2014, ജൂലൈ 23, ബുധനാഴ്‌ച

പന്ത് കളിലോകം പന്ത് കളിയുടെ ലഹരിയില്‍ ആണ്
നമുക്ക് കേരളീയര്‍ക്ക് പന്ത് കളി കഴിഞ്ഞേ വേറെ എന്ത് കളിയും ഉള്ളൂ

നമ്മുടെ പല പ്രയോഗങ്ങളും ഉപമകളും പന്തു മായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട് എന്നത് തന്നെ പന്ത് എത്രയേറെ നമ്മെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് .

കുട്ടിക്കാലങ്ങളില്‍ ഓലപ്പന്ത്‌ , തുണിപ്പന്ത് , കെട്ടിക്കൂട്ടിപ്പന്ത്
തുടങ്ങിയ പന്തുകള്‍ കൊണ്ടാണ് കളി ജോറായി നടന്നിരുന്നത്

ആണ്‍ കുട്ടി ആണെങ്കില്‍ അവന് ചെറുപ്പത്തിലെ വാങ്ങി കൊടുക്കുന്ന ഒരു കളിക്കോപ്പും കൂടിയാണ് പന്ത്

നമ്മുടെയൊക്കെ കുട്ടിക്കാലത്ത് പന്ത് കളിച്ചു പൊട്ടാത്ത കാലുകളോ മുറിവ് പറ്റാത്ത തുടകളോ ഉണ്ടാവില്ല . മിക്കവര്‍ക്കും പന്ത് കളി മൂലം കൈ പൊട്ടിയ അനുഭവവും കാലു പ്ലാസ്റ്റര്‍ ഇട്ട കഥകളും പറയാനുണ്ടാകും .

ഒഴിഞ്ഞ വയലുകള്‍ വൈകുന്നേരത്തോടെ കുട്ടികളുടെ ആരവങ്ങളുമായി ശബ്ദ മുഖരിതമാകും .

സന്ധ്യാ സമയം വരെ കളിയോട് കളി തന്നെ .

വീട്ടിലേക്കു ചെല്ലുമ്പോള്‍ ഒന്നുകില്‍ കാല്‍ വെച്ച് കുത്തിയിട്ടുണ്ടാവും . അല്ലെങ്കില്‍ തള്ളാം വിരലിലെ നഖം പോയിട്ടുണ്ടാകും . അതുമല്ലെങ്കില്‍ കാലിന്റെ ചിരട്ട ഇളകിയിട്ടുണ്ടാവും ..

അടുത്തുള്ള കുളത്തിലിറങ്ങി മുങ്ങുമ്പോഴായിരിക്കും പന്ത് കളിയുടെ യഥാര്‍ത്ഥ സുഖം അറിയുക . എവിടെയൊക്കെയോ
നീറിപ്പുകയുന്ന വല്ലാത്ത ഒരു ഹരം അപ്പോഴാണ്‌ അറിയുക

എന്നാലും എണീറ്റ്‌ നില്‍ക്കാന്‍ പറ്റുമെങ്കില്‍
പിറ്റേന്നും പോകും

എനിക്ക് തോന്നുന്നത് കേരളീയര്‍ ഏറ്റവും കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്ന ഒരേ ഒരു കളി പന്ത് കളിയാവും .

ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ പറ്റിയ കളി ആണെങ്കിലും അപകടം പറ്റാന്‍ എളുപ്പമുള്ള കളി ആണെങ്കിലും
ഈ കളി വലിയ ഒരു കൂട്ടായ്മയുടെ പ്രതീകം കൂടിയാണ്

ഗോള്‍ വലയം എന്ന ലക്ഷ്യത്തിലേക്ക് എല്ലാ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകുക എന്ന വലിയ ജീവിത തത്വം ഈ കളിയില്‍ അടങ്ങിയിരിക്കുന്നു .

പരസ്പര സഹായ സഹകരത്തിലൂടെ ഒത്തൊരുമിച്ചുള്ള നീക്കത്തിലൂടെ ലക്‌ഷ്യം നേടാം എന്ന ജീവിത സത്യവും ഈ കളിയില്‍ അന്തര്‍ ലീനമായിരിക്കുന്നു .

ചില ചിട്ടകളും നിയമങ്ങളും പാലിച്ചാലേ ജീവിത വിജയം എന്ന 'ഗോള്‍' ലക്‌ഷ്യം കാണൂ എന്നും ഈ കളിയുടെ
മന: ശാസ്ത്രം ആയി കാണാവുന്നതാണ് .

ചുരുക്കത്തില്‍ കേരളീയരുടെ മനസ്സും ശരീരവും കൊച്ചു നാള്‍ മുതലേ കവരുന്ന ഒരു കളിയാണ് പന്ത് കളി

അതുകൊണ്ട് കൂടിയാവണം നമ്മുടെ പല പ്രയോഗങ്ങളിലും ഉപമകളിലും പന്തും അനുബന്ധ വിഷയങ്ങളും കടന്നു വന്നത്

ഏതാനും സാമ്പിളുകള്‍ :

*എന്റെ ജീവിതം നിനക്ക് പന്ത് തട്ടിക്കളിക്കാനുള്ളതല്ല

* അവന്‍ പന്ത് എന്റെ കോര്‍ട്ടിലേക്ക് തന്നെ തട്ടിയിട്ടു

* അവിടെ പന്ത് കളിക്കാനുള്ള സ്ഥലമുണ്ടല്ലോ മാഷേ . കുറച്ചു കൂടി അങ്ങോട്ട്‌ നീങ്ങി നില്‍ക്ക് ..

* നീയെന്താ പന്തടിച്ച പോലെ അങ്ങോട്ട്‌ പോയ ഊക്കില്‍ ഇങ്ങോട്ട് തന്നെ

* ഗ്യാലറിയിലിരുന്നു കളി പറയാന്‍ ആര്‍ക്കാ പറ്റാത്തത് ?

* ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ട് ഇറങ്ങിക്കളിക്ക്

* ആളില്ലാത്ത പോസ്റ്റിലേക്ക് പന്തടിക്കാന്‍ ആര്‍ക്കാ പറ്റാത്തത് ?

* നീ വെറുതെ സെല്‍ഫ് ഗോളടിക്കല്ലേ മച്ചൂ

ഇനിയും ഉണ്ടാകും കുറെ പ്രയോഗങ്ങള്‍ .
എല്ലാം കൂടി ഞാന്‍ പോസ്റ്റില്‍ തന്നെ പറഞ്ഞാല് നിങ്ങള്ക്ക് പറയാന്‍ ഉണ്ടാവില്ലല്ലോ എന്ന് ഓര്‍ത്ത്‌ നിര്‍ത്തുന്നു ..

* ഇനി ഈ പന്ത് നിങ്ങളുടെ കോര്‍ട്ടിലേക്ക്

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്