2014, ജൂലൈ 23, ബുധനാഴ്‌ച

രാധേച്ചിയും മാള്‍ക്കേച്ചിയും


എന്റെ ജ്യേഷ്ടന്റെ വീട്ടിലായിരുന്നു ഞാനും കുടുംബവും കുറച്ചു കാലം താമസിച്ചിരുന്നത് .

അന്ന് ആ വീടിന്റെ പിറകില്‍ ഞങ്ങളുടെ അയല്‍ക്കാരായി
ഒരു രാധേച്ചിയും ഒരു മാള്‍ക്കേച്ചിയും ഉണ്ടായിരുന്നു . എന്തൊരു സ്നേഹമായിരുന്നു അവര്‍ക്ക് . മാഷേ എന്ന് നീട്ടി വിളിക്കും . പ്രത്യേകം എന്ത് ഉണ്ടാക്കിയാലും കൊണ്ട് വന്നു തരും .

ഇടയ്ക്ക് ഒരു ബൈക്ക് ആക്സിഡന്റില്‍ പെട്ട് വീട്ടില്‍ തന്നെ ചടഞ്ഞിരിക്കുന്ന സമയത്ത് വല്ലാതെ മുഷിയുമ്പോള്‍ ഞാനും കുട്ടികളും അങ്ങോട്ട്‌ പോകും .

സുകുവേട്ടന്റെ - രാധേച്ചിയുടെ ഭര്‍ത്താവ് - അമ്മയും അവിടെയുണ്ട് . ആ അമ്മ ചെല്ലുമ്പോള്‍ എന്റെ കൈയ്യില്‍ പിടിക്കും എന്നിട്ട് 'അസ്സലാമു അലൈകും 'എന്ന് ചിരിച്ചു കൊണ്ട്പ റയും .

പിന്നെ സത്ക്കാരമാണ് . അവരുടെ തൊടികയില്‍ ഉണ്ടായ പൂവന്‍ പഴം ആണ് പ്രധാന വിഭവം . അന്നവര്‍ക്ക് കൈതച്ചക്ക കൃഷി ഉണ്ട് . കൈതച്ചക്ക കലാപരമായി ചെത്തി പ്ലേറ്റില്‍ കൊണ്ട് വന്നു തരും ..

ആ അമ്മ അടുത്തിരുന്നു പഴയ കഥകള്‍ പറയും . ഉമ്മയുമുപ്പയും കഷ്ടപ്പെട്ട കഥകള്‍ .
പത്തു മക്കളെ വളര്‍ത്തിയെടുക്കാന്‍ പെട്ട പാടുകള്‍ . ആ അമ്മയ്ക്ക് ഉമ്മയേയും ഉപ്പയെയും ഒക്കെ നന്നായി അറിയാം .

എന്റെ രണ്ടു മക്കള്‍ക്കും രാധേച്ചിയെയും മാള്‍ക്കേച്ചിയെയും ജീവനായിരുന്നു . അവര്‍ തരം കിട്ടിയാല്‍ അങ്ങോട്ട്‌ മണ്ടും . . വീടിന്റെ മുമ്പിലൂടെ രാധേച്ചിയോ മാള്‍ക്കേച്ചിയോ
പോകുമ്പോള്‍ കുട്ടികളെ നീട്ടി വിളിക്കും . അവര്‍ ഓടിച്ചെല്ലും .

അവരുടെ കൂടെ പോയ കുട്ടികള്‍ ഇരുട്ടിയാലും പോരാന്‍ കൂട്ടാക്കില്ല . മാള്‍ക്കേച്ചി യുടെ രണ്ടു ആണ്‍കുട്ടികള്‍ക്കും മക്കളെ വലിയ ഇഷ്ടമായിരുന്നു .

ഗള്‍ഫിലേക്ക് പോരുമ്പോള്‍ യാത്ര പറയാന്‍ ചെന്നപ്പോള്‍
രാധേച്ചി പറഞ്ഞു : ''ഇനി ഞങ്ങളെ ഒന്നും കണ്ടാല്‍ മിണ്ടൂല വല്യ മുതലാളിയൊക്കെ ആയാല്‍ ഞങ്ങളെ മറക്കും .. ''

ഇന്നും വെക്കേഷനില്‍ നാട്ടില്‍ ചെന്നാല്‍ ഞാന്‍ അവിടെ പോകും . അത്രയ്ക്ക് ബന്ധം ആയിരുന്നു ആ രണ്ടു
അയല്‍ വീടുമായും . ആ അമ്മ ഇന്നില്ല .
എന്നാലും മനസ്സില്‍ ഇപ്പോഴും ഉണ്ട് 'മാഷേ അസ്സലാമു അലൈകും 'എന്ന ചിരിച്ചു കൊണ്ടുള്ള ആ പറച്ചില്‍ !!

നമ്മുടെ കേരളത്തില്‍ ഇതുപോലുള്ള ഒരു പാട് സ്നേഹബന്ധങ്ങള്‍ ഉണ്ടായിരുന്നു ഒരു കാലത്ത് .
ഇന്നും ഉണ്ട് . എന്നാലും പഴയ ആ തീവ്രതയും ഇഴയടുപ്പവും എവിടെയോ നഷ്ടപ്പെട്ട പോലെ . .

ആ നല്ല നാളുകളിലേക്ക് ഇനി നമ്മുടെ നാട് തിരിച്ചു പോകില്ലായിരിക്കും . അടുത്ത വീട്ടില്‍ ശത്രു ഇരിക്കുന്നു എന്ന ഭീതി ആണ് ഇന്ന് നമ്മെ അലട്ടുന്ന വലിയ ശാപം .

അന്ന്, മുസ്ലിം ഹിന്ദു ക്രിസ്ത്യാനി ഒക്കെ ആചാരങ്ങളിലും വിശ്വാസങ്ങളിലും മാത്രമായിരുന്നു . മനസ്സിലും പെരുമാറ്റത്തിലും മനുഷ്യനും സ്നേഹവും
അയല്‍ക്കാരും സ്വന്തക്കാരും ആയിരുന്നു .
നമ്മുടെ സന്തോഷം അവരുടെതും അവരുടേത് നമ്മുടെതും ആയിരുന്നു . ആഘോഷങ്ങളിലും കല്യാണങ്ങളിലും എന്തൊരു സഹകരണം ആയിരുന്നു . ഓണവും പെരുന്നാളും ക്രിസ്തുമസ്സും എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചു ആഘോഷിച്ചു . സന്തോഷങ്ങളില്‍ പങ്കു കൊണ്ടും ഓണം ഉണ്ണാന്‍ പോയും പെരുന്നാളിന് ബിരിയാണി തിന്നാന്‍ വന്നും ഒരേ വീട്ടിലെ പോലെ കഴിഞ്ഞു കൂടിയ മധുരിക്കുന്ന ഓര്‍മ്മകള്‍ .

ഇന്ന് എല്ലാം തകിടം മറിഞ്ഞു .

മുസ്ലിമിന് ഒരു അപകടം പിണഞ്ഞാല്‍ ഹിന്ദു വിചാരിക്കുന്നു മരിച്ചത് മുസ്ലിം അല്ലേ നന്നായി ഒന്ന് എണ്ണം കുറഞ്ഞു എന്ന് മുസ്ലിം വിചാരിക്കുന്നു ഹിന്ദു അല്ലേ മരിച്ചത് നന്നായി എന്ന് .
ക്രിസ്ത്യാനിയും അതെ പോലെ തന്നെ ചിന്തിക്കുന്നു .

എന്തുണ്ട് സംശയം ?
ഏറ്റവും വലിയ വൈരം മത വൈരം തന്നെ !!!

നിഷ്ക്കളങ്കമായ മനസ്സുകളെ പോലും മതപരമായി വേര്‍തിരിച്ചു അകലം വര്‍ധിപ്പിക്കാനുള്ള തികച്ചും ഹീനമായ ശ്രമങ്ങള്‍ ആണ് എല്ലാ ഭാഗത്ത് നിന്നും നടക്കുന്നത് .. അക്കാര്യത്തില്‍ ആരും മോശക്കാരല്ല !!

മാനിഷാദാ - അരുത് കാട്ടാളാ .. ഇനിയും മനസുകളെ കൂടുതല്‍ കൂടുതല്‍ അകറ്റല്ലേ ..
ഇനിയും അവശേഷിക്കുന്ന സമാധാനത്തിന്റെ ക്രൌഞ്ചപ്പക്ഷികളെ കൂടി വെടി വെച്ച് കൊല്ലരുത് ..!!! പ്ലീസ് ..


1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്