2014, ജൂൺ 2, തിങ്കളാഴ്‌ച

വലകശ്ശുക്ര്‍


അയ്യായിരം വര്‍ഷം പഴക്കമുള്ള ഒരു ചരിത്ര ഭൂമിയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍ . സ്വാലിഹ് നബിയുടെ നാട്ടിലേക്ക് . സമൂദ് എന്ന പേരില്‍ അറിയപ്പെടുന്ന സമൂഹം / ഗോത്രം ജീവിച്ചിരുന്ന നാട്ടിലേക്ക് , ഖുര്‍ആനില്‍ പരാമര്‍ശിച്ച ദുരന്ത ഭൂമിയിലേക്ക്‌..
ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും മാത്രം കാണാനും അറിയാനും കഴിഞ്ഞിരുന്ന ദൈവത്തിന്റെ ശിക്ഷ ഇറങ്ങിയ ഭൂമിയിലേക്ക് !

ആയിരത്തോളം കിലോമീറ്റര്‍ ദൈര്‍ഘ്യം ഉള്ള ബസ്സ്‌ യാത്ര !

രണ്ടു ബസ്സിലായിരുന്നു യാത്ര പ്ലാന്‍ ചെയ്തിരുന്നത് .
ഓരോ ബസ്സിലും അമ്പതോളം ആളുകള്‍ .
കൂട്ടത്തില്‍ കുറെ ഫാമിലി യും ഉണ്ടായിരുന്നു .

ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു ബസ്സ്‌ വന്നു നില്‍ക്കുന്നു . രണ്ടാമത്തെ ബസ്സ്‌ ഉടന്‍ വരുമെന്ന് സംഘാടകര്‍
പറഞ്ഞു . അപ്പോഴേക്കും ആദ്യത്തെ ബസ്സ്‌ നിറഞ്ഞിരുന്നു .
ഏറെ വൈകിയിട്ടും രണ്ടാമത്തെ ശകടം വന്നു കാണുന്നില്ല . ഒടുവില്‍ വന്ന ബസ്സ് നേരത്തെ പുറപ്പെടാം എന്ന് തീരുമാനം ആയി . അതില്‍ എല്ലാ ഫാമിലിയെയും ഒന്നിച്ചു വിടാം എന്നും . അന്ന് രാത്രി മദീനയില്‍ താമസം ആയതു കൊണ്ട് പിറ്റേന്ന് രാവിലെ ഒന്നിച്ചു പോകാം എന്നും അഭിപ്രായം ഉയര്‍ന്നു .
എന്റെ കൂടെ ഫാമിലി ഉണ്ടായതു കൊണ്ട് ഞങ്ങളും ആ ബസ്സില്‍ കേറി .
കൃത്യം ആറു മണിക്ക് ഞങ്ങളുടെ ബസ്സ്‌ പുറപ്പെട്ടു .

മദീന ലക്‌ഷ്യം വെച്ച് ഞങ്ങളുടെ ബസ്സ് കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു . ഡ്രൈവറുടെ പെരുമാറ്റവും ബസ്സിന്റെ രൂപ ഭാവവും മനസ്സിന് അത്ര പിടിച്ചില്ല .
പൊതുവേ ഇത്തരം യാത്രകളില്‍ ഡ്രൈവര്‍ - ചൊറിയന്‍ - ആണെങ്കില്‍ എല്ലാ ഹരവും പോകും . വണ്ടിയുടെ സ്ഥിതിയും അത് തന്നെ ..

മദീന റോഡിലൂടെ ഏകദേശം രണ്ടു മണിക്കൂര്‍ ഓടിയതിനു ശേഷം എപ്പോഴോ പുറത്തേക്കു നോക്കുമ്പോള്‍ ഞങ്ങളുടെ ബസ്സ്‌ വിജനമായ ഒരു വീഥി യിലൂടെയാണ് പോകുന്നത് എന്നെനിക്കു തോന്നി .. ഡ്രൈവറുടെ അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോള്‍ ശരിയാണ് വഴി തെറ്റിയിരിക്കുന്നു !
മദീന റോഡ്‌ പോലും ശരിക്കറിയാത്ത ഇയാളെ വെച്ച് എങ്ങനെ മദായിന്‍ സ്വാലിഹ് വരെ പോകും എന്നോര്‍ത്തപ്പോള്‍ ആധിയായി .
അയാള്‍ കൂസലന്യേ പറഞ്ഞു . ഇത് വഴി പോയാലും പ്രശ്നമില്ല .. ഏതായാലും ഇനി തിരിച്ചു വിടലൊന്നും നടക്കില്ല . ഞങ്ങള്‍ അപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത് യാമ്പൂ റോഡിലൂടെയാണ്‌ !!

ബസ്സ്‌ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു . പിറകില്‍ നിന്ന് പല സുഹൃത്തുക്കളും മുന്നിലേക്ക്‌ വന്നു പിറകില്‍ ഭയങ്കര ചൂട് അനുഭവപ്പെടുന്നതായി പറഞ്ഞു . ബസ്സില്‍ മൊത്തം ഒരുതരം ചൂട് അനുഭവപ്പെടുന്നതും മനസ്സിലായി പലരും ഡ്രൈവറോട് പോയി കാര്യം സൂചിപ്പിച്ചു . അയാള്‍ പറഞ്ഞു എസി ഒക്കെ ഒക്കെയാണ് . ഒരു പ്രശ്നവും ഇല്ല . ഒടുവില്‍ ഞങ്ങള്‍ 'ബദര്‍ ' ല്‍ എത്തി - ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയവും സുപ്രധാനവുമായ ഒരു സ്ഥലമാണ് ബദര്‍ . അപ്പോള്‍ ആ വഴി പോകാന്‍ ഭാഗ്യം ലഭിച്ചല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞങ്ങള്‍ . സാധാരണ വഴിയിലൂടെ ആണ് പോയിരുന്നെങ്കില്‍ ബദര്‍ ടെച്ച് ചെയ്യാന്‍ കഴിയില്ലായിരുന്നു . ഞങ്ങളുടെ യാത്ര അമീര്‍ അക്കാര്യം എടുത്തു പറയുകയും ചെയ്തു ..

പെട്ടെന്നാണ് ഞങ്ങളുടെ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്തു കൊണ്ട് ഒരു കാര്‍ മോന്നോട്ടു വരുന്നതും ബസ്സിന് മുമ്പില്‍ സിഗ്നല്‍ കാണിച്ചു ബസ്സ്‌ നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും !
ഉടനെ ഡ്രൈവര്‍ വിളിച്ചു പറഞ്ഞു :
എല്ലാവരും പെട്ടെന്ന് ഇറങ്ങണം ..!!!

ഞങ്ങള്‍ക്ക് ആര്‍ക്കും കാര്യം മനസിലായില്ല .
എങ്കിലും എല്ലാവരും ബാഗും സാധാങ്ങളും എടുത്തു പെട്ടെന്ന് ഇറങ്ങി ..
വിജനമായ റോഡിലേക്ക് , ജീവനും കൊണ്ട് ഓടിയിറങ്ങി !!

അപ്പോഴാണ്‌ ബസിന്റെ പിറകില്‍ നിന്ന് പുക പൊങ്ങുന്നത് കാണുന്നത് . എല്ലാവരും അങ്ങോട്ട്‌ ഓടുന്നതും മണ്ണ് വാരി എറിയുന്നതും ആണ് കാണുന്നത് ..
ബസ്സിന്റെ പിറകില്‍ തീ !

റെഡിയേറ്ററില്‍ വെള്ളം തീര്‍ന്നു ചുട്ടു പഴുത്തു കത്തുകയായിരുന്നു എന്ന് പിന്നീടാണ് അറിയുന്നത് !

പിറകെ വന്ന ആ നല്ല മനുഷ്യന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നു വെങ്കില്‍ ഈ പോസ്റ്റ്‌ എഴുതാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല ! ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷയുമായി ജീവിക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു പാട് മനുഷ്യര്‍ , ഒരു നിമിഷം കൊണ്ട് വലിയ ഒരു തീഗോളം ആവുമായിരുന്നു .. !!!
അല്ലാഹുവിന് സ്തുതി . അല്‍ഹംദുലില്ലാഹ് !!!

സത്യത്തില്‍ അല്ലാഹു ഞങ്ങളെ രക്ഷിക്കാന്‍ ഒരു മനുഷ്യനെ പറഞ്ഞയക്കുകയായിരുന്നു .
അല്ലാഹുമ്മ ലകല്‍ ഹംദ് .. !! വലകശ്ശുക്ര്‍ .. !!!

ഒരു നിമിഷം മതി വലിയ ഒരു ദുരന്തം ഉണ്ടാകാന്‍
ഒരു നല്ല മനുഷ്യന്‍ മതി ഒരു പാട് ജീവന്‍ രക്ഷപ്പെടാന്‍ ...

3 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്