2014, ജൂൺ 24, ചൊവ്വാഴ്ച

മരം പെയ്യുകയാണ് എന്റെ റൂമില്‍


ഇന്നലെ
അച്ഛന്‍ ദിവസത്തിലും അമ്മയെക്കുറിച്ച് ഒരു പോസ്റ്റ്‌ എഴുതി ക്കൊണ്ടിരിക്കുമ്പോഴാണ് മൊബൈല്‍ ശബ്ദിക്കുന്നത്‌ .

ഒരു സുഹൃത്താണ് . നേരില്‍ കാണാത്ത , എന്നാല്‍ പരസ്പരം
അറിയുന്ന സുഹൃത്ത്‌ .

കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം ചോദിച്ചു :
റൂമിലാണോ ?
അതെ .
നിങ്ങളുടെ റൂമിന്റെ ലൊക്കേഷന്‍ എവിടെയാണ് ?
ഞാന്‍ വിശദമായി പറഞ്ഞു കൊടുത്തു .

'ഓക്കേ കാണാം 'എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു .

ഒരു പത്തു മിനിറ്റ് കഴിഞ്ഞില്ല .
വീണ്ടും മൊബൈല്‍ റിംഗ് ചെയ്യുന്നു .
നമ്പര്‍ നോക്കുമ്പോള്‍ നേരത്തെ വിളിച്ച സുഹൃത്ത്‌ തന്നെയാണ് .
'വല്ലതും പറയാന്‍ വിട്ടു പോയി കാണും '. ഞാന്‍ വിചാരിച്ചു .
ഫോണ്‍ എടുത്ത പടി ചോദിച്ചു :
'എന്തേ..' ?

ഞാന്‍ നിങ്ങള്‍ പറഞ്ഞ ലോക്കേഷനില്‍ നില്‍പ്പുണ്ട് .
''അപ്പോള്‍ നേരത്തെ വഴി ചോദിച്ചത് ഇങ്ങോട്ട് വന്നു കൊണ്ടിരിക്കുമ്പോള്‍ ആണ് അല്ലെ .. ''?

''അതെ ഒരു സര്‍പ്രൈസ് ആവട്ടെ എന്ന് കരുതി ''

ഞാന്‍ ലുങ്കി പോലും മാറ്റാതെ താഴെ ഇറങ്ങി ചെന്നു .

ആജാനു ബാഹുവായ ഒരു മനുഷ്യന്‍ . തിങ്ങിയ താടി .
വലിയ മുഖം നിറയെ ചിരി . പക്വവും കുലീനവുമായ ഭാവഹാവാദികള്‍ . ഒരു പക്കാ ഫ്രീക്കന്റെ വേഷ വിതാനം .

അടുത്ത് വന്നു അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു .
പൊതുവേ ഇത്തിരി പൊക്കം കുറഞ്ഞ എനിക്ക് അങ്ങനെ ഒരു കോപ്ലക്സ് തോന്നുമ്പോള്‍ 'പൊക്കമില്ലായ്മയാണ് എന്റെ പൊക്കം ' എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ ഓര്‍ത്താണ് അഡ്ജസ്റ്റ് ചെയ്യാറ്‌ . പക്ഷേ ഈ വലിയ മനുഷ്യന്റെ അടുത്തു നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരു പാട് പൊക്കം കുറഞ്ഞ പോലെ എനിക്ക് തോന്നി .

സലാം ചൊല്ലി ചിരപരിചിതരെ പോലെ സംസാരിച്ചു തുടങ്ങി റൂമിലെത്തി .

ഞാന്‍ ഒരു ചായ ഉണ്ടാക്കി വരാം എന്ന് പറഞ്ഞു അദ്ദേഹത്തെ റൂമില്‍ ഇരുത്തി
അടുക്കളയിലേക്കു പോയി .
ആകെ എനിക്കറിയാവുന്ന ഏക പാചക പരിപാടി ഇത് മാത്രമാണ്

അദ്ദേഹം അന്നേരം എന്റെ വാളിലൂടെ മിന്നല്‍ പര്യടനം നടത്തുകയായിരുന്നു ..!!!

ചായ കുടിക്കുന്നതിനിടയില്‍ സംസാരം പുരോഗമിച്ചു കൊണ്ടേയിരുന്നു .

കുടുംബം , നാട് , ഉപ്പ , ഉമ്മ , ഭാര്യ , മക്കള്‍ , പഠനം , ജോലി തുടങ്ങിയ വഴികളിലൂടെയൊക്കെ ചോദ്യവും ഉത്തരവുമായി മുന്നോട്ടു പോയി

എല്ലാം ചോദിച്ചറിഞ്ഞിട്ടും ഇങ്ങോട്ടൊന്നും ചോദിക്കാതെ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു : എന്നെക്കുറിച്ചു കൂടുതലൊന്നും ചോദിച്ചില്ല പറഞ്ഞതുമില്ല .

അപ്പോള്‍ അദ്ദേഹം ഒരു ചിരി ചിരി ചിരിച്ചു .

'നിങ്ങളുടെ ഫുള്‍ വിവരങ്ങള്‍ എനിക്ക് കാണാപ്പാഠം ആണ് .
എല്ലാം വാളില്‍ തന്നെ 'അപ്പ്‌ ഡേറ്റഡ്‌' ആണല്ലോ

അല്‍പ നേരം കഴിഞ്ഞില്ല അപ്പോഴേക്കും അദ്ദേഹം വാച്ചിലേക്ക് നോക്കാന്‍ തുടങ്ങി .

എന്താ പോകാന്‍ തിടുക്കമായോ ?
ഇല്ല മഗ്രിബ് ബാങ്ക് കൊടുക്കാനായല്ലോ
നമുക്ക് വുളു എടുക്കാം ..

ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ കണിശതയാര്‍ന്ന , നല്ല ലക്ഷണം .

ഞങ്ങള്‍ പള്ളിയിലേക്ക് ഇറങ്ങി . നമസ്ക്കാരം കഴിഞ്ഞു .
തിരിച്ചു റൂമിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു :
'ആ പോസ്റ്റ്‌ പൂര്‍ത്തിയാക്കിയേക്കൂ .. '
ഇന്ന് കഴിഞ്ഞാല്‍ പിന്നെ അതിനു പ്രസക്തിയില്ലല്ലോ . .."

അപ്പോഴാണ്‌ 'അമ്മ മഹത്വം' പാതി വഴിയില്‍ നിര്‍ത്തി 'ഒണ്‍ലി മി 'ആക്കി വെച്ചത് ഓര്‍മ്മയിലെത്തിയത് . . അത് അദ്ദേഹം വായിച്ചിട്ടുണ്ട് ഞാന്‍ അടുക്കളയിലേക്കു
പോയ നേരത്ത് . .

അത് പൂര്‍ത്തിയാക്കി പോസ്റ്റ്‌ ചെയ്തു സംസാരം തുടര്‍ന്നു .
വീടിന്റെ തറയിട്ട ഫോട്ടോ , മക്കളുടെ , ഉമ്മയുടെ , ഉപ്പയുടെ അനിയന്റെ യൊക്കെ ഫോട്ടോ കാണിച്ചു എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തിപ്പെടുത്തിത്തന്നു .

അപ്പോഴേക്കും ഇഷാ ബാങ്ക് കൊടുത്തു .
റൂമില്‍ നിന്ന് തന്നെ നിസ്ക്കരിക്കാം എന്ന് വെച്ച് നിസ്ക്കരിച്ചു .
നിസ്ക്കാരം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു :
ഇവിടെ എവിടെയാണ് നല്ല ഹോട്ടലുള്ളത് ?
ഞാന്‍ പേര് പറഞ്ഞു :
എങ്കില്‍ ഡ്രസ്സ് മാറ്റൂ .. നമക്ക് എന്തെങ്കിലും കഴിക്കാം .

അങ്ങനെ ഞങ്ങള്‍ സഫയര്‍ ഹോട്ടലിലേക്ക് ഇറങ്ങി .
ഇറങ്ങാന്‍ നേരം അദ്ദേഹം ഒരു കവര്‍ എന്നെ ഏല്പിച്ചു .
എന്നിട്ട് പറഞ്ഞു : എന്റെ ചെറിയ ഒരു പ്രെസന്റ് ..

ഹോട്ടലില്‍ ചെന്ന് പത്തിരിയും അയക്കൂറ മസാലയും കഴിച്ചു പുറത്തിറങ്ങുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു :

''സത്യം പറ : ഇന്നത്തെ ഈ വരവ് 'വെല്‍ പ്ലാന്‍ഡ്‌' ആയിരുന്നു അല്ലെ ?

''അതെ , അദ്ദേഹം സമ്മതിച്ചു . എന്റെ ജോലി തന്നെ അങ്ങനെയാ .
ഇരുപത്തഞ്ചോളം തൊഴിലാളികളുള്ള ഒരു ഷോപ്പിന്റെ സെക്ഷന്‍ മാനേജര്‍ ആണ് ഞാന്‍ .

ജനനം മുതല്‍ പതിനാറു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ട എല്ലാ വസ്തുക്കളും ഞങ്ങളുടെ ഷോപ്പില്‍ കിട്ടും .

ദിവസവും രാവിലെ ജോലിക്കാര്‍ക്ക് ഒരു ക്ലാസ് ഉണ്ട് .
അന്നന്ന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഉണര്‍ത്തല്‍ .
അത് നിര്‍വഹിക്കേണ്ട ചുമതല എനിക്കാണ് .

അത് കൊണ്ട് തന്നെ നമ്മള്‍ ആദ്യം കൃത്യ നിഷ്ഠ ഉള്ളവരാവണം .
നമുക്കില്ലാത്ത ഒരു ഗുണം മറ്റുള്ളവരോട് വേണം എന്ന് ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ല .
അത് കൊണ്ട് എന്റെ ജീവിതവും ടൈം ടേബിള്‍ അനുസരിച്ച് കൊണ്ട് പോകാന്‍ ഞാന്‍ നിര്‍ബന്ധിതനാണ് ..

ജീവിതത്തില്‍ ടൈം ടേബിള്‍ അനുസരിച്ച് കുറേക്കാലം ജോലി ചെയ്തിട്ടുണ്ട് .
കുറെ ടൈം ടേബിള്‍ തയ്യാറാക്കിയിട്ടും ഉണ്ട് .
പക്ഷേ ജീവിതത്തില്‍ ഒരു ടൈം ടേബിളും പാലിക്കാതെ
തികച്ചും അലസമായി ജീവിക്കുന്ന എനിക്ക് അദ്ദേഹം വല്ലാത്ത ഒരു വിസ്മയമാവുകയായിരുന്നു .

ഫേസ് ബുക്കില്‍ നല്ല നല്ല ആശയങ്ങളും വിഷയങ്ങളും ഒക്കെ എഴുതുന്ന ആളുകള്‍ ജീവിതത്തില്‍ അതൊന്നും പാലി ക്കുന്നവര്‍ ആവണം എന്നില്ല എന്നായിരുന്നു എന്റെ ധാരണ
എന്നാല്‍ പറയും പോലെ പ്രവൃത്തി പഥത്തില്‍ കൊണ്ട് വരുന്ന ചിലരും ഇവിടെ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ ദിവസം കൂടി ആയിരുന്നു ഇന്നലെ !!!

ഒരു പാട് ലൈക്‌ കളോ കമന്റുകളോ ഒന്നും അല്ല ഇത്തരം ചില സൌഹൃദങ്ങള്‍ ആണ് ഫേസ് ബുക്ക് നല്‍കുന്ന വലിയ സമ്മാനം എന്ന് ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞ ദിവസമായിരുന്നു ഇന്നലെ .

നാലഞ്ചു മണിക്കൂര്‍ ഒരു നല്ല മനുഷ്യനോടൊപ്പം ചെലവഴിക്കാന്‍
കഴിഞ്ഞ ആഹ്ലാദത്തിലാണ് ഞാന്‍ .

മഴ തോര്‍ന്നിട്ടും മരം പെയ്യുകയാണ് എന്റെ റൂമില്‍ ഇപ്പോഴും !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്