2014, മേയ് 21, ബുധനാഴ്‌ച

പുഴ അഴക്‌ മാത്രമല്ല


എന്റെ ഏറ്റവും ചെറിയ പെങ്ങളുടെ ഭര്‍ത്താവിനെ കൊണ്ട് പോയി മുക്കി കൊന്നതും ഒരു പുഴയായിരുന്നു .

ഞങ്ങളുടെ പെങ്ങന്മാരുടെ കൂട്ടത്തില്‍ ഏറ്റവും സുന്ദരിയും ഇളയവളും അവളായിരുന്നു . പല അന്വേഷണങ്ങളും നടന്നിട്ടും ഒന്നും ശരിയായില്ല . പിന്നെയാണ് ഈ കല്യാണം നടക്കുന്നത് .

നല്ല സ്നേഹമുള്ള ആളായിരുന്നു അളിയാക്ക .
നാടന്‍ പണിക്കു പോകും . കിട്ടിയ കൂലി മുഴുവന്‍ പെങ്ങളുടെ കയ്യില്‍ കൊണ്ട് വന്നു കൊടുക്കും .

ഒരിക്കല്‍ കുറച്ചു ദൂരേക്ക്‌ പണിക്കു പോയതായിരുന്നു .
അന്ന് പെങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ട് . മൂന്നാമത്തെ കുട്ടി വയറ്റിലും ഉണ്ട് .
പണി കഴിഞ്ഞു കുളിക്കാന്‍ പരിചയമില്ലാത്ത ഒരിടത്ത്
ഇറങ്ങിയതാണ് .

അവിടെ ചില മരണങ്ങള്‍ മുന്‍പേ നടന്നിരുന്നു വത്രേ .
ഒരു സ്ത്രീ ദൂരെ നിന്ന് വിളിച്ചു പറഞ്ഞു പോലും .

''അവിടെ ഇറങ്ങല്ലേ ഇറങ്ങല്ലേ എന്ന് .. ''

പക്ഷേ അത് കേള്‍ക്കാതെ അസ്റാഈ ലിന്റെ വിളിക്ക് ഉത്തരം നല്‍കാനെന്നോണം അളിയാക്ക ഇറങ്ങി ..
പുഴ പിടിച്ചു വെച്ചു . നിര്‍ദയം ശ്വാസം മുട്ടിച്ചു കൊന്നു !!!

ഇന്നും അവള്‍ ആ മൂന്നു കുട്ടികളുമായി ഞങ്ങളുടെ അടുത്തു തന്നെ മറ്റൊരു വീട്ടില്‍ കഴിയുന്നു . രണ്ടു ആണ്‍കുട്ടികള്‍ . അളിയാക്ക മരിക്കുമ്പോള്‍ വയറ്റിലുണ്ടായിരുന്ന മോള്‍ക്ക്‌ ഇപ്പോള്‍ മൂന്നു കുട്ടികള്‍ ആയി . ഉപ്പാനെ കാണാന്‍ കഴിയാത്ത മോള്‍ ആണ് അവള്‍ .

അതിനു ശേഷം പല വിവഹാലോചനകളും വന്നു . പെങ്ങള്‍ സമ്മതിച്ചില്ല . അവള്‍ ഇപ്പോഴും മക്കള്‍ക്ക്‌ വേണ്ടി
ജീവിക്കുന്നു ..

പുഴയും വഞ്ചിക്കും .
പുഴയും പതിയിരുന്നു ജീവനെടുക്കും
പുഴ അഴക്‌ മാത്രമല്ല കാലനും കൂടിയാണ് ..

അന്ന് അളിയാക്ക മരിച്ച ശേഷം പൂര്‍ണ്ണ ഗര്‍ഭിണിയായ പെങ്ങളെ വീട്ടിലേക്കു കൊണ്ട് പോരുമ്പോള്‍ കുട്ടിയായ ഞാനും ഉണ്ട് കൂടെ ..
കണ്ണീര്‍ വറ്റാത്ത ആ കണ്ണു കളിലേക്ക് ഒന്ന് ഒളിഞ്ഞു നോക്കാന്‍ പോലും ശക്തിയില്ലായിരുന്നു എനിക്ക് .

അന്ന് മുതല്‍ എനിക്ക് പുഴ പേടിയാണ് ..
കുളിക്കാന്‍ ഇറങ്ങിയാല്‍ പോലും വല്ലാതെ ആഴത്തിലേക്ക് ഇറങ്ങി പോവില്ല .

ഓരോ ദുരന്തങ്ങളും ഇങ്ങനെയാണ് . പലപ്പോഴും ദുരന്തങ്ങള്‍ ഇങ്ങോട്ട് വരികയല്ല ചെയ്യുക . നാം അങ്ങോട്ട്‌ ചെന്ന് കൊടുക്കും .

മരണം എവിടെ ഏതു രീതിയില്‍ എന്ന് പറയാന്‍ കഴിയില്ല
പക്ഷേ , മരണം നിശ്ചയിച്ച സ്ഥലത്തേക്ക് വണ്ടി പിടിച്ചോ , ടാക്സി പിടിച്ചോ , വിമാനം കയറിയോ , കുളിക്കാനിറങ്ങിയോ , ഒക്കെ നാം അങ്ങോട്ട്‌ ചെന്ന് കൊടുക്കും .

വെറുതെ നമ്മള്‍ പറയും : ആ സ്ത്രീയുടെ വിളി കേട്ടിരുന്നെങ്കില്‍ .. അന്ന് പോയില്ലായിരുന്നെങ്കില്‍ .. ആ വണ്ടി മുടങ്ങിയിരുന്നു എങ്കില്‍ .. എന്ന് എബടെ ..

വിധി നമ്മെ മരണം നിശ്ചയിച്ച സ്ഥലത്തേക്ക്
ആനയിക്കും .. എന്നിട്ട് മരണത്തിനു എറിഞ്ഞു കൊടുത്തു തിരിച്ചു പോരും .

നാം ഈ ലോകത്ത് വെറും അഭിനേതാക്കള്‍ മാത്രം . വിധിയുടെ തിരക്കഥ അനുസരിച്ച് അഭിനയിക്കുന്നവര്‍ .. നമ്മുടെ സ്ഥലം സമയം എപ്പോള്‍ എവിടെ എങ്ങനെ ഒന്നും നമുക്കറിയില്ല .

അത് അറിയാത്തതും നന്നായി . നേരത്തെ അറിയുമായിരുന്നു എങ്കില്‍ നാം പിന്നെ മരിച്ചു ജീവിക്കുമായിരുന്നു ..

മരണ സമയം നേരത്തെ അറിഞ്ഞ ഒരാളുടെ ജീവിതം ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ ..

അപ്പോള്‍ അത് രഹസ്യമായി ഇരിക്കുന്നത് തന്നെയാണ് നല്ലത് .
കഥ ഒന്നും അറിയാതെ നാം കളിച്ചു ചിരിച്ചു മരണത്തിലേക്ക് ചെല്ലുന്നു അതെ , അത് തന്നെയാണ് അതിന്റെ ശരി .24

2 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. സ്ഥലകാല ജാതിമതമേതുമില്ലാതെ.............................
    ആശംസകള്‍ മാഷെ

    മറുപടിഇല്ലാതാക്കൂ
  2. വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ!

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്