2014, ജൂൺ 24, ചൊവ്വാഴ്ച

പ്രവാസക്കുറിപ്പുകള്‍


നോമ്പ് കാരനെ പോലെയാണ് പ്രവാസി . നോമ്പുകാരന്‍ പകല്‍ മുഴുവനും വിചാരിക്കും നോമ്പ് തുറന്നിട്ട്‌ അത് തിന്നണം ഇത് തിന്നണം എന്നൊക്കെ നോമ്പ് തുറന്നു .കുറച്ചു വെള്ളം കുടിച്ചു എന്തെങ്കിലുമൊക്കെ തിന്നുമ്പോഴേക്കും മതിയായി .

പ്രവാസി നാട്ടില്‍ പോകുമ്പോള്‍ ഒരു പാട് സ്വപ്നം കാണും . പല പദ്ധതിയും ആസൂത്രണം ചെയ്യും . എന്തൊക്കെയോ ചെയ്യണം എന്ന് നിയ്യത്ത് വെക്കും .
ചെന്ന് 'ഒന്നോ രണ്ടോ ' ദിവസം കഴിയുമ്പോഴേക്കും അവനു മതിയായി. നിറഞ്ഞു , പിന്നെ വയ്യ .. !!!

***
ആറുമാസം ലീവ് ചോദിച്ച പ്രവാസിയോട്‌ കഫീല്‍ പറഞ്ഞു പോലും . അരക്കൊല്ലം നീ ഇല്ലാതെ എന്റെ സ്ഥാപനം പോകുമെങ്കില്‍ പിന്നെ കാലക്കാലം നീ ഇല്ലാതെ പോവുമെന്ന് ഉറപ്പല്ലേ ...?

***

ഭാഗ്യമാണ് പ്രവാസം
ഭാരമാണ് പ്രവാസം
മറ്റുള്ളവരുടെ ഭാരം ഇറക്കാനാണ് പ്രവാസം
ബാധ്യതയാണ് പ്രവാസം
ബാധ്യത ഇല്ലാതാക്കാലാണ് പ്രവാസം
ചിലര്‍ക്ക്
ഭാസുരമാണ് പ്രവാസം !

***
പ്രയാസം തീരാന്‍
പ്രവാസം വരിക്കുന്നു
എന്നിട്ടോ
ആ പ്രവാസം
തീരാ പ്രയാസമായി
അവനെ വരിഞ്ഞു മുറുക്കുന്നു !!!

***
പ്രവാസം ചിലര്‍ക്ക് ഒരു വിത
ചിലര്‍ക്ക് വെറും പത
ചിലര്‍ക്ക് കനലെരിയും ചിത
ചിലര്‍ക്ക് ഒരിക്കലും തീരാത്ത വ്യഥ
ചിലര്‍ക്ക് ഉത്തരം കിട്ടാത്ത കടം കഥ
ചിലര്‍ക്ക് വെറും തടവറ
ചിലര്‍ക്ക് സൌഭാഗ്യമേകും കലവറ
ചിലര്‍ക്കോ നഷ്ടങ്ങളുടെ മണിയറ !!!

***
പ്രവാസം ഒരു കടലാണ് .
പ്രവാസികള്‍ മുക്കുവന്മാരും .
ഈ കടലില്‍ നിന്ന് ചിലര്‍ക്ക് ചാകര കിട്ടുന്നു .
ചിലര്‍ക്ക് വെറും ചാള ,
ചിലര്‍ക്ക് നത്തോലി
ചിലര്‍ക്ക് ആവോലി
ചിലര്‍ക്ക് വന്‍ സ്രാവുകള്‍ കിട്ടി
അവർ വൻ സ്രാവായി മാറുന്നു

***
ഞാനും പ്രവാസി
നീയും പ്രവാസി
അവനും പ്രവാസി
അവരും പ്രവാസി
എന്റെ അയല്‍വാസിയും പ്രവാസി
എല്ലാ ദരിദ്ര വാസികളും പ്രവാസി
എന്നിട്ടും
നമ്മുടെ മനസ്സില്‍ ഒക്കെയും എന്നും
അമാവാസി !!!

***
പ്രവാസികള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും തീരെ കേട്ടുകൂടാത്തതും പ്രവാസികള്‍ക്ക്
എത്ര തന്നെ കേട്ടാലും വായിച്ചാലും പറഞ്ഞാലും എഴുതിയാലും
മതിയാകാത്തതുമായ ഒരു സംഗതിയാണ്
പ്രവാസ കഥകള്‍

***

'കടന്നാല്‍ കുടുങ്ങി' എന്ന ഒരു സ്ഥലമുണ്ട് . എന്നാല്‍ ആ പേര് ഏറെ യോജിക്കുക പ്രവാസത്തിനാണ് !!!

***

പ്രവാസം അനുഭവിക്കുന്നവര്‍ക്ക് ഇരുളും
അത് കൊണ്ട് അനുഭവിക്കുന്നവര്‍ക്ക് പ്രകാശവും

***

പ്രവാസം ഒരു ചൂണ്ട
പ്രവാസിയോ ഒരു ചെണ്ട
അവള്‍ പറയുന്നു : ഇനി പോണ്ട
സ്വത്തും സുഖവും വേണ്ട
കൂട്ടാന്‍ ഇനി വെറും വെണ്ട
എന്നാലും ഗള്‍ഫ് മാണ്ട !!!

അവന്‍ മനസ്സില്‍ പറയും : ഇതൊന്നും കേ ള്‍ക്കേണ്ട
നാളെ ഇതെല്ലാം മാറ്റി പറയും . അന്നേരം വിഷമം വേണ്ട !!

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്