2014, ജൂലൈ 23, ബുധനാഴ്‌ച

പൈങ്കിളി



എന്തെങ്കിലും വായിക്കുന്നത് കണ്ടാല്‍ എന്റെ പിതാവ്
കണ്ണിക്കണ്ട ബുക്ക്വളൊക്കെ ബായിച്ചിട്ടു എന്ത് കുന്തം കിട്ടാനാ ..
എന്നൊക്കെ പറഞ്ഞു ശകാരിക്കുമായിരുന്നു .

പീടികയില്‍ നിന്ന് വല്ല സാധനവും പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പര്‍ ആയിരുന്നു വായനക്കുള്ള ഏക ആശ്രയം . അത് കാണുമ്പോഴേക്കും ഉപ്പ ശകാരം തുടങ്ങും .

അപ്പോള്‍ , ഉമ്മ ഉപ്പ കേള്‍ക്കാതെ എന്നോട് പറയും :
'ജ്ജ് പ്പ കാണാത്ത എബടെയെങ്കിലും പോയി കുത്തിരുന്ന് വായിച്ചോ .
അയിനെ ക്കൊണ്ട് ചീത്ത പറീപ്പിക്കണ്ട ..''

സാധനങ്ങള്‍ കൊണ്ട് വന്ന കടലാസ്സുകള്‍ ഉമ്മ എടുത്തു വെക്കും .
എന്നിട്ട് ഉപ്പ കാണാതെ എനിക്ക് തരും .
അങ്ങനെ ആണ് വായിച്ചു തുടങ്ങിയത് .

പിന്നെ ചായപ്പീടികയിലേക്കും ബാര്‍ബര്‍ ഷോപ്പിലേക്കും ഒക്കെ പത്രം വായിക്കാനായി
പോക്ക് തുടങ്ങി .

ആ ഇടയ്ക്കാണ് ഞങ്ങളുടെ വീട്ടില്‍ മനോരമ പത്രം വരാന്‍ തുടങ്ങിയത് ...!!
കൂടെ ആഴ്ചപ്പതിപ്പും വനിതയും ബാലരമയും .
സന്തോഷം കൊണ്ടെനിക്ക് തുള്ളിച്ചാടാന്‍ തോന്നി

അതൊന്നും ഞങ്ങള്‍ക്ക് ആയിരുന്നില്ല
സീമോന്‍ ചേട്ടന് ഉള്ളതായിരുന്നു . .! ( സൈമണ്‍ എന്നാണു അച്ചായന്റെ ശരിയായ പേര് .
ഞങ്ങള്‍ സ്നേഹത്തോടെ അദ്ദേഹത്തെ സീമോന്‍ എന്ന് വിളിക്കും )

ഞങ്ങളുടെ വീട് റോഡ്‌ സൈഡില്‍ ആണ് .
അവരുടെ വീട് പനഞ്ചോലയില്‍ ആണ് . കുറച്ചു ഉള്ളിലോട്ട് പോകണം .
അവര്‍ ആരെങ്കിലും ഇരിങ്ങാട്ടിരിയിലേക്ക് സാധനങ്ങള്‍ വാങ്ങാനും മറ്റും വരുമ്പോഴാണ് പത്രവും മാസികകളും കൊണ്ട് പോവുക .

അത് വരെ എനിക്ക് കുശാലായി വായിക്കാം ..

എല്ലാം കൂടി ഒന്നിച്ചു എടുത്തു വീടിന്റെ പിറകിലുള്ള വിശാലമായ പാറപ്പുറത്ത് കൊണ്ട് പോയി ഉപ്പ കാണാതെ വായിക്കും .
ഞായറാഴ്ച ആണ് കഷ്ടം . സണ്‍ ഡേ സപ്ലിമെന്റ് ഉള്ള ദിവസം . വായിക്കാന്‍ ഒരു പാട് കാണും . പക്ഷേ അന്ന് സ്കൂള്‍ ഇല്ലാത്തത് കൊണ്ട് അച്ചായന്റെ മകന്‍ സന്തോഷ്‌ നേരത്തെ വരും പത്രം കൊണ്ട് പോകാന്‍ . അന്ന് കഥകളും കവിതകളും ഫീച്ചറും ഒക്കെ 'പിക്ചര്‍ വായന 'യെ നടക്കൂ

ആഴ്ചപ്പതിപ്പിലെ പൈങ്കിളിക്കഥകള്‍ ആയിരുന്നു ഏറെ ഇഷ്ടം .
അന്ന് വായിച്ച ആ കഥകളൊക്കെ പിന്നീട് സിനിമ ആയി .
ഊതിക്കാച്ചിയ പൊന്ന് , സ്ത്രീധനം , വീണ്ടും ചലിക്കുന്ന ചക്രം ഒക്കെ അങ്ങനെ വായിച്ച നീണ്ട കഥകള്‍ ആണ് ..

സത്യത്തില്‍ ഇന്ന് എന്തെങ്കിലും ഒക്കെ എഴുതാന്‍ കഴിയുന്നുണ്ട് എങ്കില്‍ അതിനു സീമോന്‍ ചേട്ടനോടും മനോരമയോടും കടപ്പെട്ടിരിക്കുന്നു ..

പിന്നെയാണ് വായിക്കേണ്ടത് അതൊന്നും അല്ല എന്നും ഇത് വരെ വായിച്ചതൊന്നും ശരിയായ വായന അല്ലെന്നും മനസ്സിലായത്‌ .

എന്നാലും ആദ്യ വായന നല്‍കിയ പ്രചോദനവും പ്രേരണയും എഴുത്തിന്റെയും വായനയുടെയും വഴിയിലേക്കു കൈപിടിച്ചു നടത്തിയതും മനോരമ പ്രസിദ്ധീകരങ്ങളും
സീമോന്‍ ചേട്ടന്റെ പത്രം വരുത്തലും ഒക്കെ തന്നെ എന്ന് നന്ദി പൂര്‍വ്വം ഓര്‍ക്കുന്നു

എന്റെ എക്കാലത്തെയും സുഹൃത്തും ബന്ധുവും സമ പ്രായക്കാരനും ആയ ബാപ്പുട്ടി ആയിരുന്നു അന്ന് പത്ര വിതരണക്കാരന്‍ .
അവന്‍ പത്ര മാസികകള്‍ കയ്യില്‍ തരുമ്പോള്‍ അല്പം സീരിയസായി പറയും :

സീമോന്‍ ചേട്ടന്‍ വരും മുമ്പ് വായിച്ചു തീര്‍ത്തോ ...
മടക്കുകയോ ചുളിക്കുകയോ ചളി ആക്കുകയോ ചെയ്യരുത് !!!

ഇന്ന് എന്റെ വീടിനു തൊട്ടു തന്നെയാണ് ബാപ്പുട്ടിയുടെ വീട് .
കൊച്ചു നാളില്‍ അവന്‍ എന്റെ 'കൂട്ടുകാരന്‍' മാത്രമല്ല 'ഊട്ടു' കാരന്‍ കൂടിയായിരുന്നു .

എന്റെ പല കഥകളിലും കുറിപ്പുകളിലും ബാപ്പുട്ടിയുണ്ട് . .'നീലക്കുപ്പായം 'എന്ന കഥ ഞങ്ങളുടെ രണ്ടു പേരുടെയും ആത്മാംശം ഉള്ള കഥയാണ് .

ഒരു കാര്യം ഉറപ്പാണ് . പൈങ്കിളികള്‍ക്ക് എന്തൊക്കെ കുറ്റവും കുറവും പറയാനുണ്ടെങ്കിലും

അന്ന് , തീരെ വായന ഇല്ലാത്ത പലരെയും - സ്ത്രീകളെ - അടക്കം വായനയിലേക്ക് കൊണ്ട് പോയത് ആ പൈങ്കിളി
കഥകളായിരുന്നു . !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്