2014, ജൂലൈ 23, ബുധനാഴ്‌ച

മാറ്റുവിന്‍ ചിന്തകളെ ..!!!




അര നൂറ്റാണ്ടുകാലത്തെ പ്രവാസം കൊണ്ട് നാം എന്ത് നേടി എന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ശുഭകരമായ ഒരു ചിത്രമാണ് നമുക്ക് കിട്ടുന്നത്. പ്രവാസി കറവപ്പശു, മെഴുകുതിരി, സ്വയം കത്തി അന്നം വേവിക്കുന്ന തീക്കൊള്ളി എന്നൊക്കെ സ്വയം ശപിക്കാറാണ് നമ്മുടെ രീതി . പക്ഷെ അതിനപ്പുറത്തെ 'പച്ചപ്പ്‌ 'കാണാതെ പോവാറാണ് പതിവ്.

വിശപ്പിന്റെ ഊഷരതയില്‍ നിന്ന് പുറപ്പെട്ടു പോന്ന് സ്വന്തം നാട്ടില്‍
സമൃദ്ധിയുടെ വസന്തം സൃഷ്ടിച്ചവനാണ് പ്രവാസി.
നാട് നേടിയ ഏതൊരു കുതിപ്പിന്റെ പിന്നിലും പ്രവാസിയുടെ കിതപ്പ് ഉയര്‍ന്നു കേള്‍ക്കാം.

സാമൂഹ്യ സാംസ്ക്കാരിക ബൌദ്ധിക വിദ്യാഭ്യാസ തലങ്ങളില്‍ ഉണ്ടായ പുരോഗതിയും വികാസവും പ്രബുദ്ധതയും ഈ മെഴുകിതിരികള്‍ കത്തിച്ച വെളിച്ചമാണ്. ഈ പശുക്കള്‍ ചുരത്തിയ പാലാണ്. ഈ തീക്കൊള്ളികള്‍ എരിഞ്ഞെരിഞ്ഞു വേവിച്ചെടുത്ത അന്നമാണ്.

അന്ന് ഗള്‍ഫിലേക്ക് പോരുന്നവരുടെ പക്കല്‍ പ്രാരബ്ധത്തിന്റെ കീറിയ ഒരു ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്.

എഴുത്തും വായനയും പോലും അവരില്‍ കൂടുതല്‍ പേര്‍ക്കും അറിയില്ലായിരുന്നു . പഠിക്കാന്‍ പോകും മുമ്പേ പണിക്കു പോയി
ശീലിച്ചവരായിരുന്നു അവര്‍ . വയറിന്റെ കാളല്‍ ആയിരുന്നു മനസ്സിന്റെ ഭക്ഷണത്തെക്കാള്‍ അവരെ അലട്ടിയത് .

അത് കൊണ്ട് തന്നെ അവരില്‍ ഭൂരിഭാഗവും ഇവിടെ വന്ന് ഏറ്റവും താഴ്ന്ന ജോലിയാണ് എടുത്തത് . അതിനെ അവക്ക് കഴിയുമായിരുന്നുള്ളൂ .

എന്നാലിന്നോ ?

അവരുടെ പുതിയ തലമുറ വരുന്നത് ഏതു നാട്ടുകരോടൊപ്പവും തലയുയ ര്‍ത്തിപ്പിടിച്ചു നില്‍ക്കാവുന്ന തരത്തിലാണ്.
തക്ക യോഗ്യതയും വൈദഗ്ദ്യവും സാമര്‍ത്ഥ്യവും ഏതു മേഖലയിലേക്കും പറ്റിയ ശാരീരികവും മാനസികവും ബുദ്ധിപരവുമായ നൈപുണികള്‍ ആര്‍ജ്ജിച്ചു കൊണ്ടാണ് .

ഈ ഒരു മാറ്റം തന്നെ മതി ഓരോ പ്രവാസിക്കും മനസ്സ് തുറന്നു അഭിമാനിക്കാന്‍.

എനിക്ക് ഏതായാലും പഠിക്കാന്‍ പറ്റിയില്ല . എന്റെ അനിയന്‍ / മകന്‍ / മകള്‍ / സഹോദരി അവര്‍ പഠിക്കട്ടെ . എന്റെ സങ്കടം അവരിലൂടെ തീരട്ടെ എന്ന് മിക്കവാറും പ്രവാസികളും ആശ്വാസം കൊണ്ടു .

ഞാന്‍ ഏതായാലും വിശപ്പും ദാരിദ്ര്യവും നീന്തിക്കടന്നാണ് ജീവിതപ്പുഴ കടന്നത്‌ . എന്റെ ബാക്കിയുള്ളവരെങ്കിലും സുഖമായി ജീവിക്കട്ടെ എന്നായിരുന്നു ഓരോ പ്രവാസിയുടെയും മനസ്സില്‍ ഓളം വെട്ടിയ വൈകാരികത്തിര .

അത് കൊണ്ടൊക്കെ തന്നെയാണ് ക്ഷാമം തളം കെട്ടിക്കിടന്ന നമ്മുടെ നാട് ക്ഷേമത്തിന്റെ നാടായി മാറിയത് . ചെറ്റപ്പുരകളുടെ നാട് ടെറസ്സ് കളുടെ നാടായി മാറിയത് . ദാരിദ്ര്യ രേഖക്ക് താഴെ കിടന്നിരുന്നവര്‍ സമൃദ്ധി രേഖക്കു മേലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടത് .

പിന്നെ ചില നഷ്ടങ്ങളൊന്നു മില്ലാതെ നേട്ടങ്ങള്‍ ഉണ്ടാവില്ല.
ത്യാഗങ്ങള്‍ ഇല്ലാതെ സ്വപ്‌നങ്ങള്‍ സഫലമാകില്ല .

അത് കൊണ്ട് പ്രവാസി സങ്കടം പറഞ്ഞു സ്വയം ശപിക്കേണ്ടവനല്ല.
പ്രാരാബ്ദം പറഞ്ഞു സ്വയം ചെറുതാ വേണ്ടവനല്ല . സ്വയം ശപിച്ചും സ്വയം ഉരുകിയും തീരേണ്ടവനല്ല .

അവന്‍ നഷ്ടപ്പെട്ട മഴയെ ഓര്‍ത്ത്‌ സങ്കടപ്പെടുന്നതിന് പകരം അവനൊപ്പിയ കണ്ണീര്‍ ചാലുകളെ ഓര്‍ത്ത്‌ അഭിമാനിക്കുകയാണ് വേണ്ടത് .
നാടിനെ പുഷ്ക്കലമാക്കാന്‍ സഹായിച്ചവന്‍ എന്ന സന്തുഷ്ടിയോടെ ജീവിക്കേണ്ടവന്‍ ആണ് പ്രവാസി .
നാടിന്റെ അഭിവൃദ്ധിയില്‍ , വികസനത്തില്‍ , ക്ഷേമത്തില്‍ , സര്‍വോപരി നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതില്‍ സജീവമായി പങ്കാളിത്തം വഹിച്ച വ്യക്തി എന്ന നിലയില്‍ സാഭിമാനം , ആത്മവിശ്വാസത്തോടെ , സംതൃപ്തിയോടെ തല ഉയര്‍ത്തിപ്പിടി ക്കേണ്ടവനാണ്.

പ്രവാസി മലയാളികള്‍ മറ്റു രാജ്യക്കാരെ പോലെ കാണുന്നിടത്തൊക്കെ വെറ്റില തിന്നു തുപ്പി നടക്കുന്നവരല്ല.

സംഘടനകളും കൂട്ടായ്മകളുമായി അവര്‍ അവരുടെ ഭാഗധേയം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു . സ്വന്തം വീട്ടിലെ കാര്യം മാത്രമല്ല അവനെ ആധി പിടിപ്പിക്കുന്നത് .

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കോടിക്കണക്കിനു രൂപയാണ് ഓരോ വര്‍ഷവും ഇവിടെ നിന്ന് നാട്ടിലെക്കൊഴുകുന്നത്.
നാട്ടിലെ ഓരോ നിലവിളിയും മുഴങ്ങുന്നത് പ്രവാസികളുടെ കാതിലാണ്. ഏതൊരു കാര്യത്തിനും ആദ്യം കൈകള്‍ നീളുന്നത് പ്രവാസികളുടെ കാരുണ്യമുള്ള കീശയിലേക്കാണ് .

മറ്റുള്ളവരുടെ പ്രയാസങ്ങളിലേക്ക് തുറന്നു പിടിച്ച കാതുകളെ ക്കാള്‍
അപരന്റെ ദാരുണമായ കണ്ണുകള്‍ കാണാനുള്ള കണ്ണുകളെക്കാള്‍
മഹത്തരമായി ഈ ലോകത്ത് ഏതു അവയവമാണുള്ളത്?

പ്രവാസി എന്നാല്‍ പ്രയാസി എന്ന പാടിപ്പതിഞ്ഞ പാട്ട് നിര്‍ത്തി
പ്രവാസി എന്നാല്‍ പ്രയാസം ഇല്ലായ്മ ചെയ്യാന്‍ പ്രയാസപ്പെടുന്ന
പ്രസാദ വാസി എന്ന് തിരുത്തിപ്പാടാന്‍ നാമൊക്കെ തയ്യാറാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .

അപകര്‍ഷതയല്ല ആത്മ വിശ്വാസവും
ആത്മ സംതൃപ്തിയും ആണ് പ്രവാസിയെ ഭരിക്കേണ്ടത് .
അതാണ്‌ അവന്റെ മുഖമുദ്ര ആവേണ്ടത് . അല്ലേ ?


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്