2014, മേയ് 18, ഞായറാഴ്‌ച

രണ്ടു വരി പ്രേമം : ഒരു ഫ്ലാഷ് ബാക്ക്


ളാഞ്ചേരി എം ആര്‍ എച്ച് എസില്‍ അധ്യാപകനായിരുന്ന സമയം .
ഒരു ദിവസം പത്രത്തില്‍ ഒരു പരസ്യം കണ്ടു . താനൂര്‍ ലയണ്‍സ് ക്ലബ് 'വാഹനാപകട നിവാരണ ബോധവത്ക്കരണ വാരം ' ആചരിക്കുന്നു . അതിന്റെ ഭാഗമായി ഒരു 'ശ്ലോഗന്‍' മത്സരം നടത്തുന്നു .

വാഹന അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി പാതയോരങ്ങളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ബോര്‍ഡുകളില്‍ എഴുതി വെക്കാന്‍ പറ്റിയ ചെറിയ വരികളില്‍ വലിയ ആശയമുള്ള വാചകങ്ങള്‍ ആണ് എഴുതേണ്ടത് .

ഒരു പോസ്റ്റ്‌ കാര്‍ഡില്‍ എഴുതി അയച്ചാല്‍ മതി .
ഒരാള്‍ക്ക്‌ എത്ര വാചകങ്ങള്‍ വേണമെങ്കിലും അയക്കാം .
അയക്കേണ്ട വിലാസം : താഴെ കൊടുത്തിട്ടുണ്ട്‌ .

അപ്പോള്‍ തന്നെ സ്കൂളിനു അടുത്തുള്ള പോസ്റ്റ്‌ ഓഫീസില്‍ പോയി
ഒരു പോസ്റ്റ്‌ കാര്‍ഡ് വാങ്ങി കൊണ്ട് വന്നു .

അതില്‍ ഇങ്ങനെ എഴുതി :

കുതിപ്പ് കിതപ്പിലേക്ക് ആവാം
വേഗത മൂകതയിലേക്കും !

മുന്‍പേ പോകുന്ന വാഹനത്തെ മറികടക്കാം
പിന്പേ വരുന്ന മരണത്തെയോ ?

ഡ്രൈവര്‍ സുഹൃത്തേ ,
വഴിക്കണ്ണുമായി താങ്കളെയും കാത്തിരിപ്പുണ്ട്
ഒരു അമ്മപ്പക്ഷിയും കുറെ കുഞ്ഞുങ്ങളും !

ഓര്‍ക്കുക : ഈ വളയത്തില്‍ അനേകം ജീവിതങ്ങള്‍
സ്പന്ദിക്കുന്നുണ്ട് !!

ആറേഴു എണ്ണത്തില്‍ നിന്ന് ഓര്‍മ്മയിലുള്ളത് ഇവയാണ് .

കൂടുതല്‍ ആരും മത്സരിക്കാന്‍ ഇല്ലാത്തത് കൊണ്ടോ 'തമ്മില്‍ ഭേദം ഈ തൊമ്മന്‍ ' ആയതു കൊണ്ടോ എന്തോ
ഒന്നാം സ്ഥാനം എനിക്കായിരുന്നു ..!!

അന്ന് സമ്മാനമായി കിട്ടിയത് ഒരു പുസ്തകമായിരുന്നു . ഒരു പാട് മഹാന്മാരുടെ മഹത് വചനങ്ങള്‍ അടങ്ങിയ 'സുമംഗല ' യുടെ 'മൊഴിമുത്തുകള്‍'

പിന്നീട് 'രണ്ടു വരി 'ഒരു ഹരമായി മാറി .

ഇന്ന് ഫേസ് ബുക്കില്‍ ചെയ്യുന്ന പോലെ അപ്പപ്പോള്‍ തോന്നിയത് ഒരു നോട്ടു ബുക്കില്‍ എഴുതി വെക്കാന്‍ തുടങ്ങി ..

ഒടുവില്‍ കുറെ ആയപ്പോള്‍ ഒരു ദിവസം കോഴിക്കോട് എന്തോ ഒരാവശ്യത്തിന് പോകുമ്പോള്‍ ആ നോട്ടു ബുക്കും കൂടെ കരുതി .

അന്ന് ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ചില കഥകളും കവിതകളും ലേഖനങ്ങളും ഒക്കെ പലപ്പോഴായി പ്രസിദ്ധീകരിച്ചു വന്നിരുന്നു .
ആ ഒരു 'ബല'ത്തില്‍ ഞാന്‍ ചന്ദ്രിക ഓഫീസിലേക്ക് ചെന്നു .

അന്ന് ചന്ദ്രിക പത്രാധിപര്‍ കെ.പി . കുഞ്ഞി മൂസ സാഹിബ്
ആയിരുന്നു . (പിന്നീട് അദ്ദേഹം എന്റെ പത്ര പ്രവര്‍ത്തനരംഗത്തെ ഗുരുവായി മാറി )

ഞാന്‍ എന്നെ സ്വയം പരിചയപ്പെടുത്തി ..
എന്നെ അദ്ദേഹം തിരിച്ചറിഞ്ഞോ ഇല്ലയോ എന്നൊന്നും അറിയില്ല . ഞാന്‍ ആ നോട്ട് ബുക്ക് അദ്ദേഹത്തെ ഏല്പ്പിച്ചു .

ഇത് ഒന്ന് പരിശോധിച്ച് പറ്റുമോ എന്ന് നോക്കണം എന്ന് പറഞ്ഞു . പറ്റിയില്ലെങ്കില്‍ ഞാന്‍ പിന്നീട് വന്നു ബുക്ക് വാങ്ങിക്കോളാം എന്നും .. വലിയ പ്രതീക്ഷയൊന്നും ഇല്ല . കിട്ടിയാല്‍ കിട്ടി !

പക്ഷെ എന്നെ അമ്പരപ്പിച്ചു കൊണ്ട് അടുത്ത ആഴ്ച മുതല്‍ ആഴ്ചപ്പതിപ്പില്‍ അവ ഖണ്ഡശ്ശ : വരാന്‍ തുടങ്ങി .
'അരുളും പൊരുളും' എന്ന ഞാന്‍ കൊടുത്ത അതെ പേരില് തന്നെ !

കുഞ്ഞുണ്ണി മാഷ്‌ ചന്ദ്രികയില്‍ 'എന്നിലൂടെ' എന്ന ഒരു പംക്തി കൈകാര്യം ചെയ്യുന്ന സമയമാണ് .

'അരുളും പൊരുളും ' പ്രസിദ്ധീകരിച്ചു വന്നതോടെ കുറെ നല്ല പ്രതികരണങ്ങളും കിട്ടിക്കൊണ്ടിരുന്നു .

ഒരു ദിവസം , എനിക്ക് പോസ്റ്റ്‌ വഴി ഒരു കാര്‍ഡ് വന്നു .
അതില്‍ ഒരേ ഒരു വാചകം മാത്രമാണ് ഉണ്ടായിരുന്നത് .

'കുഞ്ഞുണ്ണി മാഷെ പേര് ഉസ്മാന്‍ ഇരിങ്ങാട്ടിരി എന്നാക്കിയത് ഞങ്ങള്‍ വലപ്പാടുകാര്‍ അറിഞ്ഞില്ല .. '
എന്ന് മാത്രം ..

ഫ്രം അഡ്രസ്‌ ഇതായിരുന്നു :

'ഉണ്ണി വാരസ്യാര്‍
അതിയാരം പി.ഓ
വലപ്പാട്'

ആ കാര്‍ഡ് ഇന്നും ഞാന്‍ സൂക്ഷിക്കുന്നുണ്ട് .

എനിക്ക് എന്തോ വലിയ വിഷമം തോന്നി .
കുഞ്ഞുണ്ണി മാഷ് എന്ന നക്ഷത്രം എവിടെ മണ്ണുണ്ണി എന്ന ഈ പുല്‍ക്കൊടി എവിടെ ?

അദ്ദേഹത്തെ അനുകരിച്ചു എന്നാണു പരിഹാസം എങ്കില്‍ അത് ചന്ദ്രികയില്‍ തന്നെ പരസ്യമായി പറയുക അല്ലെ വേണ്ടിയിരുന്നത് ?
എന്ന് വലിയ വിഷമത്തോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു . മറ്റാരോടും അക്കാര്യം പറഞ്ഞില്ല .
ഞാന്‍ ഒന്നും പ്രതികരിക്കാനും പോയില്ല .
അതിനു മറുപടിയും എഴുതിയില്ല .

പിന്നെയും 'അരുളും പൊരുളും ' തുടര്‍ന്നു .
ഏകദേശം ഇരുപത്തി നാല് ലക്കങ്ങളിലൂടെ .
ഓരോ ലക്കത്തിലും എട്ടോ പത്തോ വരികള്‍ ഒന്നിച്ചു വന്നു കൊണ്ടിരുന്നു .

കുഞ്ഞുണ്ണി മാഷ് വെട്ടിത്തുറന്ന ആ വഴിയിലൂടെ അദ്ദേഹത്തെ അനുകരിക്കാനല്ല അനുഗമിക്കാനാണ് ഞാന്‍ ശ്രമിച്ചത് .

പക്ഷേ , ആ മേഖല ചില 'തെറ്റിധാരണക്ക് 'കാരണമാകും എന്ന് മനസ്സിലാക്കി അധികം വൈകാതെ ഞാന്‍ എന്റെ കുഞ്ഞു വരികളോട് സലാം പറഞ്ഞു പിരിഞ്ഞു .

വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ് ബുക്ക് ആണ് അന്ന്
നഷ്ടപ്പെട്ട എന്റെ പ്ര ണയിനിയെ വീണ്ടും എന്നിലേക്ക്‌ അടുപ്പിച്ചത് ..

അന്ന് എനിക്ക് ഞാന്‍ മാത്രം കാണുന്ന ഒരു നോട്ട് ബുക്കേ ഉണ്ടായിരുന്നുള്ളൂ . ഇന്ന് നിങ്ങള്ക്കും കാണാവുന്ന ഒരു ബുക്കിലാണ് എഴുത്ത് എന്ന് മാത്രം .

എന്ത് കൊണ്ടോ ഇവയൊക്കെ സ്വരൂപിച്ചു ഒരു പുസ്തകം ആക്കണം എന്ന ആഗ്രഹം രണ്ടു വട്ടമായി മുടങ്ങിപ്പോയി .

രണ്ടു പ്രാവശ്യവും അവസാന ഘട്ടം വരെ എത്തിയതാണ് .
ഒടുവില്‍ എന്തോ എങ്ങനെയോ അലസിപ്പോവുന്നു ...

ഏറ്റവും അവസാനം എന്റെ ഫേസ് ബുക്ക് / ബ്ലോഗ്‌ സുഹൃത്ത്‌ Bhraanthan Amjath അംജദ് ഖാന്‍ പ്രത്യേകം താത്പര്യമെടുത്ത്
നിങ്ങള്‍ ഒന്നും അറിയേണ്ട ഞാന്‍ ഇറക്കും എന്ന് പറഞ്ഞു
മുന്നോട്ടു വന്നു . പുസ്തകത്തിനു 'കടലമണിക്കവിതകള്‍ ' എന്ന പേരും നിശ്ചയിച്ചിരുന്നു .

അതിനു ഞാന്‍ ഏറെ ആദരിക്കുന്ന ഇഷ്ടപ്പെടുന്ന
എന്റെ ബഹുമാന്യനായ മറ്റൊരു എഫ് ബി സുഹൃത്ത്
ശ്രീ Venmaranallur Narayanan സര്‍ പ്രൌഡ മായ ഒരു അവതാരികയും എഴുതി തന്നിരുന്നു .

പ്രസിദ്ധീകരണം കാത്തു ഞാനിരിക്കുമ്പോള്‍ എന്ത് കൊണ്ടോ അവസാന നിമിഷം അതും നടക്കാതെ പോയി ..

ചില കാര്യങ്ങള്‍ അങ്ങനെയാണ് . അവസാന നിമിഷം അപ്രതീക്ഷിതമായി മുടങ്ങിപ്പോകും . സമയം ആയിട്ടുണ്ടാവില്ല .

എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട് . അല്ലേ ... ?

2 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. എല്ലാറ്റിനും അതിന്‍റേതായ സമയമുണ്ട്...............
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങള്‍ക്ക് നല്ല സമയം വേഗം വരും!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്