2014, ജൂലൈ 23, ബുധനാഴ്‌ച

നാട്ടില്‍ ചെന്നിട്ട്നാട്ടില്‍ ചെന്നിട്ട് ,
പഴയ സ്കൂളിന്റെ പിന്‍ഭാഗത്തുള്ള
വലിയ ആല്‍മരത്തിന്റെ തടിയില്‍
കോമ്പസ് കൊണ്ട്
പ്ലസ് ചേര്‍ത്ത് എഴുതി വെച്ച
പേരുകള്‍ ഇപ്പോഴും അവിടെ ഉണ്ടോ
എന്ന് നോക്കണം

വടി കൊണ്ടുവരാന്‍
പറമ്പിലേക്ക് ചെല്ലുമ്പോള്‍ കണ്ട
പാണോപ്പഴങ്ങള്‍
അവിടെ പഴുത്തു തന്നെ നില്ക്കുന്നുണ്ടോ
എന്ന് ചെന്ന് നോക്കണം

സാറ്റു കളിക്കാന്‍ ഒളിച്ചിരുന്നപ്പോള്‍
അറിയാതെ കാലില്‍ കേറിയ
കുപ്പിച്ചില്ല്
എടുത്തു തരാന്‍ ,
കരച്ചില്‍ കേട്ട് ആദ്യമെത്തിയ
അവളുടെ കൈകളില്‍ പിടിച്ചു
കൊക്കിച്ചാടി പോയി ഇരുന്ന
ആ സ്നേഹപ്പാറയില്‍ ഇത്തിരി നേരം കുത്തിരിക്കണം

ഉപ്പ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍
അനിയത്തിമാര്‍ക്കു കൊണ്ട് വന്ന
ഒരു പാട് മുത്തുമാലകളില്‍ നിന്ന്
ഒന്ന്
ആരും കാണാതെ കട്ടെടുത്ത്
അവള്‍ക്കു കൊണ്ട് കൊടുത്ത
ആ മുത്തശ്ശി മാവിന്റെ ചോട്ടിലൊന്നു പോകണം

ഭരണിയില്‍
ഉപ്പു വെള്ളത്തില്‍ മുങ്ങിക്കിടന്നു
എപ്പോഴും തന്നെത്തന്നെ നോക്കി
കണ്ണിറുക്കിയിരുന്ന
നെല്ലിക്കകള്‍ക്ക്
ഒരു
സ്പെഷ്യല്‍ സലാം കൊടുക്കണം

അവളെ രക്ഷിക്കാന്‍
കള്ളം പറഞ്ഞതിന്
ഉണ്ണി മാഷ്‌ കൈവെള്ളയില്‍ ആഞ്ഞടിക്കുമ്പോള്‍
പെണ്‍കുട്ടികളുടെ
ഭാഗത്ത് നിന്ന് കേട്ട പൊട്ടിക്കരച്ചിന്റെ
പൊട്ടും പൊടിയും
ഇപ്പോഴും
അവിടെയെവിടെയെങ്കിലും
വീണു കിടക്കുന്നുണ്ടോ എന്ന് പരതണം

ഇന്റര്‍ വെല്ലിനു
കിണറ്റിന്‍ കരയില്‍
വെള്ളം കുടിക്കാന്‍ തിരക്ക് കൂട്ടുന്ന
കുട്ടികള്‍ക്കിടയിലേക്ക്
ഓടിച്ചെന്ന്
തൊട്ടി കൈക്കലാക്കി
വെള്ളം കോരി
ആദ്യം
അവളുടെ വെളുത്ത കൈകളിലേക്ക്
ഒഴിച്ച് കൊടുത്ത പ്പോള്‍
അവള്‍ കുടുകുടാ കുടിച്ച
പഞ്ചാരക്കിണറില്‍
ഒന്ന് പാളി നോക്കണം

പരിസരത്തു ആരുമില്ലെങ്കില്‍
വലിയ വായില്‍
ഉറക്കെയുറക്കെ
അവളുടെ പേര് വിളിക്കണം

അടിത്തത്തില്‍ പോയി പ്രതിധ്വനിച്ചു
വല്ലാത്ത ഒരു മുഴക്കത്തോടെ
കിണറില്‍ നിന്ന് പൊങ്ങിവരുന്ന
ആ ശബ്ദം
വല്ലത്തോരിഷ്ടത്തോടെ
ഹൃദയത്തില്‍ കേള്‍ക്കണം

ഒടുവില്‍
മനസ്സില്ലാ മനസ്സോടെ
തിരിച്ചു പോരുമ്പോള്‍
ആരും കേള്‍ക്കാതെ
ജയഹെ ജയഹെ ജയ ജയ ജയഹെ എന്ന് ചൊല്ലണം
അപ്പോള്‍
മനസ്സില്‍
ഒരായിരം
കൂട്ടമണി മുഴങ്ങണം !!!

എല്ലാ അവധിക്കു പോകുമ്പോഴും
സ്വപ്നം കാണുന്ന ഈ മോഹങ്ങളൊക്കെ
തത്ക്കാലം മറന്ന്
പോയതിലേറെ വേഗത്തില്‍
തിരിച്ചു വന്ന്
'ഒന്നിനും സമയം കിട്ടിയില്ലല്ലോ '
എന്ന് നെടുവീര്‍പ്പിട്ട്
അടുത്ത അവധിക്കായി
കാത്തു കാത്തിരിക്കണം !!!


1 comments:

  1. ബലൂണില്‍ കാറ്റായി കുമിഞ്ഞുകൂടുന്ന ആഗ്രഹങ്ങള്‍ക്ക് നെടുവീര്‍പ്പുകള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍.................................
    ആശംസകള്‍ മാഷെ

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്