2014, ജൂലൈ 23, ബുധനാഴ്‌ച

നോമ്പ്
ചിലര്‍ക്ക്
തീറ്റയുടെ ,
ഉറക്കിന്റെ ,
പത്തിരിയുടെ ,
തരിക്കഞ്ഞിയുടെ ,
പകല്‍ സമയത്തെ പട്ടിണിയോട്
രാത്രി മുഴുവനും
പകരം വീട്ടലിന്റെ ,
സമൂസയുടെ ,
എണ്ണയില്‍ മുങ്ങിക്കുളിക്കലിന്റെ
കൊഴുത്ത ദിന രാത്രങ്ങള്‍

മറ്റു ചിലര്‍ക്ക്
രാവ് പകലും
പകല് രാവും
ആവുന്നതിന്റെ ,
രാത്രിയും പകലും
കീഴ്മേല്‍ മറിയുന്നതിന്റെ
ഉറക്കം മുറിഞ്ഞു
പീസ്‌ പീസായി തീര്‍ക്കേണ്ടതിന്റെ ,
ഉച്ചവരെ സുഖമായി ഉറങ്ങുന്നതിന്റെ ,
കൊളോസ്ട്രോള്‍ കൂടുന്നതിന്റെ ,
ഷുഗര്‍ വര്‍ധിക്കുന്നതിന്റെ ,
സര്‍വോപരി
വര്‍ഷത്തിലൊരിക്കല്‍
വിരുന്നു വരുന്ന ഫ്രൂട്ട് സിന്റെ
മധുര ദിനങ്ങള്‍ !!!

അവള്‍ക്ക്
ചൂടിന്റെ ,
ചുടലിന്റെ ,
മൊരിക്കലിന്റെ
പൊരിക്കലിന്റെ
തീരാത്ത ആധിയുടെ
വേവലാതിയുടെ
തിടുക്കത്തിന്റെ
നോമ്പ് തുറക്കാന്‍ പോലും
മറന്നു പോകുന്നതിന്റെ
അടുപ്പോര
നിശ്വാസങ്ങളുടെ
യാമക്കിതപ്പുകള്‍

സത്യവിശ്വാസിക്ക്
പുണ്യങ്ങളുടെ ,
ത്യാഗത്തിന്റെ
പാപ മോചനത്തിന്റെ
കാരുണ്യത്തിന്റെ
ദാന ധര്‍മ്മങ്ങളുടെ ,
ഭജനമിരിക്കലിന്റെ
ഖുര്‍ ആന്‍പാരായണം ചെയ്യലിന്റെ
വിശപ്പ്‌ എന്തെന്ന് തിരിച്ചറിയലിന്റെ
സ്നേഹത്തിന്റെ
സൌഹാര്‍ദ്ദത്തിന്റെ
മാനവികതയുടെ
സമഭാവനയുടെ
സംയമനത്തിന്റെ
അനുഭൂതി പകരുന്ന
സമര്‍പ്പണത്തിന്റെ
പുണ്യ നാളുകള്‍ !!!


1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്