടുകാരി
റംലത്തിനും സമര്‍പ്പണം


3 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. നെറ്റില്‍ സര്‍ഫ് ചെയ്യുമ്പോള്‍ യാദ്രിസ്ചികമായാണ് താങ്കളുടെ ലേഖനം കാണാനിടയായത്. സത്യസന്ധതയുടെ പ്രാധാന്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുളള അനുഭവക്കുറിപ്പ് വളരെ നന്നായിരിക്കുന്നു. വീണു കിട്ടിയ പണം കിട്ടിയ സ്ഥലത്തു തന്നെ കൊണ്ടുവെക്കുവാന്‍ പറയുന്ന മാതാവും, ചെയ്തുപോയ തെറ്റ് അദ്ധ്യാപകനോട് ഏറ്റുപറയുന്ന കുട്ടിയും മനസ്സിനെ സ്പറ്ശിക്കും. ഏതൊരു വ്യക്തിക്കും ഏറ്റവും നല്ല പാഠങ്ങള്‍ ലഭിക്കുന്നത് മാതാപിതാക്കളില്‍ നിന്നു തന്നെയാണല്ലോ. അഭീനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. ഇഷ്ട്ടമായി മാഷേ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്